23 April Tuesday

അഫ്‌ഗാനിസ്ഥാനിൽനിന്ന‌് അമേരിക്ക പിൻവാങ്ങുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

അഫ്‌ഗാനിസ്ഥാനിൽനിന്ന‌് അമേരിക്ക സേനാപിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്നു. അടുത്ത 18 മാസത്തിനകം അഫ്ഗാനിസ്ഥാനിലുള്ള 14000 സൈനികരിൽ പകുതി പേരെയും പിൻവലിക്കുമെന്നാണ് പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം. 2017ലും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും കുടുതൽ സൈനികരെ അയക്കാനാണ് അവസാനം ട്രംപ് തയ്യാറായത്. എന്നാൽ, ഇക്കുറി സേനാപിന്മാറ്റം സംബന്ധിച്ച് താലിബാനുമായും പാകിസ്ഥാനുമായും മറ്റും അമേരിക്ക ചർച്ച ആരംഭിച്ചിട്ടുണ്ട്. ആദ്യം അബുദാബിയിലും കഴിഞ്ഞമാസം ആറുദിവസം ഖത്തറിലും ചർച്ച നടന്നു. ഇടതുപക്ഷഭരണത്തിനെതിരെ മുജാഹിദ്ദീനെ പിന്തുണയ‌്ക്കുന്ന അമേരിക്കയുടെ ‘ഓപ്പറേഷൻ സൈക്ലോണി’നെ പിന്തുണച്ച സൽമാൻ ഖലീൽസാദാണ് അമേരിക്കയുടെ അഫ്ഗാൻ ദൂതൻ. റഷ്യയുടെ നേതൃത്വത്തിൽ മോസ്കോയിലാകട്ടെ രണ്ടുദിവസം താലിബാനും അഫ്ഗാനിലെ പ്രതിപക്ഷനേതാക്കളുമായും വിശദമായ ചർച്ച നടക്കുകയുണ്ടായി. എന്നാൽ, അമേരിക്ക എത്ര സൈനികരെ പിൻവലിക്കും, എപ്പോൾ പിൻവലിക്കുമെന്നതിനെക്കുറിച്ച് ഒരു വ്യക്തതയും ഇതുവരെയും ലഭ്യമായിട്ടില്ല.

ഭീകരതയ‌്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ടാണ് 2001 ൽ പ്രസിഡന്റ് ജോർജ് ബുഷ് അമേരിക്കൻ സേനയെ കാബൂളിലേക്ക് അയച്ചത്. ആഗോളഭീഷണി ഉയർത്താൻ സാധ്യതയുള്ള എല്ലാ ഭീകരവാദ സംഘടനകളെയും കണ്ടെത്തി നശിപ്പിച്ചതിന് ശേഷം മാത്രമേ അമേരിക്കൻ സൈന്യം മടങ്ങൂവെന്നായിരുന്നു ബുഷിന്റെ പ്രഖ്യാപനം. എന്നാൽ, അമേരിക്ക കാബൂളിൽ പ്രവേശിച്ചപ്പോൾ ഉള്ളതിനേക്കാൾ പ്രദേശങ്ങൾ ഇപ്പോൾ താലിബാന്റെ കൈവശമുണ്ട്. (60 ശതമാനം) മാത്രമല്ല, തുടക്കംമുതൽ താലിബാന്റെ ആവശ്യമാണ് അമേരിക്കൻ സൈന്യം അഫ്ഗാനിൽനിന്ന‌് പിന്മാറണമെന്നത്. അതോടൊപ്പം അമേരിക്ക അവരോധിച്ച കാബൂൾ സർക്കാരിനെ അംഗീകരിക്കില്ലെന്നും അവരുമായി ചർച്ചയ‌്ക്കില്ലെന്നും താലിബാൻ പ്രഖ്യാപിച്ചു. ഈ ആവശ്യങ്ങളെല്ലാം അംഗീകരിച്ചാണ് അമേരിക്ക താലിബാനുമായി ചർച്ച ആരംഭിച്ചിട്ടുള്ളത്. അഫ്ഗാനിൽ അൽ ഖായ്ദയെയും ഐഎസിനെയും വളരാൻ അനുവദിക്കില്ലെന്ന ഉറപ്പ് താലിബാനിൽനിന്ന‌് നേടിയതിന് ശേഷമാണത്രെ അമേരിക്കയുടെ സേനാപിന്മാറ്റം. അപ്പോൾ താലിബാൻ ഭീകരവാദി സംഘടനയല്ലേ എന്ന ചോദ്യം സ്വാഭാവികമായും ഉയരും. 17 വർഷം യുദ്ധം നടത്തിയിട്ടും ഭീകരവാദത്തെ പരാജയപ്പെടുത്താനായിട്ടില്ലെന്ന് സാരം. വിയത‌്‌നാം യുദ്ധത്തിന് ശേഷം അമേരിക്കയ‌്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് അഫ്ഗാനിലേത്.

അഫ‌്ഗാൻ യുദ്ധത്തിൽ 20000 സിവിലിയന്മാരാണ് കൊല്ലപ്പെട്ടതെന്നാണ് യുഎന്നിന്റെ കണക്ക്. അതിന്റെ ഇരട്ടിയെങ്കിലും വരും യഥാർഥ സംഖ്യ. 45000 അഫ്ഗാൻ സൈനികർക്കാണ് ജീവഹാനി സംഭവിച്ചത്. അമേരിക്കയ‌്ക്ക് മാത്രം 2300 സൈനികരെ നഷ്ടപ്പെട്ടു. മറ്റ് പാശ്ചാത്യരാഷ്ട്രങ്ങളുടെ 1000 സൈനികരും കൊല്ലപ്പെട്ടു. ഇതിനകം 877 ബില്യൺ ഡോളറാണ് അമേരിക്ക അഫ്ഗാൻ യുദ്ധത്തിനായി ചെലവഴിച്ചത്. കഴിഞ്ഞ വർഷത്തെ ബജറ്റിൽപോലും 45 ബില്യൺ ഡോളറാണ് അമേരിക്ക അഫ്ഗാൻ യുദ്ധത്തിനായി നീക്കിവച്ചത്. എന്നിട്ടും താലിബാനെ തോൽപ്പിക്കാനായില്ല. അമേരിക്കയുടെ ലക്ഷ്യവും ഒരിക്കലും അതായിരുന്നില്ല. കാരണം അഫ്ഗാനിൽ തീവ്രവാദം വളർത്തുന്നത് അമേരിക്കയുടെ നേതൃത്വത്തിലാണ്. നജീബുള്ളയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരിനെ അട്ടമറിക്കാൻ മുജാഹിദ്ദീനുകളെ വളർത്തിയ അമേരിക്കൻ നയമാണ് അൽ ഖായ്ദയെയും താലിബാനെയും സൃഷ്ടിച്ചത‌്.

അഫ്ഗാനിസ്ഥാനെ ഇന്നത്തെ നിലയിലാക്കിയതിന്റെ ഉത്തരവാദിത്തത്തിൽനിന്ന‌് അമേരിക്കയ‌്ക്ക് കൈകഴുകാനാകില്ല. അതുകൊണ്ടുതന്നെ അമേരിക്കയുടെ പിന്മാറ്റം എന്തുകൊണ്ടും സ്വാഗതാർഹമാണ്. എന്നാൽ, അഫ്ഗാനിസ്ഥാനെ താലിബാന്റെ കൈകളിൽ ഏൽപ്പിച്ചാണ് അമേരിക്കയുടെ പിന്മാറ്റമെങ്കിൽ അത് ആ രാജ്യത്തിന്റെ പുരോഗതിക്കും വളർച്ചയ‌്ക്കും സഹായകമാകില്ല. കാരണം ഒരു ഇസ്ലാമികരാഷ്ട്രമാണ് താലിബാന്റെ ലക്ഷ്യം. അഫ്ഗാനിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാതിനിധ്യമുള്ള ഒരു സർക്കാരാണ് നിലവിൽ വരേണ്ടത്. ഈ സാഹചര്യത്തിലാണ് മോസ്കോയിൽ കഴിഞ്ഞാഴ്ച നടന്ന ചർച്ച പ്രതീക്ഷ നൽകുന്നത്. താലിബാനും മുൻ പ്രസിഡന്റ് ഹമീദ് കർസായി ഉൾപ്പെടെയുള്ള പ്രതിപക്ഷനേതാക്കളും തമ്മിലായിരുന്നു മോസ്കോയിലെ ചർച്ച. അഫ്ഗാന്റെ ഭാവി അമേരിക്കയല്ല, മറിച്ച് അഫ്ഗാൻകാർതന്നെയാണ് നിർണയിക്കേണ്ടതെന്ന സന്ദേശം ഈ ചർച്ചയിൽനിന്ന‌് ഉയർന്നുവന്നിട്ടുണ്ട്. അമേരിക്ക കാബൂളിൽ അവരോധിച്ച അഷ്റഫ് ഗനി സർക്കാരിനെ ഇവരാരും അംഗീകരിക്കുന്നില്ല.

പതിവുപോലെ പാകിസ്ഥാന കൂടെനിർത്തിയാണ് അമേരിക്ക അഫ്ഗാനിൽ കരുക്കൾ നീക്കുന്നത്. നേരത്തെ ഭീകരവാദത്തെ നേരിടുന്നതിൽ പാകിസ്ഥാൻ ഒന്നും ചെയ്യുന്നില്ലെന്നുപറഞ്ഞ് സഹായം നിർത്തുമെന്ന് പറഞ്ഞ ട്രംപിന് അവരെത്തന്നെ ആശ്രയിക്കേണ്ടിവന്നു. പാകിസ്ഥാനുമായി അടുത്ത ബന്ധമുള്ള താലിബാനിലെ ഹഖാനി വിഭാഗവും ചർച്ചയിൽ പങ്കെടുത്തു. ഏതായാലും അഫ്ഗാനിസ്ഥാനിസ്ഥാനിൽ ആശാവഹമായ കാര്യങ്ങളാണ് നടക്കുന്നത്. അഫ്ഗാനിലെ ജനങ്ങളെയും രാഷ്ട്രീയകക്ഷികളെയും പങ്കെടുപ്പിക്കാതെയുള്ള ഏത് രാഷ്ട്രീയസമവാക്യവും വിജയിക്കില്ലെന്ന് ഉറപ്പിച്ചുപറയാം. കാരണം താലിബാന്റെ രാഷ്ട്രീയലക്ഷ്യങ്ങളോട് അഫ്‌ഗാനിസ്ഥാനിലെ ഭൂരിപക്ഷം ജനങ്ങൾക്കും എതിർപ്പാണുള്ളത്. ഈ വസ്തുത മനസ്സിലാക്കാൻ അമേരിക്കയും മറ്റും തയ്യാറാകുമോ എന്നതാണ് പ്രധാന ചോദ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top