29 March Friday

സാമ്പത്തികശാസ്‌ത്രത്തിന്‌ രണ്ടാം നൊബേൽ ലഭിക്കുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019



ഇന്ത്യൻ വംശജനായ അഭിജിത്ത്‌ ബാനർജിയെ ഈവർഷത്തെ സാമ്പത്തികശാസ്ത്ര നൊബേൽ പുരസ്‌കാരം തേടിയെത്തിയത് ഇന്ത്യാക്കാർക്കാകെ അഭിമാനവും ആഹ്ലാദവും പകരുന്നു. ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ ദാരിദ്ര്യത്തെക്കുറിച്ചുള്ള പഠനഗവേഷണങ്ങൾക്കാണ് പുരസ്‌കാരമെന്നത് പ്രസക്തവുമാണ്. അമർത്യ സെന്നിനുശേഷം സാമ്പത്തികശാസ്ത്രത്തിൽ ഇന്ത്യക്ക് നൊബേൽ ലഭിക്കുന്നത് ഇതാദ്യം. അഭിജിത്തിനൊപ്പം പ്രിയതമ എസ്‌തർ ദുഫ്‌ലോയും അമേരിക്കൻ സ്വദേശി മൈക്കൽ ക്രീമറും ഈ പുരസ്‌കാരം പങ്കുവയ്‌ക്കുന്നു. സാമ്പത്തികശാസ്ത്രത്തിൽ നൊബേലിന് അർഹരാകുന്ന ആദ്യ ദമ്പതികളെന്ന ബഹുമതിയും അഭിജിത്തിനും എസ്‌തറിനും അവകാശപ്പെട്ടതായി.  കൊൽക്കത്തയിലും ഡൽഹിയിലുമെല്ലാം പഠിച്ചുവളർന്ന അഭിജിത്ത് ഇപ്പോൾ അമേരിക്കൻ പൗരനാണ്. ഫ്രഞ്ച് വംശജയായ എസ്‌തറും അമേരിക്കൻ പൗര. ഇരുവരും അമേരിക്കയിൽ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പ്രൊഫസർമാർ.

ഒരു നേരത്തെ വിശപ്പടക്കാനാകാതെ, ഒന്നു കേറിക്കിടക്കാനിടമില്ലാതെ, ഉടുതുണിക്ക് മറുതുണിയില്ലാതെ ജനകോടികൾ ഈ ലോകത്ത് പരക്കംപായുന്നുണ്ട്. പട്ടിണിക്കുപുറമെ നിരക്ഷരത, പോഷകാഹാരക്കുറവ്, ശിശുമരണം. മാതൃമരണം തുടങ്ങി എത്രയെത്ര ദുരിതങ്ങൾ. ദാരിദ്ര്യമെന്നുപറയുമ്പോൾ ഇതെല്ലാം അതിലുൾപ്പെടും. ഇങ്ങനെ പലതരത്തിൽ ദാരിദ്ര്യമനുഭവിക്കുന്ന പട്ടിണിപ്പാവങ്ങളുടെ ജീവിതം തൊട്ടറിയുന്ന പഠനഗവേഷണങ്ങൾക്കാണ് പുരസ്‌കാരമെന്നതിന് വലിയ പ്രാധാന്യമുണ്ട്. സാമ്പത്തികശാസ്‌ത്രത്തെ കഷ്‌ട്ടപ്പെടുന്നവർക്ക്‌ പ്രയോജനപ്പെടുത്തുന്നതിലാണ്‌ അഭിജിത്തും എസ്‌തറും എന്നും താൽപ്പര്യം പ്രകടിപ്പിച്ചത്. ഇരുവരും ചേർന്നെഴുതിയ ‘പുവർ ഇക്കണോമിക്‌സ്‌’ എന്ന പുസ്‌തകംതന്നെ അക്കാര്യം അടിവരയിടുന്നു. എന്നാൽ, അടിസ്ഥാപരമായി ദാരിദ്ര്യം എന്ത്‌ കൊണ്ടുണ്ടാകുന്നുവെന്ന വർഗപരമായ വിശകലനത്തിന്‌ ഇവർ തയ്യാറാകുന്നില്ലെന്ന വിമർശം ഉയരുന്നുണ്ട്‌. മോഡി സർക്കാർ നടപ്പാക്കിയ  നോട്ട്‌ നിരോധനം രാജ്യത്തെ ജനങ്ങളുടെ ദുരിതം വർധിപ്പിക്കുമെന്ന് അഭിജിത്ത്‌ ബാനർജി അന്ന് പറഞ്ഞതും പാവങ്ങളെ മനസ്സിൽ കണ്ടുകൊണ്ടാണ്. നോട്ട് നിരോധനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഏൽപ്പിക്കുന്ന ആഘാതം പ്രതീക്ഷിക്കുന്നതിനേക്കാൾ ഭീകരമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. നരേന്ദ്ര മോഡിയുടെ ‘ഗുജറാത്ത് മോഡൽ' വികസനത്തെയും അഭിജിത്ത് എതിർത്തിരുന്നു.

അതിസമ്പന്നരെ വീണ്ടും സമ്പന്നരാക്കുകയും ധനമൂലധനത്തിന്റെ ചൂതാട്ടം അരങ്ങുതകർക്കുകയും ചെയ്യുന്നൊരു കാലമാണിത്. ലോകത്ത് 70 കോടി ജനങ്ങൾ കടുത്ത ഭാരിദ്ര്യത്തിലാണെന്ന വസ്‌തുത സ്വീഡിഷ് നൊബേൽ അക്കാദമിയും അംഗീകരിച്ചിരിക്കുന്നു.  പോഷകാഹാരക്കുറവുമൂലം പ്രതിവർഷം അഞ്ചുവയസ്സിൽ താഴെയുള്ള അമ്പത്‌ ലക്ഷം കുഞ്ഞുങ്ങൾ മരിച്ചുവീഴുന്നത് ലോകത്തിന്റെ മറ്റൊരു ചിത്രം. യഥാർഥ ദാരിദ്ര്യവും ദുരിതവും ഈ ഔദ്യോഗിക കണക്കുകൾക്കുമപ്പുറം എത്രയോ അകലെയാണ്. ലോകം നേരിടുന്ന ഗുരുതരമായ ഈ പ്രശ്നത്തിന് മുഖ്യധാരാ സാമ്പത്തികശാസ്ത്രം ഒരു പരിഹാരം നിർദേശിക്കുന്നുപോലുമില്ല.

ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ഇവരുടെ പഠനവും ഗവേഷണവും അനുഭവങ്ങളും സഹായകരമാകുമെന്ന് സ്വീഡിഷ് അക്കാദമി വിലയിരുത്തുന്നു.   പട്ടിണിയെ മൊത്തത്തിൽ ഒന്നായി നിർവചിക്കാതെ, ഓരോ ആളും ഓരോ കൂട്ടവും ഓരോ സമൂഹവും നേരിടുന്ന പട്ടിണിയുടെ യഥാർഥകാരണം വെവ്വേറെ കണ്ട് പരിഹാരം കാണുന്ന ഒരു രീതിയാണ് ഇവർ മുന്നോട്ടുവയ്‌ക്കുന്നത്. ലോകത്ത് പലയിടത്തും ഇത് പരീക്ഷിച്ചുനോക്കുകയും ചെയ്‌തു. തൊണ്ണൂറുകൾമുതൽ ഈ മൂന്നുപേരും ഈ യത്നം തുടരുന്നു.  ഇത്തരം പ്രത്യേക ഇടപെടൽവഴി ശാശ്വത പരിഹാരം സാധ്യമാകില്ലെന്നതാണ് വാസ്തവം. വിവിധ രാജ്യങ്ങളിൽ സബ്സിഡികൾ അനുവദിക്കുന്നതിനും സാമൂഹ്യക്ഷേമ ചെലവുകൾ വർധിപ്പിക്കുന്നതിനും ഇവരുടെ പഠനം ഇടയാക്കിയിട്ടുണ്ടെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരം ഇവരുടെ നിർദേശത്തിലുമില്ല.

നാടിന്റെ സാമ്പത്തിക പുരോഗതിയെ മുൻനിർത്തിയുള്ള ചർച്ചകളിൽ എപ്പോഴും മുന്നിൽവരുന്നത് വളർച്ചനിരക്കുകൾമാത്രം. മൊത്തം ആഭ്യന്തരോൽപ്പാദനത്തിന്റെ (ജിഡിപി) കണക്കുകൾ. ഇതിൽ പട്ടിണിയുടെയോ നിരക്ഷരതയുടെയോ മനുഷ്യപുരോഗതിയുടെയോ ഒരു സൂചനയുമില്ല. സാമ്പത്തിക ശാസ്ത്രജ്ഞരായ അമർത്യ സെന്നും ജീൻഡ്രീസുമെല്ലാം ചേർന്ന് വികസിപ്പിച്ചെടുത്ത മനുഷ്യവികസന സൂചിക (ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡെക്സ് )ഇവിടെ ശ്രദ്ധേയമാകുന്നു. പട്ടിണി, ആയുർദൈർഘ്യം, നിരക്ഷരത, ശിശുമരണനിരക്ക്, ആരോഗ്യ പ്രതിരോധ നടപടികൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് ഈ സൂചിക.ഈ ദിശയിലേക്ക് ചർച്ച നയിക്കുന്നതിന്‌ ഈ നൊബേൽ സമ്മാനം ഉപകരിക്കുമെങ്കിൽ നല്ലത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top