27 April Saturday

കിരാതനിയമം പിൻവലിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021



കോളനിവാഴ്ച അവസാനിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിടുമ്പോഴും ബ്രിട്ടീഷുകാർ നടപ്പാക്കിയതിന് സമാനമായ കിരാത നിയമങ്ങൾ പലതും  തുടരുന്നു. സൈന്യത്തിന് അമിതാധികാരം നൽകുന്ന പ്രത്യേക സൈനികാധികാര നിയമം(ആംഡ് ഫോഴ്സസ് സ്പെഷ്യൽ പവേഴ്സ് ആക്ട് -– അഫ്സ്പ ) അത്തരത്തിലൊന്നാണ്. ഈ നിയമം പിൻവലിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കഴിഞ്ഞ ദിവസം നാഗാലാൻഡിൽ നിരപരാധികളായ നാട്ടുകാരെ സൈന്യം വെടിവച്ചു കൊന്നതോടെ ആവശ്യം  വീണ്ടും ശക്തമായി ഉയരുന്നു. സാധാരണ നിയമംപോലും ദുരുപയോഗം ചെയ്യുന്ന സാഹചര്യം രാജ്യത്തുണ്ട്‌. അപ്പോൾ, ഇങ്ങനെയൊരു നിയമത്തിന്റെ സ്ഥിതി പറയാനില്ലല്ലോ. ഈ അമിതാധികാര നിയമത്തിന്റെ മറവിൽ രാജ്യത്ത്‌ എത്രയെത്ര പൈശാചിക സംഭവങ്ങൾ നടന്നിരിക്കുന്നു. 1958-ൽ കൊണ്ടുവന്ന അഫ്‌സ്പ അതിർത്തി സംസ്ഥാനങ്ങളിലെ ജനങ്ങൾക്കുനേരെ അതിക്രമം നടത്താനുള്ള അധികാരമായാണ് പലപ്പോഴും പ്രയോഗിക്കുന്നത്. ഭീകരരെ നേരിടാനെന്നു പറഞ്ഞാണ്‌ നിയമം കൊണ്ടുവന്നിട്ടുള്ളതെങ്കിലും, സൈന്യത്തിന്‌ സംശയം തോന്നിയാൽ നിരപരാധികളായ ആരെയും വെടിവച്ചുവീഴ്‌ത്തുന്ന  ക്രൂരത ആവർത്തിക്കുന്നു. ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യംപോലും ഹനിക്കപ്പെടുന്നു. വടക്കുകിഴക്കൻ മേഖലയിലെ അസം, നാഗാലാൻഡ്, മണിപ്പുർ, അരുണാചൽ പ്രദേശിലെ മൂന്നു ജില്ല, അരുണാചലിലെതന്നെ എട്ടു പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഈ നിയമം നിലവിലുണ്ട്. ജമ്മു-കശ്മീരിൽ 1990ൽ പ്രാബല്യത്തിൽ വന്ന മറ്റൊരു നിയമവും സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്നു.

നിയമം നിലനിൽക്കുന്ന പ്രദേശങ്ങളിൽ മുൻകൂർ അനുമതിയില്ലാതെ പൗരൻമാരെ കസ്റ്റഡിയിലെടുക്കാനും അറസ്റ്റ്‌ ചെയ്യാനും റെയ്ഡ് നടത്താനും ആവശ്യമെങ്കിൽ മുന്നറിയിപ്പ് നൽകിയശേഷം വെടിവയ്പ് നടത്താനും സൈന്യത്തിന് അധികാരമുണ്ട്‌. എന്നാൽ, ഒരു വിവേചനവുമില്ലാതെ, ഒരു വീണ്ടുവിചാരവുമില്ലാതെ,  തോന്നുംപോലെ  നിയമം ഉപയോഗിക്കുന്നതായാണ് രാജ്യത്തിന്റെ അനുഭവം. വലിയതോതിൽ മനുഷ്യാവകാശ ലംഘനങ്ങൾതന്നെ അരങ്ങേറുന്നു. മണിപ്പുരിലും കശ്മീരിലുംമാത്രം വ്യാജ ഏറ്റുമുട്ടലുകളിൽ നിരവധിപേർ കൊല്ലപ്പെട്ടു.  സുരക്ഷാഭീഷണിയുടെ പേരുപറഞ്ഞ്  കൊലപാതകങ്ങൾക്കും വീടുകയറി അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും നിയമം വഴിയൊരുക്കുന്നതായി മനുഷ്യാവകാശ സംഘടനകൾ പലവട്ടം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാറന്റില്ലാതെ എവിടെയും ഇരച്ചുകയറാനും നിയമം ദുരുപയോഗം ചെയ്യുന്നു. അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് നീതി തേടാനും വലിയ പ്രയാസമാണ്. അഫ്സ്പ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തക ഈറോം ഷർമിള  മണിപ്പുരിൽ നടത്തിയ നീണ്ട പോരാട്ടം  ലോകമാകെ ശ്രദ്ധിച്ചിരുന്നു. 2015ൽ നാഗാ സംഘടനകളുമായുള്ള ചർച്ചയിൽ അഫ്സ്പ പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല.

സ്വന്തം രാജ്യത്തെ ജനങ്ങൾക്കുനേരെയാണ് ഈ നിയമം ഉപയോഗിക്കുന്നതെന്ന ധാരണ വേണമെന്ന് 1997ൽ ഒരു വിധിയിൽ സുപ്രീംകോടതി ഓർമിപ്പിച്ചതൊന്നും കേന്ദ്ര സർക്കാർ ചെവിക്കൊണ്ടിട്ടില്ല. നിയമത്തിലെ സെക്‌ഷൻ നാല് എ പ്രകാരം,  ബലപ്രയോഗവും വെടിവയ്‌പുമെല്ലാം പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ആകാവൂയെന്നും അന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.  വെടിവയ്പ് വേണമെങ്കിൽ ആ പ്രദേശം അത്രമാത്രം അസ്വസ്ഥമാണെന്ന് ഉന്നതതലാധികാര കേന്ദ്രം മുൻകൂട്ടി പ്രഖ്യാപിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞിട്ടുണ്ട്. ഇതൊന്നും ഒരിടത്തും പാലിക്കാറില്ല.  മാത്രമല്ല, ബിജെപി അധികാരത്തിൽ വന്നശേഷം നിയമത്തിന്റെ ദുരുപയോഗം വർധിക്കുകയും ചെയ്തു. അതിർത്തി രക്ഷാസേനയുടെ  അധികാരപരിധി വർധിപ്പിക്കാൻ അടുത്തിടെ തീരുമാനിച്ചതും ഇതോടൊപ്പം കാണണം. ഇതുവരെയുള്ള സംഭവങ്ങൾ പരിശോധിച്ചാൽ നാഗാലാൻഡ് മോഡൽ കൂട്ടക്കൊലകൾ ഇനിയും ആവർത്തിച്ചേക്കാമെന്ന്‌ ആർക്കും ബോധ്യമാകും. അതുകൊണ്ട്, അഫ്സ്പ കേന്ദ്രം അടിയന്തരമായി പിൻവലിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top