11 May Saturday

ജനങ്ങൾക്ക്‌ ആശ്വാസമേകാൻ
 പരാതി പരിഹാര അദാലത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 10, 2023


കേരളത്തിന്റെ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിച്ച്‌ അവ നീതിയുക്തമായി വിതരണം ചെയ്യുന്നതിനൊപ്പം പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളെ സവിശേഷ പ്രാധാന്യത്തോടെ സമീപിക്കുകയുമാണ് എൽഡിഎഫ്‌ സർക്കാർ. ജനങ്ങൾക്കൊപ്പംനിന്ന്‌ അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുകയെന്ന ഇടതുപക്ഷ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ഏറ്റവും ദുർബലനെപ്പോലും സാമൂഹ്യ പുരോഗതിക്ക്‌ സംഭാവന നൽകാനാകുംവണ്ണം മാറ്റിയെടുക്കുന്ന പദ്ധതികൾ നടപ്പാക്കുന്നു.  ലൈഫ് പദ്ധതി, പട്ടയവിതരണം പോലുള്ളവ തുടർന്നും നടപ്പാക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. അടിസ്ഥാന സൗകര്യങ്ങളൊരുക്കി വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ച്‌  തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മുൻഗണന നൽകുന്നു.  ഇതിൽത്തന്നെ സ്‌ത്രീകൾക്ക്‌ കൂടുതൽ തൊഴിലവസരം ഉണ്ടാക്കാനും പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നു. ജനങ്ങളുടെ പരാതികളും ആവശ്യങ്ങളും എന്താണെന്ന്‌ തിരിച്ചറിഞ്ഞ്‌ അവ പരിഹരിക്കുകയെന്നത്‌ ഒരു ജനകീയ സർക്കാരിന്റെ കടമ നിർവഹിക്കുന്നതിനും ഏറെ പ്രാധാന്യം നൽകുകയാണ്‌.

ചുവപ്പുനാട ഇല്ലാതാക്കി ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ പരാതിയും നിശ്ചിതസമയത്തിനകം തീർപ്പുകൽപ്പിക്കുന്നതിന്‌ ജാഗ്രതയോടെ പ്രവർത്തിക്കുകയാണ്‌ 2016 മുതൽ എൽഡിഎഫ്‌ സർക്കാർ. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ പ്രത്യേക പരിപാടി നടപ്പാക്കിയിരുന്നു.  നാടിന്റെ വികസനപ്രശ്‌നങ്ങൾ നേരിട്ടറിയാനും അവയ്‌ക്ക്‌ എത്രയും വേഗത്തിൽ  പരിഹാരം കാണാനും അദാലത്തുകൾ നടത്തിയും ജനങ്ങൾക്ക്‌ സഹായം നൽകി.  ഇതിന്റെ തുടർച്ചയായി രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ  മന്ത്രിമാർ ജനങ്ങളുടെ ഇടയിലേക്ക്‌ ഇറങ്ങി പ്രശ്‌നങ്ങൾ മനസ്സിലാക്കി പരിഹരിക്കാൻ താലൂക്ക്‌ തലത്തിൽ വിപുലമായ അദാലത്തുകൾ നടത്തുന്നത് ഏറെ സ്വാഗതാർഹമാണ്‌. ഏപ്രിൽ, മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന അദാലത്തിൽ നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കും. ഭൂമി സംബന്ധമായ വിഷയങ്ങൾ, സർട്ടിഫിക്കറ്റുകളും  ലൈസൻസുകളും  നൽകുന്നതിലെ കാലതാമസം, റവന്യൂ റിക്കവറി- വായ്പ തിരിച്ചടയ്‌ക്കാനുള്ള  ഇളവുകളും സാവകാശവും, ക്ഷേമപദ്ധതികൾ, സാമൂഹ്യസുരക്ഷാ പെൻഷൻ, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും, വയോജന സംരക്ഷണം, പൊതുജലസ്രോതസ്സുകളുടെ സംരക്ഷണം, കുടിവെള്ളം, കൃഷിനാശം നേരിട്ടവർക്ക്  സഹായം, ഭിന്നശേഷിക്കാർക്ക് പുനരധിവാസം, വിവിധ ക്ഷേമനിധി ബോർഡുകളിൽനിന്നുള്ള ആനുകൂല്യങ്ങൾ തുടങ്ങി വ്യത്യസ്‌ത ജനവിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അദാലത്ത്‌  സഹായിക്കും.

നാൽപ്പത്‌ വയസ്സിൽ താഴെയുള്ള മുഴുവൻ സ്‌ത്രീ തൊഴിലന്വേഷകരെയും കേരള നോളജ് ഇക്കോണമി മിഷൻ "തൊഴിലരങ്ങത്തേക്ക്‌’ രണ്ടാംഘട്ടത്തിന്റെ ഭാഗമാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം കേരളത്തിലെ തൊഴിലന്വേഷകരായ വനിതകൾക്ക്‌ ഏറെ പ്രതീക്ഷ നൽകുന്നതാണ്‌.  സർക്കാർ, അർധ സർക്കാർ ഏജൻസികളെ ഉപയോഗിച്ച്‌ നൈപുണ്യവികസന പരിശീലനം നൽകിയാണ്‌ തൊഴിൽ തേടാൻ അവസരമുണ്ടാക്കുന്നത്‌.  രണ്ടുമാസത്തിനിടെ 26,000 പേരെ ഇതിന്റെ ഭാഗമാക്കി. വർക്ക്‌ നിയർ ഹോം പോലെയുള്ള തൊഴിൽരീതികൾ പ്രോത്സാഹിപ്പിക്കുന്നത്‌ വനിതകൾക്കാണ്‌ സഹായകമാകുന്നത്‌. 1000 കോടി ചെലവിൽ ഒരുലക്ഷം വർക്ക്‌ സീറ്റുകൾ സൃഷ്ടിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. വനിതാ സംരംഭകർക്ക്‌  കെഎസ്‌ഐഡിസി നൽകുന്ന ‘വി മിഷൻ കേരള’ വായ്‌പത്തുക 25 ലക്ഷത്തിൽ നിന്ന്‌ 50 ലക്ഷമാക്കി ഉയർത്തിയത്‌ ഈ മേഖലയിൽ വലിയ മുന്നേറ്റത്തിന്‌ വഴിയൊരുക്കും. വനിതാ സഹകരണസംഘങ്ങൾക്ക്‌ അഞ്ചു ലക്ഷം രൂപ തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത ഗ്രാന്റ്‌ നൽകുന്നതും സർക്കാർ ഇൻകുബേഷൻ സെന്ററിൽ വനിതാ സംരംഭകർക്ക്‌ 50 ശതമാനം വാടക ഇളവ്‌ നൽകുന്നതും പ്രധാനപ്പെട്ട ചുവടുവയ്‌പാണ്‌. എത്‌ പ്രതിസന്ധിയിലും സർക്കാരും വ്യവസായവകുപ്പും വനിതാ സംരംഭകരോടൊപ്പം ഉണ്ടാകുമെന്നതിന്റ പ്രഖ്യാപനമാണ്‌ ഇത്‌.

കോർപറേറ്റുകളുടെ താൽപ്പര്യങ്ങളെ സംരക്ഷിക്കുന്ന ആഗോളവൽക്കരണ നയങ്ങൾക്ക് ബദലായി അടിസ്ഥാനവിഭാഗങ്ങളുടെ താൽപ്പര്യങ്ങളിൽ ഊന്നിയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. കേന്ദ്രസർക്കാർ ബോധപൂർവം സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിലേക്ക്‌ തള്ളിവിടുമ്പോഴും ഇതിനെ അതിജീവിച്ച് കേരളത്തിന്റെ ആധുനികവൽക്കരണത്തിന്റെ രണ്ടാംഘട്ടമെന്ന നിലയിലുള്ള വികസനപ്രവർത്തനങ്ങളാണ് എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്നത്‌. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വ്യാജവാർത്തകളെയും ആരോപണങ്ങളെയും പൂർണമായും തള്ളിക്കളഞ്ഞുകൊണ്ട്‌  ജനങ്ങൾ സർക്കാരിന്റെ വികസന പദ്ധതികൾക്കൊപ്പം  നിൽക്കുകയാണ്‌.  മാധ്യമങ്ങളും പ്രതിപക്ഷവും എന്തൊക്കെ കുത്തിത്തിരിപ്പുകൾ സൃഷ്ടിച്ചാലും ജനക്ഷേമ പദ്ധതികൾക്കാണ്‌ എൽഡിഎഫ്‌ സർക്കാർ മുൻഗണന നൽകുന്നതെന്നാണ്‌ ഓരോ പുതിയ പ്രഖ്യാപനവും വ്യക്തമാക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top