19 April Friday

അനശ്വരം സ്നേഹനാദം

വെബ് ഡെസ്‌ക്‌Updated: Monday Feb 7, 2022


ഇന്ത്യയെന്ന പേരിനൊപ്പം ലോകം ശ്രവിച്ച സ്‌നേഹനാദം ലതാ മങ്കേഷ്കർ വിട പറഞ്ഞു. മഹാഗായികയെന്ന വിശേഷണം പോലും ജനഗായികയുടെ മുന്നിൽ ചെറുതാകുന്നു. വിണ്ണിലലിഞ്ഞുചേർന്ന പരസഹസ്രം പാട്ടുകൾ തലമുറകൾ നെഞ്ചേറ്റും. ആ നാമവും നാദവും അനശ്വരം. 70 വർഷം മഹാരാജ്യത്തിന്റെ ഹൃദയത്തിൽ സ്വരമാന്ത്രികത നിറച്ച സംഗീത ജീവിതം. ഷെഹനായിയിൽ മഹാത്ഭുതം തീർത്ത ബിസ്മില്ലാ ഖാൻ പറയാറുണ്ട്‌; ‘സംഗീതത്തിനും വിദ്വേഷത്തിനും ഒരേ ഹൃദയത്തിൽ വാഴാനാകില്ല’ എന്ന്‌. ലതാ മങ്കേഷ്കറുടെ പാട്ടുകൾ കേൾക്കുമ്പോൾ ഏത്‌ ഹൃദയമാണ്‌ കളങ്കരഹിതമാകാത്തത്‌ ?

ഒരു കാലഘട്ടം പ്രണയത്തിന്‌ പര്യായമായി കൊണ്ടാടിയ ഗാനം ‘ആപ്‌ കി നസറോം നെ സംജാ...’ (അൻപഥ്‌ ) 60 വർഷത്തിനിപ്പുറം ഏറ്റവും പുതിയ തലമുറപോലും മൂളി നടക്കുന്നു. ‘തൂ ജഹാം ജഹാം ചലേഗ ’ ( മേരസായ–-1966 ), ‘ ലഗ്‌ ജാ ഗലേ ’ (വോ കോൻ തി –-1964), മുഹമ്മദ്‌ റഫിയോടൊപ്പം ‘ ജൊ വാദാ കിയാ വോ നിഭാനാ പഡേഗാ ( താജ്‌മഹൽ–-1963 ) പോലുള്ള ഗാനങ്ങൾക്ക്‌ യുട്യൂബിലടക്കം കോടാനുകോടിയാണ്‌ കേൾവിക്കാർ. 36 ഭാഷയിലായി നാൽപ്പതിനായിരത്തോളം ഗാനം പാടിയ ആ പ്രതിഭാങ്കിത ജീവിതം എത്ര സാർഥകം.

ഏത്‌ സമയത്തും ഏതെങ്കിലും ഒരു റേഡിയോ അവരുടെ ഗാനം പ്രക്ഷേപണം ചെയ്യുന്നുണ്ടെന്ന്‌ ഒരു സർവേയിൽ കണ്ടെത്തിയിരുന്നു. രാജ്യ, മത, ജാതി സീമകൾ കടന്ന്‌ ആ പാട്ടുകൾ ഹൃദയങ്ങളുണർത്തി.

‘‘ ഏ മേരി വദൻ കി ലോഗോ...’ (1963) എന്ന ദേശഭക്തി ഗാനം കേട്ട്‌ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു വേദിയിലിരുന്ന്‌ വിതുമ്പിയതും തങ്ങൾക്ക്‌ കശ്‌മീർ വേണ്ട ലതാജിയെ പകരം തന്നാൽ മതിയെന്ന്‌ പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞതും ചരിത്രം. നാൽപ്പതുകൾമുതൽ നിറഞ്ഞുനിന്ന അവർ തൊണ്ണൂറുകളിലും ‘തുജെ ദേഖാ തോയെ ജാനാ സനം’ (ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ) പോലുള്ള ഗാനങ്ങളിലൂടെ കാലഘട്ടത്തിന്റെ പാട്ടുകാരിയായി.

സംഗീതവും കലയും നിറഞ്ഞുനിന്ന സന്തോഷബാല്യമായിരുന്നു ലതയുടേത്‌. നാടകക്കാരനും പാട്ടുകാരനുമായിരുന്ന അച്ഛൻ ദീനാനാഥ്‌ മങ്കേഷ്കറിന്റെ അകാല വേർപാട്‌ ആ കുടുംബത്തെ പെട്ടെന്ന്‌ ഇരുട്ടിലാക്കി. ദാരിദ്ര്യവും കഷ്ടപ്പാടും പ്രതിസന്ധികളും നിറഞ്ഞ കുടുംബത്തെ തോളിലേറ്റുകയായിരുന്നു 13–-ാം വയസ്സിൽ ലതാ മങ്കേഷ്‌കർ. ആദ്യം അഭിനയവും അത്‌ പരാജയപ്പെട്ടപ്പോൾ ആലാപനവും. ‘ഉഠായേ ജാ ഉൻ കെ സിതം...’ ( അന്താസ്‌ –- 1949 ) എന്ന ഗാനം പുറത്തുവന്നതോടെ ചരിത്രം മറ്റൊരു വഴിക്കായി; ലോകം ആ നാദത്തിന്റെ വൈഡൂര്യശോഭയും ആലാപന വൈപുല്യവും തിരിച്ചറിഞ്ഞു. ഗായികയുടെ വഴി ലതയ്‌ക്കുമുന്നിൽ വലിയ ലോകം തുറന്നിട്ടു.

അനുഭവങ്ങളുടെ തീച്ചൂളമൂലമാകാം, ചില മൂല്യങ്ങൾ കാത്തുസൂക്ഷിച്ചു. ദ്വയാർഥ പ്രയോഗവും കാബറേ ഗാനങ്ങളും ഒഴിവാക്കി. പാവങ്ങളോടുള്ള അനുകമ്പ പാട്ടിൽ മാത്രമല്ല, സഹായമായും സ്ഥാപനങ്ങളായും പടുത്തുയർത്തി. പ്രതിഫലത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടെടുത്തു. പല നിർമാതാക്കളെയും ചൊടിപ്പിച്ചെങ്കിലും വകവച്ചില്ല. റോയൽറ്റി ഗായകരുടെ അവകാശമാണെന്ന്‌ പറഞ്ഞതിന്റെ പേരിൽ മുഹമ്മദ്‌ റഫിയുമായുണ്ടായ സൗന്ദര്യപ്പിണക്കം ലോക പ്രശസ്തം. ജീവചരിത്രകാരൻ നസ്രിൻ കബീർ പറഞ്ഞു: ‘‘അർഥശൂന്യമായ ഒരു ചോദ്യത്തോടുപോലും അവർ പ്രതികരിച്ചിട്ടില്ല.’’ ലാളിത്യവും എളിമയും അവസാനംവരെ കൈവിടാതെ സൂക്ഷിച്ചു.സംഗീത സംവിധായകരും ഗായകരും തലമുറകൾ മാറിവന്നപ്പോഴും ഗായികയായി ലത നിലകൊണ്ടു. മറാത്തിയും ബംഗാളിയുമടക്കം പ്രാദേശിക ഭാഷകളിൽ എത്രയോ സുന്ദരഗാനങ്ങൾ. മലയാളത്തിനും ഒരു നിത്യമനോഹര ഗാനം തന്നു; ‘കദളി കൺകദളീ ചെങ്കദളീ...’ ( നെല്ല്‌ –-1974). ആൽബങ്ങൾ, സിനിമാ നിർമാണം, ഗ്രന്ഥങ്ങൾ, അച്ഛന്റെ പേരിലുള്ള ചാരിറ്റി ട്രസ്റ്റുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിലും കൈയെത്തി.

ആരാധകരുടെ സ്നേഹവായ്പുകളെ ഏറെ വിലമതിച്ചിരുന്നു. ജന്മനാടായ ഇൻഡോറിൽ തന്റെ ജീവിതസമ്പാദ്യം മുഴുവനെടുത്ത്‌ ലതാ മ്യൂസിയം തുടങ്ങിയ ചായക്കടക്കാരൻ സുമൻ ചൗരസ്യ ഒരു പ്രതീകംമാത്രം ! ലതയ്ക്ക്‌ പകരം ലതമാത്രം. ജനഹൃദയങ്ങളിൽ ആ ഗാനവല്ലരിക്ക്‌ ഒരുകാലത്തും വാട്ടമില്ല. പക്ഷേ, ആ വേർപാട്‌ ഓരോ ഇന്ത്യക്കാരനും വ്യക്തിപരമായ നഷ്ടംതന്നെയാണ്‌. ആദരവോടെ, പുഷ്പാഞ്ജലി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top