26 April Friday

‘അഗ്നിവീർ’ പദ്ധതിയിലും കേന്ദ്ര വഞ്ചന

വെബ് ഡെസ്‌ക്‌Updated: Saturday Dec 17, 2022

അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്ന അക്രമാസക്ത ഹിന്ദുത്വ രാഷ്ട്രീയവും പൊതുമേഖലയെ തച്ചുടയ്‌ക്കുന്ന അമിത സ്വകാര്യവൽക്കരണവും അസഹിഷ്‌ണുതയുടെ കൊടിയടയാളമുള്ള സാംസ്‌കാരിക ഫാസിസവുമാണ്‌ നരേന്ദ്ര മോദി സർക്കാരിന്റെ പ്രധാന മുഖമുദ്രകൾ. അതിന്റെ അനുബന്ധമായി ജനജീവിതത്തിന്റെ സർവമേഖലയും കാവിവൽക്കരിക്കാനുള്ള സംഘടിത ശ്രമമാണ്‌ ആർഎസ്‌എസ്‌ മുൻകൈയിൽ  നടക്കുന്നത്‌. വിദ്യാഭ്യാസം, കല, ശാസ്‌ത്രം എന്നീ രംഗങ്ങൾക്കൊപ്പം രാജ്യസുരക്ഷയുടെ മറവിലും ആ നീക്കം അപകടകരമായ നിലയിൽ എത്തിയിരിക്കുന്നു. അഗ്നിവീർ പദ്ധതിയിൽ താൽക്കാലിക സൈനികരെ നിയമിക്കാനുള്ള തീരുമാനം ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന ഡിവൈഎഫ്‌ഐ അടക്കമുള്ള യുവജന സംഘടനകളുടെ വിമർശം ഏറെ പ്രസക്തമാണ്‌. സേനകളുടെ യൗവനം നിലനിർത്താനെന്ന പേരിലുള്ള പരിഷ്‌കരണത്തിനെതിരെ വൻ പ്രതിഷേധം ഉയർന്നിട്ടും നിലവിലെ സംവിധാനം അട്ടിമറിച്ച്‌ സൈനിക സേവനംപോലും കാവിപൂശാനാണ്‌ സംഘപരിവാർ ശ്രമം.

സൈന്യത്തെ കൈപ്പിടിയിലൊതുക്കുക ആർഎസ്‌എസ്‌ ബുദ്ധികേന്ദ്രങ്ങൾ വളരെക്കാലമായി കൊണ്ടുനടക്കുന്ന ആശയമാണ്‌. കൊല്ലങ്ങളായി നിയമന നിരോധനമുള്ള സേനയിലേക്ക്‌ കരാർ നിയമനത്തിനുള്ള തീരുമാനം അതിലേക്കുള്ള ചുവടുവയ്‌പും. മൂന്ന്‌ സേനാ വിഭാഗത്തിലേക്കുമുള്ള റിക്രൂട്ട്‌മെന്റ്‌ ആർഎസ്‌എസ്‌ പഥസഞ്ചലനമാക്കാനാണ്‌  നീക്കം. അഗ്നിവീർ പദ്ധതിയുടെ  ഭാഗമായി  സൈന്യത്തിൽ ചേരുന്നവർ ശിപായി റാങ്കിനും ചുവടെയാണെന്ന്‌ മോദി സർക്കാർ ഡൽഹി ഹൈക്കോടതിയെ  അറിയിച്ചത്‌ കടുത്ത വഞ്ചനയാണ്‌. അഗ്നിവീർ അംഗങ്ങൾ നാലുകൊല്ല  സേവനശേഷം വിരമിച്ച്‌ വീണ്ടും സൈന്യത്തിൽ ചേരുമ്പോൾ അവയെല്ലാം പുതിയ നിയമനമായി മാത്രമേ കണക്കാക്കുവെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന്‌ അഗ്നിവീറിന്റെയും ശിപായിയുടെയും ശമ്പള നിരക്കുകളിലെ വ്യത്യാസം മുൻനിർത്തി സത്യവാങ്‌മൂലം നൽകാൻ ചീഫ്‌ ജസ്റ്റിസ്‌ സതീശ്‌ചന്ദ്രശർമ അധ്യക്ഷനായ ബെഞ്ച്‌ നിർദേശിക്കുകയുണ്ടായി. 

അഗ്നിവീറുകളോടുള്ള വിവേചനത്തിന് കാരണം എന്താണെന്ന് ആരാഞ്ഞ കോടതി, വേതന വ്യത്യാസം വിവേചനപരമാണെന്ന് വ്യക്തമാക്കി. അതുപോലെ പദ്ധതി പ്രഖ്യാപിച്ച ഘട്ടത്തിൽ ഉയർത്തിയ ചില ചോദ്യങ്ങൾ ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്. പുറന്തള്ളപ്പെടുന്ന 75 ശതമാനം യുവാക്കളെ പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾ എന്താണെന്നായിരുന്നു പ്രധാന ചോദ്യം. വിവിധ സേവനതുറയിൽ അവർക്ക് സംവരണത്തിന്‌ പദ്ധതിയുണ്ട്‌ എന്നായിരുന്നു മറുപടി. രാജ്യവ്യാപക  പ്രതിഷേധം ഇളക്കിവിട്ട അഗ്നിവീർ പദ്ധതി ആറുമാസം മുമ്പാണ് പ്രഖ്യാപിച്ചത്. വിമർശങ്ങൾ വകവയ്‌ക്കാതെ  താൽക്കാലിക സെെനിക സേവനമെന്ന ശാഠ്യവുമായി  മുന്നോട്ടുപോകുകയുമായിരുന്നു.  തൊഴിലില്ലായ്മ കൊടിയ പ്രതിസന്ധി തീർക്കുന്ന ഇന്ത്യയിൽ ചെറിയ  ആശ്വാസമായിരുന്നു സൈനിക സേവനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 കൊല്ലത്തേക്കാണ് നിയമനം നൽകിയിരുന്നത്. അത് 14 വർഷംവരെ ദീർഘിപ്പിക്കുന്നുമുണ്ട്. പെൻഷൻ, പുനർനിയമന സംവരണം, ചികിത്സാ സൗകര്യം, തൊഴിൽ സംരംഭ  ആനുകൂല്യങ്ങൾ തുടങ്ങിയവയ്ക്ക് വിമുക്തഭടന്മാർ അർഹരുമായിരുന്നു. പാർലമെന്റിൽവച്ച മറുപടി പ്രകാരം പ്രതിരോധ വകുപ്പിൽ 2,64,704 ഒഴിവുണ്ട്. അവയിലേക്കുള്ള നിയമനം, സേവന-‐ വേതന, വിരമിക്കൽ ആനുകൂല്യങ്ങൾ തുടങ്ങിയവ താങ്ങാവുന്നതിനും അപ്പുറമാണെന്ന് വ്യാഖ്യാനിച്ചാണ് അഗ്നിവീർ പദ്ധതി പ്രഖ്യാപിച്ചത്.

അഗ്നിവീർ നിയമനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെ നേരത്തേ വ്യക്തമാക്കിയതിൽനിന്ന് വ്യത്യസ്തമായ കാര്യങ്ങളാണ് കേന്ദ്ര സർക്കാർ  കോടതി മുമ്പാകെ അവതരിപ്പിച്ചത്. നിലവിൽ ഏറ്റവും താഴ്ന്ന റാങ്കിലുള്ള സൈനികർക്കും കീഴിലായിരിക്കും അതിലെ നിയമനമെന്നാണ് അറിയിച്ചതും. നിയമിക്കപ്പെടുന്നവരിലെ 25 ശതമാനത്തെ സൈന്യത്തിൽ നിലനിർത്തുമെന്ന പ്രഖ്യാപനത്തിൽനിന്ന്‌ മലക്കംമറിയുകയും ചെയ്‌തു. അഗ്നിവീർ പദ്ധതിക്കെതിരെ  നടന്ന പ്രതിഷേധങ്ങളിൽ  ഭാഗഭാക്കായവർക്ക് സേനയിൽ അവസരം നൽകില്ലെന്ന് കരസേന വ്യക്തമാക്കിയത്‌ അടിച്ചമർത്തൽ നയത്തിന്റെ തുടർച്ചയാണ്‌. ചുരുക്കത്തിൽ, കബളിപ്പിക്കലിന്റെയും വഞ്ചനയുടെയും പ്രഖ്യാപനമായിരിക്കുന്നു അഗ്നിവീർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top