05 December Tuesday

വിറ്റഴിക്കുന്നത് കുടുംബസ്വത്തോ...

വെബ് ഡെസ്‌ക്‌Updated: Wednesday Jan 29, 2020

വൈകുന്നേരങ്ങളിൽ പാതയോരങ്ങളിൽ കച്ചവടം നടത്തുന്നവർ ‘ആർക്കും വാങ്ങാം, ആർക്കും വാങ്ങാം, ആദായവിൽപ്പന, ആദായവിൽപ്പന’ എന്ന് വിളിച്ചുപറയുന്നത് കേൾക്കാറുണ്ട്. അതുപോലെയാണ് മോഡി ഗവൺമെന്റ്‌ രാജ്യത്തിന്റെ പൊതുസ്വത്ത്, ദേശീയ ആസ്‌തി ചുളുവിലയ്‌ക്ക്‌ വിറ്റഴിക്കാൻ ശ്രമിക്കുന്നത്. എങ്ങനെയും വിറ്റഴിക്കണം. അതുമാത്രം ലക്ഷ്യം. ഏറ്റവുമൊടുവിൽ രാജ്യത്തെ ഏക പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ വിറ്റുതുലയ്‌ക്കാൻ വൻ ‘ഓഫറുകളുമായി’ സർക്കാർ രംഗത്തു വന്നിരിക്കുന്നു. 2018ൽ എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരി വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അന്നത്തെ നിബന്ധനകൾ പലതും ഇപ്പോൾ ഇളവുചെയ്‌തു.

എയർ ഇന്ത്യയുടെ മൊത്തം കടബാധ്യതയായ 62,000 കോടി രൂപയിൽ 40,000 കോടിയോളം സർക്കാർ തന്നെ ഏറ്റെടുക്കുന്നത് പുതിയ ഇളവുകളിൽ പ്രധാനം.  കമ്പനി വാങ്ങാൻ വരുന്ന വ്യക്തികൾക്കോ കൺസോർഷ്യത്തിനോ 3500 കോടിയുടെ ആസ്‌തിയുണ്ടായാൽ മതിയെന്ന് മറ്റൊരു ഇളവ്. 5000 കോടി വേണമെന്നായിരുന്നു നേരത്തെ നിബന്ധന. കൺസോർഷ്യത്തിലെ വ്യക്തിഗത അംഗങ്ങൾക്ക് പത്തു ശതമാനം ഓഹരി മതിയെന്ന്‌ വേറൊരു ഇളവ്. നേരത്തെ 26 ശതമാനം വേണമെന്നായിരുന്നു. കമ്പനി വാങ്ങുന്നവർക്ക് പൂർണ മാനേജ്മെന്റ്‌ നിയന്ത്രണവും ഉറപ്പ്. സാധാരണ കച്ചവടം നടക്കുമ്പോൾ കടബാധ്യതയടക്കം വാങ്ങുന്നവർ ഏറ്റെടുക്കാറുണ്ട്. ഇവിടെ ബാധ്യതയിൽ നല്ലൊരു പങ്കും സർക്കാർതന്നെ ഏറ്റെടുക്കുന്നു. എങ്കിൽപിന്നെ, നഷ്ടം തീർക്കാനെന്നപേരിൽ വിൽക്കുന്നത് എന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ല.

എയർ ഇന്ത്യയുടെയും അനുബന്ധ സ്ഥാപനമായ എയർ എക്‌സ്‌പ്രസിന്റെയും 100 ശതമാനം ഓഹരികളും സിംഗപ്പുർ എയർലൈൻസുമായി സഹകരിച്ചുണ്ടാക്കിയ സംയുക്ത സംരംഭമായ എയ്‌സാറ്റ്‌സിന്റെ  50 ശതമാനം ഓഹരികളും വിറ്റഴിക്കാനാണ് തിങ്കളാഴ്‌ച താൽപ്പര്യപത്രം ക്ഷണിച്ചിട്ടുള്ളത്. ഈ വിൽപ്പനയ്‌ക്ക് സർക്കാർ ഇക്കുറി ആകർഷകമായ കിഴിവുകൾ പ്രഖ്യാപിക്കുകയാണെന്ന് പറയാൻ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിക്ക് ഒരുളുപ്പും കണ്ടില്ല. തറവാട്ടുസ്വത്ത് എടുത്തുവിൽക്കുംപോലെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പൈലറ്റുമാരും കാബിൻ ജീവനക്കാരും സാങ്കേതിക വിദഗ്ധരുമടക്കം 9617 സ്ഥിരം ജീവനക്കാരുള്ള, സ്വന്തമായി 82 വിമാനമുള്ള, പ്രതിവർഷം കോടിക്കണക്കിനു യാത്രക്കാർ കയറിയിറങ്ങുന്ന ഒരു സ്ഥാപനത്തെയാണ് കണ്ണുംപൂട്ടി വിറ്റഴിക്കുന്നത്. ഇന്ത്യൻ കമ്പനികൾ നടത്തുന്ന അന്താരാഷ്ട്ര സർവീസുകളിൽ 51 ശതമാനവും എയർ ഇന്ത്യയുടേതാണ്. രാജ്യത്ത് 56 സ്ഥലത്തേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ 42 രാജ്യാന്തര സർവീസും നടത്തുന്നുണ്ട്. എയർ ഇന്ത്യയുടെ വിമാനങ്ങളിൽ നല്ലൊരു പങ്കും പുതിയതുമാണ്. നടക്കുന്നത് ഏറ്റവും വലിയ സ്വകാര്യവൽക്കരണം.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയും സ്വകാര്യവൽക്കരണവും 1991 മുതൽ രാജ്യത്ത് നടപ്പാക്കുന്ന നവലിബറൽ സാമ്പത്തിക നയത്തിന്റെ ഭാഗമാണ്. ഈ നയത്തിന്റെ ഭാഗമായി കോർപറേറ്റുകൾക്കും സമ്പന്നർക്കും നികുതിയിളവുകളും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതുമൂലം സർക്കാരിന് വലിയ വരുമാന നഷ്ടമുണ്ടാകുന്നു. വരുമാനം കുറയുമ്പോൾ ധനകമ്മി പെരുകും. അത് നികത്താൻ സർക്കാർ കണ്ടിട്ടുള്ള മാർഗങ്ങളിൽ ഒന്നാണ് പൊതുമേഖലയുടെ വിൽപ്പന. 1991 മുതൽ 2019 മാർച്ച് 31 വരെ 4,49,497 കോടി രൂപയുടെ പൊതുമേഖലാ ആസ്‌തികൾ വിറ്റഴിച്ചു. മോഡി സർക്കാർ 2017-–-18ൽ 1,00,0561 കോടിയുടെയും 2018-–-19ൽ 84,972 കോടിയുടെയും ഓഹരി വിറ്റു. നടപ്പുധന വർഷത്തിൽ 1,05,000 കോടി രൂപയുടെ ഓഹരി വിൽപ്പനയാണ് ലക്ഷ്യം. ഭാരത് പെട്രോളിയം കമ്പനി, കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ തുടങ്ങി തുടങ്ങി അഞ്ചോളം പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പന പൂർത്തിയായി വരികയാണ്. അതിനിടയിലാണ് എയർ ഇന്ത്യ വിൽക്കാൻ തിരക്കിട്ട നീക്കം.

നടപ്പു സാമ്പത്തിക വർഷത്തിലെ (2019-–-20) ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ സർക്കാരിന്റെ വരുമാനം പരിതാപകരമായ സ്ഥിതിയിലാണ്. ചരക്കുസേവന നികുതി വരുമാനം പ്രതിമാസം ശരാശരി 5000 കോടി കുറഞ്ഞു. ഇതിന്റെ പേരിൽ സംസ്ഥാനങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തുകയടക്കം കേന്ദ്രം കൈയടക്കുന്നു. മാന്ദ്യം പരിഹരിക്കാനെന്നു പറഞ്ഞ് കോർപറേറ്റുകളുടെ നികുതി വെട്ടിക്കുറച്ചതുവഴി സർക്കാരിന് 1.40 ലക്ഷം കോടി വരുമാന നഷ്ടം. റിസർവ് ബാങ്കിന്റെ കരുതൽ ധനവും ഡിവിഡന്റുമെല്ലാം നേരത്തെ തന്നെ കൈയിട്ടുവാരിയതിനാൽ ഇനി അവിടെനിന്ന് കാര്യമായി എടുക്കാനില്ല. അപ്പോൾ, പൊതുമേഖലാ ആസ്‌തി അതിവേഗം വിറ്റഴിച്ച് പണം കണ്ടെത്താനാണ് നീക്കം. ചെലവിന് പണം കണ്ടെത്താനുള്ള ഈ മാർഗവും സ്വകാര്യവൽക്കരണമെന്ന നയവും കൂടിയാകുമ്പോൾ രാജ്യത്തിന്റെ പൊതു ആസ്‌തികൾ കൊള്ളയടിക്കപ്പെടുന്നു. രാജ്യത്തിന്റെ, ജനങ്ങളുടെ, തൊഴിലാളികളുടെ ജീവിതവും ഭാവിയും തകർക്കപ്പെടുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top