09 June Friday

നിയമവാഴ‌്‌‌ചയെ വെല്ലുവിളിച്ച്‌ അമിത്‌ ഷാ

വെബ് ഡെസ്‌ക്‌Updated: Monday Oct 29, 2018


ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിച്ചാൽ സംസ്ഥന സർക്കാരിനെ വലിച്ച് താഴത്തിടുമെന്ന ബിജെപി അധ്യക്ഷൻ അമിത് ഷാ കണ്ണൂരിൽ നടത്തിയ പ്രസ‌്താവന രാജ്യത്തെ നിയമവാഴ്ചയെയും ഫെഡറൽ സംവിധാനത്തെയും ഭരണഘടനയെത്തന്നെയും അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ സംഘപരിവാർ നടത്തുന്ന ആക്രമണസമരത്തിന്റെ ലക്ഷ്യം വിശ്വാസ സംരക്ഷണമല്ലെന്നും സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ സമരമാണെന്നും വ്യക്തമാക്കുന്നതാണ് അമിത്  ഷായുടെ പ്രസ‌്താവന.

ജനങ്ങളുടെ പിന്തുണ നേടി കേരളത്തിൽ അധികാരത്തിൽ വരാൻ കഴിയില്ലെന്ന് ബിജെപിക്ക് വ്യക്തമായിട്ടുണ്ട്. ശബരിമലയെ കേരളത്തിലെ അയോധ്യയാക്കി പരമാവധി ഹിന്ദുത്വവൽക്കരണമാണ് അമിത്  ഷായുടെയും സംഘപരിവാറിന്റെയും ലക്ഷ്യം. എന്നാൽ, നവോത്ഥാനം ഉഴുതുമറിച്ച കേരളത്തിന്റെ മണ്ണിൽ അതും ക്ലച്ചുപിടിക്കുന്നില്ലെന്ന് സംഘപരിവാറിന് ബോധ്യപ്പെട്ടുവരികയാണ്. ഈ ഘട്ടത്തിലാണ് സംസ്ഥാനത്ത് കുഴപ്പം സൃഷ്ടിച്ച് പിണറായി വിജയൻ സർക്കാരിനെ പിരിച്ചുവിടാനുള്ള കരുക്കൾ ബിജെപി നീക്കുന്നത്.  അമിത്  ഷായുടെ രണ്ടാം വിമോചന സമരാഹ്വാനവും സന്ദീപാനന്ദഗിരിക്കും അദ്ദേഹത്തിന്റെ ആശ്രമത്തിനുമെതിരെ നടത്തിയ ആക്രമണവും ഇതിന്റെ ഭാഗമാണ്. തുലാമാസത്തിൽ ശബരിമല നടതുറന്ന അവസരവും അതിനായാണ് അവർ ഉപയോഗിച്ചത്. കാവി ഗുണ്ടകളെ ശബരിമലയിലും പരിസരത്തും വിന്യസിച്ച് കുഴപ്പങ്ങൾ കുത്തിപ്പൊക്കാനുള്ള എല്ലാ ശ്രമവും അവർ നടത്തിയെങ്കിലും സംസ്ഥാന സർക്കാരിന്റെയും പൊലീസിന്റെയും സംയമനത്തോടെയുളള പെരുമാറ്റം ആ ഗൂഢപദ്ധതി പൊളിച്ചു.

ഈ ഘട്ടത്തിലാണ് സംസ്ഥാന സർക്കാരിനെ പിരിച്ചുവിടുമെന്ന ഭീഷണിയുമായി അമിത്   ഷായുടെ രംഗപ്രവേശം. ഉദ്ഘാടനംചെയ്യാത്ത കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയതിനു ശേഷമാണ് ഇത്തരമൊരു പ്രസ‌്താവന അമിത് ഷാ നടത്തിയത് എന്നത് കേന്ദ്രാധികാരം ഉപയോഗിച്ച് വഴിവിട്ട് എന്തും പ്രവർത്തിക്കാൻ മടിക്കില്ലെന്ന സന്ദേശംതന്നെയാണ് നൽകുന്നത്.  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതുപോലെ ബിജെപിയുടെയോ സംഘപരിവാരത്തിന്റെ ഔദാര്യത്തിലോ അധികാരത്തിലിരിക്കുന്ന സർക്കാരല്ല കേരളത്തിലുള്ളത്. സംസ്ഥാനത്തെ ജനങ്ങളുടെ വോട്ടു നേടി വിജയിച്ച സർക്കാരാണ് കേരളത്തിലുള്ളത്.  ജനങ്ങൾ അവിശ്വാസം രേഖപ്പെടുത്തുന്ന ഘട്ടത്തിലേ സർക്കാരിനെ താഴെയിറക്കാൻ കഴിയൂ. അമിത്  ഷായുടെ ആക്രോശങ്ങളും അട്ടഹാസങ്ങളുംകൊണ്ട് അതിനാകില്ല.

എന്നാൽ, ജനാധിപത്യത്തിലും ഭരണഘടനയിലും ഒട്ടും വിശ്വാസമർപ്പിക്കാത്ത പാർടിയാണ് ആർഎസ്എസിനാൽ നിയന്ത്രിക്കപ്പെടുന്ന ബിജെപി. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ഊന്നുന്ന ഭരണഘടനയെ അവർ പരസ്യമായി തന്നെ  തള്ളിപ്പറഞ്ഞിട്ടുണ്ട‌്. ‘വ്യത്യസ്ത പാശ്ചാത്യരാജ്യങ്ങളുടെ ഭരണഘടനകളിൽനിന്നുമുള്ള വ്യത്യസ്ത ആർട്ടിക്കിളുകൾ തുന്നിച്ചേർത്തുണ്ടാക്കിയ കുഴപ്പം പിടിച്ചതും ഭിന്ന ജാതീയവുമായ ഭരണഘടനയാണ് നമ്മുടേത്' എന്നാണ് ഗോൾവാൾക്കർ പറഞ്ഞുവച്ചിട്ടുള്ളത്.  ഭരണഘടന പൊളിച്ചെഴുതുക ലക്ഷ്യമാക്കി വാജ്പേയി സർക്കാർ ജസ്റ്റിസ് വെങ്കടചെല്ലയ്യ സമിതിയെ നിയമിക്കുകയും ചെയ‌്തിരുന്നു.  ഫെഡറൽ ഇന്ത്യ എന്ന സങ്കൽപ്പത്തോടും കടുത്ത അസഹിഷ‌്ണുതയാണ‌് എന്നും ബിജെപി വച്ചുപുലർത്തിയിട്ടുള്ളത്. ഈ പശ്ചാത്തലത്തിൽ വേണം കേരളത്തിലെ എൽഡിഎഫ് സർക്കാരിനെതിരെയുള്ള അമിത്  ഷായുടെ പ്രസ‌്താവനയെയും കാണാൻ.

സംസ്ഥാന സർക്കാരിനെതിരെ മാത്രമല്ല രാജ്യത്തെ നിയമവാഴ്ച തകർക്കാനുള്ള ആഹ്വാനവും അമിത്   ഷായുടെ വാക്കുകളിൽനിന്ന‌് വായിച്ചെടുക്കാം. ശബരിമല സംബന്ധിച്ച സുപ്രീംകോടതിവിധി നടപ്പാക്കുകയെന്ന ഭണഘടനാബാധ്യത നിർവഹിക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിനെ താഴെയിറക്കുമെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം. അതായത് നിയമവാഴ്ചയെയാണ് അമിത് ഷാ എതിർക്കുന്നത്. നടപ്പാക്കാൻ പറ്റാത്ത ഇത്തരം വിധി പ്രഖ്യാപിക്കരുതെന്ന് ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനും അമിത് ഷാ തയ്യാറായി. ബിജെപിക്ക് അംഗീകരിക്കാൻ പറ്റുന്ന വിധിന്യായം മാത്രമേ പുറപ്പെടുവിക്കാവൂവെന്ന മുന്നറിയിപ്പാണ് അമിത് ഷാ നൽകുന്നത്.

ഇത് ശബരിമല മാത്രം ലക്ഷ്യവച്ചുള്ളതല്ല എന്നുറപ്പാണ്. സുപ്രീംകോടതിയുടെ പരിഗണനയിൽ ബിജെപിയെ ഉലയ്ക്കുന്ന ഒന്നിലധികം കേസുണ്ട്.  അയോധ്യ, റഫേൽ, സിബിഐ തുടങ്ങിയ കേസുകൾ സുപ്രീംകോടതിയുടെ മുമ്പിലുണ്ട്. സംഘപരിവാരത്തിനും മോഡി സർക്കാരിനുമെതിരെ വിധിന്യായമുണ്ടാകുന്നപക്ഷം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും അടുത്ത വർഷം നടക്കുന്ന  ലോക‌്സഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ ഗ്രാഫ് കുത്തനെ താഴേക്ക് പോകും. ആ വെപ്രാളത്തിൽനിന്നാണ് അമിത്   ഷായുടെ ഈ പ്രസ്താവനയെന്നു വേണം അനുമാനിക്കാൻ. ബിജെപിയുടെ ഈ ജനാധിപത്യവിരുദ്ധ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകതന്നെ വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top