28 March Thursday

കേന്ദ്രമന്ത്രി അജയ്‌ മിശ്രയെ പുറത്താക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Dec 16, 2021


കാർഷികനിയമങ്ങൾക്കെതിരെ ഒരാണ്ടിലധികം നീണ്ടുനിന്ന കർഷകപ്രക്ഷോഭം ആദ്യന്തം പ്രശ്‌നഭരിതമായിരുന്നു. രാജ്യതലസ്ഥാനത്തിന്റെ അതിർത്തിയിൽ തമ്പടിച്ച പഞ്ചാബിലെയും ഹരിയാനയിലെയും യുപിയിലെയും കർഷകപ്പോരാളികളെ തിരിച്ചോടിക്കാൻ കൈയിലുള്ള ആയുധങ്ങളെല്ലാം പ്രയോഗിച്ചു മോദി സർക്കാരും സംഘപരിവാറും. കോർപറേറ്റ്‌ അനുകൂല മാധ്യമങ്ങളെയും സംഘപരിവാർ ബുദ്ധിജീവികളെയും ഉപയോഗിച്ച്‌ ആശയതലത്തിൽ നടത്തിയ കടന്നാക്രമണങ്ങൾ വിലപ്പോകാതെ വന്നപ്പോൾ നേരിട്ട് ആക്രമിച്ചു. സമരകേന്ദ്രങ്ങളിൽപ്രക്ഷോഭകരെ പൊലീസും ആർഎസ്‌എസ്‌ ഗുണ്ടകളും ആക്രമിച്ചു. അതിക്രമങ്ങളെ ചെറുക്കാൻ സംഘടിത കർഷകപ്രസ്ഥാനങ്ങൾ സജ്ജമാണെന്ന്‌ തിരിച്ചറിഞ്ഞതോടെയാണ്‌ മോദി സർക്കാർ നിരുപാധികം കീഴടങ്ങിയത്‌.

പ്രക്ഷോഭങ്ങൾക്കെതിരെയുള്ള കായികാക്രമങ്ങളുടെ പട്ടികയിൽ ഏറ്റവും ക്രൂരം പടിഞ്ഞാറൻ യുപിയിലെ ലഖിംപുർ ഖേരി കൂട്ടക്കൊലയാണ്‌. ഒക്ടോബർ മൂന്നിന്‌ നാലു കർഷകരെയും മാധ്യമപ്രവർത്തകനെയും കൂട്ടക്കൊല ചെയ്‌തത്‌ ആശിഷ്‌ മിശ്ര എന്ന ബിജെപിക്കാരനായിരുന്നു. മൂന്നുപേർ തുടർസംഘർഷത്തിലും കൊല്ലപ്പെട്ടു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്‌കുമാർ മിശ്രയുടെ മകനാണ്‌ പ്രധാനപ്രതി ആശിഷ്‌ മിശ്ര. കർഷകപ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യമേകി പ്രകടനത്തിൽ പങ്കെടുത്ത്‌ മടങ്ങിയവർക്കുനേരെ ഇയാൾ വാഹനം ഓടിച്ച്‌ കയറ്റുകയായിരുന്നു. നിലത്തുവീണ കർഷകരുടെ ശരീരത്തിലേക്ക്‌ മിശ്രയുടെ അനുചരന്മാർ വാഹനങ്ങൾ കയറ്റി. നിരവധി പേർക്ക്‌ പരിക്കേറ്റു. ഇതിന്റെ പേരിൽ വലിയ കോളിളക്കമുണ്ടായിട്ടും അജയ്‌ മിശ്രയെ മന്ത്രിസഭയിൽ തുടരാൻ അനുവദിച്ചു പ്രധാനമന്ത്രി.

അശ്രദ്ധമായി വാഹനമോടിച്ചതിനെത്തുടർന്നാണ്‌ കർഷകർ മരിച്ചതെന്ന്‌ പ്രചരിപ്പിച്ചും പൊലീസിനെ സ്വാധീനിച്ചും പ്രതികളെ രക്ഷപ്പെടുത്താനുള്ള ആദിത്യനാഥ്‌ സർക്കാരിന്റെ ശ്രമങ്ങൾക്ക്‌ കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്‌. ലഖിംപുർ ഖേരി കൂട്ടക്കൊല ആസൂത്രിത ഗൂഢാലോചനയിലൂടെ നടത്തിയതാണെന്ന്‌ പ്രത്യേകാന്വേഷക സംഘം (എസ്‌എടി) കണ്ടെത്തി. ഈ വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ട്‌ എസ്‌എടി ലഖിംപുർ ചീഫ്‌ മജിസ്‌ട്രേട്ട്‌ കോടതിയിൽ സമർപ്പിച്ചു. കർഷകരെ വകവരുത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തൽ രാജ്യമെങ്ങുമുള്ള പ്രക്ഷോഭകരോട്‌ ബിജെപിക്കുള്ള സമീപനമാണ്‌ വെളിപ്പെടുത്തുന്നത്‌. കർഷകരെ പാഠം പഠിപ്പിക്കുമെന്ന ഖേരിയിൽനിന്നുള്ള ലോക്‌സഭാംഗംകൂടിയായ കേന്ദ്രമന്ത്രി അജയ്‌ കുമാർ മിശ്ര മുന്നറിയിപ്പ്‌ നൽകിയതിന്റെ തുടർച്ചയായാണ്‌ മകൻ ആശിഷിന്റെ നേതൃത്വത്തിലെ കൂട്ടക്കൊല. പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ കേന്ദ്രമന്ത്രി അജയ്‌ കുമാർ മിശ്രയ്‌ക്ക്‌ മന്ത്രിസ്ഥാനത്ത്‌ തുടരാനുള്ള ധാർമികാവകാശം നഷ്ടമായി. അന്വേഷണ റിപ്പോർട്ടിനുമേൽ ചീഫ്‌ മജിസ്‌ട്രേട്ട്‌ കോടതി ഉടൻ തീരുമാനമെടുക്കും. സ്വന്തം നാട്ടുകാരെ കൂട്ടക്കൊല നടത്താൻ കൂട്ടുനിന്ന കേന്ദ്രമന്ത്രി രാജിവയ്‌ക്കാൻ തയ്യാറായില്ലെങ്കിൽ പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറാകണം. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത്‌ എസ്‌ഐടി സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നയുടൻ കേന്ദ്രമന്ത്രി ജയിലിലുള്ള മകനെ സന്ദർശിച്ചു എന്നതും ശ്രദ്ധേയമാണ്‌. മടങ്ങുന്നതിനിടെ, മകനെക്കുറിച്ച്‌ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനോട് അജയ് മിശ്ര അപമര്യാദയായി പെരുമാറുകയും ആക്രമിക്കാൻ ശ്രമിക്കുകയുമുണ്ടായി.

എസ്‌ഐടി രൂപീകരിക്കുന്നത്‌ സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടർന്നാണെന്നത്‌ മറന്നുകൂടാ. കേസ്‌ അട്ടിമറിച്ച്‌ ആശിഷ്‌ മിശ്രയെയും മറ്റു പ്രതികളെയും രക്ഷിച്ചെടുക്കാനുള്ള യുപി സർക്കാരിന്റെ നീക്കത്തിനെതിരെ പരാതി ഉയർന്നപ്പോഴാണ്‌ ഈ ഇടപെടൽ. യുപി സർക്കാരിന്റെ പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തിൽ പ്രതീക്ഷയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന്‌ യുപി സർക്കാർ രൂപീകരിച്ച എസ്ഐടിയിൽ യുപിക്കാരല്ലാത്ത മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സുപ്രീംകോടതി നേരിട്ട് ഉൾപ്പെടുത്തി. പഞ്ചാബ്–- ഹരിയാന ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജഡ്‌ജി രാകേഷ് കുമാർ ജയിനിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിലാണ്‌ ശ്രദ്ധേയമായ കണ്ടെത്തലുകൾ ഉള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top