26 April Friday

ജനത്തെ മറന്ന പരിഷ്കരണം

വെബ് ഡെസ്‌ക്‌Updated: Thursday Nov 10, 2016


മഹാഭൂരിപക്ഷംവരുന്ന സാധാരണ ജനങ്ങളെ വിവരണാതീതമായ കഷ്ടപ്പാടുകളിലേക്ക് നിഷ്കരുണം എറിഞ്ഞുകൊടുത്ത ഭരണാധികാരി എന്നതായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ചരിത്രത്തിലെ ഇടം. ആഹാരത്തിനുപോലും പണമില്ലാതെ വലഞ്ഞവരുടെ ദൈന്യത്തിനുമുന്നില്‍ രാഷ്ട്രം പകച്ചുനില്‍ക്കുകയാണ്. ദൈനംദിന ജീവിതാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്ന കറന്‍സി അപ്രതീക്ഷിതമായി അസാധുവാക്കപ്പെട്ടതോടെ പരിഭ്രാന്തരായി പരക്കംപായുന്ന ജനങ്ങളെയാണ് എങ്ങുംകാണുന്നത്. ഒരുദിനാന്തത്തില്‍ പൊടുന്നനെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട പ്രധാനമന്ത്രി നാളെ പുലരുമ്പോള്‍ പ്രജകളുടെ കൈയിലുള്ള പണത്തിന് വിലയില്ലാതാകും എന്ന് പ്രഖ്യാപിച്ചതിന് എന്തു ന്യായീകരണമാണ് മതിയാകുക. വിവാഹത്തിനും ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും തുടങ്ങി നാനാതരം ആവശ്യങ്ങള്‍ക്ക് പണം സ്വരൂപിച്ചവരെല്ലാം ഒരുകാര്യവും നടക്കാതെ നട്ടംതിരിയുകയാണ്. യാത്ര പുറപ്പെട്ടവരും മടങ്ങിയെത്തിയവരും ഭക്ഷണവും വാഹനവും ലഭിക്കാതെ നരകിച്ചു. കൈയിലുള്ള പണത്തിന് വിലയില്ല. ബാങ്കുകളും എടിഎമ്മുകളും അടച്ചിട്ടിരിക്കുന്നു. റെയില്‍വേ സ്റ്റേഷനുകളിലും ആശുപത്രികളിലുമെല്ലാം സംഘര്‍ഷമാണ്. കച്ചവട കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ രോഷാകുലരായി മടങ്ങുന്നു. ജനജീവിതം അക്ഷരാര്‍ഥത്തില്‍ സ്തംഭിപ്പിച്ച ഈ നടപടി രാജ്യതാല്‍പ്പര്യത്തിന് വേണ്ടിയാണെന്ന വാദം അംഗീകരിക്കാന്‍ ജനങ്ങള്‍ തയ്യാറല്ല.

കള്ളപ്പണവും കള്ളനോട്ടും തടയാനാണ് 500, 1000 രൂപ കറന്‍സികള്‍ പിന്‍വലിക്കുന്നതെന്നാണ് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധനചെയ്ത് പറഞ്ഞത്. ഇതിനായി പാവങ്ങള്‍ ത്യാഗം സഹിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പണം പിന്‍വലിക്കുന്നതിലൂടെ   കഷ്ടപ്പാടിന് ഇരയാകുന്നത് സാധാരണ ജനങ്ങളാണെന്ന പ്രധാനമന്ത്രിയുടെ നിരീക്ഷണം അര്‍ഥവത്താണ്്. കാരണം ഇന്ന് കറന്‍സി ഇടപാടുകള്‍ ആവശ്യമായിവരുന്നത് പാവങ്ങള്‍ക്കാണ്. അവര്‍ക്ക് ക്രെഡിറ്റ,് ഡെബിറ്റ് കാര്‍ഡുകളോ ഇലക്ട്രോണിക് പണവിനിമയ സംവിധാനങ്ങളോ ഉണ്ടാകണമെന്നില്ല. ഇനി ഇതൊക്കെ ഉള്ളവരായാലും കുറച്ചൊക്കെ പണം കൈയില്‍ കരുതേണ്ടിവരും. ചെറുകിട, ഇടത്തരം വരുമാനക്കാരായ ഈ ബഹുഭൂരിപക്ഷം ജനങ്ങളാണോ കള്ളപ്പണക്കാരും കള്ളനോട്ട് ഇടപാടുകാരും എന്ന ചോദ്യമാണ് ഉയരുന്നത്. യഥാര്‍ഥത്തില്‍ കണക്കില്‍പെടാത്ത പണവും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന കള്ളനോട്ടും രാജ്യം നേരിടുന്ന വലിയ വെല്ലുവിളികള്‍തന്നെ. എന്നാല്‍, ഇത്തരം രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങളെ നേരിടാന്‍ പ്രധാനമന്ത്രി കാണിച്ച ചെപ്പടിവിദ്യ പര്യാപ്തമാകില്ല. ഈ രാഷ്ട്രീയ മായാജാലത്തിന് ജനങ്ങള്‍ വലിയ വിലകൊടുക്കേണ്ടിവന്നു. മാത്രമല്ല, യഥാര്‍ഥ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള ഒട്ടേറെ പഴുതുകള്‍കൂടി ഈ 'കറന്‍സി നിരോധനം' ഒരുക്കുന്നുണ്ട്.

വിദേശത്തുള്ള കള്ളപ്പണം മുഴുവന്‍ നാട്ടിലെത്തിക്കുമെന്നും ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൌണ്ടില്‍ 15 ലക്ഷം രൂപവീതം ലഭ്യമാക്കുമെന്നും വാഗ്ദാനം ചെയ്താണ് നരേന്ദ്രമോഡി ഭരണം തുടങ്ങിയത്. നാട്ടുകാരെക്കൊണ്ട് മോഡി ഭരണം നിര്‍ബന്ധിച്ച് എടുപ്പിച്ച ബാങ്ക് അക്കൌണ്ടുകളെല്ലാം ഇന്നും കാലിയായിത്തന്നെ തുടരുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് വന്‍വിവാദമായി വളര്‍ന്ന കള്ളപ്പണം വിദേശ കറന്‍സിയില്‍ വിദേശബാങ്കുകളില്‍ സുരക്ഷിതമാണിന്നും. വിദേശബാങ്കുകളിലെ നിക്ഷേപകരുടെ പട്ടികയെ ചൊല്ലിയായിരുന്നു ആദ്യം ചര്‍ച്ചയെങ്കില്‍, മോഡി പറഞ്ഞത് ആ പണം പിടിച്ചെടുത്ത് ഇന്ത്യയുടെ വികസനത്തിന് ഉപയോഗിക്കുമെന്നായിരുന്നു. പെട്രോള്‍വില കുറയ്ക്കുമെന്നതുപോലെ കള്ളപ്പണവേട്ടയും വെറും പാഴ്വാക്കായി. ആരാണ് കള്ളപ്പണക്കാര്‍ എന്ന കാര്യത്തില്‍ ഭരണാധികാരികള്‍ക്ക് ഒരു അവ്യക്തതയും ഉണ്ടാകേണ്ട കാര്യമില്ല. അവര്‍ നികുതിവെട്ടിപ്പും ബാങ്കുവായ്പാ തട്ടിപ്പും നടത്തുന്ന വന്‍കിട കോര്‍പറേറ്റുകളും അവരുടെ പങ്കുകച്ചവടക്കാരായ ബൂര്‍ഷ്വാ രാഷ്ട്രീയക്കാരുമാണെന്ന കാര്യം ഇതിനകംതന്നെ പുറത്തുവന്നിട്ടുണ്ട്. ഇവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ ഭരണകാലം പാതിപിന്നിട്ടിട്ടും മോഡി തയ്യാറല്ല. ഈ ജാള്യം മറയ്ക്കാനാണ് കള്ളപ്പണം, കള്ളനോട്ട്, തീവ്രവാദം, അഴിമതി തുടങ്ങിയവയ്ക്കെതിരായ നടപടിയെന്ന നാട്യത്തില്‍ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. കറന്‍സി പിന്‍വലിച്ചതിലൂടെ കള്ളപ്പണത്തിന്റെ ഒരു തുമ്പിലെങ്കിലും തൊടാന്‍ സാധിക്കില്ല. കാരണം അതുമുഴുവന്‍ വിദേശത്താണ്. രാജ്യത്തുള്ളതാകട്ടെ ബിനാമി സ്വത്തുക്കളായും സ്വര്‍ണമായും മാറ്റിയതും. കള്ളപ്പണം കറന്‍സിയായി സ്വന്തമായി സൂക്ഷിക്കുന്നവര്‍ ചെറുന്യൂനപക്ഷംമാത്രം. അത്തരക്കാര്‍ക്കുതന്നെ പണം മാറ്റിയെടുക്കാന്‍ ആവശ്യമായ സമയം നല്‍കിയിട്ടുമുണ്ട്. കള്ളപ്പണം ഔദ്യോഗികമായി വെളുപ്പിക്കാനുള്ള അവസരമായി അത്തരക്കാര്‍ക്ക് ഈ നടപടി പ്രയോജനപ്പെടുകയും ചെയ്യും. ബിനാമികളെവച്ച് കള്ളപ്പണം മാറിക്കൊടുക്കുന്ന ഇടത്തട്ടുകാരായ പുതിയ സാമ്പത്തിക കുറ്റവാളികളെ സൃഷ്ടിക്കാനും ഇത് വഴിവയ്ക്കും.

കള്ളനോട്ടുകളുടെ പ്രചാരം തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഏതെങ്കിലും കറന്‍സികള്‍ പിന്‍വലിക്കുന്നതിലൂടെ അവസാനിപ്പിക്കാവുന്നതല്ല വ്യാജനോട്ടുകള്‍.  പുതുതായി ഇറങ്ങുന്നതിനും ചെറിയ നോട്ടുകള്‍ക്കും വ്യാജന്‍ ഇറങ്ങിയേക്കാം. മാത്രമല്ല, ഇപ്പോള്‍ തീവ്രവാദി ഫണ്ടുകള്‍ കൂടുതലായും എത്തുന്നത് ഇലക്ട്രോണിക് വിനിമയംവഴിയാണുതാനും. ഇങ്ങനെ എല്ലാ അര്‍ഥത്തിലും ഫലശൂന്യമായ തീരുമാനമാണ് ബിജെപി സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ഇതിന്റെ ദുരിതങ്ങള്‍ പേറുന്നതാകട്ടെ ദിവസക്കൂലിക്കാരും ചെറുകിടകച്ചവടക്കാരും ലോട്ടറിവില്‍പ്പനക്കാരും കലക്ഷന്‍ ഏജന്റുമാരുമൊക്കെയാണ്. വരുംദിനങ്ങളില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത. പണം മാറിയെടുക്കാനുള്ള തിരക്ക് ബാങ്കുകളെയും പോസ്റ്റ് ഓഫീസുകളെയും വീര്‍പ്പുമുട്ടിക്കും. ആവശ്യത്തിന് കറന്‍സി ലഭ്യമാകാതെ കടുത്ത പ്രതിസന്ധിയും രൂപപ്പെടും. 

മേല്‍പറഞ്ഞതെല്ലാം വ്യക്തിപരമായ വൈഷമ്യങ്ങളാണെങ്കില്‍ സംസ്ഥാന ഗവണ്‍മെന്റുകളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് കേന്ദ്രം എടുത്ത ഈ തീരുമാനം രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നത് കൂടിയാണ്. ട്രഷറികളും ലോട്ടറിയും കെഎസ്എഫ്ഇ പോലുള്ള ധനസ്ഥാപനങ്ങളുമെല്ലാം നിശ്ചലമായിരിക്കുകയാണ്. ആവശ്യമായ തയ്യാറെടുപ്പകളും സാവകാശവും ഉണ്ടായിരുന്നെങ്കില്‍ കേന്ദ്രത്തിന്റെ നടപടി ഏവരാലും ശ്ളാഘിക്കപ്പെടുമായിരുന്നു. എന്നാല്‍, അതിനാടകീയതയും രാഷ്ട്രീയ ദുഷ്ടലാക്കും മോഡിയുടെ പ്രഖ്യാപനത്തില്‍ തെളിഞ്ഞുനില്‍ക്കുന്നു. രാഷ്ട്രീയ അടിയന്തരാവസ്ഥയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായിത്തന്നെ നിലനില്‍ക്കുന്ന ഈ ഘട്ടത്തില്‍ രാജ്യത്തെ സാമ്പത്തിക അരക്ഷിതത്വത്തിലേക്കുകൂടി നയിക്കുകയാണ് ഭരണാധികാരികള്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top