06 June Tuesday

ഭീകരവാദത്തിനെതിരെ ഒന്നിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണത്തിന്‌ പദ്ധതിയിട്ട ഒമ്പത്‌ അൽ ഖായ്‌ദ ഭീകരവാദികളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്‌റ്റ്‌ ചെയ്‌തുവെന്ന വാർത്ത ഏറെ ആശ്വാസം പകരുന്നതാണ്‌. എറണാകുളത്തെ പെരുമ്പാവൂരിൽനിന്ന്‌ രണ്ടുപേരെയും ഏലൂർ പാതാളത്തുനിന്ന്‌ ഒരാളെയുമാണ്‌ അറസ്‌്റ്റ്‌ െചയ്‌തത്‌. പശ്‌ചിമ ബംഗാളിലെ മുർഷിദാബാദ്‌ ജില്ലയിൽനിന്ന്‌ ആറുപേരെയുമാണ്‌ അറസ്‌റ്റ്‌ ചെയ്‌തിട്ടുള്ളത്‌. ഇവരിൽനിന്ന്‌ ഡിജിറ്റൽ ഉപകരണങ്ങളും ജിഹാദി രചനകളും നാടൻ തോക്ക്‌ ഉൾപ്പെടെയുള്ള ആയുധങ്ങളും സ്‌ഫോടകവസ്‌തുക്കളും പിടിച്ചെടുത്തുവെന്നും എൻഐഎ അറിയിക്കുകയുണ്ടായി.

ഡൽഹിയടക്കം തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭീകരാക്രമണം നടത്തുകയായിരുന്നുവത്രെ അൽ ഖായ്‌ദ സംഘത്തിന്റെ പദ്ധതി. കൊച്ചി വിമാനത്താവളം, കപ്പൽശാല എന്നിവയും ഈ സംഘം ലക്ഷ്യമിട്ടിരുന്നതായി കേന്ദ്ര ആഭ്യന്തരവകുപ്പ്‌തന്നെ സൂചനയും നൽകിയിട്ടുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ സെപ്‌തംബർ 11ന്‌ ഡൽഹിയിൽ രജിസ്‌റ്റർ ചെയ്‌ത കേസിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതും പ്രതികളെ പിടികൂടിയതും. എൻഐഎയുടെ നേതൃത്വത്തിൽ സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും തീവ്രവാദവിരുദ്ധ സ്‌ക്വാഡും നടത്തിയ ഓപ്പറേഷനിലാണ്‌ കേരളത്തിൽ നിന്നുള്ള മൂന്ന്‌ പ്രതികളെയും പിടികൂടാൻ കഴിഞ്ഞത്‌. സംസ്ഥാന പൊലീസിന്റെ നിരീക്ഷണത്തിലായിരുന്ന അൽ ഖായ്‌ദ സ്ലീപ്പർ സെല്ലിൽപ്പെട്ട അംഗങ്ങളെയാണ്‌ പിടികൂടിയത്‌. ഇത്‌ വിരൽചൂണ്ടുന്നത്‌ ഭീകരവാദികൾക്കെതിരെ സംസ്ഥാന പൊലീസ്‌ കാണിക്കുന്ന അതീവ ജാഗ്രതയാണ്‌.

അഫ്‌ഗാനിസ്ഥാനിലെ സോവിയറ്റ്‌ യൂണിയൻ അനുകൂല നജീബുള്ള സർക്കാരിനെ അട്ടിമറിക്കുന്നതിന്‌ അമേരിക്കൻ സിഐഎയുടെയും പാകിസ്ഥാനിലെ ഐഎസ്‌ഐയുടെയും സൗദി അറേബ്യയുടെയും സഹായത്തോടെ 1988ൽ ഒസാമ ബിൻ ലാദനും കൂട്ടരും സ്ഥാപിച്ച ഭീകരവാദപ്രസ്ഥാനമാണ്‌ അൽ ഖായ്‌ദ. അമേരിക്കയിലെ ലോകവ്യാപാരകേന്ദ്രത്തിനു നേരെ നടന്ന ആക്രമണത്തിനുശേഷം അമേരിക്ക ആരംഭിച്ച വേട്ടയാടലിനെത്തുടർന്ന്‌ ലാദൻ കൊല്ലപ്പെടുകയും സംഘടന ക്ഷയിക്കുകയും ചെയ്‌തെങ്കിലും ഇപ്പോഴും പാകിസ്ഥാൻ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും അൽഖായ്‌ദ പ്രവർത്തിക്കുന്നുണ്ട്‌.

പാകിസ്ഥാനിലെ അൽ ഖായ്‌ദ വിഭാഗവുമായി ബന്ധപ്പെട്ടാണ്‌ അറസ്‌റ്റിലായ ഭീകരവാദികൾ പ്രവർത്തിച്ചിരുന്നതെന്നാണ്‌ ഇപ്പോൾ ലഭിക്കുന്ന സൂചന. ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ്‌ ഈ ഭീകരസംഘം പാകിസ്ഥാനിലെ മേധാവികളുമായി ആശയവിനിമയവും ആസൂത്രണവും നടത്തുന്നത്‌ എന്നതും ആശങ്കയുളവാക്കുന്ന കാര്യമാണ്‌. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളിൽ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ബന്ധപ്പെട്ട ഏജൻസികളും ഏകോപനത്തോടെ പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യമാണ്‌ ഇവ സൂചിപ്പിക്കുന്നത്‌.

അഞ്ച്‌  ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഐഎസുമായി ബന്ധപ്പെട്ട്‌ 17 കേസിലായി 122 പേരെ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ടെന്ന്‌‌ ആഭ്യന്തരസഹമന്ത്രി പാർലമെന്റിൽ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ കാബൂളിലും അഫ്‌ഗാൻ ജയിലിലും നടന്ന ഭീകരാക്രമണങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌ മലയാളികളാണെന്ന വാർത്തയും പുറത്തുവന്നിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത്‌ ഭീകരവാദത്തിനെതിരെ നിതാന്ത ജാഗ്രത പുലർത്തേണ്ടതുണ്ടെന്നാണ്‌.

സംസ്ഥാന പൊലീസിനെ കുറ്റപ്പെടുത്താനും സംസ്ഥാനത്തെ ഭീകരവാദികളുടെ താവളമായി ചിത്രീകരിക്കാനും പ്രതിപക്ഷ പാർടികളും ചില മാധ്യമങ്ങളും നടത്തുന്ന ശ്രമം കണ്ണടച്ച്‌ ഇരുട്ടാക്കലാണ്‌

രാജ്യത്ത്‌ ഭീകരവാദ പ്രവർത്തനം വർധിക്കുന്നുവെന്നും അത്‌ തടയാൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള അന്വേഷണസംഘം ആവശ്യമാണെന്നും പറഞ്ഞാണ്‌ 2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം ഒന്നാം യുപിഎ സർക്കാർ എൻഐഎയ്‌ക്ക്‌ രൂപം നൽകുന്നത്‌. പാർലമെന്റ്‌ നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപംകൊണ്ട ഏജൻസിയാണിത്‌. ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകൾ സംസ്ഥാന സർക്കാരിന്റെ അനുമതിപോലും ഇല്ലാതെ ഏറ്റെടുക്കാൻ ഈ ഏജൻസിക്ക്‌ അധികാരമുണ്ട്‌. ഇതിനർഥം ഭീകരവാദപ്രവർത്തനങ്ങളെ നിരീക്ഷിക്കാനും കണ്ടെത്താനും തടയാനുമുള്ള ഭാരിച്ച ഉത്തരവാദിത്തം ഈ ഏജൻസിക്ക്‌ ഉണ്ടെന്നാണ്‌. അന്താരാഷ്ട്ര ബന്ധമുള്ള ഭീകരവാദസംഘടനകളാണ്‌ ആക്രമണങ്ങൾക്ക്‌ പിന്നിലെന്നതിനാൽ സംസ്ഥാന പൊലീസ്‌മാത്രം വിചാരിച്ചാൽ ഇത്തരം കേസുകളിലെ അന്വേഷണം ഫലപ്രദമാകില്ലെന്ന നിഗമനവും എൻഐഎ രൂപീകരണത്തിന്‌ കാരണമായിട്ടുണ്ട്‌. വസ്‌തുത ഇതായിരിക്കെ സംസ്ഥാന പൊലീസിനെ കുറ്റപ്പെടുത്താനും സംസ്ഥാനത്തെ ഭീകരവാദികളുടെ താവളമായി ചിത്രീകരിക്കാനും പ്രതിപക്ഷ പാർടികളും ചില മാധ്യമങ്ങളും നടത്തുന്ന ശ്രമം കണ്ണടച്ച്‌ ഇരുട്ടാക്കലാണ്‌.

ഭീകരവാദ പ്രവർത്തനങ്ങൾക്ക്‌ എതിരാണ്‌ കേരളത്തിന്റെ മനസ്സ്‌. മതനിരപേക്ഷതയാണ്‌ അതിന്റെ അടിത്തറ. അത്‌ തകർത്താൽ മാത്രമേ ഭീകരവാദത്തിന്‌ വളക്കൂറുള്ള മണ്ണ്‌ ഒരുക്കാൻ കഴിയൂ. അത്തരം ശക്തികളാണ്‌ അൽ ഖായ്‌ദ ഭീകരവാദികളെ കേരളത്തിൽ അറസ്‌റ്റ്‌ ചെയ്‌തുവെന്നതിന്റെ പേരിൽ കേരളം ഭീകരവാദികളുടെ ഒളിത്താവളവും മറ്റുമാണെന്ന പരാമർശവുമായി രംഗത്ത്‌ വന്നിട്ടുള്ളത്‌. ഇത്‌ മലയാളികളെയാകെ  അപമാനിക്കലാണ്‌. ഭീകരവാദത്തിന്‌ മതവും ജാതിയുമില്ലെന്നതാണ്‌ സത്യം. മുംബൈയും വാരാണസിയും അജ്‌മീറും മലേഗാവും അതാണ്‌ വിളിച്ചുപറയുന്നത്‌. രാജ്യത്തിന്റെ സമാധാനജീവിതവും സാമ്പത്തികവളർച്ചയും തടയുന്ന ഭീകരവാദ പ്രവർത്തനത്തിനെതിരെ ഒന്നിച്ച്‌ അണിനിരക്കേണ്ട ഘട്ടത്തിൽ അതിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്ന ഇത്തരം ശക്തികളെ തിരിച്ചറിയാതെ പോകരുത്‌. 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top