20 April Saturday

മതരാഷ്‌ട്രീയത്തിന്റെ കൊലക്കത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 21, 2021



വർഗീയതയുടെ അത്യാപൽക്കരമായ മുഖമാണ്‌ ആലപ്പുഴയിൽ കണ്ടത്‌. എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ്‌ ഷാൻ, ബിജെപി–- ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്‌ ശ്രീനിവാസൻ എന്നിവരാണ്‌ മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊല്ലപ്പെട്ടത്. രണ്ട്‌ കൊലപാതകവും ആസൂത്രിതവും കടുത്ത പ്രത്യാഘാതം ലക്ഷ്യമിട്ടുള്ളതുമാണ്‌. എതിർപക്ഷത്ത്‌ പരമാവധി പ്രകോപനമുണ്ടാക്കി വർഗീയകലാപത്തിലേക്ക്‌ നാടിനെ നയിക്കാനാണ്‌ ഇരുകൂട്ടരും ആഗ്രഹിക്കുന്നത്‌. എന്നാൽ, പൊലീസിന്റെയും സർക്കാരിന്റെയും സമയോചിതമായ ഇടപെടൽമൂലം സംഘർഷത്തെ വഴിതിരിച്ചുവിടാനുള്ള നീക്കങ്ങൾക്ക്‌ തടയിടാനായി. വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമത്തെ തുടർന്നും അങ്ങേയറ്റം ജാഗ്രതയോടെ കാണേണ്ടതുണ്ട്‌.

എതിരാളികളെ നിഷ്‌ഠുരമായി ആക്രമിച്ചു കൊലപ്പെടുത്തുക. അതുവഴി സൃഷ്‌ടിക്കപ്പെടുന്ന അരക്ഷിതാവസ്ഥ സംഘടിതഅക്രമത്തിന്‌ ഇന്ധനമാക്കുക. ഇതാണ്‌ വർഗീയതയുടെ രീതി. ശത്രുവിനെ മാത്രമല്ല, കൂട്ടത്തിലുള്ളവരെയും ഭയത്തിന്റെ നിഴലിൽ നിർത്തിയാണ്‌ മതരാഷ്‌ട്രീയം നിലനിൽക്കുന്നത്‌. ഹിന്ദുത്വ രാഷ്‌ട്രീയവും രാഷ്‌ട്രീയ ഇസ്ലാമിസവും ഒരുപോലെ ദുർബലമായത്‌ അടുത്തകാലത്ത്‌ കേരളത്തിന്റെ അനുഭവമാണ്‌. കിട്ടാവുന്ന എല്ലാ അവസരത്തിലും മതവികാരം ഇളക്കിവിടാനും എൽഡിഎഫ്‌ സർക്കാരിനെതിരായ പൊതുബോധം വളർത്താനും ഇരുപക്ഷവും ശ്രമിക്കുന്നുണ്ടെങ്കിലും നിരാശയാണ്‌ ഫലം. വികസനപദ്ധതികൾക്കെതിരെ ജനങ്ങളെ ഇളക്കിവിടാൻ ഇക്കൂട്ടർ എല്ലായിടത്തും ശ്രമിക്കുന്നു. മതസ്വത്വവാദത്തിലേക്ക്‌ പുതിയ തലമുറയെ നയിക്കാൻ കലാലയങ്ങളിലും സാംസ്‌കാരികവേദികളിലും ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയശക്തികൾ നുഴഞ്ഞുകയറുന്നു. എന്നാൽ, കേരള മനഃസാക്ഷി ഈ ദുഷ്‌ടശക്തികളോട്‌ വിട്ടുവീഴ്‌ചചെയ്യാൻ ഒരിക്കലും തയ്യാറല്ല. പരസ്‌പരം കടന്നാക്രമിച്ച്‌ അണികളെ പിടിച്ചുനിർത്താൻ ബിജെപിയും എസ്‌ഡിപിഐയും നിർബന്ധിതമാകുന്ന സാഹചര്യമിതാണ്‌.

വിലപ്പെട്ട രണ്ട്‌ മനുഷ്യജീവൻ കവർന്നെടുത്ത സന്ദർഭത്തിലും അതിനുത്തരവാദികളായവരുടെ സംഘടിത ക്രിമിനലിസത്തെ തുറന്നുകാട്ടാനോ അത്തരം ശക്തികളെ ഒറ്റപ്പെടുത്താനോ പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും താൽപ്പര്യമില്ല. പരസ്‌പരം വളർത്തുന്ന വർഗീയതയുടെ ആപത്തിനെക്കുറിച്ച്‌ ഒരുവാക്ക്‌ ഉച്ചരിക്കാതെ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനാണ്‌ ചില മാധ്യമങ്ങൾക്ക്‌ തിടുക്കം. സർക്കാരും എൽഡിഎഫും അക്രമികളിൽ ഒരുപക്ഷത്തെ സഹായിക്കുകയാണെന്ന്‌ മറുപക്ഷം ആരോപിക്കുന്നു. തീവ്രവാദശക്തികൾ ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ഒരേപോലെ എതിർക്കുന്നത്‌ സിപിഐ എമ്മും ഇടതുപക്ഷവുമാണെന്ന്‌ ചരിത്രം പരിശോധിച്ചാലറിയാം. അതിന്റെ പേരിൽ ഏറ്റവുമധികം ജീവൻ ബലിയർപ്പിക്കേണ്ടി വന്നതും സിപിഐ എമ്മിന്‌.
കേരളത്തിൽ ന്യൂനപക്ഷങ്ങളുടെമേൽ സംഘപരിവാർ നടത്തുന്ന കടന്നാക്രമണങ്ങളെ ചെറുക്കാൻ എന്നും മുന്നിൽ നിന്നത്‌ സിപിഐ എമ്മാണ്‌.

മുസ്ലിങ്ങൾക്കെതിരെ സംഘപരിവാർ ആസൂത്രണംചെയ്‌ത കലാപം ഒതുക്കാൻ നടത്തിയ ത്യാഗപൂർണമായ പ്രവർത്തനങ്ങൾക്കിടയിലാണ്‌ സിപിഐ എം നേതാവ്‌ യു കെ കുഞ്ഞിരാമൻ രക്തസാക്ഷിയായത്‌. തലശേരി കലാപത്തിൽ പൊലിഞ്ഞ ഏക ജീവൻ. ഇത്‌ മുസ്ലിം ജനസാമാന്യം തിരിച്ചറിഞ്ഞു. എന്നാൽ, ഹിന്ദുത്വഭീകരതയെ ആയുധമെടുത്ത്‌ നേരിടാനാകുമെന്ന്‌ വിശ്വസിക്കുന്ന ചെറുവിഭാഗമുണ്ട്‌. ഇവരാണ്‌ എൻഡിഎഫും പിന്നീട്‌ എസ്‌ഡിപിഐയുമൊക്കെ ആയി മാറിയത്‌. മുസ്ലിംലീഗ്‌ ഉൾപ്പെടുന്ന യുഡിഎഫ്‌ പലഘട്ടങ്ങളിലായി ഇത്തരം മതതീവ്രവാദ ശക്തികൾക്ക്‌ രാഷ്‌ട്രീയമാന്യത നൽകുന്ന സഖ്യങ്ങളിലേർപ്പെട്ടു. മറുഭാഗത്ത്‌ ആർഎസ്‌എസുമായി വോട്ടുകച്ചവടം നടത്താനും യുഡിഎഫിന്‌ മടിയുണ്ടായില്ല. മരണവ്യാപാരികൾതന്നെ കൊലക്കേസുകളിൽ പരസ്‌പരം രക്ഷകരാകുന്നതും കണ്ടു. ഇരിട്ടിയിൽ അശ്വനികുമാറിനെ കൊലചെയ്‌ത എൻഡിഎഫുകാരോട്‌ പണം വാങ്ങി കേസ്‌ ഒതുക്കിയത്‌ ആർഎസ്‌എസാണ്‌. തലശേരി ഫസൽകേസിൽ ആർഎസ്‌എസിന്‌ തുണയായത്‌ എൻഡിഎഫും.

മതമൗലികവാദശക്തികളെ രാഷ്‌ട്രീയത്തിൽനിന്ന്‌ മാറ്റിനിർത്തുന്നതിനുപകരം പൊതുഇടങ്ങളിൽ സ്ഥാനം നൽകി പ്രോൽസാഹിപ്പിച്ചതിന്റെ ഉത്തരവാദിത്വം യുഡിഎഫിനൊപ്പം മാധ്യമങ്ങൾക്കുമുണ്ട്‌. മതരാഷ്‌ട്രീയത്തിന്റെ അപകടകരമായ തീക്കളിയെ കേവലമൊരു രാഷ്‌ട്രീയസംഘർഷമായി ചുരുക്കിക്കാണാനും ക്രമസമാധാനത്തകർച്ചയെന്ന പേരിൽ സർക്കാരിനെ ആക്ഷേപിക്കാനുമാണ്‌ മാധ്യമങ്ങൾ മുതിരുന്നത്‌. ഈ ഡിസംബർ രണ്ടിന്‌ തിരുവല്ലയിൽ സിപിഐ എം ലോക്കൽസെക്രട്ടറി സന്ദീപിനെ ആർഎസ്‌എസുകാർ കൊലപ്പെടുത്തിയപ്പോൾ വ്യക്തിവൈരാഗ്യത്തിന്റെ കഥകൾ മെനഞ്ഞവരാണിവർ. പ്രതികളിൽ ഡിവൈഎഫ്‌ഐക്കാരനുമുണ്ടെന്ന കള്ളം പടച്ചത്‌ ജമാഅത്തെ ഇസ്ലാമി പത്രമാണ്‌. ആർഎസ്‌എസിനും എസ്‌ഡിപിഐക്കും ലഭിക്കുന്ന മാധ്യമലാളന, അവരുടെ മതരാഷ്‌ട്രീയ ഭീകരതപോലെ അപകടകരമാണ്‌. ഇരുകൊലപാതകത്തിലും പങ്കാളികളായവരെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസ്‌ നടത്തുന്ന ശ്രമം ത്വരിതപ്പെടുത്തണം. സമാധാനം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ അധികൃതർക്കൊപ്പം സമൂഹമാകെ ജാഗ്രത പുലർത്തുകയും വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top