20 April Saturday

കണ്ണൂരിലെ നല്ല തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Feb 16, 2017


നന്മയുടെയും സാന്ത്വനത്തിന്റെയും സംസ്കാര സമ്പന്നതയുടെയും നാടായി പുറംലോകം അറിഞ്ഞ കണ്ണൂരിന് അക്രമഭൂമിയെന്ന മുദ്രകൂടി ചാര്‍ത്തപ്പെട്ടെങ്കില്‍ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അത്തരമൊരു സാഹചര്യം അവിടെ നിലനിന്നിരുന്നു എന്ന യാഥാര്‍ഥ്യത്തിലേക്കുള്ള കണ്ണുതുറക്കലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന്റെ തീരുമാനങ്ങള്‍. കണക്കുതീര്‍ക്കലും പകപോക്കലുമല്ല സമാധാനമാണ് കാലം ഏല്‍പ്പിക്കുന്ന കടമയെന്ന തിരിച്ചറിവ് എല്ലാവരും പങ്കുവയ്ക്കുന്നു. അതിനുള്ള കര്‍മപരിപാടികള്‍ ആവിഷ്കരിക്കുന്നു. തികച്ചും സ്വാഗതാര്‍ഹവും പ്രതീക്ഷാനിര്‍ഭരവുമാണ് ഈ കൂട്ടായ്മ.

കുറ്റകൃത്യങ്ങളുടെയും കൊലപാതകങ്ങളുടെയും കണക്കെടുത്താല്‍ മറ്റ് പല ജില്ലകളുടെയും പിന്നിലാണ് കണ്ണൂരിന്റെ സ്ഥാനം. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ടുപ്രകാരം 2016ല്‍ ഏറ്റവും കൂടുതല്‍ ഐപിസി കുറ്റകൃത്യങ്ങള്‍ നടന്നത് എറണാകുളത്താണ്- 42,743. കണ്ണൂരാകട്ടെ- 9070. രാഷ്ട്രീയത്തെ അടച്ചാക്ഷേപിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കണക്കുകൂടി പറയാം. ആകെയുള്ള 287 കൊലപാതകത്തില്‍ 14 മാത്രമാണ് രാഷ്ട്രീയഗണത്തില്‍പെടുന്നത്.

കൊലപാതകങ്ങളില്‍ ഒന്നാമത് തിരുവനന്തപുരം- 42. ആറാമതാണ് കണ്ണൂര്‍- 21. എന്നാല്‍, രാഷ്ട്രീയ അക്രമങ്ങളുടെ കാര്യത്തില്‍ കഥയിതല്ല. സംസ്ഥാനത്താകെ നടന്ന 14 രാഷ്ട്രീയ കൊലകളില്‍ എട്ടെണ്ണവും കണ്ണൂരിലാണ്. കഴിഞ്ഞ രണ്ടുമൂന്ന് ദശകത്തിനുള്ളില്‍ രാഷ്ട്രീയവൈരത്തിന്റെ പേരില്‍ ഇവിടെ ജീവന്‍ നഷ്ടപ്പെട്ടവരും അംഗഭംഗം വന്നവരും ഒട്ടനവധിയാണ്. നഷ്ടക്കണക്കില്‍ കൂടതലും കുറവുമൊക്കെ കാണാനാകും. അക്രമങ്ങളുടെ നേരിട്ടും അല്ലാതെയുമുള്ള ഉത്തരവാദിത്തത്തിലും കാണും ഈ ഏറ്റക്കുറച്ചിലുകള്‍.

ചരിത്രപരവും സാമൂഹ്യവുമായ ഘടകങ്ങള്‍കൂടി രാഷ്ട്രീയ അതിക്രമങ്ങള്‍ക്കു പിന്നിലുണ്ടായിരുന്നു. ഓരോ സംഭവത്തിനും വഴിവച്ച സവിശേഷമായ പ്രാദേശിക സാഹചര്യങ്ങളും പരിശോധിക്കപ്പെടേണ്ടതാണ്. അത്തരമൊരു വിലയിരുത്തലില്‍, ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുത്ത് ദൈനംദിന രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന സിപിഐ എം ഒരിക്കലും അക്രമമാര്‍ഗത്തെ അംഗീകരിച്ചിട്ടില്ലെന്നു കാണാന്‍ കഴിയും. നേതൃത്വം ഇത്തരത്തില്‍ ശരിയായ നിലപാട് സ്വീകരിച്ച ഘട്ടങ്ങളിലും സിപിഐ എം പ്രവര്‍ത്തകര്‍ അക്രമസംഭവങ്ങളില്‍ ഭാഗഭാക്കാവുകയോ ഇരകളാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഈ വസ്തുതകളെല്ലാം അംഗീകരിച്ചുകൊണ്ടുതന്നെയാണ് നാട്ടില്‍ സമാധാനം പുലരാനുള്ള ചരിത്രപരമായ ദൌത്യത്തിന്റെ മുന്‍കൈ സിപിഐ എം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്.

രാഷ്ട്രീയ അക്രമങ്ങള്‍ കണ്ണൂരില്‍മാത്രമല്ല എന്നതുപോലെ പരിഹാരമാര്‍ഗങ്ങളും കണ്ണൂരിനുവേണ്ടി മാത്രമായിട്ടില്ല. അത് സംസ്ഥാനമാകെ നടപ്പാക്കേണ്ടതുമുണ്ട്. എന്നാല്‍, ചില നല്ല മാതൃകകള്‍ കണ്ണൂരില്‍നിന്നുതന്നെ ഉണ്ടായി എന്നത് എടുത്തുപറയേണ്ടതാണ്. സംസ്ഥാന സ്കൂള്‍ കലോത്സവത്തിനുതന്നെ കരിനിഴല്‍ വീഴ്ത്തിയതായിരുന്നു അണ്ടലൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം. ഈ സംഭവത്തെ തള്ളിപ്പറയാനും തങ്ങളുടെ പ്രവര്‍ത്തകര്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സഹായവും സംരക്ഷണവും നല്‍കില്ലെന്നും വ്യക്തമാക്കാനും സിപിഐ എം തയ്യാറായി. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ പുലര്‍ച്ചെ പതിയിരുന്ന് ആക്രമിച്ച സംഭവത്തിന്റെ തിരിച്ചടിയാണ് ഇതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, സിപിഐ എം നിലപാടില്‍ മാറ്റമുണ്ടായില്ലെന്നു മാത്രമല്ല തുടര്‍ന്ന് ചേര്‍ന്ന സമാധാനയോഗത്തില്‍ ചില ക്രിയാത്മക തീരുമാനങ്ങള്‍ ഉണ്ടാവുകയും ചെയ്തു. സിപിഐ എം നേതാക്കള്‍ ഉള്‍പ്പെടെയുള്ള സര്‍വകക്ഷിസംഘം കൊല്ലപ്പെട്ട സന്തോഷിന്റെ കുടുംബാംഗങ്ങളെ കണ്ട് ആശ്വാസംപകരാനുള്ള തീരുമാനം. സിപിഐ എം, കോണ്‍ഗ്രസ്, ബിജെപി, ആര്‍എസ്എസ് ജില്ലാ ഭാരവാഹികള്‍ ഒന്നിച്ച് ആ വീട്ടിലെത്തിയത് മുറിവുകരിയുന്ന അനുഭവമായി വാഴ്ത്തപ്പെട്ടു.

കണ്ണൂരില്‍ മഹാഭൂരിപക്ഷം ജനങ്ങളെ പ്രതിനിധാനംചെയ്യുന്ന സിപിഐ എമ്മും വളരാന്‍ ശ്രമിക്കുന്ന ബിജെപിയും തമ്മിലുള്ള സംഘര്‍ഷത്തിന് മാനങ്ങളേറെയാണ്. അക്രമവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച് അണികളെ പിടിച്ചുനിര്‍ത്താനോ സ്വാധീനമുണ്ടാക്കാനോ ശ്രമിക്കുന്നവര്‍ക്ക് കീഴടങ്ങുന്നതല്ല കര്‍ഷക- തൊഴിലാളി പോരാട്ടങ്ങളുടെ മണ്ണും മനസ്സും. അതുകൊണ്ടുതന്നെ ആയുധമെടുത്തവര്‍ അത് തഴെവയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നത് സ്വാഭാവികം.

സമാധാനത്തിന്റെ വഴിതേടാനും സംഘര്‍ഷത്തിന് വിരാമമിടാനുള്ള പ്രാഥമികചര്‍ച്ച ഇരുകക്ഷികളുടെയും സംസ്ഥാന നേതാക്കളുമായി മുഖ്യമന്ത്രി തിരുവന്തപുരത്താണ് നടത്തിയത്. ഇതിന്റെ തുടര്‍ച്ചയായി കണ്ണൂരില്‍ നടന്ന സര്‍വകക്ഷി സമാധാനയോഗം തികച്ചും ശ്ളാഘനീയമായ കര്‍മപരിപാടിയാണ് ആവിഷ്കരിച്ചത്. രാഷ്ട്രീയനേതൃത്വത്തിന്റെ നിയന്ത്രണത്തിന് പുറത്തുള്ളവരാണ് സമീപകാല അക്രമസംഭവങ്ങള്‍ക്കു പിന്നിലെന്ന വിലയിരുത്തലും അത്തരം സംഭവങ്ങളെ തള്ളിപ്പറയാനുള്ള തീരുമാനവും ഏറെ ഗണുംചെയ്യും. സംഘര്‍ഷമുണ്ടാകുമ്പോള്‍ പക്ഷംപിടിച്ച് സംരക്ഷണം നല്‍കാതെ രാഷ്ട്രീയനേതൃത്വങ്ങള്‍ ഒന്നിച്ചുനിന്ന് സംഭവത്തെ അപലപിക്കാനും സ്ഥലം സന്ദര്‍ശിക്കാനും തയ്യാറാകും. ഇതുവഴി സമാധാനത്തിന്റെ സന്ദേശം തഴെതട്ടിലെത്തിക്കാനും അക്രമത്തിന്റെ വേരറുക്കാനും സാധിക്കും. ആയുധങ്ങള്‍ നിര്‍മിക്കുന്നതും സൂക്ഷിക്കുന്നതും തടയാന്‍ പൊലീസിന്റെ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകണം. രാഷ്ട്രീയപ്രവര്‍ത്തകരും പൊതുജനങ്ങളും ഈ പ്രവര്‍ത്തനത്തില്‍ പൊലീസിന് പിന്തുണ നല്‍കണം. ഉത്സവങ്ങള്‍ സംഘര്‍ഷവേദികളാകാതിരിക്കാനുള്ള ജാഗ്രത എല്ലാ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്.

അക്രമസംഭവങ്ങളുണ്ടായാല്‍ പൊലീസിന് നിര്‍ഭയം പ്രവര്‍ത്തിക്കാനാകണം. പ്രതികളെ രാഷ്ട്രീയനേതൃത്വം നിശ്ചയിച്ച് നല്‍കുന്ന രീതിയും പൊലീസ് പിടികൂടിയവരെ ബലംപ്രയോഗിച്ചും സമ്മര്‍ദത്തിലൂടെയും മോചിപ്പിക്കുന്നതും അവസാനിപ്പിക്കണം. ഇത്തരത്തിലുള്ള സുപ്രധാന നടപടികളാണ് രാഷ്ട്രീയകൂട്ടായ്മയില്‍ രൂപപ്പെട്ടത്. ഇത് കണ്ണൂരിനും തുടര്‍ന്ന് കേരളത്തിനാകെയും സമാധാനം പകരുന്ന നല്ല തുടക്കമാണ്. സമാധാനശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ചില സംഭവങ്ങള്‍ കണ്ണൂരിലും മറ്റിടങ്ങളിലും പിന്നീടും ഉണ്ടയതായി വാര്‍ത്തയുണ്ട്. രാഷ്ട്രീയനേതൃത്വവും അധികൃത സ്ഥാനങ്ങളും ഫലപ്രദമായി ഇടപെട്ട് അത് മുളയിലേ നുള്ളണം. തീപ്പൊരിയില്‍ എണ്ണയല്ല വെള്ളമാണ് പകരേണ്ടതെന്ന വകതിരിവ് മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാം. കണ്ണൂരിലെ സമാധാനയത്നങ്ങളെ ഞങ്ങള്‍ സര്‍വാത്മനാ പിന്തുണയ്ക്കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top