29 November Wednesday

കശ്‌മീരിന്റെ മനംതൊടാതെ അമിത്‌ ഷാ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021കശ്‌മീരിൽ ജനാധിപത്യപ്രക്രിയ ശക്തിപ്പെടുത്താനും ജനങ്ങളിൽ രക്ഷാബോധം പകരാനും ഉദ്ദേശിച്ചുള്ളതായിരുന്നില്ല കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ ത്രിദിന സന്ദർശനം. വാഗ്‌ദാനങ്ങൾ വാരിച്ചൊരിഞ്ഞുകൊണ്ടുള്ള വാചകക്കസർത്തിലുടനീളം നിറഞ്ഞുനിന്നത്‌ ബിജെപിയുടെ വിഭാഗീയ അജൻഡമാത്രം. അവസാനനാളിൽ കശ്‌മീരിലെ പ്രമുഖ രാഷ്‌ട്രീയ പാർടികൾക്കുനേരെ നടത്തിയ മറയില്ലാത്ത ആക്രമണം കൂടിയായപ്പോൾ ബിജെപിയുടെ പ്രചാരണ ദൗത്യമായി ആഭ്യന്തരമന്ത്രിയുടെ സന്ദർശനം ചുരുങ്ങിപ്പോയി. മുറിപ്പെട്ട മനസ്സുകൾക്ക്‌ സാന്ത്വനമെന്ന്‌ ‘വാഴ്‌ത്തപ്പെട്ട’ യാത്ര അവസാനിച്ചപ്പോൾ മുറിവിൽ മുളകുപുരട്ടിയ അനുഭവമായി. കശ്‌മീരിലെ സമാധാനനില കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്ന സന്ദർഭത്തെ, ഇത്തരമൊരു രാഷ്‌ട്രീയക്കളിക്ക്‌ മോദിഭരണം തെരഞ്ഞെടുത്തത്‌ ബോധപൂർവമാണ്‌.

ഭീകരതയുടെ വേരറുക്കാൻ ആദ്യം വേണ്ടത്‌ സാധാരണ ജനങ്ങളിൽ ആത്മവിശ്വാസം വളർത്തുകയും അവരെ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാക്കുകയുമാണ്‌. എന്നാൽ, സൈന്യത്തെ ഉപയോഗിച്ച്‌ ഭീകരവേട്ട നടത്താമെന്നും തെരഞ്ഞെടുപ്പ്‌ നീട്ടിക്കൊണ്ടുപോയി, രാഷ്‌ട്രീയ കുതന്ത്രങ്ങളിലൂടെ അധികാരം പിടിക്കാമെന്നുമാണ്‌ ബിജെപിയുടെ കണക്കുകൂട്ടൽ. ഈ ഒളി അജൻഡയാണ്‌ ഭീകരാക്രമണം വീണ്ടും ശക്തിപ്പെടാൻ കാരണമായത്‌. കുടിയേറ്റത്തൊഴിലാളികളും ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരുമാണ്‌ ഭീകരാക്രമണത്തിന്‌ കൂടുതലും ഇരകളാകുന്നത്‌. അതിർത്തിക്കപ്പുറത്തുനിന്നുള്ള ആക്രമണങ്ങൾ ചെറുക്കുന്നതിന്റെ ഭാഗമായി നിരവധി സൈനികരുടെ ജീവനും അടുത്തകാലത്ത്‌ നഷ്‌ടപ്പെട്ടു. സമാധാനം വീണ്ടെടുത്തുവെന്ന്‌ കരുതിയ ശ്രീനഗർ മേഖലയിലാണ്‌ ഇപ്പോൾ ഭീകരാക്രമണം കേന്ദ്രീകരിച്ചിട്ടുള്ളത്‌. സൈനികനടപടിയിലൂടെ ഭീകരതയെ അമർച്ചചെയ്യുമെന്നാണ്‌ അമിത്‌ ഷായുടെ പ്രഖ്യാപനം.

കശ്മീർ ജനതയുടെ പ്രത്യേകപദവിയും സ്വത്വവും ഇല്ലാതാക്കിയവർ ആഗ്രഹിക്കുന്ന വഴിയിൽ നാട്‌ മുന്നോട്ടുപോകില്ലെന്ന്‌ വ്യക്തമായിട്ടും നിലപാട്‌ തിരുത്താൻ കേന്ദ്രം തയ്യാറാകുന്നില്ല. രണ്ടായി വെട്ടിമുറിച്ച്‌ കേന്ദ്രഭരണത്തിലാക്കുകയും 370–-ാം വകുപ്പിന്റെ സംരക്ഷണം എടുത്തുകളയുകയും ചെയ്‌തിട്ട്‌ രണ്ടുവർഷം പിന്നിട്ടു. ന്യൂനപക്ഷ മുസ്ലിം വിഭാഗം ജനസംഖ്യയിൽ ഭൂരിപക്ഷമായതിനാലാണ്‌ ഈ കടുത്ത നടപടിക്ക്‌ ബിജെപി  തയ്യാറായത്‌. ജനാധിപത്യവാദികളെയും നീതിന്യായ സംവിധാനങ്ങളെയും വകവയ്‌ക്കാതെയാണ്‌ കശ്‌മീരിന്റെ ഹൃദയം വെട്ടിമുറിച്ചത്‌.  വിഭജനവും ഇന്ത്യാസംയോജനവുമായി ബന്ധപ്പെട്ട ചരിത്രപരമായ ഘടകങ്ങളുമാണ്‌ കശ്‌മീരിന്റെ പ്രത്യേകപദവിക്ക്‌ ആധാരം. ഈ വൈകാരികാംശത്തെ ഉൾക്കൊള്ളാൻ സങ്കുചിത ഹിന്ദുത്വ രാഷ്‌ട്രീയം തയ്യാറല്ല.

രണ്ടുവർഷത്തിലേറെയായി ഇവിടത്തെ സാമാന്യ ജനങ്ങൾ അനുഭവിക്കുന്ന കെടുതികൾ വിവരണാതീതമാണ്‌. സാധാരണജീവിതം അന്യമായ ജനങ്ങൾ ഭീകരാക്രമണത്തിനും സൈനികരുടെ അതിക്രമങ്ങൾക്കും ഒരുപോലെ ഇരയാകുന്നു. ഫോൺ, ഇന്റർനെറ്റ്‌ സംവിധാനങ്ങൾ നിഷേധിച്ച്‌ രാഷ്‌ട്രീയ നേതാക്കളെയും പ്രവർത്തകരെയും വീട്ടുതടങ്കലിലാക്കി. എല്ലാം ക്ഷമാപൂർവം നേരിട്ടാണ്‌ തെരഞ്ഞെടുപ്പും സംസ്ഥാനപദവിയും എന്ന ആവശ്യം ബിജെപി ഇതരകക്ഷികൾ മുന്നോട്ടുവച്ചത്‌. തെരഞ്ഞെടുപ്പ്‌ നടത്തുമെന്ന്‌ പ്രധാനമന്ത്രി മോദിയും പ്രഖ്യാപിച്ചു. എന്നാൽ, അതെപ്പോൾ നടക്കുമെന്ന്‌ ആർക്കും നിശ്‌ചയമില്ല. അനുകൂലമായ അന്തരീക്ഷം ഉണ്ടാകുംവരെ തെരഞ്ഞെടുപ്പ്‌ നീട്ടിക്കൊണ്ടുപോയി, ജനവിധിയെ അട്ടിമറിക്കുക. ഭരണം കൈയടക്കുക. ഹിന്ദുത്വ അജൻഡയുടെ മറ്റൊരു പോർമുഖമായി കശ്‌മീരിനെ നിലനിർത്തുക. ഇതിനുള്ള നിലമൊരുക്കലായിരുന്നു അമിത്‌ ഷായുടെ സന്ദർശനലക്ഷ്യം. സഹസ്രകോടികളുടെ പാക്കേജുകൾ കശ്‌മീരിനായി പ്രഖ്യാപിച്ച്‌ മോഹവലയം സൃഷ്‌ടിക്കുമ്പോഴും അടിസ്ഥാന പ്രശ്‌നങ്ങളോട്‌ മുഖംതിരിക്കുന്ന മോദിഭരണത്തിൽ നാടൊന്നാകെ അവിശ്വാസം രേഖപ്പെടുത്തുകയാണ്‌. മണ്ഡലവിഭജനം കഴിഞ്ഞാൽ തെരഞ്ഞെടുപ്പ്‌, അതുകഴിഞ്ഞ്‌ സംസ്ഥാനപദവി എന്ന ബിജെപി സമീപനത്തിലെ ചതിക്കുഴി തിരിച്ചറിഞ്ഞാണ്‌ പ്രമുഖ പാർടികൾ, അമിത്‌ ഷായുടെ വാഗ്‌ദാനത്തെ തള്ളിക്കളഞ്ഞത്‌. കശ്‌മീരിന്റെ പ്രത്യേകപദവി കവർന്നെടുത്തവർ, സംസ്ഥാനപദവിയും ജനാധിപത്യ ഭരണവുമെങ്കിലും തിരികെ നൽകുന്നില്ലെങ്കിൽ എത്ര വാഗ്‌ദാനങ്ങൾ ചൊരിഞ്ഞാലും ജനങ്ങളെ വിശ്വാസത്തിലെടുക്കാനാകില്ലെന്ന പ്രഖ്യാപനമാണ്‌ കശ്‌മീരിൽ മുഴങ്ങുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top