26 April Friday

അമർത്യ സെൻ പറഞ്ഞുവച്ചത‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019


സാമ്പത്തികശാ‌സ‌്ത്രജ്ഞൻ ഡോ. അമർത്യ സെൻ കഴിഞ്ഞ ദിവസം കൊൽക്കത്ത ജാദവ‌്പുർ സർവകലാശാലയിൽ വിദ്യാർഥികളുമായി സംവദിക്കവെ നടത്തിയ പ്രതികരണങ്ങൾ സമകാല ഇന്ത്യയുടെ ആശങ്കകളും പ്രതീക്ഷകളും പങ്കുവയ‌്ക്കുന്നതായി. താൻ അധ്യാപകജീവിതം ആരംഭിച്ച  സർവകലാശാലയിൽ  പതിറ്റാണ്ടുകൾക്കുശേഷം പുതിയ തലമുറയുമായി സംസാരിക്കുമ്പോൾ അദ്ദേഹം  വികാരാധീനനായി ചോദിച്ചു. ഇതോ ബംഗാളിന്റെ പാരമ്പര്യം ? ഒരു വിഭാഗം ആളുകളെ തല്ലിച്ചതയ‌്ക്കുന്നതിന‌് മുന്നോടിയായി  മറുവിഭാഗം ‘ജയ ശ്രീറാം’ മുഴക്കുന്നതും ഏറ്റുവിളിപ്പിക്കുന്നതും മുമ്പുണ്ടായിട്ടില്ല. ഇത‌് സമീപകാല ഇറക്കുമതിയാണ‌്; ഇത‌് ബംഗാളിന്റെ സംസ‌്കാരമല്ല. സംഘപരിവാർ അജൻഡകളുടെ  മൂടുപടം വലിച്ചു കീറുന്നതായിരുന്നു നൊബേൽ ജേതാവിന്റെ തുറന്നു പറച്ചിൽ.

സംഘപരിവാർ ഗുണ്ടാസംഘങ്ങൾ ഇതര മതവിഭാഗങ്ങളിൽപെട്ടവരെ  ‘ ജയ‌് ശ്രീറാം ’ വിളിക്കണമെന്ന‌് ആവശ്യപ്പെട്ട‌് തല്ലിച്ചതയ‌്ക്കുന്ന സംഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന‌് തുടർച്ചയായി റിപ്പോർട്ടു ചെയ്യപ്പെടുകയാണ‌്. ലോക‌്സഭാ തെരഞ്ഞെടുപ്പിന‌് ശേഷം ബംഗാളിലും ഇത്തരം നിരവധി അക്രമങ്ങ‌ളുണ്ടായി. വിഭാഗീയതയല്ലാതെ, മറ്റെന്താണ‌് ഇവർ ലക്ഷ്യമാക്കുന്നതെന്ന‌് സെൻ ചോദിച്ചു.  ലോകമറിയുന്ന ഇന്ത്യൻ പ്രതിഭ സംഘപരിവാർ അതിക്രമത്തെ തുറന്നെതിർത്തത‌് അന്താരാഷ്ട്രമാധ്യമങ്ങളിൽ വലിയ ചർച്ചയ‌്ക്ക‌് ഇടയാക്കി.

രണ്ടാം മോഡി സർക്കാരിന്റെ ആദ്യ ബജറ്റ‌് ധനമന്ത്രി നിർമല സീതാരാമൻ ലോക‌്സഭയിൽ അവതരിപ്പിച്ചതിന്റെ  തൊട്ടടുത്ത ദിവസം അമർത്യ സെൻ നടത്തിയ നിരീക്ഷണങ്ങൾ  ഇന്ത്യൻ സമ്പദ‌്ഘടനയുടെ അടിസ്ഥാന ദൗർബല്യങ്ങളിലേക്കും സമ്പന്ന പക്ഷപാതങ്ങളിലേക്കും വിരൽചൂണ്ടുന്നതുകൂടിയായിരുന്നു. കോർപറേറ്റുകൾക്ക‌് വൻ ഇളവ‌്, പൊതുമേഖല വിറ്റഴിക്കൽ, വിദേശനിക്ഷേപത്തിന‌് വരവേൽപ‌് തുടങ്ങിയവയെല്ലാം മുഖമുദ്രയാക്കിയ ബജറ്റിൽ ജനപക്ഷനിർദേശങ്ങളെന്നു പറയാൻ ഒന്നുമില്ലെന്ന‌് മാത്രമല്ല, കാർഷിക, തൊഴിൽമേഖലകളെയും  സംസ്ഥാനങ്ങളെയും പൂർണമായി അവഗണിക്കുന്നതുമായിരുന്നു. സമ്പത്തിന്റെ കേന്ദ്രീകരണം മുമ്പെങ്ങുമില്ലാത്തവിധം വർധിച്ചിരിക്കുന്നു.

ഈ യാഥാർഥ്യങ്ങളെ അനാവരണംചെയ്യുന്ന നിരീക്ഷണങ്ങളും ബദൽനിർദേശങ്ങളും  ബംഗാളിന്റെയും കേരളത്തിന്റെയും അനുഭവങ്ങളിലൂടെയാണ‌് അമർത്യ സെൻ വരച്ചുകാട്ടിയത‌്. ഭൂപരിഷ‌്കരണം നന്നായി മുന്നോട്ടുകൊണ്ടുപോയ ബംഗാളിൽ വ്യവസായം തകർച്ചയെ നേരിട്ടു. കേരളം കഴിഞ്ഞാൽ ഭൂപരിഷ‌്കരണം ഏറ്റവും വിജയകരമായത‌് ബംഗാളിലാണ‌്. ഇക്കാര്യത്തിൽ ഇടതുപക്ഷത്തിന‌് അഭിമാനിക്കാവുന്നതാണെന്ന‌് സെൻ പറഞ്ഞു.

ഭൂപരിഷ‌്കരണം, വിദ്യഭ്യാസം, ആരോഗ്യം, ദാരിദ്ര്യ നിർമാർജനം തുടങ്ങിയ രംഗങ്ങളിൽ കേരള മോഡലിനെ പല തവണ പ്രകീർത്തിച്ചിട്ടുള്ള സെൻ  ആരോഗ്യ –- വിദ്യാഭ്യാസ മേഖലകളിൽ  ബംഗാളിനുള്ള പിന്നോക്കാവസ്ഥ എടുത്തു പറഞ്ഞു. പൊതുജനാരോഗ്യത്തിലും സാർവത്രിക വിദ്യാഭ്യാസത്തിലും  കേരളം, തമിഴ‌്നാട‌്, ഹിമാചൽ പ്രദേശ‌് തുടങ്ങിയ സംസ്ഥാനങ്ങൾക്കുപിന്നിലാണ‌് ബംഗാൾ.  എന്നാലിത‌്  ബംഗാളിന്റെമാത്രം പിന്നോക്കാവസ്ഥയല്ല. നമ്മുടെ അയൽരാ‌ഷ്ട്രമായ ബംഗ്ലാദേശിൽ പ്രതിരോധ കുത്തിവയ‌്പുകളുടെ നിരക്ക‌് 98 ശതമാനമായിരിക്കുമ്പോൾ ഇന്ത്യയുടേത‌് 67 ശതമാനം മാത്രമാണ‌്. ഇത്തരത്തിൽ ഇന്ത്യയുടെ പൊതു പിന്നോക്കാവസ്ഥയ‌്ക്കൊത്ത‌് ബംഗാൾ നീങ്ങുമ്പോൾ കേരളം എല്ലാ പൊതു ജീവിതഗുണമേന്മാ സൂചകങ്ങളിലും  ഒന്നാമതായി നിലകൊള്ളുന്നു. ജനപക്ഷ ബദൽ എന്തായിരിക്കണമെന്ന‌് ഈ താരതമ്യത്തിലൂടെ സെൻ വ്യക്തമാക്കുന്നു.

സാധാരണ ജനങ്ങളുടെ വരുമാനവും വാങ്ങൽശേഷിയും ഉയർത്താനുള്ള നടപടികളൊന്നും  സ്വീകരിക്കാത്ത കേന്ദ്രഭരണത്തെ തുറന്നുകാട്ടാൻ മിതമായ വാക്കുകളാണ‌് സെൻ ഉപയോഗിച്ചതെങ്കിലും ശക്തമായ പ്രഹരമാണ‌് ഏറ്റതെന്ന‌് അവരുടെ പ്രതികരണം വ്യക്തമാക്കുന്നുണ്ട‌്. സെൻ ഉന്നയിച്ച വിഷയങ്ങൾക്കൊന്നും മറുപടി പറയാതെ ‘ഇത്തരം ബുദ്ധിജീവികളെ ആര‌് ശ്രദ്ധിക്കുന്നു’ –-എന്ന പ്രതികരണമാണ‌് ബംഗാൾ ബിജെപി സംസ്ഥാന പ്രസിഡന്റ‌് ദിലിപ‌് ഘോഷിന്റെ ഭാഗത്തുനിന്നുണ്ടായത‌്.  എതിരാളികളെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും നിശ്ശബ്ദരാക്കുകയെന്ന സംഘപരിവാർ പദ്ധതിക്കെതിരായ ശക്തമായ പ്രതികരണമായി അമർത്യ സെന്നിന്റെ  വാക്കുകളെ മതനിരപേക്ഷ ഇന്ത്യ സ്വീകരിച്ചു. ഹിന്ദു പ്രതീകങ്ങളെ വിഭാഗീയ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നതിനെതിരെ ആദരണീയനായ സാമ്പത്തികശാസ‌്ത്രജ്ഞൻ നടത്തിയ പരസ്യപ്രതികരണം സംഘപരിവാറിനുള്ള കനത്ത താക്കീതായി മാറിയിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top