25 April Thursday

ഉത്തരകൊറിയക്കെതിരെ അമേരിക്കന്‍ യുദ്ധഭീഷണി

വെബ് ഡെസ്‌ക്‌Updated: Monday Apr 17, 2017


ഉത്തരകൊറിയക്കെതിരെയുള്ള അമേരിക്കയുടെ പ്രകോപനപരമായ നീക്കങ്ങള്‍ മേഖലയെ ഒരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുമോ എന്ന ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. ഉത്തരകൊറിയ ഭൂഖണ്ഡാന്തര മിസൈലുകള്‍ (ഐസിബിഎം) പരീക്ഷിക്കാന്‍ ഇടയുണ്ടെന്ന അഭ്യൂഹമാണ് അമേരിക്കയുടെ വര്‍ധിച്ച പ്രകോപനത്തിന് കാരണം. അമേരിക്കയെപ്പോലും ആക്രമിക്കാന്‍ ശക്തിയുള്ളതാണ് 11,000 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ ശേഷിയുള്ള ഈ മിസൈല്‍. സിറിയക്കുനേരെ വ്യോമാക്രമണം നടത്തുകയും അഫ്ഗാനിസ്ഥാനില്‍ ആണവേതരമായ ഏറ്റവും ശക്തിയുള്ള ബോംബ് വര്‍ഷിക്കുകയും ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്, ഉത്തരകൊറിയ ഒരു 'പ്രശ്നരാഷ്ട്ര'മാണെന്നും ചൈനയുടെ സഹായമില്ലെങ്കിലും ഈ പ്രതിസന്ധി പരിഹരിക്കുമെന്നും പറഞ്ഞപ്പോള്‍ ഉത്തരകൊറിയക്കെതിരെ അമേരിക്കന്‍ ആക്രമണം ഉടന്‍ ഉണ്ടാകുമെന്ന ഭീതി പരന്നു. 

വിമാനവാഹിനിയായ യുഎസ്എസ് കാള്‍ വിന്‍സണ്‍ ഉള്‍പ്പെടെ നിരവധി പടക്കപ്പലുകളെ കൊറിയന്‍ മേഖലയിലേക്ക് അമേരിക്ക അയച്ചു. ജപ്പാനിലെ അമേരിക്കന്‍ സൈനികതാവളമായ ഒക്കിനാവയില്‍ അമേരിക്കയുടെ 18-ാമത് എയര്‍വിങ് യുദ്ധസജ്ജമായി നില്‍ക്കുകയാണ്. ഡസന്‍കണക്കിന് യുദ്ധജറ്റുകളും ബോംബറുകളും ഹെലികോപ്റ്ററുകളും വടക്കന്‍ കൊറിയയെ ലക്ഷ്യമാക്കി എപ്പോള്‍ വേണമെങ്കിലും പറന്നുയരാം. മിസൈലുകളും ബോംബുകളുമായി യുദ്ധത്തിന് തയ്യാറായി നില്‍ക്കുന്ന എഫ് 15 വിമാനങ്ങളുടെ ചിത്രങ്ങള്‍ അമേരിക്കന്‍ അധികൃതര്‍തന്നെ പുറത്തുവിട്ടു. ദക്ഷിണകൊറിയയിലെ 15 അമേരിക്കന്‍ സൈനികതാവളങ്ങളിലായി 37,000 സൈനികരും ആറുലക്ഷത്തോളം ദക്ഷിണകൊറിയന്‍ സൈനികരും യുദ്ധസജ്ജരായി നിലയുറപ്പിച്ചുകഴിഞ്ഞു. മാത്രമല്ല, അമേരിക്കയുടെ രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഉത്തരകൊറിയയെ മിസൈല്‍ പരീക്ഷണത്തില്‍നിന്ന് പിന്തിരിപ്പിക്കുക ലക്ഷ്യമിട്ട് അമേരിക്ക ബോംബാക്രമണത്തിന് ഒരുങ്ങുകയാണെന്ന് എന്‍ബിസി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തതും ഈ യുദ്ധഭീതി വര്‍ധിപ്പിച്ചു.

അമേരിക്ക പ്രകോപനം തുടര്‍ന്നാല്‍ ആണവായുധം ഉപയോഗിച്ച് തിരിച്ചടിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കുന്നത് ഈ സാഹചര്യത്തിലാണ്. പ്രഥമ പ്രസിഡന്റ് കിം ഇല്‍ സുങ്ങിന്റെ 105-ാം ജന്മവാര്‍ഷികദിനാഘോഷത്തിനിടെയാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്. തലസ്ഥാനമായ പ്യോങ്യാങ്ങില്‍ സൈന്യത്തിന്റെ വമ്പന്‍ പരേഡും നടന്നു. ഭൂഖണ്ഡാന്തര പ്രഹരശേഷിയുള്ളതും അന്തര്‍വാഹിനിയില്‍നിന്ന് തൊടുക്കാവുന്നതുമായ ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധശേഖരവും പ്രദര്‍ശിപ്പിച്ചു. അമേരിക്കയുടെയും സഖ്യശക്തികളുടെയും നിരന്തരഭീഷണിയെ വെല്ലുവിളിച്ച് മുന്നേറാനും സ്വയം പ്രതിരോധിക്കാനും ആണവശേഷി അനിവാര്യമാണെന്ന പ്രഖ്യാപനമാണ് ഉത്തരകൊറിയ നടത്തിയത്.

കൊറിയയുടെ മിസൈല്‍ പരീക്ഷണം ലോകസമാധാനത്തിന് ഭീഷണിയാണെന്നും അതിനാല്‍ ആ രാജ്യം ആക്രമിക്കേണ്ടതാണെന്നുമാണ് ട്രംപിന്റെയും പാശ്ചാത്യമാധ്യമങ്ങളുടെയും നിരീക്ഷണം. എങ്കില്‍ മറ്റു രാജ്യങ്ങള്‍ നടത്തുന്ന പരീക്ഷണത്തെയും ഇതേ അളവുകോലില്‍ കാണേണ്ടതല്ലേ എന്ന ചോദ്യം പ്രസക്തമാണ്. രണ്ടാം ലോകയുദ്ധത്തിനുശേഷം 9000 മിസൈലുകള്‍ വിവിധ രാജ്യങ്ങളായി പരീക്ഷിച്ചിട്ടുണ്ട്. ഈ പരീക്ഷണം നടത്തിയ രാജ്യങ്ങളും ലോകസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നില്ലേ? കഴിഞ്ഞവര്‍ഷം നാലു മിസൈല്‍ പരീക്ഷണം നടത്തിയ ഉത്തരകൊറിയക്കെതിരെ അമേരിക്കയും യുഎന്നും ഉപരോധം ഏര്‍പ്പെടുത്തുകയുണ്ടായി. ഈവര്‍ഷമാദ്യം ദക്ഷിണകെറിയയും മിസൈല്‍ പരീക്ഷണം നടത്തി. പക്ഷേ, അമേരിക്കയോ ഐക്യരാഷ്ട്രസഭയോ ദക്ഷിണകൊറിയക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയില്ലെന്നുമാത്രമല്ല, അത്തരമൊരു ആവശ്യം ഉയര്‍ത്തുകപോലും ചെയ്തില്ല.

ഉത്തരകൊറിയ  മിസൈലുകളും ആണവായുധങ്ങളും പരീക്ഷിക്കാന്‍ തുടങ്ങിയതിന് കാരണവും അമേരിക്കതന്നെയാണ് എന്നതാണ് വസ്തുത. 1950-53 വരെ നടന്ന കൊറിയന്‍ യുദ്ധത്തില്‍ കൊറിയന്‍ ഏകീകരണത്തെ തടഞ്ഞതും ദക്ഷിണകൊറിയക്ക് സൈനികപിന്തുണ നല്‍കിയതും അമേരിക്കയായിരുന്നു. മാത്രമല്ല, ദക്ഷിണകൊറിയയെ ഉത്തരകൊറിയന്‍ ആക്രമണത്തില്‍നിന്ന് സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കുന്ന കരാറില്‍ ഒപ്പുവച്ച അമേരിക്ക അതിനായി ദക്ഷിണകൊറിയയില്‍ മിസൈലുകളും ആണവായുധങ്ങളും വിന്യസിച്ചു. ഈ ഘട്ടത്തില്‍മാത്രമാണ് സ്വയം രക്ഷയ്ക്കായി ഉത്തരകൊറിയയും മിസൈലുകളും ആണവായുധങ്ങളും നിര്‍മിക്കാനും വിന്യസിക്കാനും ആരംഭിച്ചത്. വടക്കന്‍കൊറിയയെ ലക്ഷ്യമാക്കി (ചൈനയെയും) അമേരിക്കയും ദക്ഷിണകൊറിയയും 2015 സെപ്തംബറിലും 2016 ആഗസ്തിലും വന്‍ നാവികാഭ്യാസമാണ് നടത്തിയത്. കൊറിയയുടെ 20 കിലോമീറ്റര്‍ അകലെയാണ് ആണവവാഹിനിക്കപ്പലുകള്‍കൂടി പങ്കെടുത്ത സൈനികാഭ്യാസം നടന്നത്. ഏറ്റവും അവസാനമായി വടക്കന്‍കൊറിയ വിക്ഷേപിക്കുന്ന മിസൈലുകളെ കണ്ടെത്തി നശിപ്പിക്കാനുള്ള ടെര്‍മിനല്‍ ഹൈ ആള്‍ടിറ്റ്യുഡ് ഏരിയ ഡിഫന്‍സ് (താഡ്) എന്ന മിസൈല്‍വേധ സംവിധാനം ദക്ഷിണകൊറിയയില്‍ സ്ഥാപിക്കുമെന്നും അമേരിക്ക പ്രഖ്യാപിച്ചു. ചൈനയും റഷ്യയും അമേരിക്കയുടെ ഈ മിസൈല്‍വേധ പദ്ധതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. അമേരിക്കയുടെ ഇത്തരം നീക്കങ്ങള്‍ കൊറിയന്‍ ഉപദ്വീപിനെ ആണവമുക്തമാക്കാന്‍ ഉപകരിക്കില്ലെന്നുമാത്രമല്ല, മേഖലയുടെ സമാധാനാന്തരീക്ഷത്തെയും സുസ്ഥിരതയെയും തകര്‍ക്കുകയും ചെയ്യും. ചൈനീസ് വിദേശമന്ത്രി പറഞ്ഞതുപോലെ, യുദ്ധംകൊണ്ട് കൊറിയന്‍പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല. ചര്‍ച്ചയിലൂടെമാത്രമേ അതിന് കഴിയുകയുള്ളൂ. അതിന് അമേരിക്കയും ഉത്തരകൊറിയയും തയ്യാറാകണം. ചൈനയ്ക്കും ഇതില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയും. എന്നാല്‍, ഉത്തരകൊറിയയിലൂടെ ചൈനയെ വളഞ്ഞിട്ടുപിടിക്കാനാണ് അമേരിക്ക ലക്ഷ്യമാക്കുന്നതെങ്കില്‍, അത് വലിയ സംഘര്‍ഷത്തിലേക്കും കൂട്ടക്കുഴപ്പത്തിലേക്കും നയിക്കും. അതിന്റെ ഉത്തരവാദി അമേരിക്കമാത്രമായിരിക്കുകയും ചെയ്യും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top