24 April Wednesday

വിറ്റഴിച്ചത്‌ ഇന്ത്യൻ ദേശീയതയുടെ പ്രതീകം

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

രാഷ്ട്രത്തിന്റെ സകല സമ്പത്തും സ്വകാര്യവൽക്കരിക്കുക എന്ന സമീപനം വച്ചുപുലർത്തുന്ന നരേന്ദ്ര മോദി സർക്കാർ ലോകത്തിനുമുന്നിൽ ഇന്ത്യൻ ദേശീയതയുടെ പ്രതീകങ്ങളിലൊന്നായിരുന്ന എയർ ഇന്ത്യയെയും വിറ്റു. ദേശീയതയുടെ പേരിൽ ഊറ്റം കൊള്ളുന്ന ബിജെപി സർക്കാർ സ്വന്തമായി എയർലൈൻസ്‌ ഇല്ലാത്ത രാജ്യമായി ഇന്ത്യയെ മാറ്റിയിരിക്കുകയാണ്‌. അയൽരാജ്യങ്ങളായ ശ്രീലങ്കയ്‌ക്കും നേപ്പാളിനും പട്ടിണി രാജ്യമായി മുദ്രകുത്തിയ സോമാലിയക്കുപോലും സ്വന്തമായി എയർലൈൻസ്‌ ഉണ്ട്‌.  ലോകത്തെ അഞ്ചാമത്തെ സാമ്പത്തികശക്തിയായി വളർന്നുവെന്ന്‌ അഹങ്കരിക്കുന്ന രാജ്യത്തിന്റെ ഭരണാധികാരികളാണ്‌  എയർ ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ എയർലൈൻസിനെ ഇല്ലാതാക്കിയത്‌. സ്ഥാപകരായ  ടാറ്റയ്‌ക്ക്‌ എയർ ഇന്ത്യ സ്വന്തമാകുമ്പോൾ പൊതുപണം ഉപയോഗിച്ച്‌ ഇതുവരെ ലാഭകരമായി നടത്തിയിരുന്ന വലുതും ചെറുതുമായ വിമാനത്താവളങ്ങൾ അദാനിക്കും കൈമാറി. ഇതോടെ ഇന്ത്യക്കാരന്റെ ആകാശയാത്ര പൂർണമായും സ്വകാര്യകുത്തകകളുടെ നിയന്ത്രണത്തിലായി.

1932ലാണ്‌ ഇന്ത്യൻ വ്യോമയാന ചരിത്രത്തിന്‌ ടാറ്റ ഗ്രൂപ്പ്‌ തുടക്കമിട്ടത്‌.  സ്വാതന്ത്ര്യലബ്‌ധിക്കുശേഷം 1948ൽ ടാറ്റ എയർലൈൻസിൽ 49 ശതമാനം ഓഹരി സർക്കാർ ഏറ്റെടുത്തുകൊണ്ട്‌ എയർ ഇന്ത്യ ദേശീയ വിമാന സർവീസായി. 1953ൽ എയർ ഇന്ത്യ ദേശസാൽക്കരിച്ചു. തുടർന്ന്‌, ബോയിങ്‌, എയർ ബസുകളടക്കമുള്ള വിമാനങ്ങൾ സ്വന്തമാക്കിയും  യാത്രക്കാർക്ക്‌  മികച്ച സേവനം നൽകിയും പ്രധാന കമ്പനികളിൽ ഒന്നായി. ഇന്ത്യൻ വ്യോമയാനരംഗം സ്വകാര്യമേഖലയ്‌ക്ക്‌ തുറന്നുകൊടുത്തതാണ്‌ എയർ ഇന്ത്യക്ക്‌ *തിരിച്ചടിയായത്. സ്വകാര്യ കമ്പനികൾ  രംഗത്തുവന്ന്‌ കുറഞ്ഞ നിരക്കിൽ സർവീസ്‌ ആരംഭിച്ചതോടെ എയർ ഇന്ത്യയുടെ വരുമാനം ഇടിഞ്ഞു.  അശാസ്‌ത്രീയമായി വിമാനങ്ങൾ  വാങ്ങിയതും പാട്ടത്തിനെടുത്തതും  സർക്കാരിന്റെയും മാനേജ്‌മെന്റിന്റെയും  കെടുകാര്യസ്ഥതയും ഈ സ്ഥാപനത്തെ വൻ നഷ്ടത്തിലെത്തിച്ചു.  ടാറ്റ ഏറ്റെടുത്തതോടെ എയർ ഇന്ത്യയെ കാര്യക്ഷമമായി നടത്തുമെന്നാണ്‌ സ്വകാര്യവൽക്കരണത്തെ ന്യായീകരിക്കാൻ കേന്ദ്രസർക്കാരും  ഉദാരവൽക്കരണവാദികളും പറയുന്നത്‌. എന്നാൽ, രണ്ടര പതിറ്റാണ്ടിനിടയിൽ പ്രവർത്തനം തുടങ്ങിയ സ്വകാര്യ വിമാന കമ്പനികളെല്ലാം വൻ തുക നഷ്ടം വരുത്തി അടച്ചുപൂട്ടിയ ചരിത്രമാണുള്ളത്‌. ഇവ പൊതുമേഖലാ ബാങ്കുകളിൽ പതിനായിരക്കണക്കിന്‌ കോടി രൂപ വായ്‌പാ കുടിശ്ശിക വരുത്തി. ടാറ്റയ്‌ക്ക്‌ ഓഹരി പങ്കാളിത്തമുള്ള  വിസ്‌താരയും എയർ ഏഷ്യയുംപോലും വൻ നഷ്ടത്തിലാണെന്ന കാര്യവും മറച്ചുവയ്‌ക്കുന്നു.

പല നിർണായകഘട്ടത്തിലും വിദേശത്തുനിന്ന്‌ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ച്‌ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യ വഹിച്ച പങ്ക്‌ സുപ്രധാനമാണ്‌. 1990ൽ ഇറാഖ്‌–-കുവൈത്ത്‌ സംഘർഷത്തിനിടയിലും കോവിഡ്‌ വ്യാപകമായപ്പോൾ ഗൾഫ്‌ മേഖലയിൽനിന്നും പതിനായിരക്കണക്കിന്‌ ആളുകളെ ഇവിടെ എത്തിച്ചു.  മലയാളികളെ സംബന്ധിച്ച്‌  സ്വകാര്യവൽക്കരണം വൻതിരിച്ചടിയാണ്‌. കുറഞ്ഞ നിരക്കിലുള്ള ബജറ്റ്‌ എയർലൈൻസായ എയർ ഇന്ത്യാ എക്‌സ്‌പ്രസ്‌ ഇല്ലാതാകുന്നത്‌ ഗൾഫ്‌ മേഖലയിലേക്കുള്ള യാത്രക്കാർക്ക്‌ കൂടിയ നിരക്കുള്ള സ്വകാര്യ സർവീസുകളെ ആശ്രയിക്കേണ്ടിവരും.  ഇപ്പോൾത്തന്നെ ഉത്സവ, അവധി കാലങ്ങളിൽ മൂന്നും നാലും  ഇരട്ടി ചാർജാണ്‌ സ്വകാര്യ വിമാന കമ്പനികൾ ഈടാക്കുന്നത്‌. സർവീസ്‌ പൂർണമായും ഇവരുടെ നിയന്ത്രണത്തിലാകുന്നതോടെ നിരക്ക്‌ വർധന തോന്നുംപോലെയാകും.

കോൺഗ്രസ്‌ തുടക്കമിട്ട പൊതുമേഖലയുടെ വിൽപ്പന ബിജെപി  ശക്തമായി നടപ്പാക്കുകയാണിപ്പോൾ.  ആകാശവും ഭൂമിയും കടലും മാത്രമല്ല, റെയിൽവേ സ്‌റ്റേഷൻമുതൽ ദേശീയപാതവരെ വിറ്റ്‌ കാശാക്കുന്നു. നഷ്ടത്തിലായ സ്ഥാപനങ്ങൾ വിറ്റഴിക്കുക മാത്രമല്ല, വൻ ലാഭമുണ്ടാക്കുന്ന ബിപിസിഎല്ലിന്റെ വിൽപ്പന അവസാനഘട്ടത്തിലാണ്‌. എൽഐസി, ജനറൽ ഇൻഷുറൻസ്‌ എന്നിവയുടെ വിറ്റഴിക്കലിനും നടപടി തുടങ്ങി. പൊതുമേഖല വിൽപ്പനയ്‌ക്കെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉയർന്നുവന്നില്ലെങ്കിൽ തകരുക രാജ്യത്തിന്റെ അടിത്തറയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top