25 April Thursday

അനിവാര്യമായ
 ഐക്യനീക്കം

വെബ് ഡെസ്‌ക്‌Updated: Monday Aug 23, 2021


രാജ്യമെന്ന നിലയിൽ ഇന്ത്യയെ ഒന്നിച്ചുനിർത്തുന്ന അടിസ്ഥാനശിലകൾ ഓരോന്നും കുത്തിയിളക്കാനുള്ള ശ്രമത്തിനാണ് ഓരോ ദിവസവും സാക്ഷ്യം വഹിക്കുന്നത്. ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും വെല്ലുവിളിക്കപ്പെടുന്നു. അസാധാരണമായ സ്ഥിതിവിശേഷമാണ് ഇത്. ഒരുവശത്ത് കോവിഡ് മഹാമാരിയുടെ തീരാ ദുരിതം. മറുവശത്ത് മോദി സർക്കാരിന്റെ ദുർനയങ്ങളും വർഗീയ -വിഭജന നീക്കങ്ങളും സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ. മറ്റെല്ലാ ഭിന്നതകളും മാറ്റിവച്ച്‌ നാട് ഈ വിപത്തുകളെ ഒന്നിച്ച്‌ നേരിടേണ്ട കാലമാണ് ഇത്. ആ വഴിക്കുള്ള, പ്രതീക്ഷ നൽകുന്ന നീക്കമായിരുന്നു കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന 19 പ്രതിപക്ഷ പാർടികളുടെ യോഗവും അവിടെ കൈക്കൊണ്ട തീരുമാനങ്ങളും.

മുമ്പ് നടത്തിയ യോഗത്തിൽ 14 പാർടികളുടെ പങ്കാളിത്തമായിരുന്നു. ഇപ്പോൾ അത് 19 ആയി. ഇനിയും കൂടുതൽ പാർടികൾ ഈ ഐക്യനിരയിൽ അണിചേരുമെന്ന്‌ കരുതാം. ഇത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയസഖ്യമല്ല. പക്ഷേ, ഈ കൂട്ടായ്മ മുന്നോട്ടുവയ്‌ക്കുന്ന സമരപരിപാടികൾക്ക് ബിജെപിയുടെ ദുർനയങ്ങൾക്ക് എതിരായ ജനമുന്നേറ്റം സംഘടിപ്പിക്കാൻ കഴിയും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തൂത്തെറിയാൻ കരുത്തുള്ള ജനകീയ മുന്നേറ്റത്തിന്‌ അത് വഴിവയ്‌ക്കുകയും ചെയ്യാം.

സെപ്‌തംബർ 20 മുതൽ 30 വരെ രാജ്യവ്യാപക പ്രതിഷേധപരിപാടി സംഘടിപ്പിക്കാനാണ് യോഗം തീരുമാനിച്ചത്. മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കിനെ സംരക്ഷിക്കാൻ സർവശക്തിയും ഉപയോഗിച്ച്‌ രംഗത്തിറങ്ങുക എന്നതാണ് യോഗം മുന്നോട്ടുവച്ച സന്ദേശം. ഓരോ സംസ്ഥാനത്തെയും കോവിഡ്‌ സാഹചര്യവും സുരക്ഷാ മാനദണ്ഡവും അനുസരിച്ച് പ്രതിഷേധപരിപാടി നിശ്ചയിക്കും.

പതിനൊന്ന്‌ അടിയന്തരാവശ്യമാണ് യോഗം മുന്നോട്ടുവച്ചത്. കോവിഡ് പ്രതിസന്ധി നേരിടുന്നതിൽ സർക്കാർ സമ്പൂർണ പരാജയമാണെന്ന് തെളിഞ്ഞുകഴിഞ്ഞു. ആരോഗ്യരക്ഷ ഉറപ്പുവരുത്താനോ ജനജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കൈത്താങ്ങ്‌ നൽകാനോ സർക്കാരിന് കഴിയുന്നില്ല. ഇക്കാര്യത്തിൽ മൂർത്തമായ നിർദേശങ്ങൾ യോഗം മുന്നോട്ടുവയ്‌ക്കുന്നു.

വാക്‌സിൻ ഉൽപ്പാദനം വർധിപ്പിക്കുകയും ആഗോളതലത്തിൽ ലഭ്യമായ എല്ലാ വാക്സിനും സംഭരിക്കുകയും വേണം. എല്ലാവർക്കും വാക്‌സിൻ നൽകാനും കോവിഡിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക്‌ നഷ്ടപരിഹാരം നൽകാനും ഇതിനെല്ലാം പര്യാപ്തമായ വിധം പൊതു ആരോഗ്യസംവിധാനം മെച്ചപ്പെടുത്താനും നടപടി ഉണ്ടാകണം. ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ നൽകുക, ആവശ്യക്കാർക്കെല്ലാം സൗജന്യ ഭക്ഷ്യക്കിറ്റ് നൽകുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ അമിതമായ കേന്ദ്ര എക്‌സൈസ്‌ തീരുവ പിൻവലിക്കുക, മൂന്ന്‌ കാർഷികനിയമവും പിൻവലിക്കുക, കർഷകർക്ക്‌ മിനിമം താങ്ങുവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.  

ചെറുകിട, ഇടത്തരം, സൂക്ഷ്‌മ വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിന്‌ സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചതുപോലെ വായ്പയല്ല സാമ്പത്തിക പാക്കേജാണ്‌ വേണ്ടതെന്ന്‌ യോഗം ചൂണ്ടിക്കാട്ടി. മഹാമാരിയുടെ മറവിലും പൊതുമേഖലാ സ്വകാര്യവൽക്കരണം ശക്തമാക്കുകയും തൊഴിൽ അവകാശങ്ങൾ കവർന്നെടുക്കുകയും ചെയ്യുന്ന സർക്കാരിനെ പ്രതിപക്ഷ പാർടികൾ താക്കീത് ചെയ്യുന്നു. ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ വർഷം 200 തൊഴിൽദിനം നൽകണമെന്നും വേതനം ഇരട്ടിയാക്കണമെന്നും ആവശ്യമുണ്ട്. നഗരങ്ങളിലും തൊഴിലുറപ്പുപദ്ധതി നടപ്പാക്കുകയും വേണം.

ഈ ആവശ്യങ്ങൾക്കൊപ്പം കേന്ദ്രസർക്കാർ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾ കാറ്റിൽപ്പറത്തി സ്വന്തം ജനതയ്ക്കെതിരെ നടത്തുന്ന പൗരാവകാശ ലംഘനങ്ങളും യോഗം എടുത്തുകാട്ടി. ഇസ്രയേലി സോഫ്റ്റ്‌വെയറായ പെഗാസസ്‌ ഉപയോഗിച്ച്‌ നടത്തിയ ചാരവൃത്തിയിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. ഈ വിഷയം ഉന്നയിക്കാൻപോലും അനുവദിക്കാതെ പാർലമെന്റ് സമ്മേളനംതന്നെ അട്ടിമറിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തതെന്ന് പാർടി നേതാക്കൾ ചൂണ്ടിക്കാട്ടി. ഭീമ കൊറേഗാവ്‌ കേസിലും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിലും യുഎപിഎ ചുമത്തപ്പെട്ട എല്ലാ രാഷ്ട്രീയത്തടവുകാരെയും മോചിപ്പിക്കുക, അഭിപ്രായപ്രകടന സ്വാതന്ത്ര്യം വിനിയോഗിച്ചതിന്റെ പേരിൽ ജയിലിൽ അടച്ച മാധ്യമപ്രവർത്തകരെ വിട്ടയക്കുക, ജമ്മു -കശ്‌മീരിലെ എല്ലാ രാഷ്ട്രീയത്തടവുകാരെയും മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം അംഗീകരിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന സാമൂഹ്യനീതിയെത്തന്നെ അപായപ്പെടുത്തുംവിധം സ്ത്രീകൾക്കും കുട്ടികൾക്കും ദളിതർക്കും പട്ടികവർഗക്കാർക്കും എതിരെ വർധിക്കുന്ന അതിക്രമങ്ങൾക്കെതിരെയും പ്രതിപക്ഷ പാർടികളുടെ യോഗം വിരൽചൂണ്ടുന്നു.

രാജ്യം അടിയന്തരമായി നേരിടുന്ന എല്ലാ പ്രശ്നങ്ങളെയും പരിഗണിച്ചുകൊണ്ടാണ് യോജിച്ച സമരത്തിന്റെ ആവശ്യങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. സമ്മേളനത്തിൽ പങ്കെടുത്ത പാർടികൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ പലതുമുണ്ട്. പല സംസ്ഥാനത്തും പരസ്പരം എതിർചേരിയിൽ നിൽക്കുന്ന പാർടികൾ ഈ യോഗത്തിൽ യോജിച്ച നിലപാട് എടുത്തിട്ടുണ്ട്. രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ ആഴം തിരിച്ചറിഞ്ഞുള്ള നീക്കമാണ് ഇത്.

വളരുന്ന ജനരോഷത്തിന്റെ ആപത്ത് നരേന്ദ്ര മോദിയും ബിജെപിയും കൃത്യമായി മനസ്സിലാക്കുന്നുണ്ട്. വിതറുന്ന വർഗീയ വിഷത്തിന്റെ അളവ് അവർ കൂട്ടിക്കൊണ്ടുവരുന്നത് ഇതിന്റെ ഭാഗമായാണ്. യുപിയിലും അസമിലും പ്രഖ്യാപിച്ച ജനസംഖ്യാ നിയന്ത്രണ നടപടികളും 1947ലെ വിഭജനകാലത്തെ ഓർമിപ്പിച്ച് ഭിന്നത വളർത്താനുള്ള നീക്കവും ഇതിന്റെ ഭാഗമാണ്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരരുടെ ഭരണാരോഹണംപോലും എങ്ങനെ ഇന്ത്യയിലെ മുസ്ലിങ്ങൾക്കെതിരായ ശത്രുത വളർത്താൻ ഉപയോഗപ്പെടുത്താം എന്ന പരീക്ഷണത്തിലാണ് ബിജെപി നേതാക്കൾ. പ്രതിപക്ഷ യോജിപ്പിൽ സമരനിര ഉയരുന്നതോടെ വരുംനാളുകളിൽ ഈ ശ്രമങ്ങൾ ശക്തമാകും. അതിനെതിരായ ജാഗ്രതകൂടി നിലനിർത്തിക്കൊണ്ട് കരുതലോടെ യോജിച്ച പ്രക്ഷോഭം മുന്നോട്ടുകൊണ്ടുപോകേണ്ടിവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top