19 April Friday

ഉച്ചക്കഞ്ഞിയിലും മണ്ണുവാരിയിടല്‍

വെബ് ഡെസ്‌ക്‌Updated: Tuesday Mar 7, 2017


രാജ്യത്തെ സ്കൂള്‍വിദ്യാര്‍ഥികളുടെ ഉച്ചക്കഞ്ഞിയിലും നരേന്ദ്ര മോഡി സര്‍ക്കാര്‍ മണ്ണുവാരിയിടുകയാണെന്ന് മനുഷ്യവിഭവശേഷി മന്ത്രാലയം ഏറ്റവും അവസാനമായി ഇറക്കിയ വിജ്ഞാപനം വ്യക്തമാക്കുന്നു. ആധാര്‍ കാര്‍ഡ് നമ്പര്‍ ഹാജരാക്കാത്ത കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കേണ്ടതില്ലെന്നാണ് പുതിയ വിജ്ഞാപനം. മാത്രമല്ല, ഉച്ചക്കഞ്ഞി ഉണ്ടാക്കുന്നവര്‍ക്കും ഇനിമുതല്‍ കൂലി ലഭിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കേണ്ടി വരും. ജൂണ്‍ മുപ്പതിനകം അതായത് അടുത്ത അധ്യയനവര്‍ഷത്തിന്റെ തുടക്കത്തോടെ എല്ലാ കുട്ടികളും ആധാര്‍ കാര്‍ഡ് നമ്പര്‍ ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നു. 

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ പദ്ധതികളിലൊന്നാണ് സ്കൂള്‍വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചക്കഞ്ഞി വിതരണം. രക്ഷിതാക്കളും അധ്യാപകരും മറ്റും ചേര്‍ന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സമഗ്രമായിത്തന്നെ നടപ്പാക്കുന്ന പദ്ധതിയാണിത്. 2007ലാണ് ഈ പദ്ധതി അപ്പര്‍ പ്രൈമറിതലത്തിലേക്കുകൂടി വ്യാപിപ്പിച്ചത്. വിദ്യാഭ്യാസമേഖലയിലെ പ്രത്യേകിച്ചും പ്രൈമറിതലത്തിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് ഏറെ പ്രയോജനം ചെയ്ത പദ്ധതിയാണ് ഉച്ചഭക്ഷണപദ്ധതിയെന്ന് നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല, കുട്ടികള്‍ക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിലും ഈ പദ്ധതി വലിയ പങ്കുവഹിച്ചു. അപ്പര്‍ പ്രൈമറിതലത്തില്‍ 13.16 കോടി വിദ്യാര്‍ഥികളാണ് സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്നത്. ഇതില്‍ 10.03 കോടി വിദ്യാര്‍ഥികളും ഉച്ചഭക്ഷണപദ്ധതി പ്രയോജനപ്പെടുത്തുന്നവരാണ്. 11.50 ലക്ഷം സ്കൂളുകളിലാണ് ഈ പദ്ധതി നടപ്പാക്കിവരുന്നത്. ഗ്രാമീണവിദ്യാര്‍ഥികള്‍ക്കാണ് ഈ പദ്ധതി ഏറെയും പ്രയോജനം ചെയ്യുന്നത്. ഇത്രയും സാര്‍വത്രികമായ ഒരു പദ്ധതി തടസ്സപ്പെടുത്തുന്നതിനാണ് മോഡിസര്‍ക്കാര്‍ ഈ പദ്ധതിയെയും ആധാറുമായി ബന്ധപ്പെടുത്തുന്നത്. 

എല്ലാ ജനോപകാരപ്രദമായ പദ്ധതികളെയും കേന്ദ്ര സര്‍ക്കാര്‍ ആധാറുമായി ബന്ധപ്പെടുത്തി തകര്‍ക്കുന്ന കാഴ്ചയാണ് സമീപകാലത്ത് കാണുന്നത്. എംപ്ളോയീസ് പെന്‍ഷന്‍സംവിധാനത്തെയും മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിയെയും പാചകവാതക സിലിണ്ടര്‍ സബ്സിഡിയെയും ആധാറുമായി ബന്ധപ്പെടുത്തുകയുണ്ടായി. ഇതിന്റെ ഫലമായി പെന്‍ഷന് അര്‍ഹരായ പലര്‍ക്കും അത് നിഷേധിക്കപ്പെട്ടു. തൊഴിലുറപ്പുപദ്ധതിയില്‍ ദിവസങ്ങളോളം പണിയെടുത്തിട്ടും ആധാര്‍ കാര്‍ഡ് ഹാജരാക്കാന്‍ കഴിയാത്തതിനെതുടര്‍ന്ന് പലര്‍ക്കും കൂലി ലഭിച്ചില്ല. പാചകവാതക സബ്സിഡി പണമായി ബാങ്ക് അക്കൌണ്ടിലേക്ക് വരുമെന്ന് മോഡിസര്‍ക്കാര്‍ വാഗ്ദാനം ചെയ്തെങ്കിലും അത് ലഭിക്കുന്നവരുടെ എണ്ണവും കുറഞ്ഞുവരികയാണ്. അതായത് ഏതൊക്കെ പദ്ധതികളാണോ ആധാറുമായി ബന്ധപ്പെടുത്തുന്നത് ആ പദ്ധതികളൊക്കെ അവതാളത്തിലാകുന്ന കാഴ്ചയാണ് കാണാനാകുന്നത്. അതുകൊണ്ടുതന്നെ സ്കൂള്‍കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണപദ്ധതിയുടെ പ്രവര്‍ത്തനവും ഇനി സുഗമമാകില്ലെന്നര്‍ഥം. ഇതുകൊണ്ടാണ് കേരളത്തിലെ മുഖ്യമന്ത്രിയടക്കം ഈ ഉത്തരവിനെതിരെ രംഗത്തുവന്നിട്ടുള്ളത്.

ജനപ്രിയ നടപടികളെല്ലാം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണം ചെയ്യില്ലെന്നതാണ് നവ ഉദാരവല്‍ക്കരണ വിശാരദന്മാരുടെ അഭിപ്രായം. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്ന പദ്ധതികളില്‍നിന്ന് സര്‍ക്കാരുകള്‍ പിന്മാറണമെന്നും ഇക്കൂട്ടര്‍ ഉപദേശിക്കുന്നു. ഈ ലക്ഷ്യംവച്ചാണ് ഓരോ പദ്ധതികള്‍ക്കുമുമ്പിലും പുതിയ പുതിയ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിന് മാറി മാറി വരുന്ന കേന്ദ്ര സര്‍ക്കാരുകള്‍ തയ്യാറാകുന്നത്. അതിന് കേന്ദ്രംതന്നെ കണ്ടെത്തിയ ആയുധമാണ് ആധാര്‍.

ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ആധാര്‍ എന്ന അരിപ്പയിലൂടെ അരിച്ചെടുക്കുകയാണിപ്പോള്‍. പദ്ധതിയുടെ പ്രയോജനം അര്‍ഹര്‍ക്കുമാത്രം നിജപ്പെടുത്തുകയാണെന്നതിന്റെ പേരില്‍ എല്ലാവര്‍ക്കും നിഷേധിക്കുകയാണ് ലക്ഷ്യം. ആധാര്‍ എന്ന അരിപ്പ സ്കൂള്‍കുട്ടികളുടെ ഉച്ചഭക്ഷണപദ്ധതിയിലേക്കും എത്തുന്നതോടെ ഈ പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം കുറയ്ക്കുകതന്നെയാണ് മോഡിസര്‍ക്കാരിന്റെ ലക്ഷ്യം. ഭക്ഷണത്തിനുള്ള കുട്ടികളുടെ അവകാശത്തെയാണ് മോഡിസര്‍ക്കാര്‍ ഹനിക്കുന്നത്.  

ഈ വിഷയത്തിന് മറ്റൊരു തലംകൂടിയുണ്ട്. കുട്ടികള്‍ക്ക് നിയമപരമായി ലഭിക്കേണ്ടതാണ് ഉച്ചഭക്ഷണം. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗംകൂടിയാണിത്. അതുകൊണ്ടുതന്നെ ഇത്തരം പദ്ധതികളില്‍ ആധാര്‍ നമ്പര്‍ നല്‍കണമെന്നതുപോലുള്ള ഉപാധികള്‍ മുന്നോട്ടുവയ്ക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. മാത്രമല്ല, സര്‍ക്കാര്‍സേവനങ്ങള്‍ ലഭ്യമാകുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന ഒന്നിലധികം സുപ്രീംകോടതി ഉത്തരവുകള്‍ ഇറങ്ങിയിട്ടുമുണ്ട്. അതിനെയെല്ലാം കാറ്റില്‍പ്പറത്തിയാണ് പുതിയ പുതിയ സര്‍വീസുകളിലേക്ക് ആധാര്‍ കടന്നുവരുന്നത്.

മാരകമായ ഹൃദയാഘാതത്തെ നേരിടുന്നയാള്‍ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയാല്‍ ആധാറുണ്ടോ എന്ന് നോക്കിമാത്രം ചികിത്സ ലഭ്യമാക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇത് ചെറുക്കപ്പെടേണ്ടതാണ്. ആധാറിന്റെ ദുരുപയോഗത്തിനെതിരെ വ്യാപകമായിത്തന്നെ പ്രതിഷേധം ഉയരേണ്ടതുണ്ട്. ആധാറിന്റെ പേരില്‍ ഒരു സ്കൂള്‍കുട്ടിക്കും ഉച്ചഭക്ഷണം നിഷേധിക്കരുത്. സ്കൂള്‍ രജിസ്റ്റര്‍ അനുസരിച്ചുമാത്രമായിരിക്കണം ഈ ആനുകൂല്യം കുട്ടികള്‍ക്ക് ലഭിക്കേണ്ടത്. ആധാറല്ല മാനദണ്ഡമാക്കേണ്ടത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top