23 April Tuesday

ഹിന്ദുത്വ കാർഡിറക്കി ആം ആദ്‌മി പാർടിയും

വെബ് ഡെസ്‌ക്‌Updated: Friday Oct 28, 2022


തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ബിജെപിയേക്കാൾ വലിയ ഹിന്ദുത്വ കാർഡിറക്കി ആംആദ്‌മി പാർടി. ഹിമാചൽപ്രദേശ്‌, ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിമതിക്കെതിരെ എന്ന മുദ്രാവാക്യം ഉയർത്തുമ്പോൾ  മറുഭാഗത്ത്‌ ഹിന്ദുത്വ കാർഡിറക്കി കളിക്കുന്നു. സാമ്പത്തികത്തകർച്ച, വിലക്കയറ്റം, രൂപയുടെ മൂല്യത്തകർച്ച, കാർഷികപ്രതിസന്ധി തുടങ്ങിയ കാതലായ പ്രശ്‌നങ്ങൾ ഉന്നയിക്കാതെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ കറൻസി നോട്ടിൽ ഗണപതിയുടെയും ലക്ഷ്‌മീദേവിയുടെയും ചിത്രങ്ങൾ പതിക്കണമെന്നാണ്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ കഴിഞ്ഞദിവസം കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടത്‌. ദൈവങ്ങളുടെ ചിത്രമുള്ളത്‌ സമ്പദ്‌വ്യവസ്ഥയെ സമൃദ്ധിയിലേക്ക്‌ നയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പുതിയ നോട്ടുകൾ അച്ചടിക്കുമ്പോൾ ഗാന്ധി ചിത്രത്തിനൊപ്പം ലക്ഷ്മിയുടെയും ഗണപതിയുടെയും ഫോട്ടോകൾ ഉണ്ടെങ്കിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്താൻ കഴിയുമെന്നത്‌ തീർത്തും അശാസ്‌ത്രീയവും വിചിത്രവുമായ വാദമാണ്‌. വിശ്വാസത്തെ ചൂഷണംചെയ്‌ത്‌ ജനങ്ങളെ അന്ധവിശ്വാസത്തിലേക്ക്‌ തള്ളിവിടുകയാണ്‌.

2016ലെ നോട്ട്‌ നിരോധന പ്രഖ്യാപനത്തിന്‌ സമാനമായ ഭ്രാന്തൻ ആശയമാണ്‌ ഇത്‌. പ്രചാരത്തിലുണ്ടായിരുന്ന കറൻസി നോട്ടുകളുടെ 80 ശതമാനം നിരോധിച്ച  പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ വിശ്വാസത്തെ കബളിപ്പിക്കുകയായിരുന്നു. കള്ളപ്പണം ഇല്ലാതാക്കി അഴിമതി തടയുന്നതിലൂടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാം എന്നായിരുന്നു നോട്ട്‌ നിരോധനത്തിനു കാരണമായി പറഞ്ഞത്‌.  2000 രൂപ നോട്ടുകളെപ്പറ്റിയുള്ള കെട്ടുകഥകൾ മോദി ഭക്തർ തീവ്രമായി പ്രചരിപ്പിച്ചു. ചിപ്പു ഘടിപ്പിച്ച്‌ പുറത്തിറക്കുന്ന 2000 രൂപ നോട്ടുകൾ മണ്ണിനടിയിൽ കുഴിച്ചിട്ടാലും ഉപഗ്രഹങ്ങൾ വഴി കണ്ടെത്തുമെന്നുവരെ തട്ടിവിട്ടു.  നിരോധനത്തിലൂടെ കള്ളപ്പണം കണ്ടെത്താനോ അഴിമതി തടയാനോ കഴിഞ്ഞില്ലെന്നു മാത്രമല്ല,  സമ്പദ്‌വ്യവസ്ഥയുടെ വളർച്ച സാധ്യതകൾ പാടെ കുഴിച്ചുമൂടപ്പെട്ടു. നോട്ട്  നിരോധനത്തിന്റെ പ്രത്യാഘാതം ഇപ്പോഴും നിലനിൽക്കുന്നുവെന്നും അത്‌ ഭ്രാന്തൻ തീരുമാനമായിരുന്നുവെന്നുമാണ്‌ സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാട്ടിയത്‌. 

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുന്നതിന്റെയും രൂപയുടെ വിനിമയമൂല്യം ഇടിയുന്നതിന്റെയും യഥാർഥ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാനുള്ള നിർദേശങ്ങൾ മുന്നോട്ടുവയ്‌ക്കുകയാണ്‌ വേണ്ടത്‌. എന്നാൽ,  ജനങ്ങളുടെ വിശ്വാസത്തെ മുതലെടുക്കുകയാണ്‌ തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ എഎപിയും. മുസ്ലിം രാജ്യമായ ഇന്തോനേഷ്യയിൽ ഗണപതിയുടെ ചിത്രമുള്ള കറൻസിയുണ്ടെന്ന കെജ്‌രിവാളിന്റെ വാദം ബിജെപി നേതാക്കളും ഉയർത്തിയിരുന്നു. ഇന്തോനേഷ്യൻ വിമാന കമ്പനിയുടെ പേര്‌ ഗരുഡ ആയതുകൊണ്ടാണ്‌ ലാഭത്തിൽ പ്രവർത്തിക്കുന്നതെന്നായിരുന്നു ബിജെപി നേതാക്കൾ പ്രചരിപ്പിച്ചത്‌. 2008 മുതൽ ഇന്തോനേഷ്യൻ കറൻസികളിൽ ഗണപതി ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. ഇന്ത്യയിലെ മുസ്ലിങ്ങളിൽനിന്ന് വ്യത്യസ്തമായി ഇന്തോനേഷ്യയിലെ മുസ്ലിങ്ങൾ ഹിന്ദുസംസ്‌കാരത്തെ ഉൾക്കൊള്ളുന്നുവെന്ന്‌ സ്ഥാപിക്കാനാണ്‌ എഎപിയും തെറ്റായവാദം ഉയർത്തുന്നതിലൂടെ ശ്രമിക്കുന്നത്‌.

ബിജെപിയുടെ പോക്കറ്റുകളിൽ അവർ പയറ്റുന്ന ഹിന്ദുത്വ കാർഡ്‌ തിരിച്ചുപയോഗിച്ച്‌ നുഴഞ്ഞുകയറുകയെന്ന തന്ത്രമാണ്‌ കെജ്‌രിവാളും എഎപിയും പയറ്റുന്നത്‌.  ഇത്‌ ബിജെപിയെ അലോസരപ്പെടുത്തുന്നുണ്ട്‌. കെജ്‌രിവാൾ യഥാർഥത്തിൽ ഹിന്ദുവിരുദ്ധമാണെന്നും ദീപാവലി സമയത്ത്‌ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം തടയാൻ പടക്കംപൊട്ടിക്കുന്നത്‌ തടഞ്ഞെന്നും ബിജെപി  ആരോപിക്കുന്നു.  ബിജെപിയെ രാഷ്ട്രീയമായി എതിർക്കുന്നതിനു പകരം അവരുടെ ഹിന്ദുത്വ നിലപാടിനോട്‌ തുടർച്ചയായി സന്ധി ചെയ്യുകയാണ്‌ എഎപി. ബിജെപി രാമനെ ഉയർത്തിപ്പിടിക്കുമ്പോൾ എഎപി ഹനുമാൻ ഭക്തരായി മുന്നോട്ടുവരുന്നു. ഹിന്ദുത്വത്തിനുവേണ്ടി നിലകൊള്ളുന്നത്‌ തങ്ങളാണെന്ന്‌ അവകാശപ്പെടുന്നു. ഇതിന്‌ അനുസൃതമായ നിലപാടുകളാണ്‌ പല വിഷയത്തിലും സ്വീകരിച്ചത്‌. പൗരത്വ ഭേദഗതി നിയമം, സംസ്ഥാനപദവി റദ്ദാക്കി ജമ്മു കശ്‌മീരിന്റെ വിഭജനം, വിദ്വേഷ പ്രസംഗം തുടങ്ങിയ വിഷയത്തിലെല്ലാം ബിജെപിയുടെ നിലപാടിനൊപ്പമായിരുന്നു. മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ ഡൽഹിയിൽ സംഘപരിവാർ വ്യാപകമായ കലാപം അഴിച്ചുവിട്ടപ്പോൾ ഡൽഹി ഭരണകൂടം നിഷ്‌ക്രിയമായിരുന്നു.  ഇരകളെ സഹായിക്കാൻ കെജ്‌രിവാൾ സർക്കാർ ഫലപ്രദമായി ഇടപെട്ടില്ല. അവരെ അവഹേളിക്കാനും ശ്രമിച്ചു. ഫലത്തിൽ ബിജെപിയും ആംആദ്‌മി പാർടിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളായി അധഃപതിച്ചിരിക്കയാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top