27 April Saturday

അദാനി വിഷയത്തിൽ സർക്കാരിന്റെ ഒത്തുകളി

വെബ് ഡെസ്‌ക്‌Updated: Monday Feb 13, 2023


അദാനി ഗ്രൂപ്പിന്റെ ഓഹരിവിപണിയിലെ തട്ടിപ്പിന്‌ മറയിടാൻ കേന്ദ്ര സർക്കാർ നടത്തുന്ന  ഒത്തുകളി  മറനീക്കി പുറത്തുവരികയാണ്‌. പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രിയും അദാനി വിഷയത്തിൽ മൗനംപാലിച്ചതിന്‌ പിന്നാലെ ക്രമക്കേടിനെപ്പറ്റി സമഗ്രമായ അന്വേഷണം ഇല്ലാത്തതും ഇതാണ്‌ വ്യക്തമാക്കുന്നത്‌. ഓഹരിവിപണിയിൽ ഇന്ത്യൻ നിക്ഷേപകർക്ക്‌ ലക്ഷക്കണക്കിന്‌ കോടി രൂപയുടെ നഷ്ടമുണ്ടായതിൽ സുപ്രീംകോടതി വെള്ളിയാഴ്‌ച ആശങ്ക പ്രകടിപ്പിച്ചിട്ടും സർക്കാർ നിലപാട്‌ മാറ്റുന്നില്ല.  ഓഹരിവിപണിയിലെ കാര്യങ്ങൾ നോക്കാൻ വിദഗ്‌ധരുണ്ടെന്ന ധനമന്ത്രി നിർമല സീതാരാമന്റെ ശനിയാഴ്‌ചത്തെ പ്രതികരണം കോടതി ഇടപെടലിലെ അസംതൃപ്തിയാണ്‌ പ്രകടിപ്പിച്ചിരിക്കുന്നത്‌.  അദാനി കാര്യത്തിൽ ആരും ഇടപെടേണ്ട, കാര്യങ്ങൾ ഞങ്ങൾ തീരുമാനിക്കുമെന്ന ധാർഷ്‌ട്യമാണ്‌ ധന മന്ത്രിയുടേത്‌. മോദി സർക്കാരിന്റെ തണലിൽ ദേശീയ സമ്പത്ത്‌ കൊള്ളയടിച്ച്‌ വളർന്ന അദാനി ഗ്രൂപ്പിനെതിരെയുള്ള എത്‌ ആരോപണവും വിമർശവും ദേശീയതയ്‌ക്കെതിരെയുള്ള കടന്നാക്രമണമായി ചിത്രീകരിക്കുന്ന സമീപനമാണ്‌ ആർഎസ്‌എസും സംഘപരിവാർ സംഘടനകളും സ്വീകരിച്ചിരിക്കുന്നത്‌.  അദാനിയുടെ ഓഹരിവിപണിയിലെ കള്ളക്കളികൾ തുറന്നുകാട്ടിയ  ഹിൻഡൻബർഗ്‌ റിസർച്ചിന്റെ റിപ്പോർട്ട്‌ പുറത്തുവന്നശേഷം ഓഹരിവിപണിയിലെ തകർച്ചയെപ്പറ്റി പ്രധാനമന്ത്രി ഇതുവരെ പ്രതികരിക്കാത്തതും ശ്രദ്ധേയമാണ്‌.  ഓഹരിവിപണി മൂന്നാഴ്‌ചയായി ആടിയുലഞ്ഞിട്ടും  പ്രധാനമന്ത്രി മൗനത്തിലൊളിക്കുന്നത്‌ എന്തുകൊണ്ടാണ്‌ എന്നത്‌ ന്യായമായ ചോദ്യമാണ്‌.

അദാനി കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞഘട്ടത്തിലാണ്‌ നിക്ഷേപകരുടെ കാര്യത്തിൽ  സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചത്‌. എന്തുപറഞ്ഞാലും  അത്‌ വികാരത്തിനനുസരിച്ച്‌ നീങ്ങുന്ന ഓഹരിവിപണിയെ ബാധിക്കുമെന്നതുകൊണ്ടാണ്‌ കൂടുതൽ ഒന്നും പറയാത്തതെന്നും കോടതി സൂചിപ്പിച്ചിട്ടുണ്ട്‌. ഓഹരിവില വലിയതോതിൽ ഇടിയാതിരിക്കാനുള്ള  നിയന്ത്രണങ്ങൾ നിർദേശിക്കാനാണ്‌  കേന്ദ്ര ധനമന്ത്രാലയത്തോടും സെക്യൂരിറ്റീസ്‌ ആൻഡ്‌  എക്‌സ്‌ചേഞ്ച്‌ ബോർഡ്‌ ഓഫ്‌ ഇന്ത്യ (സെബി) യോടും കോടതി  ആവശ്യപ്പെട്ടിരിക്കുന്നത്‌. നിക്ഷേപകരുടെ  പണം ഭാവിയിൽ എങ്ങനെ സംരക്ഷിക്കാനാകുമെന്നും  അതിൽ സെബിയുടെ പങ്ക്‌ എന്തായിരിക്കണമെന്നും നിർദേശിക്കണം.  ഒരു മുൻ ജഡ്‌ജിയും ഓഹരിവിപണിയിലെ വിദഗ്‌ധരും ബാങ്കിങ്‌  മേഖലയിൽനിന്നുള്ളവരും ഉൾപ്പെട്ട സമിതിയുണ്ടാക്കിയാലോ എന്നുകൂടി ചോദിച്ചിരിക്കയാണ്‌. നിലവിലുള്ള നിയന്ത്രണനിയമത്തിലും ചട്ടത്തിലും  ഭേദഗതികൾ ആവശ്യമാണോ എന്ന്‌ നിർദേശിക്കാമെന്നും കോടതി പറഞ്ഞിട്ടുണ്ട്‌.  സെബി സൂക്ഷ്‌മപരിശോധന നടത്തിക്കൊണ്ടിരിക്കുകയാണെന്ന  മറുപടി മാത്രമാണ്‌ ഇതിന്‌ കേന്ദ്ര സർക്കാർ കോടതിയിൽ പറഞ്ഞത്‌.

അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണിയിലെ തട്ടിപ്പ്‌ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്ന്‌  പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ട്‌ തുടർച്ചയായി ആറു ദിവസം പാർലമെന്റ്‌ നടപടികൾ സ്‌തംഭിപ്പിച്ചിട്ടും  ചർച്ചയ്‌ക്ക്‌ സർക്കാർ തയ്യാറായില്ല എന്നത്‌ ദുരൂഹത ഉയർത്തുന്നു. നന്ദിപ്രമേയ ചർച്ചയ്‌ക്ക്‌ മറുപടിയായി ലോക്‌സഭയിൽ ഒന്നര മണിക്കൂറും രാജ്യസഭയിൽ ഒരു മണിക്കൂറും  പ്രസംഗിച്ച പ്രധാനമന്ത്രി മോദി  അദാനി വിഷയത്തിൽ മൗനംതുടർന്നു.   അദാനി എന്ന വാക്കുപോലും ധനമന്ത്രിയും പാർലമെന്റിൽ ഉപയോഗിച്ചില്ല. ഹിൻഡൻബർഗിന്റെ കണ്ടെത്തലുകൾ ഇന്ത്യക്കെതിരായ ആക്രമണമാണെന്ന വാദമുയർത്തി അദാനിയെ സംരക്ഷിക്കാനാണ്‌ ആർഎസ്‌എസ്‌, ബിജെപി നേതാക്കളും ചില കേന്ദ്രമന്ത്രിമാരും രംഗത്തുവന്നത്‌.  തട്ടിപ്പ്‌ തുറന്നുകാട്ടുന്നവർക്ക്‌ പിന്നിൽ ഇടതുപക്ഷമാണെന്ന്‌ ആരോപിച്ചിരിക്കയാണ്‌ ആർഎസ്‌എസ്‌ മുഖപത്രമായ ഓർഗനൈസർ.  അദാനി എന്നാൽ ഇന്ത്യ എന്ന്‌ സ്ഥാപിക്കുകയാണ്‌ ഇവർ.  ഇങ്ങനെയൊരു തട്ടിപ്പുതന്നെ നടന്നിട്ടില്ലെന്ന്‌ വരുത്തിത്തീർക്കാനാണ്‌ ശ്രമം. പൊതുജനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ലക്ഷക്കണക്കിന്‌  കോടി രൂപ നഷ്ടമുണ്ടായാലും അദാനിയെ  രക്ഷിക്കുകയാണ്‌. പണയംവച്ച ഓഹരികൾ കാലാവധിക്കുമുമ്പേ തിരിച്ചെടുത്ത്‌ അദാനി ഓഹരിക്ക്‌  ഓഹരിവിപണിയിൽ മുന്നേറ്റമുണ്ടാക്കാൻ സർക്കാർ അവസരമൊരുക്കുന്നു. അതിനിടെ രാജ്യാന്തര റേറ്റിങ്‌ എജൻസിയായ മുഡീസ്‌ ഇൻവെസ്റ്റർ സർവീസ്‌ അദാനി ഗ്രൂപ്പിലെ നാല്‌ കമ്പനിയുടെ റേറ്റിങ്‌ നെഗറ്റീവായി വെട്ടിക്കുറച്ചതും സർക്കാരിനു തിരിച്ചടിയായി.

മോദി സർക്കാരിന്റെ കാലത്ത്‌ നടക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഓഹരിത്തട്ടിപ്പാണ്‌ അദാനിയുടേത്‌. രാജ്യത്തെ ഏറ്റവും വലിയ ഓഹരി കൈമാറ്റസംവിധാനമായ നാഷണൽ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌  ഓഫീസറായിരുന്ന ചിത്ര രാമകൃഷ്‌ണന്റെ  നേതൃത്വത്തിലായിരുന്നു ആദ്യത്തെ വൻ ഓഹരി കുംഭകോണം. മോദി അധികാരമേറ്റശേഷം നടന്ന ക്രമക്കേടിലെ പ്രധാനി അജ്ഞാതനായ ഹിമാലയൻ യോഗിയാണ്‌.  ചിത്ര വെളിപ്പെടുത്തിയ ഹിമാലയൻ യോഗി ആരാണെന്ന്‌ കണ്ടെത്താൻ മോദി സർക്കാർ ഇതുവരെ ശ്രമിച്ചിട്ടില്ല എന്നതും ദുരൂഹമാണ്‌. 2013 അവസാനം മുതൽ 2016 വരെ ഇതിലൂടെ  75,000 കോടി രൂപയുടെ ഓഹരി അഴിമതി നടന്നതെന്നാണ്‌ അനുമാനിക്കുന്നത്‌. ചിത്ര രാമകൃഷ്‌ണനെയും എൻഎസ്‌ഇയുടെ ഗ്രൂപ്പ്‌ ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫീസറായിരുന്ന ആനന്ദ്‌ സുബ്രഹ്മണ്യത്തെയും അറസ്‌റ്റുചെയ്‌തു എന്നതൊഴിച്ചാൽ മറ്റുള്ളവരാരും പിടിക്കപ്പെട്ടിട്ടില്ല.  സെബി ഉൾപ്പെടെയുള്ള നിയന്ത്രണസംവിധാനങ്ങളെയും കോർപറേറ്റ്‌ കാര്യമന്ത്രാലയത്തെയും നോക്കുകുത്തിയാക്കി ഓഹരി വിപണിയിൽ നടക്കുന്ന ക്രമക്കേടുകൾക്ക്‌ പിന്നിൽ മോദിസർക്കാർ തന്നെയാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top