26 April Friday

അണിയറ മറക്കാത്ത നടൻ

വെബ് ഡെസ്‌ക്‌Updated: Thursday Apr 27, 2023


‘ചില ജാതി മരങ്ങളുണ്ട്‌, ആ മരങ്ങളിൽ വലിയ വലിയ ഉരുപ്പടികളോ കൊത്തുപണികളോ തീർക്കാൻ കഴിയില്ല. അതുപോലൊരുജാതി മരമാണ്‌ ഞാൻ. കല്ലായിയിലെ ആൾമരം’. സ്വയം ഇങ്ങനെ അടയാളപ്പെടുത്താൻ നടൻ മാമുക്കോയയെ പരുവപ്പെടുത്തിയത്‌ കയറ്റിറക്കങ്ങൾ അടുത്തറിഞ്ഞ ജീവിതപശ്ചാത്തലംതന്നെയാണ്‌. മാമുക്കോയ എന്ന നടൻ മലയാളിയുടെ ജീവിതവുമായി അത്രയേറെ ചേർന്നുനിൽക്കുന്നു.

വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ സ്കൂളിൽ നാടകം സംഘടിപ്പിക്കുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു. കല്ലായിയിൽ മരം അളക്കലായിരുന്നു മാമുക്കോയയുടെ ആദ്യകാലത്തെ തൊഴിൽ.  നിരവധി നാടകത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിൽ എത്തുന്നത്. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന ചിത്രത്തിലാണ് ശ്രദ്ധിക്കപ്പെട്ട ആദ്യവേഷം. സിനിമകളിൽ ഹാസ്യവേഷങ്ങളാണ് കൂടുതലും ചെയ്തത്. സാധാരണ മനുഷ്യരുടെ ശൈലിയാണ് മാമുക്കോയയെ ജനപ്രിയനാക്കിയത്. ഭാഷയും വേഷവും ഭാവവുമെല്ലാം ആ നടനെ മലയാളിയുടെ പ്രിയതാരമാക്കി.

1982ൽ എസ് കൊന്നനാട്ട് സംവിധാനംചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ഒരു വേഷം ലഭിച്ചു. പിന്നീട് തിരക്കേറിയ നടനായി മാറി. ചിരിപ്പിച്ചും ചിന്തിപ്പിച്ചും മാമുക്കോയ കാലത്തിനൊപ്പം സഞ്ചരിച്ചു. മലയാളസിനിമ ന്യൂജെൻ കാലത്തേക്ക് കടന്നപ്പോഴും ആ ഹാസ്യസിംഹാസനത്തിന് പകരക്കാർ അധികമില്ല.

മാമുക്കോയ എന്ന പേരിനെ കോഴിക്കോട്‌ എന്ന ദേശത്തിന്റെ പര്യായപദമായി കാണാനിഷ്ടപ്പെടുന്ന മലയാളികളേറെയുണ്ട്‌. അവർക്ക്‌ കോഴിക്കോട്‌ എന്നുകേൾക്കുമ്പോൾ ഉള്ളിൽ നിറയുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽ, പുറത്തേക്ക്‌ തള്ളിയ പല്ലുകൾ കാണിച്ചുചിരിച്ച്‌ അൽക്കുൽത്ത്‌, കൊയമാന്തരം, പഹയൻ... തുടങ്ങിയ തനി നാടൻ കോഴിക്കോടൻ ഭാഷയിൽ സംസാരിക്കുന്ന മാമുക്കോയ എന്ന കലാകാരനുംകൂടിയുണ്ട്‌. നടൻ എന്നനിലയിൽ മാമുക്കോയയെ മലയാളികൾ പണ്ടേ തിരിച്ചറിഞ്ഞിട്ടുണ്ട്‌.  എന്നാൽ, അദ്ദേഹം ഇടപെട്ട സമ്പന്നമായ സാംസ്‌കാരിക ഭൂമികയെ കുറിച്ചുകൂടി അറിഞ്ഞാലേ മാമുക്കോയ എന്ന കലാകാരന്റെ ജീവിതം എത്രത്തോളം വെളിച്ചമുള്ളതായിരുന്നെന്ന്‌  മനസ്സിലാക്കാൻ കഴിയൂ. സിനിമയിൽ താരമായി ശോഭിക്കുമ്പോഴും നാടകമാണ്‌ ഒരു നടന്റെ ഏറ്റവും ശക്തമായ തട്ടകമെന്ന്‌ അദ്ദേഹം ഉറച്ചുവിശ്വസിച്ചു. സിനിമ ജീവിതവരുമാനത്തിനുള്ള പണിമാത്രമാണ്‌, നാടകം മരണംവരെ ഒപ്പമുള്ള ശ്വാസമാണ്‌ എന്ന്‌ സ്വയം ഉറപ്പിക്കുകയും മറ്റുള്ളവരെ ഓർമപ്പെടുത്തുകയുംചെയ്‌തു. സ്വന്തം ഭാഷയിൽ അഭിമാനിച്ചു. ‘ഞാൻ സംസാരിക്കുന്ന ഭാഷയാണ്‌ ഞാനെ’ന്ന്‌ ഊറ്റംകൊണ്ടു.

കമ്യൂണിസ്റ്റ്‌ അല്ലായിരുന്നെങ്കിലും  ഇ എം എസിനെ മാമുക്കോയ ഒരുപാട്‌ ഇഷ്ടപ്പെട്ടിരുന്നു. പല സാംസ്‌കാരിക പരിപാടികളിലും പ്രസംഗത്തിനുശേഷം അവിടെ നാടകമുണ്ടെന്ന്‌ അറിഞ്ഞാൽ അണിയറയിൽ ചെന്ന്‌ കലാകാരന്മാരെ പരിചയപ്പെടുന്ന ഇ എം എസിന്റെ ശീലത്തെക്കുറിച്ച്‌ അഭിമാനത്തോടെ പലതവണ പറഞ്ഞിട്ടുണ്ട്‌. 

വൈക്കം മുഹമ്മദ്‌ ബഷീറാണ്‌  സിനിമയിൽ എത്തിച്ചത്‌. എസ്‌ കെ പൊറ്റെക്കാട്ടാണ്‌ വിവാഹം കഴിക്കാനുള്ള പെണ്ണിനെ കാണിച്ചുകൊടുത്തതും വിവാഹമാല എടുത്തുകൊടുത്തതും. നാടക നടനായിരുന്ന കാലത്ത്‌ ഉറൂബിന്റെ കൈപിടിച്ച്‌ കോഴിക്കോട്‌ അങ്ങാടിയിലൂടെ നടന്നിട്ടുണ്ട്‌. വൈക്കം മുഹമ്മദ്‌ ബഷീർ മരിച്ചപ്പോൾ ബേപ്പൂർ പള്ളിയിൽ  കബറടക്കുന്നത് വി കെ എന്നിനെ കൊണ്ടുപോയി കാണിച്ചുകൊടുത്തു. ഇഫ്രീത്ത്‌ രാജ്ഞി, വമ്പത്തി നീയാണ് പെണ്ണ്, മോചനം, ഗുഹ, മൃഗശാല, കുടുക്കുകൾ, വാസു പ്രദീപിന്റെയും പി എം താജിന്റെയും പ്രമുഖ നാടകങ്ങൾ എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്‌. സന്ദേശത്തിലെ കെ ജി പൊതുവാളായുള്ള ഹാസ്യ പ്രയോഗവും  നാടോടിക്കാറ്റിലെ ‘ഗഫൂർ കാ ദോസ്‌തും’ ആസ്വാദക പ്രീതിയാർജിച്ചു. ‘പെരുമഴക്കാല’ത്തിലെ അഭിനയത്തിന്‌ സംസ്ഥാന ചലച്ചിത്ര അവാർഡ്‌ ജൂറിയുടെ പ്രത്യേക പരാമർശത്തിന്‌ അർഹമായി.

എം എസ്‌ ബാബുരാജിന്റെ സംഗീതവഴികളിലും ജീവിതവഴികളിലും മാമുക്കോയ അലഞ്ഞിട്ടുണ്ട്‌. തികഞ്ഞ മതനിരപേക്ഷ കാഴ്‌ചപ്പാട്‌ പുലർത്തുന്നതിനൊപ്പം സ്വന്തം മതത്തിലെ അനാചാരങ്ങളോടും ചില പുരോഹിതന്മാരുടെ വിവരക്കേടുകളോടും സന്ധിയില്ലാതെ കലഹിച്ചു. പുരോഗമന ചിന്താധാര ജീവിതത്തിന്റെ എല്ലാ മേഖലയിലും പുലർത്താൻ നിർബന്ധം പിടിച്ചിട്ടുണ്ട്‌.  

കോവിഡ്‌ കാലത്ത്‌, രാമായണവും ഖുറാൻ മലയാളം പരിഭാഷയും എ കെ ജിയുടെ ആത്മകഥയും വായിച്ച്‌ പുതിയ കാലത്തെ കുട്ടികൾ ഉറപ്പായും വായിച്ചുപഠിക്കേണ്ട പുസ്‌തകങ്ങളെന്ന്‌ മാമുക്കോയ പറഞ്ഞു. മാപ്പിളപ്പാട്ടിനെക്കുറിച്ചും ചലച്ചിത്രഗാനങ്ങളെക്കുറിച്ചും നല്ല ധാരണ പുലർത്തുകയും അതിനെക്കുറിച്ചെല്ലാം പഠിക്കാൻ ശ്രമിക്കുകയും ചെയ്തു. അഭിനേതാവിനപ്പുറം ‘മാമുക്കോയ’ സ്വയം ഒരു ദേശമാണ്‌, ഭാഷയാണ്‌, പോയ കാലത്തിലേക്ക്‌  തിരിഞ്ഞുനടക്കാൻ  എളുപ്പമുള്ള വിശാലമായ വഴികൂടിയാണ്‌. ആ ഓർമ മാഞ്ഞു പോകുന്നതല്ല. നർമകലയുടെ സമ്രാട്ടിന്‌ ആദരാഞ്‌ജലി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top