27 April Saturday

തുല്യതയ്ക്കായുള്ള സ്‌ത്രീ മുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 10, 2023


അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ (എഐഡിഡബ്ല്യുഎ) അഖിലേന്ത്യ സമ്മേളനം അനന്തപുരിയുടെ ചരിത്രമണ്ണിൽ വിജയകരമായി സമാപിച്ചു. സ്‌ത്രീ അവകാശങ്ങൾക്കായുള്ള ഉശിരൻപോരാട്ടങ്ങൾ നടന്ന മണ്ണിൽ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്ന സർക്കാരും ശക്തമായ ഇടതുപക്ഷ പ്രസ്ഥാനവും  രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്ന്‌ എത്തിയ പ്രതിനിധികളെ ആവേശഭരിതരാക്കി. ‘ ഇരുട്ടിനിടയിലെ പ്രകാശത്തുരുത്ത്‌ ’ എന്നാണ്‌ കേരളത്തെ വിലയിരുത്തിയത്‌.

ത്രിപുര, ബംഗാൾ, ഗുജറാത്ത്‌ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ അപകടകരമായ സാഹചര്യത്തിലും അതിജീവന പോരാട്ടം നടത്തുന്ന സ്‌ത്രീകളുടെ സംഗമഭൂമിയാകുകയായിരുന്നു നാലുനാൾ  തിരുവനന്തപുരം. മനുസ്മൃതി ആഹ്വാനം ചെയ്യുന്ന  പ്രാകൃത ധർമാചാരങ്ങളെ ഡിജിറ്റൽ യുഗത്തിലും പിന്തുടരണമെന്ന്‌ ശഠിക്കുന്ന സംഘപരിവാർ നിലപാടുകളും അതികഠിനമായി വ്യാപിപ്പിക്കുന്ന വർഗീയതയും ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത്‌ സ്‌ത്രീ സമൂഹത്തെയാണ്‌. മതബോധനമെന്നു തെറ്റിദ്ധരിപ്പിച്ച്‌ വർഗീയതയുടെ ഇരകളാക്കുന്നതും സ്‌ത്രീകളെയാണ്‌. ഈ ഗുരുതര സാഹചര്യത്തെ ശക്തമായ പ്രക്ഷോഭത്തിലൂടെയും  ബോധവൽക്കരണ പരിപാടികളിലൂടെയും ചെറുക്കാനും എല്ലാ വിഭാഗം സ്‌ത്രീകളിലേക്കും തങ്ങളുടെ സന്ദേശം എത്തിക്കാനും സമ്മേളനം തീരുമാനിച്ചു.

വർധിച്ചുവരുന്ന അതിക്രമങ്ങൾ, വീട്ടകങ്ങളിലും തൊഴിലിടങ്ങളിലും നടക്കുന്ന അവകാശലംഘനങ്ങളും പീഡനങ്ങളും, പൊതുഇടങ്ങളിലെ ഭീഷണി തുടങ്ങി സ്‌ത്രീകൾ നേരിടുന്ന നാനാവിധ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാൻ ആവശ്യമായ ഇടപെടലുകൾക്കും പ്രക്ഷോഭത്തിനും സമ്മേളനം ആഹ്വാനം ചെയ്തു. രാജ്യത്തെ സ്‌ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങളുടെ പൊതുചിത്രവും ഭരണതലങ്ങളിൽ നേരിടുന്ന അവഗണനയും ചർച്ചയായി. ന്യൂനപക്ഷങ്ങളെ വേട്ടയാടിയും ജനാധിപത്യ ഫെഡറൽ സംവിധാനങ്ങളെ അട്ടിമറിച്ചും മുന്നോട്ടുപോകുന്ന കേന്ദ്ര ഭരണത്തിനെതിരായി ഐക്യത്തോടെയുള്ള പോരാട്ടത്തിന്റെ പ്രാധാന്യവും സമ്മേളനം ചൂണ്ടിക്കാട്ടി.

ലോകപ്രശസ്ത നർത്തകിയും കലാമണ്ഡലം കൽപ്പിത സർവകലാശാല ചാൻസലറുമായ മല്ലിക സാരാഭായ്‌ ആണ്‌ ജനുവരി ആറിന്‌ സമ്മേളനം ഉദ്ഘാടനംചെയ്തത്‌. ഗുജറാത്തിലെ സാംസ്കാരിക മന്ത്രിയെ കാണാൻ അനുവാദം ചോദിച്ച്‌ നാളുകളായി കാത്തിരിക്കുന്ന തന്റെ അനുഭവം കൂടി പങ്കുവച്ച അവർ ജനാധിപത്യത്തിൽ കൂട്ടായ്മയ്‌ക്കുള്ള ഇടം പ്രധാനമാണെന്നും നമ്മുടെ കുട്ടികളെ വർഗീയതയിലേക്കും അക്രമസ്വഭാവത്തിലേക്കും വളർത്തിവിടരുതെന്നും ഓർമിപ്പിച്ചു.

ഇരുപത്താറ്‌ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും  പ്രതിനിധാനം ചെയ്ത് 820 പ്രതിനിധികളാണ്‌ പങ്കെടുത്തത്‌. സംഘടന രൂപീകരിച്ച്‌ 42 വർഷത്തിനിടെ ഉണ്ടായ വളർച്ചയുടെയും സ്‌ത്രീമുന്നേറ്റങ്ങളുടെയും വ്യക്തമായ ചിത്രവും സമ്മേളനം അംഗീകരിച്ച റിപ്പോർട്ടിൽ ദൃശ്യമായി. അംഗത്വം ഒരു കോടിയിലേറെയായി. 

നരേന്ദ്രമോദിയുടെ കോർപറേറ്റ്‌ അനുകൂല ഭരണത്തിനെതിരായി ഇടതുപക്ഷത്തോടൊപ്പം നിന്ന്‌ ശക്തമായ പോരാട്ടം നടത്തുമ്പോൾത്തന്നെ തുല്യതയ്ക്കായുള്ള സമരം വിട്ടുവീഴ്ചയില്ലാതെ തുടരാനും സമ്മേളനം തീരുമാനിച്ചു. ലഹരിക്കെതിരായി  രാജ്യവ്യാപക പ്രചാരണം നടത്താനുള്ള തീരുമാനവും ഏറ്റവും പ്രസക്തമായി.

സമ്മേളനത്തിൽ അവതരിപ്പിച്ച ആറ്‌ കമീഷൻ റിപ്പോർട്ടുകൾ രാജ്യത്തിന്റെ പൊതുസ്ഥിതിയെയും ഭാവിയെയും എത്ര ഗൗരവത്തോടെയാണ്‌ മഹിളകളുടെ ജനാധിപത്യ പ്രസ്ഥാനം കാണുന്നത്‌ എന്നതിനുള്ള തെളിവാണ്‌. തണ്ണീർത്തട–- നെൽവയൽ, വനാവകാശ, സംരക്ഷണ സമരങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ആഗോളതാപനം കുറയ്ക്കുന്നതിനുള്ള മുന്നേറ്റത്തിന്റെ ഭാഗമായി കാണാമെന്നും കമീഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്‌.
കാൽനൂറ്റാണ്ടിനുശേഷം അഖിലേന്ത്യ ഭാരവാഹിത്വം കേരളത്തിനു ലഭിച്ചുവെന്ന പ്രാധാന്യവും തിരുവനന്തപുരം സമ്മേളനത്തിനുണ്ട്‌. സുശീല ഗോപാലനുശേഷം ഇപ്പോൾ പി കെ ശ്രീമതി അഖിലേന്ത്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി മറിയം ധാവ്‌ളെയും ട്രഷറർ ആയി പുണ്യവതിയും തുടരും.

പുത്തിരിക്കണ്ടം മൈതാനത്തെ സ്‌ത്രീമുന്നേറ്റക്കടലാക്കി മാറ്റിയ മഹാറാലിയോടെ സമാപിച്ച സമ്മേളനം സംഘാടകത്വ മികവും പുലർത്തി. ദുരിതങ്ങളുടെ നടുവിൽ നിന്നുകൊണ്ട്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിട്ടുവീഴ്‌ചയില്ലാതെ അവകാശ പോരാട്ടത്തിന്‌ നേതൃത്വം നൽകുന്ന അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‌ അഭിവാദ്യങ്ങൾ.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top