25 April Thursday

സമാധാനത്തിന്‌ തീ കൊളുത്തരുത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Apr 4, 2023


അത്യസാധാരണമായ കുറ്റകൃത്യവും ദുരന്തവുമാണ്‌ കോഴിക്കോട്ട്‌ ഞായർ രാത്രി എക്‌സിക്യൂട്ടീവ്‌ എക്‌സ്‌പ്രസ്‌ ട്രെയിനിലുണ്ടായത്‌. ഒരു പിഞ്ചുകുഞ്ഞടക്കം മൂന്നു പേരുടെ  ജീവൻ നഷ്‌ടപ്പെട്ടു. ആക്രമണത്തിൽ പൊള്ളലേറ്റവരിൽ മൂന്നുപേർ ഗുരുതരാവസ്ഥയിലാണ്‌. ട്രെയിൻ പെട്ടെന്നു നിർത്തി തീ പടരുന്നത്‌ തടയാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ അത്യാഹിതത്തിന്റെ വ്യാപ്‌തി ഇതിലും വലുതാകുമായിരുന്നു. പരമാവധി പേരെ അപായപ്പെടുത്തുകയെന്ന ക്രൂരമനോഭാവത്തോടെയാകാം അക്രമി അതിസുരക്ഷാ മേഖലയായ ട്രെയിൻ ആക്രമണത്തിനായി തെരഞ്ഞെടുത്തത്‌. ദൃക്‌സാക്ഷികളുടെ വിവരണമനുസരിച്ച്‌ എതെങ്കിലും വ്യക്തികളെ ഇയാൾ ലക്ഷ്യമാക്കിയിരുന്നതായി കരുതാനാകില്ല. പ്രതിയെക്കുറിച്ച്‌ നിർണായക വിവരങ്ങൾ പൊലീസ്‌ ഇതിനകം ശേഖരിച്ചുകഴിഞ്ഞു. സംഭവസ്ഥലത്തുനിന്ന്‌ കണ്ടെത്തിയ സാധനങ്ങളും സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോണും രേഖാചിത്രവുമെല്ലാം വ്യക്തമായ സൂചനകൾ നൽകുന്നുണ്ട്‌.

പൊതുഇടത്തിൽ കൂട്ടക്കൊല എന്നതിലേക്ക്‌  പ്രതിയെ നയിച്ചതെന്ത്‌ എന്നതാണ്‌ പ്രാധാന്യമർഹിക്കുന്ന ഘടകം. നിഷ്‌ഠുരമായ  കുറ്റവാസന വ്യക്തിവൈകല്യം മാത്രമായിരുന്നോ? അതോ കൂട്ടായ തീരുമാനമോ പ്രേരണയോ അതിനു പിന്നിലുണ്ടോ? അത്‌ അന്വേഷണത്തിൽ കണ്ടെത്തേണ്ടതുണ്ട്‌. പ്രതിയെന്ന്‌ സംശയിക്കുന്ന ആൾ ഇരുചക്ര വാഹനത്തിൽ കയറിപ്പോകുന്ന ദൃശ്യം അത്തരമൊരു സാധ്യതയിലേക്ക്‌ വിരൽ ചൂണ്ടിയിരുന്നു. എന്നാൽ, ഈ ദൃശ്യം മറ്റൊരാളുടേതാണെന്ന വിവരമാണ്‌ ഒടുവിൽ പുറത്തുവന്നിട്ടുള്ളത്‌. കാലിൽ പൊള്ളലേറ്റ ഒരാൾ രാത്രി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന വിവരവും അന്വേഷണ വിധേയമാക്കുന്നുണ്ട്‌.

തങ്ങളിലേക്ക്‌ ശ്രദ്ധ ആകർഷിക്കാനും ആവശ്യങ്ങൾ ചർച്ചയാക്കാനും പ്രതികാരം ചെയ്യാനുമൊക്കെ മനുഷ്യജീവൻ ബലിനൽകുന്ന ഭീകരപ്രവർത്തനം മനുഷ്യസംസ്‌കൃതിക്കുതന്നെ  ഭീഷണിയാണ്‌. ജനാധിപത്യവ്യവസ്ഥിതിയിൽ എല്ലാ ശബ്ദങ്ങൾക്കും പരിഗണനയും എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരവും തേടാമെന്നിരിക്കെ കടന്നാക്രമിച്ചും കൊലപ്പെടുത്തിയും എന്തെങ്കിലും നേടിയെടുക്കാമെന്ന ചിന്ത മൗഢ്യമാണ്‌. ശരീരത്തിൽ പടർന്ന തീയുമായി പരക്കംപാഞ്ഞ മനുഷ്യർക്കിടയിൽനിന്ന്‌ രക്ഷപ്പെട്ട പ്രതിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ രാത്രിതന്നെ പൊലീസ്‌ ആരംഭിച്ചിരുന്നു. ട്രാക്കിൽനിന്ന്‌ ലഭിച്ച ബാഗ്‌ അക്രമിയുടേതാണെങ്കിൽ അത്‌ പ്രധാന തുമ്പായി മാറും. ഇതിലെ ഡയറിക്കുറിപ്പുകൾ ഹിന്ദിയിലുള്ളതായതിനാൽ പ്രതി ഉത്തരേന്ത്യക്കാരനാണെന്ന സംശയവുമുണ്ട്‌. ഡൽഹിക്കടുത്ത നോയിഡ സ്വദേശിയാണെന്നും സൂചനയുണ്ട്‌. ഇതോടൊപ്പം പാഡിൽ ഇംഗ്ലീഷിൽ എഴുതിയ സ്ഥലപ്പേരുകൾ റെയിൽവേ സ്‌റ്റേഷനുകൾ ഉദ്ദേശിച്ചാണെങ്കിൽ ട്രെയിനിലെ ആക്രമണത്തിനുള്ള ആസൂത്രണത്തിന്റെ സൂചനയായി കരുതാം.

അതിദാരുണവും ഭയജനകവുമായ ട്രെയിൻ ആക്രമണത്തിന്‌ കേവലമൊരു കുറ്റകൃത്യത്തിനപ്പുറമുള്ള മാനങ്ങളുണ്ട്‌. മികച്ച സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടും അക്രമികൾ അപകടകരമായ കടന്നുകയറ്റം നടത്തിയ നിരവധി സംഭവങ്ങൾ ചൂണ്ടിക്കാണിക്കാനാകും. ലക്ഷക്കണക്കിനാളുകൾ കടന്നുപോകുന്ന പൊതുഗതാഗത സംവിധാനങ്ങൾ അരക്ഷിതമാകുന്നത്‌ കൂടുതൽ ആശങ്കയുണ്ടാക്കുന്നു. കൂടുതൽ നിയന്ത്രണങ്ങൾ വരുമ്പോൾ അത്‌ യാത്രക്കാർക്കുതന്നെ ബുദ്ധിമുട്ടാകുമെന്നതും വസ്‌തുതയാണ്‌. എന്നാൽ, സുരക്ഷാപരിശോധനകൾക്ക്‌ കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടത്‌ അനിവാര്യമാണ്‌. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്‌. ട്രെയിനിനകത്ത്‌ നടന്ന ആക്രമണമെന്ന നിലയിൽ റെയിൽവേ മന്ത്രാലയം സംഭവത്തെ ഗൗരവമായി കാണുന്നുണ്ട്‌. തീവ്രവാദി ആക്രമണത്തിന്റെ സാധ്യതകൾ ദേശീയ അന്വേഷണ ഏജൻസിയും പരിശോധിക്കും.

അക്രമിയെ കണ്ടെത്തുന്നതിന്‌ കേരള പൊലീസ്‌ അതിവിപുലമായ അന്വേഷണ സംവിധാനമാണ്‌ ഒരുക്കിയിട്ടുള്ളത്‌. മുഖ്യമന്ത്രിയും പൊലീസ്‌ മേധാവിയും വ്യക്തമാക്കിയതുപോലെ  പ്രത്യേക അന്വേഷകസംഘം പ്രവർത്തനമാരംഭിച്ചു. ഇതിനു പുറമെ എല്ലാ ജില്ലകളിലും മുഴുവൻ പൊലീസ്‌ ഓഫീസർമാർക്കും പ്രത്യേക ചുമതല നൽകിയിട്ടുണ്ട്‌. ദൃക്‌സാക്ഷികളിൽനിന്ന്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാചിത്രം ചുരുങ്ങിയ സമയത്തിനുള്ളിൽ പുറത്തിറക്കി. എല്ലാ അതിർത്തികളിലും കർശനമായ പരിശോധനകൾ നടക്കുന്നുണ്ട്‌. വൈകാതെ പ്രതി പിടിയിലാകുമെന്ന സൂചനയാണ്‌ ലഭിക്കുന്നത്‌. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും ആശ്വാസമെത്തിക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്‌. സമാധാന പൂർണമായ ജീവിതത്തിന്‌ ഭീഷണിയായ ശക്തികളെ തിരിച്ചറിയാനും  ചെറുക്കാനും ഔദ്യോഗിക സംവിധാനങ്ങൾക്കൊപ്പം ബഹുജനങ്ങളും മാധ്യമങ്ങളും അണിനിരക്കുന്നതും കോഴിക്കോട്‌ സംഭവത്തിന്റെ പ്രത്യേകതയായി എടുത്തുകാട്ടാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top