25 April Thursday

അമേരിക്കയെ കാത്തിരിക്കുന്നത് അശാന്തിയോ

വെബ് ഡെസ്‌ക്‌Updated: Friday Nov 11, 2016

അവിശ്വസനീയമെന്ന് കരുതിയത് യാഥാര്‍ഥ്യമായി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ടി സ്ഥാനാര്‍ഥിയും തീവ്ര വലതുപക്ഷക്കാരനുമായ ഡോണള്‍ഡ് ട്രംപ് വിജയിച്ചു. മാനസികവിഭ്രാന്തി ബാധിച്ചവനെന്നും അസഹിഷ്ണുവെന്നും ലൈംഗികഭ്രാന്തനെന്നും കോമാളിയെന്നും വിളിക്കപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ ട്രംപ്, വൈറ്റ് ഹൌസിലെത്തുമ്പോള്‍ അമേരിക്കന്‍ രാഷ്ട്രീയചരിത്രത്തില്‍ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ക്കുകയാണ്. ബ്രക്സിറ്റിനുശേഷം പാശ്ചാത്യലോകത്ത് നടന്ന പ്രധാന സംഭവമായാണ് ട്രംപിന്റെ വിജയം വിലയിരുത്തപ്പെടുന്നത്. മുന്‍ പ്രസിഡന്റ് ബില്‍ ക്ളിന്റന്റെ ഭാര്യയും ആദ്യ ഒബാമ പ്രസിഡന്‍സിയുടെ കാലത്ത് സെക്രട്ടറി ഓഫ് സ്റ്റേറ്റും രണ്ടുതവണ സെനറ്റ് അംഗവുമായ ഹിലരി ക്ളിന്റനെ തോല്‍പ്പിച്ചാണ് രാഷ്ട്രീയത്തില്‍ ഒരു മുന്‍പരിചയവുമില്ലാത്ത ട്രംപ് പ്രസിഡന്റാകുന്നത്. തീവ്രദേശീയതയുടെ കൊടി ഉയര്‍ത്തി ട്രംപ് അധികാരമേറുമ്പോള്‍ അത് പാശ്ചാത്യലോകത്തെ വലതുപക്ഷ വ്യതിയാനത്തിന് ആക്കംകൂട്ടുമെന്ന് ഉറപ്പാണ്. വെള്ളവംശീയതയുടെ ഭീകരമുഖമായ ക്ളൂ ക്ളെക്സ് ക്ളാന്‍ നേതാവ് ഡേവിഡ് ഡ്യൂക്കും ഫ്രഞ്ച് നവനാസി പാര്‍ടിയുടെ നേതാവ് മാരിയ ലെ പെന്നും ട്രംപിന്റെ വിജയത്തെ ആവേശപൂര്‍വം സ്വാഗതം ചെയ്യുമ്പോള്‍ തെളിയുന്ന കാര്യം ഇതാണ്.

അമേരിക്കന്‍ സമൂഹത്തെ വിഭജിക്കുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ ട്രംപിന്റെ ഭരണം പ്രശ്നസങ്കീര്‍ണമാകുമെന്ന സൂചനയുമായി അമേരിക്കയിലെ പ്രധാന നഗരങ്ങളിലെല്ലാം വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയാണ്. 'എന്റെ പ്രസിഡന്റല്ല ' എന്ന പ്ളക്കാര്‍ഡുയര്‍ത്തി ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ട്രംപിനെ ഇംപീച്ച് ചെയ്യുക, ട്രംപിനെ വെറുക്കാന്‍ ഇഷ്ടപ്പെടുക, ട്രംപിനെ തള്ളുക തുടങ്ങിയ മുദ്രാവാക്യങ്ങളും അമേരിക്കയില്‍ ഉയരുകയാണ്. ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ചിക്കാഗോ, സാന്‍ ഡീഗോ തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം ഇരമ്പുകയാണ്. ട്രംപിനേക്കാള്‍ 0.2 ശതമാനം (219762) വോട്ട് നേടിയത് ഹിലരിയാണെന്നതും ഈ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വംശീയവിദ്വേഷം ആളിക്കത്തിച്ച് ട്രംപ് നേടിയ വിജയത്തിന്റെ സ്വാഭാവിക പരിണാമമാണ് അമേരിക്കന്‍ തെരുവുകളില്‍ കാണുന്നത്.  എന്നാല്‍, ജനങ്ങളില്‍ ട്രംപിനെതിരെ ഉയരുന്ന വികാരമൊന്നും പ്രധാന രാഷ്ട്രീയകക്ഷികള്‍ പ്രകടിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ 99 ശതമാനം അമേരിക്കന്‍ ജനതയുടെ പ്രതിനിധിയായി ഒരു രാഷ്ട്രീയപാര്‍ടിയുടെ രൂപീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ഈ പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നുണ്ട്.

പ്രചാരണവേളയില്‍ ട്രംപ് ഉയര്‍ത്തിയ മുദ്രാവാക്യങ്ങളാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നത്. മെക്സിക്കന്‍ അതിര്‍ത്തിയില്‍ 2000 കിലോമീറ്ററിലധികം നീളത്തില്‍ മെക്സിക്കോയുടെ ചെലവില്‍ വന്‍മതില്‍ പണിയുമെന്നും മുസ്ളിങ്ങളെ മുഴുവന്‍ പുറത്താക്കുമെന്നും നാഫ്റ്റപോലുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ റദ്ദാക്കുമെന്നും ട്രാന്‍സ് പസഫിക്ക് പാര്‍ട്ണര്‍ഷിപ് കരാറില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും പാരീസ് കാലാവസ്ഥമാറ്റ കരാറില്‍നിന്ന് പിന്‍വാങ്ങുമെന്നും ഒബാമകെയര്‍ എന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി റദ്ദാക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ ഇരുസഭകളിലും റിപ്പബ്ളിക്കന്‍ പാര്‍ടിക്ക് ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തില്‍ ട്രംപിന് ഈ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ എളുപ്പമാകും. ഇതോടെ ഭാവി അനിശ്ചിതത്വത്തിലാകുന്ന ഒരു വലിയ വിഭാഗം ജനങ്ങളുണ്ട്. അവരാണിപ്പോള്‍ തെരുവിലിറങ്ങുന്നത്. 

അമേരിക്കന്‍ മാധ്യമങ്ങളുടെയും ഹോളിവുഡിന്റെയും  വാള്‍സ്ട്രീറ്റിന്റെയും പൂര്‍ണപിന്തുണ ഉണ്ടായിട്ടും ഹിലരി ക്ളിന്റണ്‍ പരാജയപ്പെട്ടത് ആദ്യ വനിതാ പ്രസിഡന്റിനെയും പ്രസിഡന്റ് ദമ്പതികളെയും വെള്ളക്കൊട്ടാരത്തില്‍ എത്തിക്കാനുള്ള അവസരമാണ് ഇല്ലാതാക്കിയത്. നിലവിലുള്ള സംവിധാനങ്ങളോടും സര്‍ക്കാരിനോടുമുള്ള ജനങ്ങളുടെ രോഷമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. കോര്‍പറേറ്റുകളും സൈനിക– വ്യവസായ കോംപ്ളക്സുകളും നടത്തുന്ന ഭരണത്തിന്റെ തുടര്‍ച്ചയായിരിക്കും വൈറ്റ്ഹൌസില്‍ ഹിലരി വന്നാല്‍ ഉണ്ടാവുകയെന്ന തിരിച്ചറിവാണ് ജനത്തെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചത്.  മാത്രമല്ല, വെര്‍മോണ്ടിലെ സെനറ്ററും  റിപ്പബ്ളിക്കന്‍ പാര്‍ടി സ്ഥാനാര്‍ഥിയായി ആദ്യഘട്ടത്തില്‍ രംഗത്തുവരികയും ചെയ്ത ബെര്‍ണി സാന്‍ഡേഴ്സിന്റെ ഹിലരിവിരുദ്ധ പ്രചാരണവും അവര്‍ക്ക് വിനയായി. ഹിലരിയുടെ കോര്‍പറേറ്റ് ബന്ധമാണ് പ്രധാനമായും ബെര്‍ണിയുടെ വിമര്‍ശത്തിന് വിധേയമായത്. 'സോഷ്യലിസം അല്ലെങ്കില്‍ മൃഗീയത' എന്ന സാന്‍ഡേഴ്സിന്റെ മുദ്രാവാക്യം ഹിലരിയെ വല്ലാതെ തളര്‍ത്തി. ഹിലരിക്കുപകരം സാന്‍ഡേഴ്സായിരുന്നു സ്ഥാനാര്‍ഥിയെങ്കില്‍ ജയിച്ചേനെ എന്ന ചര്‍ച്ച ഡെമോക്രാറ്റിക് പാര്‍ടിയില്‍ തുടങ്ങിയത് ഈ സാഹചര്യത്തിലാണ്. സ്ത്രീവോട്ടര്‍മാരുടെ പിന്തുണ പ്രതീക്ഷിച്ചെങ്കിലും അതും ഹിലരിക്ക് വേണ്ടത്ര ലഭിച്ചില്ല. ഹിലരി നയിക്കുന്ന ക്ളിന്റണ്‍ ഫൌണ്ടേഷനില്‍പ്പോലും വനിതാ ജീവനക്കാര്‍ക്കെതിരെ വിവേചനം നിലനിന്നുവെന്ന പ്രചാരണം അവര്‍ക്ക് വിനയായി. പുരുഷജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളത്തിന്റെ 72–75 ശതമാനംമാത്രമേ വനിതാ ജീവനക്കാര്‍ക്ക് നല്‍കിയുള്ളൂവെന്നായിരുന്നു തെളിഞ്ഞത്. ആഗോളവല്‍ക്കരണം സൃഷ്ടിച്ച ദുരിതജീവിതത്തില്‍നിന്ന് ഒരു മോചനം ആഗ്രഹിച്ച ജനങ്ങള്‍ തുടര്‍ച്ചയ്ക്ക് വോട്ട് ചെയ്യാന്‍ തയ്യാറായില്ല. മാറ്റം വാഗ്ദാനം ചെയ്ത് എട്ടുവര്‍ഷംമുമ്പ് അധികാരമേറിയ ഒബാമയുടെ ഭരണകാലത്ത്, അതിസമ്പന്നരുടെ വരുമാനം 10 മുതല്‍ 18 ശതമാനംവരെ വര്‍ധിച്ചപ്പോള്‍ മധ്യവര്‍ഗത്തിന്റെ കൂലിയിലും വരുമാനത്തിലും നാലുമുതല്‍ 21 ശതമാനംവരെ കുറവാണുണ്ടായത്. ഇതെല്ലാം സാധാരണജനങ്ങളുടെ പ്രത്യേകിച്ചും തദ്ദേശീയരായ വെള്ളക്കാരുടെ രോഷം ഡെമോക്രാറ്റുകള്‍ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top