05 June Monday

അമിത് ഷായുടെ ഭീഷണികൾ

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019



പ്രാകൃതമനുഷ്യരെ നാണിപ്പിക്കുംവിധമുള്ള പ്രയോഗങ്ങളാൽ ഇന്ത്യയുടെ ഐക്യത്തെയും  ബഹുസ്വരതയെയും നാനാത്വത്തിൽ ഏകത്വമെന്ന സങ്കൽപ്പത്തെയും തകർക്കുകയാണ് സംഘപരിവാരം. ഭരണ‐പാർടി നേതൃത്വങ്ങൾ ഭീഷണി നിറഞ്ഞ പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ അനുയായികൾ തെരുവുകളെ കലാപഭൂമിയാക്കുന്നു. ആൾക്കൂട്ടക്കൊലപാതകങ്ങൾ പലരൂപം ആർജിക്കുകയാണ്. ചരിത്രപ്രാധാന്യമുള്ള സ്ഥലപ്പേരുകൾക്കു നേരെപോലും അസഹിഷ്ണുത ഉയരുന്നുമുണ്ട്. സെൻട്രൽ ഡൽഹിയിലെ ബംഗാളി മാർക്കറ്റിനടുത്ത ബാബർ റോഡിന്റെ പേരു മാറ്റണമെന്നാണ് പുതിയ ആവശ്യം.  ആ നാമഫലകം ഹിന്ദുസേനാ പ്രവർത്തകർ കറുത്തചായം പൂശിമറച്ചു. പാലും മുട്ടയും ഒരിടത്തും വിൽക്കരുതെന്ന ബിജെപി നേതാവിന്റെ പ്രഖ്യാപനവും ഇതിന്റെ മറുപുറം.

"ഒരു രാജ്യം, ഒരു ഭാഷ' എന്ന  സിദ്ധാന്തം അവതരിപ്പിച്ച ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ പുതിയ വാദങ്ങളുമായി രംഗത്തെത്തി. രാജ്യത്തെ ബഹുകക്ഷി ജനാധിപത്യത്തെക്കുറിച്ച് ജനങ്ങളിൽ സംശയം മുളപൊട്ടിയിട്ടുണ്ടെന്നാണ് ഡൽഹിയിൽ ഓൾ ഇന്ത്യാ മാനേജ്മെന്റ് അസോസിയേഷൻ 46–ാമത് കൺവൻഷനെ അഭിസംബോധന ചെയ്യവെ അദ്ദേഹം പ്രസ്താവിച്ചത്. രാഷ്ട്രത്തിന് അടിത്തറ പാകിയവരും ഭരണഘടനാ ശിൽപ്പികളും കിനാവുകണ്ട ഇന്ത്യ പടുത്തുയർത്തുന്നതിലും ക്ഷേമരാഷ്ട്രം എന്ന ലക്ഷ്യത്തിൽ എത്തുന്നതിലും ബഹുപാർടി സംവിധാനം കാര്യക്ഷമമല്ല. എല്ലാവരും സമന്മാരായ, തുല്യ അവസരമുള്ള രാഷ്ട്രം പടുത്തുയർത്തുകയായിരുന്നു പൂർവികരുടെ ലക്ഷ്യമെന്നും എന്നാൽ സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ടിനിപ്പുറം ബഹുകക്ഷി പാർലമെന്ററി ജനാധിപത്യം പരാജയപ്പെട്ടോയെന്ന് ജനങ്ങൾ സംശയിക്കുകയാണെന്നും ഷാ അവകാശപ്പെട്ടു. ഭരണഘടനാ ശിൽപ്പികൾ സ്വപ്നംകണ്ട ഇന്ത്യ പടുത്തുയർത്താൻ ബഹുപാർടി സംവിധാനംകൊണ്ട് കഴിഞ്ഞോയെന്ന് ആരാഞ്ഞ ഷാ, കൂടുതൽ പാർടികൾ ക്ഷേമരാഷ്ട്രം എന്ന ലക്ഷ്യത്തിനു മുന്നിലെ തടസ്സമാണെന്നും കൂട്ടിച്ചേർത്തു. മുൻ ഗവൺമെന്റുകൾ മൂന്നു ദശാബ്ദംകൊണ്ട് കൈക്കൊണ്ടതിനേക്കാൾ കൂടുതൽ സുപ്രധാന തീരുമാനങ്ങൾ മോഡി സർക്കാരിൽനിന്നുണ്ടായെന്നും ഷാ അവകാശപ്പെട്ടു. 2014നുമുമ്പ് ഇന്ത്യയുടെ ഭരണം ശരിയല്ലായിരുന്നുവെന്നും പിന്നീടാണ് ഭരണമുണ്ടായതെന്നുമുള്ള വിദേശ മന്ത്രി എസ് ജയശങ്കറിന്റെ പരാമർശം ഇതോട് ചേർത്താണ് പരിശോധിക്കേണ്ടത്. പ്രസിഡൻഷ്യൽ  രീതിയിലുള്ള തെരഞ്ഞെടുപ്പിൽ കുറേനാളായി കാവിപ്പട കണ്ണുവച്ചിരിക്കയാണെന്ന ഭീതി നിലനിൽക്കെയാണ് ഷായുടെ പ്രഖ്യാപനമെന്നത് കൂടുതൽ ആശങ്കയുളവാക്കുന്നു. ബഹുകക്ഷി  ജനാധിപത്യം തകർത്ത് "ഒരു രാജ്യം, ഒരു പാർടി, ഒരു നേതാവ്'എന്ന ഫാസിസ്റ്റ് സംവിധാനത്തിലേക്ക് രാജ്യത്തെ തള്ളിയിടാനാണ് ബിജെപി ശ്രമം.  

ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചായിരുന്നു ഷായുടെ മറ്റൊരു ഭീഷണി. അത്  രാജ്യവ്യാപകമാക്കുമെന്നാണ് റാഞ്ചിയിൽ "ഹിന്ദുസ്ഥാൻ' പത്രത്തിന്റെ ചടങ്ങിൽ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പുവിജയം രജിസ്റ്റർ നടപ്പാക്കാനുള്ള ജനസമ്മതിയാണെന്നു പറഞ്ഞ അദ്ദേഹം, അസമിൽ മാത്രമല്ല രാജ്യമാകെ നടപ്പാക്കുമെന്നത് ബിജെപി പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നെന്ന് കൂട്ടിച്ചേർക്കുകയുമുണ്ടായി.  മുഴുവൻ പൗരന്മാരുടെയും പട്ടിക തയ്യാറാക്കി അനധികൃത കുടിയേറ്റക്കാരെ പുറന്തള്ളാൻ നടപടിയെടുക്കുമെന്നും വിശദീകരിച്ചു. 20 ലക്ഷത്തിനടുത്ത് ജനങ്ങളെയാണ് പൗരത്വ പട്ടികയിൽനിന്ന് പുറത്താക്കിയത്. ചാന്ദ്രയാൻ രണ്ടിന്റെ മുഖ്യശിൽപ്പികളിലൊരാളും ഇപ്പോഴത്തെ സ്പീക്കറുടെ സഹോദരനുമായ ജിതേന്ദ്രനാഥ് ഗോസ്വാമി, മുൻ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ ബന്ധുക്കൾ, കാർഗിൽ യുദ്ധപ്പോരാളി തുടങ്ങിയവരെല്ലാം അനാഥരായി. രജിസ്റ്ററിൽനിന്ന് പുറത്തായവരെ പാർപ്പിക്കാൻ അസമിൽ പത്ത് കൂറ്റൻ തടവറകൾ ഒരുക്കുന്ന  വാർത്തയും വന്നുകഴിഞ്ഞു. 

കശ്മീരികളാണ് ഷായുടെ അതിക്രമ ഭാഷയുടെ മറ്റൊരു ഇര. 370–ാം അനുച്ഛേദം  റദ്ദാക്കിയതിനെ തുടർന്ന് ആ ജനതക്ക് അവരുടെ പ്രത്യേക അധികാരങ്ങൾ ഇല്ലാതായി. അവിടം സാധാരണനിലയിലാണെന്ന ഷായുടെ വാദത്തിന് യാഥാർഥ്യവുമായി ഒരു ബന്ധവുമില്ല. കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് വിദ്യാർഥികൾ പോലും ദുരിതത്തിലാണ്. വിവിധ സർവകലാശാലകളിൽ പഠിക്കുന്ന അവർ വീട്ടുവാടകപോലും കൊടുക്കാനാകാതെ വിഷമിക്കുന്നു. തടവിലിട്ട പ്രതിശ്രുത വരനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഒരു പെൺകുട്ടിയുടെ അച്ഛൻ നിയമ പോരാട്ടത്തിലാണ്. ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിനും പൗരത്വം തെളിയിക്കാനും കോടതി വരാന്തകൾ കയറിയിറങ്ങുകയാണ് പലരും. ""ഓരോ ചെമ്മരിയാടിനും പുതപ്പ് വാഗ്ദാനംചെയ്ത് പുതപ്പുണ്ടാക്കാൻ അവയുടെ തൊലിയുരിയുന്നതിന് സമാനമാണ് കേന്ദ്രത്തിന്റെ ചെയ്തികളെന്ന''സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മുന്നറിയിപ്പ് ഇന്നത്തെ അവസ്ഥയെയും അമിത് ഷായുടെ ഭീഷണികളെയും  തുറന്നുകാട്ടുന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top