21 May Tuesday

തീക്കൊള്ളികൊണ്ട്‌ തലചൊറിയുന്നവർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസും ആയിരക്കണക്കിന്‌ ദരിദ്രരുടെ അഭയസ്ഥാനവും ആശാകേന്ദ്രവുമായ തിരുവനന്തപുരത്തെ എകെജി സെന്ററിനു നേരെ കോൺഗ്രസുകാർ നടത്തിയ ബോംബേറ്‌ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത, മാപ്പർഹിക്കാത്ത ഹീനമായ കുറ്റകൃത്യമാണ്‌.   ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ യുഡിഎഫും ബിജെപിയും എസ്‌ഡിപിഐപോലുള്ള  ന്യൂനപക്ഷ തീവ്രവാദസംഘടനകളും മറ്റ്‌ വർഗീയശക്തികളും വിപ്ലവ വായാടികളും മാധ്യമവൈകൃതങ്ങളും ഒരേ കുടക്കീഴിലാണല്ലോ.  അതിനാൽ അവിശുദ്ധ സഖ്യത്തിനെതിരെ നിരന്തര ജാഗ്രതയുമാവശ്യമാണ്‌.  എ കെ ജി സെന്റർ ആക്രമിച്ച്‌  പ്രകോപനമുണ്ടാക്കാനുള്ള യുഡിഎഫ് തന്ത്രങ്ങളിൽ സിപിഐ എമ്മിനെ  നെഞ്ചോടുചേർത്തവർ വീണുപോകരുത്‌. പാർടിയെ ജീവനിലേറെ സ്നേഹിക്കുന്ന ജനകോടികളെ  പ്രകോപിപ്പിച്ച്‌ ഇളക്കിവിടാനുള്ള  തന്ത്രമാണതെന്ന്‌ മനസ്സിലാക്കണം.

എ കെ ജി സെന്ററിനു നേരെ ‘സമാധാനപരമായ’ കോൺഗ്രസ്‌ സ്‌പോൺസേഡ്‌ അതിക്രമം മൂന്നാംവട്ടമാണ്‌ ഉണ്ടാകുന്നത്‌. 1983 ഒക്‌ടോബർ 31ന്‌ സംസ്ഥാന സെക്രട്ടറിയറ്റ്‌ നടക്കവെയായിരുന്നു ആദ്യ ആക്രമണം. എംഎൽഎ ക്വാർട്ടേഴ്‌സിൽനിന്ന്‌ സംസ്‌കാരശൂന്യമായ പ്രകടനമായെത്തി ബോംബെറിഞ്ഞ കോൺഗ്രസുകാരെ രമേശ്‌ ചെന്നിത്തലയുടെയും ബെന്നി ബെഹനാന്റെയും മുറികളിൽനിന്നാണ് അറസ്റ്റ്‌ ചെയ്തത്. 1991 ഡിസംബർ ഏഴിന്‌ എ കെ ജി സെന്ററിനു മുന്നിൽ കോൺഗ്രസ്‌ നേതൃത്വം പ്രത്യേകം നിയോഗിച്ച  പൊലീസുകാരാണ്‌ യുദ്ധസമാനമായ അന്തരീക്ഷം തീർത്തത്‌. വയോധികരായ പ്രധാന നേതാക്കൾ അകത്തുള്ളപ്പോൾ ഉന്നത പൊലീസ്‌ മേധാവികളുടെ നേതൃത്വത്തിൽ തലങ്ങും വിലങ്ങും വെടിയുതിർക്കുകയായിരുന്നു. ചുവരുകളിലും വാതിലുകളിലും ജനലുകളിലും വെടിയുണ്ടകൾ തുളഞ്ഞുകയറി. ആ കാടത്തത്തെ തള്ളിപ്പറയാൻ കോൺഗ്രസ്‌ നേതൃത്വം തയ്യാറായില്ല. സിപിഐ എം നേതാക്കളെ നേരിടുക, പ്രവർത്തകരുടെ ചോര തിളപ്പിക്കുക, അതിലൂടെ സംഘർഷങ്ങൾക്ക്‌ പശ്‌ചാത്തലമൊരുക്കുക തുടങ്ങിയ വഴികളിലൂടെ കേരളം കലാപ ഭൂമിയാക്കുകയാണ്‌ ലക്ഷ്യം. ബിജെപിയുടെ ബി ടീമായ കാവി കോൺഗ്രസുകാർ എ കെ ജി സെന്ററിലേക്ക്‌ നടത്തിയ  ബോംബേറ് സജീവ പാർടിപ്രവർത്തകരും അനുഭാവികളുമായ ലക്ഷങ്ങളുടെ മനസ്സിലും മുറിവേൽപ്പിച്ചു. അതുതന്നെയാണ് അവരുടെ  തന്ത്രവും.

ഏതുവിധേനയും സമാധാനാന്തരീക്ഷം തകർത്ത് എൽഡിഎഫ്‌ സർക്കാരിനെ നിർവീര്യമാക്കുകയാണ്‌ ലക്ഷ്യം. സങ്കുചിത താൽപ്പര്യത്തോടെയുള്ള കൈവിട്ട കളിയാണത്‌. സിപിഐ എം പ്രവർത്തകരുടെ  അഭിമാനത്തിനും വർഗബോധത്തിനും നേരെയാണ് കോൺഗ്രസിന്റെ ജീർണ രാഷ്ട്രീയം  ഓരിയിടുന്നതും ആക്രമണം ഇളക്കിവിടുന്നതും. ധീരജിനെപ്പോലുള്ള യുവ വിദ്യാർഥി പ്രവർത്തകരെ ഉന്മൂലനം ചെയ്യുക, പാർടി ഓഫീസുകൾ  ആക്രമിക്കുക, ചെങ്കൊടി പരസ്യമായി കത്തിക്കുക, ദേശാഭിമാനി ഓഫീസിന്‌ കല്ലെറിയുക തുടങ്ങിയവയാണ്‌  അധികാരം നഷ്ടമായി വിഭ്രാന്തിയിലായ  യുഡിഎഫിന്റെ സമീപകാല അജൻഡകൾ. അതിന്റെ ഭാഗമാണ്‌ വിമാനത്തിൽ മുഖ്യമന്ത്രിക്കു നേരെയുണ്ടായ  കടന്നാക്രമണവും എ കെ ജി സെന്റർ ബോംബേറും.  പാർടി പ്രവർത്തകരുടെ പതിവിൽക്കവിഞ്ഞ സംയമനത്തെ വെല്ലുവിളിക്കുകയാണ് അക്രമികൾ.  ബോംബെറിഞ്ഞവർ  സുധാകര‐ സതീശൻ അച്ചുതണ്ടിന്റെ  സംരക്ഷണയുള്ള ക്രിമിനൽ സംഘമാണ്‌. 

എന്നോ തോറ്റ യുദ്ധത്തിലാണ് തങ്ങൾ ഏർപ്പെട്ടിരിക്കുന്നതെന്ന തിരിച്ചറിവോടെ അക്രമങ്ങൾക്ക്‌ തിരശ്ശീലയിടുകയാണ്‌ മോദിടോണിക്‌മാത്രം കഴിച്ച കോൺഗ്രസിന്റെ  ‘ശേഷി’ക്ക്‌ അഭികാമ്യം. യുഡിഎഫ്, ബിജെപി ‘മഹാസഖ്യം’  കൈക്കൊള്ളുന്ന കുതന്ത്രങ്ങളെ ജനാധിപത്യവാദികൾക്ക്‌ സമാധാനപരമായി ചെറുക്കാനാകണം. മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി അതിന്‌ ഒത്താശ ചെയ്യുക മാത്രമല്ല, ക്രിമിനൽക്കൂട്ടത്തെ പൂമാലയിട്ട് സ്വീകരിക്കുകയും ചെയ്യുന്നവർ എത്ര തരംതാഴുമെന്ന്‌  സംഭവങ്ങൾ വ്യക്തമാക്കുന്നു. വാഹനമോഷണ കേസുകളിലടക്കം കുപ്രസിദ്ധരായ, ധീരജ്‌ വധക്കേസ്‌ പ്രതികളെ ‘എന്റെ കുട്ടികൾ’ എന്ന തലോടലാണ്‌ സെമികേഡർ പ്രസിഡന്റിൽനിന്നുണ്ടായത്‌.  ഇത്തരം  നെറികേടുകളെ ജനങ്ങളെ അണിനിരത്തി നേരിടാനുള്ള ഉന്നത രാഷ്ട്രീയബോധമാണ്‌ കമ്യൂണിസ്‌റ്റുകാർ മുറുകെ പിടിക്കേണ്ടത്‌.  ഒപ്പം തീക്കൊള്ളികൊണ്ട്‌ തലചൊറിയരുതെന്ന ശക്തമായ മുന്നറിയിപ്പും നൽകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top