25 April Thursday

കൊറോണക്കാലത്തെ മദ്യാസക്തി

വെബ് ഡെസ്‌ക്‌Updated: Thursday Apr 2, 2020



കേരളം നേരിടുന്ന ഗുരുതര വിപത്താണ് മദ്യത്തിന്റേത്. വിവിധ മേഖലയിൽ നമ്മൾ നേടിയ നേട്ടങ്ങളെപ്പോലും പിന്നോട്ടടിക്കുംവിധം മദ്യപാനശീലം സമൂഹത്തിൽ പിടിമുറുക്കുന്നു. കേരളത്തിൽ ആളോഹരി മദ്യോപഭോഗം വളരെ കൂടുതലാണ്. തീർച്ചയായും തിരുത്തപ്പെടേണ്ട പ്രവണതയാണിത്. മദ്യനിരോധനത്തിലൂടെ മദ്യപാനാസക്തി കുറയ്ക്കാനാകില്ലെന്ന്‌ വ്യക്തമാണ്. എന്നാൽ, ബോധവൽക്കരണം ശക്തമാക്കിയും മറ്റും മദ്യാസക്തിയിൽനിന്ന് ജനങ്ങളെ മോചിപ്പിക്കാൻ സർക്കാർ ശ്രമിച്ചുവരുന്നു.

മദ്യപാനം ഒരു രോഗമല്ല. പല രോഗങ്ങളും വരുത്താവുന്ന ഒരു ശീലമാണ്. എന്നാൽ, അമിത മദ്യപാനാസക്തി ഒരു രോഗമാണ്. മദ്യപാനംമൂലം ഉണ്ടാകുന്ന ഈ മാനസികരോഗത്തിന് അടിമപ്പെട്ടവർ സംസ്ഥാനത്ത് ഏറെ ഉണ്ടെന്ന്‌ കണക്കുകൾ പറയുന്നു. ദീർഘകാലത്തെ ചികിത്സയിലൂടെ മാത്രമേ ഇവരെ ഈ രോഗത്തിൽനിന്ന് പുറത്തെത്തിക്കാൻ കഴിയുകയുള്ളൂ. ഇതെല്ലാം സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും പൊതുസമൂഹത്തിനും വ്യക്തമായ കാര്യങ്ങളാണ്.

മദ്യപാനാസക്തിയുള്ളവർ മദ്യം കിട്ടാതെ വരുമ്പോൾ പലവഴി തേടും. വ്യാജമദ്യത്തിനാണ് ആദ്യം ശ്രമിക്കുക. കിട്ടിയില്ലെങ്കിൽ സാനിറ്റൈസറോ വാഷോ തിന്നറോ മണ്ണെണ്ണയോ ഒക്കെ കുടിക്കും

ഇന്ന് ലോകം ഒരു മഹാമാരിയുടെ പിടിയിലാണ്. കോവിഡ്–-19നെ നേരിടാൻ സാധ്യമായ വിധത്തിലെല്ലാം നമ്മൾ പൊരുതുന്നു. കേരളത്തിൽ അതിന്റെ ഭാഗമായി ആദ്യം ഭാഗിക ലോക്ക്ഡൗൺ വന്നു. അന്ന് സർക്കാർ മദ്യവിൽപ്പനശാലകളെ ഒഴിവാക്കി. മദ്യപാനാസക്തിയുള്ളവർക്ക് മദ്യം കിട്ടാതായാൽ ഉണ്ടാകുന്ന സാമൂഹ്യപ്രശ്നങ്ങൾ തന്നെയാണ് സർക്കാരിനെ ഇതിന്‌ പ്രേരിപ്പിച്ചത്. കുറെ പഴി കേട്ടെങ്കിലും സർക്കാർ തീരുമാനത്തിൽ ഉറച്ചുനിന്നു. എന്നാൽ, പിന്നീട് സമ്പൂർണ അടച്ചുപൂട്ടൽ നടപ്പാക്കേണ്ടിവന്നതോടെ മദ്യശാലകളും അടച്ചു. സർക്കാർ ഭയപ്പെട്ട സാമൂഹ്യപ്രശ്നങ്ങൾ തലപൊക്കുന്നതാണ് പിന്നീട് കണ്ടത്. കൊറോണമൂലം മരിച്ചവരിലധികം പേർ ഇതിനകം കേരളത്തിൽ മദ്യം കിട്ടാതെ മരിച്ചു. മദ്യപാനാസക്തിയുള്ളവർ മദ്യം കിട്ടാതെ വരുമ്പോൾ പലവഴി തേടും. വ്യാജമദ്യത്തിനാണ് ആദ്യം ശ്രമിക്കുക. കിട്ടിയില്ലെങ്കിൽ സാനിറ്റൈസറോ വാഷോ തിന്നറോ മണ്ണെണ്ണയോ ഒക്കെ കുടിക്കും. കേരളം ശക്തമായ നടപടി തുടരുന്നതിനാൽ ഇവിടെ വ്യാജമദ്യം കിട്ടുക എളുപ്പമല്ല. മദ്യനിരോധനം നിലനിൽക്കുന്നവ അടക്കം മറ്റ് പലയിടത്തും ഇതല്ല സ്ഥിതി. അവിടെ വ്യാജമദ്യം വ്യാപകമായി കിട്ടുന്നു. ഈ രണ്ടുവഴിയും അപകടകരമാണ്. രണ്ടും സ്വീകരിക്കാത്ത അമിതമദ്യപാനികൾ അതിവേഗം മറ്റ് പ്രശ്നങ്ങൾ നേരിടും.

മദ്യപാനം നിർത്തി 24 മണിക്കൂറിനുള്ളിൽ ആൾക്കഹോളിക് ഹാലൂസിനോസിസ് വരാം. ഇല്ലാത്തത്‌ കാണുകയും കേൾക്കുകയും ചെയ്യും. ആത്മഹത്യചെയ്യാൻ പ്രേരിപ്പിക്കുന്ന മാനസികാവസ്ഥ വരും. കുടി നിർത്തി 48 മണിക്കൂറിനുള്ളിൽ ചിലർക്ക് അപസ്മാരം വരാം. 72 മണിക്കൂറിനുള്ളിൽ സ്ഥലകാലബോധമില്ലാത്ത അവസ്ഥ (ഡെലീറിയം) വരാനുള്ള സാധ്യതയുണ്ട്. ഇവർ ഏറെയും മരണത്തിലേക്ക് നീങ്ങാം.

ഈ പ്രശ്നം എങ്ങനെ നേരിടും എന്നതാണ് സർക്കാർ പരിഗണിച്ചത്. മദ്യപാനികളല്ലേ അവർ മരിക്കട്ടെ എന്നൊരു നിലപാട് സർക്കാരിന് എടുക്കാനാകില്ല. അവർക്ക്‌ ചികിത്സയാണ്‌ വേണ്ടത്. പക്ഷേ, സംസ്ഥാനം ഇപ്പോൾ ഇവിടെ ഒരു ആരോഗ്യ അടിയന്തരാവസ്ഥയിലാണ്. ഇവിടെ മുൻഗണന മദ്യപാനാസക്തരെ ചികിത്സിക്കുന്നതിനല്ല; കോവിഡ് എന്ന മഹാമാരി ചെറുക്കുന്നതിനും അത് ബാധിച്ചവരെ രക്ഷിക്കുന്നതിനുമാണ്. നമ്മുടെ ആരോഗ്യ സംവിധാനമാകെ ഇതിനുള്ള ജാഗ്രതയിലാണ്. അതുകൊണ്ട്‌ നാടാകെ ഡീ അഡിക്‌ഷൻ കേന്ദ്രങ്ങൾ തുടങ്ങി മദ്യപാനരോഗികളെ ചികിത്സിക്കാൻ ഇപ്പോൾ സർക്കാരിനാകില്ല. അതുകൊണ്ടാണ്, അതുകൊണ്ടുമാത്രമാണ്  ഒരു താൽക്കാലിക പരിഹാരം നിർദേശിച്ചത്. ഇങ്ങനെ മദ്യം കിട്ടിയില്ലെങ്കിൽ മരിക്കും എന്ന അവസ്ഥയുള്ളവർക്ക് എക്സൈസ് വഴി നിശ്ചിത അളവിൽ മദ്യം നൽകുക എന്ന തീരുമാനമാണ് സർക്കാർ എടുത്തത്. മദ്യപാനാസക്തി ഉള്ളവരെ എങ്ങനെ തിരിച്ചറിയും എന്ന പ്രശ്നം ഉള്ളതിനാൽ അത് ഒരു ഡോക്ടർ സാക്ഷ്യപ്പെടുത്തണമെന്നും വ്യവസ്ഥ ചെയ്തു. അമിത മദ്യപാനാസക്തി ഒരു രോഗമായതിനാലാണ് അങ്ങനെ തീരുമാനിച്ചത്.

ഈ തീരുമാനം ഡോക്ടർസമൂഹത്തിൽ എതിർപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതല്ല പരിഹാരം ചികിത്സയാണ്‌ വേണ്ടതെന്നും അതുകൊണ്ട്‌ മദ്യം കുറിച്ചുകൊടുക്കാനാകില്ലെന്നും ഒരു കൂട്ടർ പറയുന്നു. ശരിയാണ്, ഇതിന്‌ നീണ്ട ചികിത്സയാണ്‌ വേണ്ടത്. പക്ഷേ, ഇപ്പോൾ സർക്കാരിന്റെ മുൻഗണന അതല്ല എന്നുമാത്രം. മറ്റൊരു വിമർശനം മദ്യം തേടിവരുന്നവർ ലക്ഷണങ്ങൾ വ്യാജമായി നടിച്ച് കുറിപ്പടി നേടും എന്നതാണ്. അങ്ങനെയുള്ള സംശയം വന്നാൽ ഏത് ഡോക്ടർക്കും മദ്യത്തിന് ശുപാർശ നൽകുന്നത് ഒഴിവാക്കാം. ഒരു ഡോക്ടറെയും ഇതിനായി നിർബന്ധിക്കില്ലെന്ന്‌ മുഖ്യമന്ത്രി ആവർത്തിച്ചു പറയുന്നുണ്ട്.

ചുരുക്കത്തിൽ ഇക്കാര്യത്തിലെ സർക്കാർ നടപടി ഒരു അടിയന്തര പ്രശ്നത്തിനുള്ള താൽക്കാലിക പരിഹാരമാണ്. ഏതുതരം രോഗികൾ ആയാലും അവരെ അറിഞ്ഞുകൊണ്ട് മരണത്തിലേക്ക് എറിഞ്ഞുകൊടുക്കാൻ കഴിയില്ല എന്ന മനുഷ്യത്വത്തിന്റെ സമീപനമാണ്  ഇക്കാര്യത്തിൽ സ്വീകരിച്ചത്. ഇതിനോട് പരമാവധി സഹകരിക്കാൻ ഡോക്ടർമാർ തയ്യാറാകുമെന്ന്‌ പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top