29 September Friday

ബംഗ്ലാദേശ്‌ നൽകുന്ന പാഠങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Dec 18, 2021


ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ബംഗ്ലാദേശ്‌ സ്വതന്ത്ര രാജ്യമായി മാറിയതിന്റെ അമ്പതാം വാർഷികം ഇന്ത്യയിലും ബംഗ്ലാദേശിലും ആഘോഷിച്ചു. ഈ സന്ദർഭത്തിൽ ബംഗ്ലാദേശിന്റെ പിറവിയിലേക്ക്‌ നയിച്ച കാര്യങ്ങളും പോരാട്ടവും തുടർന്നുള്ള അതിജീവനവും നമുക്കും പ്രസക്തമായ ചില പാഠങ്ങൾ നൽകുന്നുണ്ട്‌.

-ഇന്ത്യയും പാകിസ്ഥാനും സ്വാതന്ത്ര്യം നേടി 24 വർഷം കഴിഞ്ഞാണ്‌ പാകിസ്ഥാന്റെ കിഴക്കൻഭാഗം ബംഗ്ലാദേശ്‌ എന്ന രാജ്യമായി മാറിയത്‌. സാമൂഹ്യ, സാംസ്‌കാരിക, ഭാഷാ, സാമ്പത്തിക വൈജാത്യങ്ങളുള്ള ഒരു ബഹുസ്വര രാജ്യത്തെ മതത്തിന്റെമാത്രം അടിസ്ഥാനത്തിൽ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നത്‌ എത്ര വിനാശകരമായിരിക്കും എന്നതാണ്‌ ഒന്നാമത്തെ പാഠം. അവിഭക്ത ഇന്ത്യയിലെ മുസ്ലിങ്ങൾക്ക്‌ പ്രത്യേക രാജ്യം വേണമെന്ന മുസ്ലിംലീഗിന്റെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ്‌ പാകിസ്ഥാൻ രൂപീകരിക്കപ്പെടുന്നത്‌. ഭിന്നതകൾ തലയുയർത്താൻ അധികം താമസമുണ്ടായില്ല. ജനങ്ങളിൽ ഭൂരിപക്ഷവും പഴയ ബംഗാളിന്റെ ഭാഗമായിരുന്ന കിഴക്കൻ പാകിസ്ഥാനിൽ ആയിരുന്നു.

 കാർഷികരംഗത്തടക്കം സാമ്പത്തികവളർച്ചയും അവിടെയായിരുന്നു. എന്നാൽ, അധികാരവും വളർച്ചയുടെ ഗുണഫലമായ വികസനവും പടിഞ്ഞാറുള്ളവർ തട്ടിയെടുത്തു. ജനങ്ങളിൽ 54 ശതമാനം പേർ സംസാരിക്കുന്ന ബംഗാളിക്ക്‌ രണ്ടാം ദേശീയ ഭാഷയെന്ന പദവിപോലും നൽകാതെ പടിഞ്ഞാറുള്ളവരുടെ ഉറുദു അടിച്ചേൽപ്പിക്കുകകൂടിയായപ്പോൾ മതപരമായ സ്വത്വത്തിനും തടയാനാകാതെ പ്രതിഷേധം അണപൊട്ടി. ശത്രുരാജ്യത്തിലെ ജനങ്ങളെയെന്നപോലെ അടിച്ചമർത്താനാണ്‌ പടിഞ്ഞാറുള്ള സൈനിക ഭരണകൂടം തയ്യാറായത്‌. ഇതിനിടെ 1970ൽ പാക്‌ പാർലമെന്റിലേക്ക്‌ നടത്തിയ തെരഞ്ഞെടുപ്പിൽ കിഴക്കൻ പാകിസ്ഥാനിൽ അതിശക്തമായിരുന്ന അവാമി ലീഗ്‌ ഭൂരിപക്ഷം നേടിയെങ്കിലും അതിന്റെ നേതാവ്‌ ഷേഖ്‌ മുജിബുർ റഹ്‌മാനെ പ്രധാനമന്ത്രിയാക്കാൻ ജനറൽ യഹ്യാ ഖാൻ വിസമ്മതിച്ചതോടെ പാകിസ്ഥാന്റെ വിഭജനം ഉറപ്പായി.

1971 മാർച്ചിൽ പാകിസ്ഥാൻ സൈനിക നടപടി ആരംഭിച്ചശേഷം കിഴക്കൻ ഭാഗത്ത്‌ 30 ലക്ഷത്തോളം ആളുകൾ കൊല്ലപ്പെട്ടതായാണ്‌ കണക്ക്‌. പതിനായിരക്കണക്കിന്‌ സ്‌ത്രീകളെ പാക്‌ സൈന്യവും അവരോടൊപ്പം ചേർന്ന മതപിന്തിരിപ്പന്മാരായ ജമാഅത്തെ ഇസ്ലാമിക്കാരും മറ്റും ബലാത്സംഗം ചെയ്‌തു. ഒരു കോടിയിൽപ്പരമാളുകൾ ജീവൻ രക്ഷിക്കാൻ ഇന്ത്യയിലേക്ക്‌ പലായനം ചെയ്‌തു. പാക്‌ സൈന്യത്തിന്റെ അതിക്രമങ്ങൾ അവസാനിപ്പിക്കാനും അഭയാർഥി പ്രവാഹം നിയന്ത്രിക്കാനും ഇന്ത്യ നടത്തിയ ഇടപെടൽ ഫലം കണ്ടില്ല. ഒടുവിൽ ഇന്ത്യ സൈനികമായി ഇടപെട്ട്‌ 13 ദിവസംകൊണ്ട്‌ പാകിസ്ഥാനെ തറപറ്റിച്ചത്‌ യുദ്ധങ്ങളുടെ ചരിത്രത്തിൽ ഐതിഹാസിക മാനമുള്ള വിജയമായി.

ഹിന്ദി ഹിന്ദു ഹിന്ദുസ്ഥാൻ എന്ന സങ്കുചിത മുദ്രാവാക്യം ഉയർത്തി ഇന്ത്യയിൽ ശാശ്വതമായി അധികാരം ഉറപ്പിക്കാൻ സംഘപരിവാർ തീവ്രശ്രമം നടത്തുമ്പോൾ അത്തരം കുത്സിതനീക്കങ്ങൾ രാജ്യത്തിന്റെ ഐക്യത്തിനും പുരോഗതിക്കും എത്ര മാരകമായ വിപത്തായിരിക്കും എന്നതാണ്‌ പാകിസ്ഥാന്റെ വിഭജനം കാണിക്കുന്നത്‌. 1975ൽ ഷേഖ്‌ മുജിബുർ റഹ്‌മാനെയും  ഭൂരിപക്ഷം കുടുംബാംഗങ്ങളയും വധിച്ച്‌ സൈന്യം ഭരണം പിടിച്ചു. തുടർന്ന്‌, സൈനികഭരണകൂടം ചരിത്രപാഠപുസ്‌തകങ്ങൾ തിരുത്തി ബംഗ്ലാദേശ്‌ വിമോചനം സംബന്ധിച്ച വസ്‌തുതകൾ തമസ്‌കരിക്കുകയും രാജ്യത്തെ ഹ്രസ്വകാലത്തേക്കെങ്കിലും മതവൽക്കരണത്തിലേക്കും പാകിസ്ഥാനീകരിക്കുന്നതിലേക്കും നയിച്ചതിന്റെയും അപകടം നമുക്കും പാഠമാണ്‌. ഇവിടെ ഹിന്ദുത്വവാദികൾ മതവൽക്കരണവും ചരിത്രം തിരുത്തലും മറയില്ലാതെ നടപ്പാക്കി ഇന്ത്യയെ ഹിന്ദു പാകിസ്ഥാനാക്കാനുള്ള ശ്രമത്തിലാണല്ലോ. എന്നാൽ, മതവർഗീയ ശക്തികളുടെ പിടിയിൽനിന്ന്‌ കുതറിമാറിയ ബംഗ്ലാദേശ്‌ ആഗോളപട്ടിണി സൂചിക, മാനവശേഷി സൂചിക തുടങ്ങിയവയിൽ ഇന്ത്യയെപ്പോലും പിന്നിലാക്കി മുന്നേറുകയാണ്‌.

ഇന്ത്യയുടെ സുഹൃത്തുക്കൾ ആരായിരിക്കണമെന്ന കാര്യത്തിലും ബംഗ്ലാദേശ്‌ വിമോചനയുദ്ധം പാഠം നൽകുന്നുണ്ട്‌. അന്ന്‌ ആണവശേഷിയുള്ള യുദ്ധക്കപ്പലുകളുമായി ഇന്ത്യയെ ആക്രമിക്കാനെത്തിയ അമേരിക്കയെ വിരട്ടി പിന്തിരിപ്പിച്ചത്‌ സോവിയറ്റ്‌ യൂണിയനാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top