26 April Friday

ആധാറെടുത്തവര്‍ വഴിയാധാരം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 9, 2018

സ്വകാര്യത വ്യക്തിയുടെ മൌലികാവകാശമാണെന്ന സുപ്രീംകോടതിവിധി നിലവിലിരിക്കെ പൌരന്മാരുടെ സകലമാന വിവരങ്ങളും വില്‍പ്പനയ്ക്കുവച്ച ആധാര്‍ രാജ്യത്തിന്റെ പരമാധികാരത്തെയും നീതിന്യായ വ്യവസ്ഥയെയും കൊഞ്ഞനംകുത്തുകയാണ്. വ്യക്തികളുടെ സ്വകാര്യതയെ അതിലംഘിക്കാനുള്ള സ്റ്റേറ്റിന്റെ അധികാരം രാജ്യരക്ഷ പോലെയുള്ള അടിയന്തര വിഷയങ്ങളില്‍ മാത്രമായി പരിമിതപ്പെടും എന്ന ധാരണയാണ് നിലനിന്നിരുന്നത്. എന്നാല്‍, ഇപ്പോള്‍ ആധാറിന്റെയും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യുടെയുമൊക്കെ പേരില്‍ ശേഖരിച്ചുവച്ചിരിക്കുന്ന വ്യക്തിവിവരങ്ങള്‍ ആര്‍ക്കും വിലകൊടുത്തുവാങ്ങാവുന്ന നിലയിലെത്തിയിരിക്കുന്നു. ഫോട്ടോയും കണ്ണിന്റെ കൃഷ്ണമണിയും വിരലടയാളവും ബയോമെട്രിക് വിവരങ്ങളും ഉള്‍പ്പെടെ ഒരാളുടെ സര്‍വ വിവരങ്ങളുമാണ് യുഐഡിഎഐ ശേഖരിക്കുന്നത്.

  ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ ഭരണഘടനാ ബെഞ്ചിന് മുന്നില്‍ കേസ് തുടരുകയാണെങ്കിലും സേവനമേഖലകളില്‍ ഒന്നൊന്നായി ആധാര്‍ നിര്‍ബന്ധമാക്കി വരികയാണ്. ബാങ്ക് അക്കൌണ്ട്, മൊബൈല്‍ ടെലിഫോണ്‍ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കുകയാണ്. പാചകവാതകത്തിന് സബ്സിഡി ലഭിക്കുന്നതിനാണ് തുടക്കത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ റീഫില്‍ ചെയ്യുന്നതിനും ആധാര്‍വേണം. ഇത്തരത്തില്‍ ഒരുവശത്ത് എല്ലാ ആളുകളെയും ആധാര്‍ വലയില്‍ കുരുക്കുകയും മറുവശത്ത് ഇതിന്റെ സുരക്ഷിതത്വം സംബന്ധിച്ച് അയവേറിയ സമീപനം സ്വീകരിക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍.

  ഇതുവരെ 13.5 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. ആധാര്‍ നിയമത്തിലെ 29-ാം വകുപ്പ് പ്രകാരം ആധാറില്‍ ഉള്‍പ്പെട്ട ബയോമെട്രിക് വിവരങ്ങളോ തിരിച്ചറിയല്‍ രേഖകളോ ഒന്നും പരസ്യപ്പെടുത്തിക്കൂടാ. വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന  ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച പദ്ധതിയാണ് ആധാര്‍. പൌരന്മാരുടെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങള്‍ക്കു മേല്‍ കടന്നുകയറുന്ന സാങ്കേതിക സംവിധാനം കൊണ്ടുവരുമ്പോള്‍ ഉറപ്പാക്കേണ്ട ഒരു സുരക്ഷയും മുന്‍കരുതലുകളും ശാസ്ത്രീയതയും ഇല്ലാതെയാണ് ആധാര്‍ നടപ്പാക്കിയതെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.

   ആധാര്‍ വിവരങ്ങള്‍ പൂര്‍ണസുരക്ഷിതമെന്ന് കേന്ദ്ര സര്‍ക്കാരും യുഐഡിഎഐയും സുപ്രീംകോടതിയില്‍ ആവര്‍ത്തിച്ച് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആധാര്‍ വില്‍പ്പനയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഏത് പൌരന്റെയും ആധാര്‍ വിവരങ്ങള്‍ വില്‍ക്കുന്ന റാക്കറ്റിനെ 'ദി ട്രിബ്യൂണ്‍' പത്രം പുറംലോകത്തിന് കാട്ടിക്കൊടുത്തു. ആധാര്‍ വിശദാംശം പരിശോധിക്കാന്‍ 500 രൂപയും കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കാന്‍ 300 രൂപയും നല്‍കിയാല്‍ മതി. ഗ്രാമങ്ങളില്‍ ഇ-സേവനങ്ങള്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച 'കോമണ്‍ സര്‍വീസ് സെന്റേഴ്സ് സ്കീം' (സിഎസ്സിഎസ്) പദ്ധതി പ്രകാരം ആധാര്‍ എന്‍റോള്‍മെന്റ് ചെയ്തുവന്ന മൂന്നു ലക്ഷത്തോളം ഓപ്പറേറ്റര്‍മാരില്‍ ഒരു വിഭാഗമാണ് പഞ്ചാബ് കേന്ദ്രമാക്കിയ ഈ റാക്കറ്റിന് പിന്നിലുള്ളത്. വാട്സാപ് ഗ്രൂപ്പുകളിലൂടെ പണം ഈടാക്കിയാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്. രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്താണ് ഇവര്‍ സിഎസ്സിഎസ് വരുതിയിലാക്കിയതെന്ന് സംശയിക്കുന്നു.

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിലൂടെ വ്യക്തികളുടെ ബാങ്ക് അക്കൌണ്ടുകളില്‍ വന്‍തട്ടിപ്പ് നടത്താന്‍ ഹാക്കര്‍മാര്‍ക്ക് വഴി തെളിയുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ബാങ്ക് അക്കൌണ്ടടക്കം ആധാറുമായി ബന്ധിപ്പിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ കേസ് തുടരുന്നതിനിടെ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന വെളിപ്പെടുത്തല്‍  മോഡി സര്‍ക്കാരിന് വലിയ തിരിച്ചടിയായി. സുരക്ഷയില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടും പരിഹാരനടപടികള്‍ തേടാതെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന പത്രത്തിനെതിരെ നടപടി സ്വീകരിക്കാനാണ് കേന്ദ്രം തയ്യാറായിട്ടുള്ളത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത  'ദി ട്രിബ്യൂണ്‍' ലേഖിക രചന ഖെയ്രയ്ക്കെതിരെയാണ്  ഡല്‍ഹി പൊലീസ് കേസെടുത്തത്. മാധ്യമ സ്വാതന്ത്യ്രത്തിനെതിരായ  നീക്കത്തിനെതിരെ  എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയും വിവിധ രാഷ്ട്രീയ- സാമൂഹ്യപ്രസ്ഥാനങ്ങളും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദത്തിലാണ് യുഐഡിഎഐ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ പരാതിപ്പെട്ടത്.

   ആധാര്‍ സുരക്ഷയുടെ പൊള്ളത്തരം പുറത്തുകൊണ്ടുവന്ന പത്രത്തിനും ലേഖികയ്ക്കുമെതിരെ കേസ് എടുക്കുന്നതിന് പകരം   ശാസ്ത്രീയമായ അന്വേഷണം നടത്തി ചോര്‍ച്ചയുടെ പഴുതടയ്ക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിനുപകരം മാധ്യമങ്ങളുടെ വായടപ്പിക്കാനുള്ള നീക്കം ബിജെപി സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതയാണ് വെളിവാക്കുന്നത്. വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കാനും കേസിനെ നേരിടാനുമുള്ള ദി ട്രിബ്യൂണ്‍ അധികൃതരുടെ തീരുമാനം സ്വാഗതാര്‍ഹമാണ്്. രാജ്യത്തെ കോടിക്കണക്കായ ജനങ്ങളുടെ ജീവിത സുരക്ഷയും സ്വകാര്യതയും വിലമതിക്കാനാകാത്തതാണ്. ഇത് വിദേശശക്തികള്‍ക്കും ആഭ്യന്തര തട്ടിപ്പുകാര്‍ക്കും കൈയിലൊതുക്കാന്‍ സാധിച്ചുവെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന്റേതാണ്്. ആധാര്‍കേസില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് വിധിപറയാനിരിക്കെ പൌരന്മാരുടെ ജീവിതം പന്താടുന്ന നിലപാടില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top