29 March Friday

എയർ ഇന്ത്യ പറക്കും ടാറ്റയുടെ ആകാശത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022


ആഗോളവൽക്കരണം, ഉദാരവൽക്കരണം, ഘടനാപരമായ പരിഷ്‌കാരം തുടങ്ങിയ മധുരം പുരട്ടിയ വാക്കുകളുടെ മറയ്‌ക്കുള്ളിൽ കോൺഗ്രസ്‌ തുടക്കമിട്ട വിനാശകരമായ വിറ്റുതുലയ്‌ക്കൽ നയം ബിജെപിയും ഇരട്ടി വേഗത്തിൽ പിന്തുടരുകയാണ്‌. ഭൂമി മാത്രമല്ല, ആകാശവും കടലും കോർപറേറ്റുകൾക്ക്‌ അടിയറവയ്‌ക്കുന്നത്‌ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. ‘വിത്തെടുത്ത്‌ കുത്തുന്ന’ തന്ത്രങ്ങൾ റെയിൽവേ, ബാങ്കിങ്‌, ഇൻഷുറൻസ്‌ മേഖലകളിലെല്ലാം പ്രകടമാണ്‌. ദേശീയചിഹ്നങ്ങളും പൊതുസ്വത്തുക്കളും സ്വകാര്യ മൂലധനത്തിനു മുന്നിൽ കാണിക്കവയ്‌ക്കുന്നതിലും മത്സരംതന്നെ. ഒടുവിലിതാ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ടാറ്റ സ്വന്തമാക്കിയിരിക്കുന്നു. 18,000കോടി രൂപയ്ക്കാണ് കൈമാറ്റം. മോദിയും സംഘപരിവാർ നേതൃത്വവും സൺസ് എയർ ഇന്ത്യക്ക്‌ ലേലത്തിൽ പിടിക്കാൻ എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തു. കമ്പനിയിലെ, കേന്ദ്രത്തിന്റെ 100 ശതമാനം ഓഹരികളും ഇനി ടാറ്റയ്‌ക്ക്‌. ഒപ്പം എയർ ഇന്ത്യ എക്‌സ്പ്രസ്, എയർ ഇന്ത്യ സാറ്റ്‌സ് എന്നിവയിലെ എയർ ഇന്ത്യ ഓഹരികളും ലഭിക്കും.

18,000 കോടിയിൽനിന്ന് 2700 കോടി മാത്രമാണ് സർക്കാരിന് കിട്ടുക. ബാക്കി എയർ ഇന്ത്യയുടെ ബാധ്യത വീട്ടാൻ വിനിയോഗിക്കും. കൊട്ടിഘോഷിച്ച ദേശസാൽക്കരണ നയത്തിന്റെ ഭാഗമായി ഏഴു ദശാബ്ദം മുമ്പ്‌ (1953ൽ) ടാറ്റയിൽനിന്ന് ഏറ്റെടുത്ത എയർ ഇന്ത്യയുടെ നഷ്ടം ചൂണ്ടി 100 ശതമാനം ഓഹരികളും വിൽക്കാൻ മോദി സർക്കാർ തീരുമാനിക്കുകയായിരുന്നു. 2009-‐10 മുതൽ 1,10,276 കോടി സർക്കാർ ചെലവഴിച്ച അതിന്റെ ആകെ കടം ആഗസ്‌ത്‌ 31 വരെ 61,562 കോടിയായിരുന്നു. ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതോടെ കേന്ദ്ര സർക്കാർ പ്രതിനിധികൾ എല്ലാ ഉത്തരവാദിത്വവും പെട്ടെന്ന്‌ ഒഴിഞ്ഞു. പകരം ടാറ്റയുടെ അംഗങ്ങൾ സമയം പാഴാക്കാതെ ചുമതലയേൽക്കുകയും ചെയ്‌തു. നൂറ് ശതമാനം ഓഹരികളും പൂർണ നിയന്ത്രണവുമാണ് കേന്ദ്രം കൈമാറിയത്. കച്ചവടത്തിന്‌ മുന്നോടിയായി ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയുമുണ്ടായി.

കേന്ദ്ര സർക്കാരിന്റെ പ്രതീകാത്മക മുഖമായിരുന്ന എയർ ഇന്ത്യ 2021 ഒക്ടോബറിലാണ് ടാറ്റയ്‌ക്ക് വിറ്റത്. കമ്പനി ഇപ്പോൾ പൂർണമായും സ്വകാര്യ ഉടമസ്ഥതയിലേക്ക് എത്തുന്നുവെന്നതാണ് ശ്രദ്ധേയമായ വസ്തുത. ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റുമാണ് എയർ ഇന്ത്യക്കായി അവസാനംവരെ താൽപ്പര്യം കാണിച്ചിരുന്നത്. ലേലത്തിൽ ഉയർന്ന തുക സമർപ്പിച്ചതാകട്ടെ ടാറ്റയും. 100 ശതമാനം ഓഹരിയും ടാറ്റ സൺസിന്‌ കൈമാറാൻ മന്ത്രിസഭാ സാമ്പത്തികകാര്യ സമിതി തീരുമാനിക്കുകയായിരുന്നു. എയർ ഇന്ത്യയുടെ കടങ്ങളും മറ്റു ബാധ്യതകളും ടാറ്റ ഏറ്റെടുക്കുന്നുവെന്ന പേരിൽ നടന്ന കച്ചവടത്തിൽ കമ്പനിയുടെ 15,300 കോടി കിഴിച്ചശേഷം 2700 കോടി മാത്രമാണ്‌ സർക്കാരിന്‌ കിട്ടിയത്‌. 102 കേന്ദ്രത്തിലേക്ക്‌ സർവീസുള്ള എയർ ഇന്ത്യക്ക്‌ 8084 സ്ഥിരം ജീവനക്കാരും 4001 കരാർ ജീവനക്കാരുമുണ്ട്‌. നിലവിൽ അവരെയെല്ലാം ടാറ്റ ഗ്രൂപ്പ് ആദ്യ വർഷം നിലനിർത്തുമെന്നാണ്‌ സർക്കാർ അവകാശവാദം. രണ്ടാം വർഷത്തിൽ, ആരെയൊക്കെ തുടരാൻ അനുവദിക്കണമെന്ന്‌ അവർ നിശ്‌ചയിക്കും. സ്വയം വിരമിക്കാൻ (വിആർഎസ്‌) അവസരവുമുണ്ടാകും. ഇത്തരം കെണികൾ തീർക്കുന്ന കെടുതികൾ കാണാനിരിക്കുന്നതേയുള്ളൂ. പാലിക്കപ്പെടാത്ത വാഗ്‌ദാനങ്ങളുടെ ശ്‌മശാനത്തിൽ ഉരുകിത്തീരുകയാണല്ലോ പല മേഖലകളിലെയും തൊഴിലാളികളും ജീവനക്കാരും. ടാറ്റ ഗ്രൂപ്പ്‌, സിംഗപ്പുർ എയർലൈൻസുമായി ചേർന്ന്‌ ‘വിസ്‌താര’ വ്യോമയാന കമ്പനിയും നടത്തുന്നുണ്ട്‌. രാജ്യത്തെ വ്യോമയാന സെക്ടറിലെ 26.7 ശതമാനം വിപണിയും ഇതോടെ ടാറ്റയ്ക്ക് സ്വന്തമാകും.

ലൈഫ്‌ ഇൻഷുറൻസ്‌ കോർപറേഷന്റെ ഓഹരികൾ മാർച്ച്‌ 31നുമുമ്പ്‌ വിപണിയിൽ ലിസ്‌റ്റുചെയ്യാനുള്ള നിർദേശം വന്നുകഴിഞ്ഞു. പ്രാഥമിക ഓഹരി വിൽപ്പനയ്‌ക്കുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്‌. അതിനുള്ള ‘സെബി’യുടെ അംഗീകാരം ഉടൻ നേടുമെന്നാണ്‌ പൊതുമേഖലാ ആസ്‌തി കൈകാര്യ സെക്രട്ടറി തുഹിൻ കാന്ത്‌ പാണ്ഡേ അറിയിച്ചത്‌. വിവിധ സ്ഥാപനങ്ങളെ അനാകർഷകമാക്കുകയും ഭരണവർഗനയമാണ്‌. ഉപയോക്താക്കളെയും ജീവനക്കാരെയും അകറ്റുകയാണ്‌ അതിലെ പ്രധാന അജൻഡ. മൂന്നു മാസത്തിലധികം ഗർഭിണിയായവർക്ക്‌ ജോലിയോ സ്ഥാനക്കയറ്റമോ നൽകില്ലെന്ന സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ മാർഗനിർദേശം നിസ്സാരവുമല്ല. അത്‌ തൊഴിലാളി ദ്രോഹമെന്നതുപോലെ സ്‌ത്രീവിരുദ്ധവുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top