ചാന്ദ്രയാൻ 3 ദൗത്യത്തിന്റെ പൂർണവിജയത്തിന് തൊട്ടുപിന്നാലെയുള്ള മറ്റൊരു ശാസ്‌ത്രക്കുതിപ്പാണ് ആദിത്യ എൽ വണ്ണിന്റെ വിക്ഷേപണവിജയം. സൗര രഹസ്യങ്ങൾക്ക് അപ്പുറം പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കാനുള്ള ഇന്ത്യൻ ശാസ്‌ത്രലോകത്തിന്റെ വലിയ ചുവടുവയ്‌പ്. 60 വർഷത്തിലേറെ നീണ്ട ഇന്ത്യൻ ബഹിരാകാശ ഗവേഷണമേഖലയുടെ പടിപടിയായുള്ള വളർച്ചയിൽ ഒരു മുന്നേറ്റംകൂടി. ഒന്നരദശാബ്ദംമുമ്പ് ആരംഭിച്ച തുടർച്ചയായ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും രൂപകൽപ്പനയ്‌ക്കും ഒടുവിലാണ് ആദിത്യ എൽ വൺ എന്ന സൗരപേടകം ഐഎസ്‌ആർഒ യാഥാർഥ്യമാക്കി വിക്ഷേപിച്ചിരിക്കുന്നത്. ഇതിന് മുന്നിലുംപിന്നിലുമായി പ്രവർത്തിച്ച ശാസ്‌ത്രജ്ഞർ, സാങ്കേതികവിദഗ്‌ധർ, സ്ഥാപനങ്ങൾ തുടങ്ങി എല്ലാവരെയും ഹൃദയപൂർവം അഭിനന്ദിക്കുന്നു.
ഈ വിക്ഷേപണവിജയം ശാസ്‌ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വിജയമാണ്, ഇസ്രോ സമൂഹത്തിന്റെ നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും വിജയമാണ്. വരുംകാല ബഹിരാകാശ ദൗത്യങ്ങൾക്ക് ഇസ്രോ ടീമിന് കരുത്തും ആത്മവിശ്വാസവും പകരുന്ന വിജയം കൂടിയാണിത്.
ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാൻ സ്‌പേയ്‌സ് സെന്ററിൽനിന്ന് ശനിയാഴ്‌ചയായിരുന്നു വിക്ഷേപണം. ഐഎസ്‌ആർഒയുടെ വിശ്വസ്‌ത വിക്ഷേപണവാഹനമായ പിഎസ്‌എൽവിയുടെ എക്‌സ് എൽ ശ്രേണിയിലുള്ള റോക്കറ്റാണ് പേടകത്തെ ഭൂമിക്കു മുകളിലുള്ള ആദ്യ ഭ്രമണപഥത്തിൽ എത്തിച്ചത്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേയ്‌സ് സെന്റർ (വിഎസ്‌എസ്‌സി) വികസിപ്പിച്ച പിഎസ്‌എൽവിയുടെ ശേഷിയും മികവും കരുത്തും ഒരിക്കൽക്കൂടി തെളിയിച്ചു. നാല് ഘട്ടത്തിലായി പഥം ഉയർത്തി 18ന് ഭൂഭ്രമണപഥത്തിൽനിന്ന് ആദിത്യയെ ലക്ഷ്യത്തിലേക്ക് തൊടുത്തുവിടും. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റാണ് ലക്ഷ്യം.
ഇവിടെനിന്നാണ് സൂര്യനെ പേടകം നിരീക്ഷിക്കുകയും വിവരങ്ങൾ ശേഖരിച്ച് ഭൂമിയിലേക്ക് അയക്കുകയും ചെയ്യുക. ദിവസേന ആയിരത്തിനാനൂറിലധികം ചിത്രം അയക്കും. സൂര്യനെ സൂക്ഷ്‌മമായി പഠിക്കാൻ കഴിയുന്ന ഏറ്റവും ആധുനികമായ ഏഴ് പരീക്ഷണ ഉപകരണങ്ങളുമായാണ് പേടകം യാത്ര തിരിച്ചിരിക്കുന്നത്. ഇവയെല്ലാം വികസിപ്പിച്ചത് ഇന്ത്യയിലെ വിവിധ ശാസ്‌ത്രസ്ഥാപനങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. ജനുവരി ആദ്യവാരത്തോടെ ലഗ്രാഞ്ച് പോയിന്റിൽ എത്തുന്ന പേടകത്തിന് അഞ്ചുവർഷമാണ് പ്രവർത്തന കാലാവധി. സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകർഷണമില്ലാതെ സ്വതന്ത്രമേഖലയായ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ സുരക്ഷിതമായി സൗര പര്യവേക്ഷണം നടത്താൻ പേടകത്തിനു കഴിയും. സൗരയൂഥത്തിന്റെ കേന്ദ്രമായ സൂര്യനെപ്പറ്റിയുള്ള അറിവ് ഇപ്പോഴും പരിമിതമാണ്.
അതുകൊണ്ടുതന്നെ ആദിത്യ ശേഖരിക്കുന്ന വിവരങ്ങൾ മാനവരാശിക്കുള്ള വലിയ സംഭാവനയായിരിക്കും. സൂര്യന്റ ഘടന, സൂര്യനിലെ കാലാവസ്ഥ, സൗരക്കാറ്റുകൾ, സൗരസ്‌ഫോടനങ്ങൾ, താപവ്യതിയാനം, അടിക്കടിയുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവയെപ്പറ്റിയെല്ലാം ആദിത്യ പഠിക്കും. കൂടാതെ ലഗ്രാഞ്ച് പോയിന്റിനെപ്പറ്റിയും വിവരശേഖരണം നടത്തും. സൂര്യനിലെ മാറ്റങ്ങൾ ബഹിരാകാശ പേടകങ്ങളെയും ഭൂമിയിലെ കാലാവസ്ഥയെയും അന്തരീക്ഷത്തെയും ബാധിക്കുന്നുണ്ട്. ആദിത്യ നൽകാൻ പോകുന്ന വിവരങ്ങൾ അതുകൊണ്ടുതന്നെ ഏറെ നിർണായകമാണ്.
ആദിത്യ വിക്ഷേപണത്തിന് കേരളത്തിലെ ആറ് പൊതുമേഖലാ സ്ഥാപനത്തിന്റെയടക്കം 20 സ്ഥാപനത്തിന്റെ കൈയൊപ്പുണ്ട്. ബഹിരാകാശ ഗവേഷണവ്യവസായ ഹബ്ബാക്കി കേരളത്തെ മാറ്റുകയെന്ന പിണറായി സർക്കാരിന്റെ ലക്ഷ്യം യാഥാർഥ്യത്തിലേക്ക് അടുക്കുകയാണ്. കെൽട്രോണിന്റെ 38 ഇലക്‌ട്രോണിക് മൊഡ്യൂളുകളാണ് ദൗത്യത്തിലുള്ളത്. തിരുവനന്തപുരത്ത് സ്‌പേയ്‌സ് പാർക്ക് സ്ഥാപിക്കാനുള്ള പദ്ധതിയും അതിവേഗം പുരോഗമിക്കുന്നു.
തിരുവനന്തപുരത്തെ തുമ്പയെന്ന തീരദേശ ഗ്രാമത്തിൽനിന്ന് അറുപതുകളിൽ പരിമിതമായ സാഹചര്യങ്ങളിൽ തുടക്കമിട്ട ഇന്ത്യൻ ബഹിരാകാശ ഗവേഷണം ചന്ദ്രനും ചൊവ്വയും കടന്ന് സൂര്യനിലേക്ക് വളരുകയാണ്. അമേരിക്കൻ ഉപരോധത്തെ മറികടന്ന് ക്രയോജനിക്ക് സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിച്ച് ഇസ്രോ അത്ഭുതം സൃഷ്ടിച്ചിരുന്നു. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായിയുടെ ദീർഘവീക്ഷണവും ഈ അവസരത്തിൽ സ്‌മരണീയമാണ്. ശാസ്‌ത്രാവബോധവും ശാസ്‌ത്രഗവേഷണങ്ങളിലുള്ള താൽപ്പര്യവും വളർത്തുന്നതിൽ ഐഎസ്‌ആർഒ ദൗത്യവിജയങ്ങൾ സമൂഹത്തിന് പ്രചോദനമാണ്. പ്രത്യേകിച്ച് ശാസ്‌ത്രവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് മുതലെടുപ്പുനടത്താൻ ചില ശക്തികൾ ശ്രമിക്കുമ്പോൾ. രണ്ടാഴ്‌ചയ്‌ക്കിടയിൽ ചാന്ദ്രയാൻ 3 നൽകിയ ശാസ്‌ത്രവിവരങ്ങൾ വിസ്‌മയകരമാണ്. ആദിത്യ ദൗത്യവും വിജയകരമായി ലക്ഷ്യത്തിലെത്തട്ടെ എന്ന് ആശംസിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..