20 April Saturday

യുവരോഷം മാനിക്കാതെ കേന്ദ്രവും സേനയും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2022


സൈന്യത്തിൽ കരാർവൽക്കരണം അടിച്ചേൽപ്പിക്കാനുള്ള തീരുമാനത്തിനെതിരെ നാളിതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭത്തിനാണ്‌ രാജ്യം സാക്ഷ്യം വഹിക്കുന്നത്‌. മോദിഭരണം ഇത്‌ കണ്ടതായി നടിക്കുന്നില്ല. അഗ്നിപഥ്‌ പദ്ധതിയിൽ താൽക്കാലിക സൈനികരെ റിക്രൂട്ട്‌ ചെയ്യാൻ തിങ്കളാഴ്‌ച കരസേന വിജ്ഞാപനമിറക്കി. ഇതര സേനാവിഭാഗങ്ങളും തയ്യാറെടുപ്പ്‌ തുടങ്ങി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട്‌ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയാണ്‌ കേന്ദ്ര സർക്കാരിന്റെ പോക്ക്‌. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന വിവരങ്ങളാണ്‌ പദ്ധതിയുടെ വിശദാംശങ്ങളിൽ അടങ്ങിയിരിക്കുന്നത്‌. കാർഷികമേഖല ബഹുരാഷ്‌ട്ര കുത്തകകൾക്ക്‌ അടിയറവയ്‌ക്കാനുള്ള നീക്കത്തെ മണ്ണിന്റെ മക്കൾ ചെറുത്തുതോൽപ്പിച്ചിട്ട്‌ അധികകാലമായില്ല. യുവജനങ്ങൾ അതിലുമേറെ വൈകാരികതയോടെ തെരുവിലിറങ്ങിയിട്ടും കേന്ദ്രസർക്കാർ മുഖംതിരിക്കുന്നത്‌ ഗുരുതര ഭവിഷ്യത്തുണ്ടാക്കും.

എതിർശബ്‌ദം ഉയർത്തുന്നവർക്ക്‌ സൈന്യത്തിൽ വിലക്കു കൽപ്പിക്കുന്നത്‌ ഏത്‌ നിയമത്തിന്റെ പിൻബലത്തിലാണെന്ന്‌ ഇതുവരെ വ്യക്തമായിട്ടില്ല. ജനാധിപത്യ സംവിധാനത്തിൽ ഭരണാധികാരികളുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യാനും പ്രതിഷേധിക്കാനും തിരുത്തൽ ആവശ്യപ്പെട്ട്‌ പ്രക്ഷോഭം നടത്താനും ഓരോ പൗരനും അവകാശമുണ്ട്‌. അത്‌ നിഷേധിക്കുന്നതും പ്രതികാര നടപടികൾ സ്വീകരിക്കുന്നതും ഭരണഘടനാലംഘനമാണ്‌. കരുത്തും അച്ചടക്കവുമുള്ള സൈന്യം ഇന്ത്യയുടെ പ്രത്യേകതയാണ്‌. നമ്മുടെ രാജ്യസ്‌നേഹത്തിന്റെ അടയാളം കൂടിയാണത്‌. സേനയിൽ യുവത്വം കൊണ്ടുവരാനെന്ന പേരിലുള്ള പരിഷ്‌കരണം എന്തുകൊണ്ട്‌ തിരസ്‌കരിക്കപ്പെടുന്നുവെന്ന്‌ പരിശോധിക്കാൻ കേന്ദ്രം തയ്യാറാകണം.

നിലവിലുള്ള രീതി മാറ്റിമറിച്ച്‌ സൈനിക സേവനത്തെ രാഷ്‌ട്രീയവൽക്കരിക്കാനാണ്‌ ബിജെപി സർക്കാർ ശ്രമിക്കുന്നത്‌. പുതിയ സമ്പ്രദായം സൈന്യത്തിനകത്തും പുറത്തും സൃഷ്‌ടിക്കുന്ന ദോഷഫലങ്ങൾ വലിയതോതിൽ ചർച്ചചെയ്യപ്പെട്ടു. താൽക്കാലികമായി സൈന്യത്തിലെത്തുന്ന യുവാക്കൾക്ക്‌ എന്തു സമർപ്പണമാണ്‌ ഉണ്ടാകുകയെന്ന ചോദ്യം സ്വാഭാവികമാണ്‌. രാജ്യത്തിനായി ജീവിതത്തിന്റെ നല്ലനാളുകൾ ബലികഴിക്കുന്ന ത്യാഗധനരാണ്‌ സൈനികർ. തൊഴിൽസുരക്ഷയും പെൻഷൻ ഉൾപ്പെടെയുള്ള സാമൂഹ്യസുരക്ഷയുമാണ്‌ ഇതിനു പകരമായി എടുത്തുകാണിക്കാവുന്നത്‌. ഇതെല്ലാം കളഞ്ഞുകുളിച്ച്‌ സൈന്യത്തെ വഴിയമ്പലമാക്കി മാറ്റുന്ന കേന്ദ്രസമീപനം നിഷ്‌കളങ്കമല്ല.

ആർഎസ്‌എസിന്റെ ബുദ്ധിശാലയിൽ രൂപപ്പെട്ട ദീർഘകാല പദ്ധതിയാണ്‌ സൈന്യത്തിനുമേലുള്ള കടന്നുകയറ്റം. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി വരുതിയിലാക്കാൻ ശ്രമിക്കുന്ന ആർഎസ്‌എസ്‌ സൈന്യത്തിലും നേരത്തേ കണ്ണുവച്ചിരുന്നു. വിരമിക്കുന്ന ഉന്നത ഉദ്യോഗസ്ഥർക്ക്‌ പുതിയ ലാവണങ്ങൾ ഒരുക്കാനും രാഷ്‌ട്രീയ വ്യാമോഹങ്ങൾക്ക്‌ ഇന്ധനം പകരാനും അവർ ശ്രദ്ധിച്ചു. വ്യവസ്ഥാപിതവും സുതാര്യവുമായ സൈനിക റിക്രൂട്ട്‌മെന്റിനെ വിവാദത്തിലാക്കുന്നതിലൂടെ ചരിത്രത്തിലെ ഫാസിസ്റ്റ്‌ ഭരണാധികാരികളുടെ പാത പിന്തുടരുകയാണ്‌ മോദി സർക്കാർ. ഹ്രസ്വ സൈനിക സേവനത്തിനുശേഷം സമൂഹത്തിൽ തിരിച്ചെത്തുന്ന യുവാക്കൾ തങ്ങളുടെ വിഭാഗീയ രാഷ്‌ട്രീയത്തിന്‌ മുതൽക്കൂട്ടാകുമെന്നും അവർ പ്രതീക്ഷിക്കുന്നു.

രണ്ട്‌ വർഷമായി തുടരുന്ന നിയമന നിരോധനത്തിനുശേഷമാണ്‌ സേനയിലേക്ക്‌ താൽക്കാലിക കരാർ നിയമനത്തിന്‌ സർക്കാർ തീരുമാനിച്ചത്‌. അപ്രതീക്ഷിതവും തീവ്രവുമായ പ്രതികരണമാണ്‌ ഇത്‌ ഉളവാക്കിയത്‌. പ്രതിപക്ഷ പാർടികളും യുവജന വിദ്യാർഥി സംഘടനകളുമെല്ലാം ശക്തമായി പ്രതിഷേധിച്ചു. അതിനപ്പുറമുള്ള രോഷമാണ്‌ തൊഴിലന്വേഷകരായ യുവാക്കളിൽ നിന്നുണ്ടായത്‌. ആരുടെയും ആഹ്വാനമില്ലാതെ അവർ തെരുവിലിറങ്ങി. തുടർന്നുണ്ടായ പൊതുമുതൽ നശീകരണം ന്യായീകരിക്കാനാകില്ല. എന്നാൽ, യുവാക്കളെ അത്തരമൊരു സാഹചര്യത്തിലേക്ക്‌ തള്ളിവിട്ട രാഷ്‌ട്രീയ അജൻഡയാണ്‌ ആദ്യം തുറന്നുകാട്ടപ്പെടേണ്ടത്‌. മുഴുവൻ സംസ്ഥാനത്തും പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഏറ്റുമുട്ടലിന്റെ വഴിമാത്രമാണ്‌ കേന്ദ്രവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും സ്വീകരിച്ചത്‌. ഡിവൈഎഫ്‌ഐയും എസ്‌എഫ്‌ഐയും നടത്തിയ സമാധാനപരമായ സമരങ്ങളെപ്പോലും അതിക്രൂരമായാണ്‌ നേരിട്ടത്‌.

പ്രതിഷേധങ്ങളിൽ പങ്കാളികളായവരെ പുറത്തുനിർത്തുമെന്ന പ്രഖ്യാപനം കൂടിയായപ്പോൾ ഉള്ളിലിരിപ്പ്‌ വ്യക്തമായി. മൂന്ന്‌ സേനയിലും അടുത്തമാസം നടത്തുന്ന റിക്രൂട്ട്‌മെന്റ്‌ ആർഎസ്‌എസ്‌ പരേഡാക്കി മാറ്റാനാണ്‌ അണിയറ നീക്കം. നാലുവർഷം കഴിഞ്ഞ്‌ പുറത്തിറങ്ങുന്നവരെ സ്വകാര്യസേനയാക്കി ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കും വർഗീയ അജൻഡകൾ നടപ്പാക്കാനും ഉപയോഗിക്കാമെന്ന്‌ ആർഎസ്‌എസ്‌ കണക്കുകൂട്ടുന്നു. ആസൂത്രണത്തിന്റെ ചെറിയൊരംശം വിജയിച്ചാൽപ്പോലും അത്‌ ഇന്ത്യൻ സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ല. അതുകൊണ്ടുതന്നെ, ഈ ജനവിരുദ്ധ, രാജ്യദ്രോഹ നീക്കത്തെ ചെറുക്കാൻ സന്നദ്ധരായ മുഴുവൻപേരെയും ഒന്നിച്ചണിനിരത്തി പോരാട്ടം തുടരണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top