24 April Wednesday

ആധാരമില്ലാത്ത ആധാർ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018


സൂക്ഷിക്കാൻ ഏറ്റവർതന്നെ എല്ലാം വിലപറഞ്ഞുവിൽക്കുകയാണ്‌. സ്വകാര്യതയെന്ന മനുഷ്യാവകാശം സുരക്ഷിതമായിരിക്കണമെന്ന സങ്കൽപ്പംപോലും  അസ്ഥാനത്തായിരിക്കുന്നു. ഇന്ത്യയിൽ യുണീക്‌ ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ (യുഐഡിഎഐ) തലതൊട്ടപ്പനായിരുന്ന ആർ എസ്‌ ശർമയുടെ ആധാർ സുരക്ഷിതത്വം സംബന്ധിച്ച വെല്ലുവിളി ഏറ്റെടുത്ത ഹാക്കർമാർ കരിതേച്ചത്‌ ഇന്ത്യാമഹാരാജ്യത്തിന്റെ മുഖത്തുതന്നെയാണ്‌. തന്റെ ആധാർ വിവരങ്ങൾ ചോർത്തി  പ്രസിദ്ധീകരിക്കാമോ എന്ന ട്രായ്‌ ചെയർമാന്റെ(യുഐഡിഎഐ മുൻ ഡയറക്ടർ ജനറൽ) ചോദ്യത്തോട്‌ പ്രതികരിച്ചവരിൽ ഫ്രഞ്ച്‌ സുരക്ഷാവിദഗ്‌ധൻ മുതൽ  കംപ്യൂട്ടർ വിദ്യാർഥിവരെയണ്ട്‌. ഇത്രയും നിസ്സാരമായി ചോർത്താവുന്ന സംവിധാനത്തിലാണോ  125 കോടി ജനങ്ങളുടെ കൃഷ്‌ണമണിമുതൽ വിരലറ്റംവരെയുള്ള വിവരങ്ങൾ ശേഖരിച്ച്‌  ‘സൂക്ഷിച്ചു’വച്ചിരിക്കുന്നത്‌.

ആധാർ നമ്പർ പരസ്യപ്പെടുത്തി വെല്ലുവിളിച്ച  ട്രായ് തലവൻ ആർ എസ് ശർമയുടെ ബാങ്ക് അക്കൗണ്ടിൽ ഹാക്കർമാർ  നിക്ഷേപിച്ച ഓരോ രൂപ കൃത്യമായ പ്രതീകമാണ്. ആധാറുമായി ബന്ധപ്പെടുത്തിയ ഭീം, പേടിഎം, ഐഎംപിഎസ് ആപ്പുകൾവഴി  പണം നിക്ഷേപിച്ച് അതിന്റെ  വിവരങ്ങളും ഐഡിയും   ട്വിറ്ററിൽ പോസ്റ്റ‌് ചെയ്തപ്പോൾ ആധാറുമായി ബന്ധപ്പെട്ട‌് ഉയർന്നുവന്ന എല്ലാ ആശങ്കകളും ശരിയാണ് എന്നാണ‌് ആവർത്തിച്ചു തെളിയിക്കപ്പെട്ടത്.  ഒരാളുടെ അക്കൗണ്ടിലേക്ക‌്, അയാളുടെ  അറിവോ സമ്മതമോ ഇല്ലാതെ  പണം നിക്ഷേപിക്കാൻ കഴിയുന്നതും ആധാറുമായി ബന്ധിപ്പിച്ച  അക്കൗണ്ടുകൾ ആകെ അജ്ഞാതർക്ക‌് പരിശോധിക്കാൻ കഴിയുന്നതും അതീവ ഗുരുതരാവസ്ഥയാണ് .   ആധാർ സുരക്ഷിതമാണെന്ന് സ്ഥാപിക്കാനാണ് സ്വന്തം  ആധാർ നമ്പർ വെളിപ്പെടുത്തി   തന്റെ സ്വകാര്യവിവരങ്ങൾ ചോർത്താൻ ശർമ വെല്ലുവിളിച്ചത്. മൊബൈൽ ഫോൺ നമ്പർ, വാട്സാപ് പ്രൊഫൈൽ ചിത്രം, പാൻകാർഡ് വിവരങ്ങൾ, എയർ ഇന്ത്യയിലെ ഫ്രീക്വന്റ് ഫ്ളൈയിങ് നമ്പർ, ജനനത്തീയതി, വിലാസം തുടങ്ങിയവയും സംഘപരിവാർ വെബ‌്സൈറ്റ് സ്ഥിരം കാണാൻ ക്രെഡിറ്റ് കാർഡുപയോഗിച്ച‌് ശർമ നടത്തിയ ഇടപാടുവരെയും ഹാക്കർമാർ വലിച്ച് പുറത്തിട്ടു. ഏതാനും രൂപ ചെലവിട്ടാൽ ആർക്കും ചോർത്തിയെടുക്കാവുന്നതാണ് ആധാർ വിവരങ്ങൾ എന്ന് തെളിയിക്കാൻ ഇനി   ഒരാളുടെയും സഹായം വേണ്ട.  ആധാർ വിവരങ്ങൾ ചോർത്തിയെടുക്കുന്നു  എന്ന പരാതി തെളിയിക്കാൻ ഒരാളും ഇനി തുനിയേണ്ടതില്ല. വ്യക്തമാണ് കാര്യങ്ങൾ. 

ഈ ആധാറുമായാണോ മുഴുവൻ ബാങ്ക്‌ അക്കൗണ്ടുകളും ബന്ധിപ്പിക്കണമെന്ന്‌ ആവർത്തിച്ച്‌ ആവശ്യപ്പെടുന്നത്‌. 500 രൂപ മുതലങ്ങോട്ട്‌ സ്ലാബുകളാക്കി തിരിച്ചു വിവരങ്ങൾ വിൽക്കുന്ന സ്വകാര്യ ഏജൻസികൾ രാജ്യത്താകമാനം കച്ചവടം തുടങ്ങിയിട്ട്‌ നാളുകളേറെയായി.  ഇത്രയേറെ ദയനീയ പതനത്തിലാണ്‌ കാര്യങ്ങളെന്ന്‌  ആരും ധരിച്ചിരുന്നില്ല. എന്തുവിലകൊടുത്തും ഇതു തടഞ്ഞില്ലെങ്കിൽ നമ്മുടെ പരമാധികാരപദവി അർഥശൂന്യമാകും.

പൗരത്വനിഷേധം അപകടകരം   
വ്യക്തിക്ക‌്   ഒരു രാജ്യത്തോ രാജ്യങ്ങളുടെ കൂട്ടായ്മയിലോ ജോലി ചെയ്യാനും രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടാനുമുള്ള അവകാശമാണ് പൗരത്വം. ജനനം കൊണ്ടും മാതാപിതാക്കളുടെ പൗരത്വത്തിലൂടെയും വിവാഹം, രാഷ്ട്രീയാഭയം തുടങ്ങിയ മാർഗങ്ങളിലൂടെയുമാണ് പൗരത്വം ലഭ്യമാകുന്നത്. വിഭജനഘട്ടത്തിൽ കിഴക്കൻ പാകിസ്ഥാനായിരുന്ന ബംഗ്ലാദേശിൽനിന്ന് വൻതോതിൽ കുടിയേറ്റം നടന്നത് അസമിലേക്കായിരുന്നു.  ആ സംസ്ഥാനത്തെ പൗരന്മാർക്ക് ആധികാരിക രേഖ നൽകേണ്ടതും പട്ടിക തയ്യാറാക്കേണ്ടതുമായ അവസ്ഥ വന്നത് ആ പശ്ചാത്തലത്തിലാണ്.  1951ലാണ് പൗരന്മാർക്കായുള്ള ദേശീയ രജിസ്റ്റർ (എൻആർസി) തയ്യാറാക്കിയത്. പൗരത്വം സംബന്ധിച്ച തർക്കങ്ങളും പ്രക്ഷോഭങ്ങളും ആ സംസ്ഥാനത്ത‌് തുടർച്ചയായി നടന്നിരുന്നു.  1971 മാർച്ച് 25ന് മുമ്പുമുതൽ അസമിൽ കഴിയുന്നവർക്ക് മാത്രമായി പൗരത്വം പരിമിതപ്പെടുത്തിയ കരാർ ഉണ്ടാക്കിയത് അത്തരം പ്രക്ഷോഭങ്ങളുടെ പരിണതിയായിട്ടാണ്.  ഇപ്പോൾ പൗരത്വ രജിസ്റ്ററിന്റെ കരടുപട്ടിക തയ്യാറാക്കിയത് അതനുസരിച്ചാണ്. 

40 ലക്ഷത്തിലേറെ പേരെ ഒഴിവാക്കിയാണ്  അന്തിമ കരട് വന്നത് എന്നാണ് ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ട വാർത്ത.  തഴയപ്പെവട്ടരിൽ ഭൂരിപക്ഷവും ബംഗാളി മുസ്ലിങ്ങളാണ്. സിംഹഭാഗവും  പരമദരിദ്രരുമാണ്.   പട്ടികയുടെ കരട് മാത്രമാണ്‌ പുറത്തിറങ്ങിയതെന്നും  അതിന്റെ  അടിസ്ഥാനത്തിൽ തുടർനടപടി കൈക്കൊള്ളാനാകില്ലെന്നുമാണ് സുപ്രീംകോടതി പറയുന്നത്.   പരാതി പരിഹാരത്തിനുള്ള മാനദണ്ഡങ്ങൾ സമർപ്പിക്കാൻ  കോടതി സർക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, എല്ലാ പരാതികളും തള്ളുന്ന നിലപാടാണ് പാർലമെന്റിൽ ഭരണപക്ഷത്തുനിന്നുണ്ടായത്. ബിജെപി അധ്യക്ഷൻ അമിത് ഷാ തന്നെ അങ്ങനെയുള്ള സന്ദേശമാണ് നൽകിയത്.  അനധികൃത കുടിയേറ്റത്തിന്റെ പേരുപറഞ്ഞ്‌ നടത്തുന്ന ഇത്തരം നീക്കങ്ങൾ ഇന്ത്യാരാജ്യത്തെ യഥാർഥ പൗരന്മാർക്ക് ജീവിക്കാനുള്ള അവസരം നിഷേധിക്കുന്ന തലത്തിലേക്കാണ് എത്തുന്നത്. ഇത്  ന്യായീകരണമില്ലാത്തതാണ്. മുസ്ലിങ്ങളെയും ഭാഷാ ന്യൂനപക്ഷങ്ങളെയും ലക്ഷ്യംവച്ചുള്ള രാഷ്ട്രീയ കുടിലനീക്കമാണ് എന്ന ആക്ഷേപത്തിന് മറുപടി പറയാനും പ്രശ്നം രമ്യമായി തീർക്കാനും കേന്ദ്ര ഭരണകക്ഷിയായ ബിജെപിക്ക് ഉത്തരവാദിത്തമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top