05 June Monday

വിലാപമല്ല; ഇറ്റലിക്കിത് വീണ്ടെടുപ്പാകണം...

എ എന്‍ രവീന്ദ്രദാസ് Thursday Nov 23, 2017

ലോകഫുട്ബോളില്‍ ഒരു ഭീമന്റെ പതനമാണിത്. ആദ്യം അവിശ്വസനീയം. പിന്നെ കോപം, വിലാപം. അതേ, ഇറ്റലിക്കാര്‍ക്ക് ഇങ്ങനെയൊരു ദുരന്തത്തെക്കുറിച്ച് ചിന്തിക്കാനേ ആകുന്നില്ല. 1958നുശേഷം ആദ്യമായി അസൂറിപ്പടയില്ലാത്ത ഒരു ലോകകപ്പിനാണ് റഷ്യയില്‍ അടുത്തവര്‍ഷം പന്തുരുളുന്നത്. ലോകകപ്പ് യോഗ്യതാ യൂറോപ്യന്‍ പ്ളേ ഓഫിന്റെ രണ്ടാംപാദത്തില്‍ മിലാനിലെ സാന്‍സിറോ സ്റ്റേഡിയത്തിന്റെ എല്ലാ ആരവങ്ങളും പിന്തുണയും ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി പോരാടിയിട്ടും സ്വീഡനെതിരെ ഒരു ഗോള്‍ നേടാന്‍ ഇറ്റലിക്കാര്‍ക്കായില്ല. സ്വന്തം തട്ടകമായ ബേസലിലെ ആദ്യപാദത്തില്‍ ജേക്കബ് ജൊഹാന്‍സണ്‍ നിറയൊഴിച്ച ഏക ഗോളിന്റെ മുന്‍തൂക്കവുമായി നാലുതവണത്തെ ലോകചാമ്പ്യന്‍മാരായ ഇറ്റലിയെ പെരുവഴിയിലാക്കി സ്വീഡന്‍ റഷ്യയിലേക്ക് ടിക്കറ്റ് നേടി.

നാലുതവണ ലോകകപ്പ് നേടുകയും രണ്ടുവട്ടം രണ്ടാംസ്ഥാനത്തെത്തുകയും ചെയ്ത ഇറ്റലിയെ സംബന്ധിച്ചിടത്തോളം ഇതുപോലൊരു ദുരന്തവും മാനഹാനിയുമായി അന്താരാഷ്ട്ര ഫുട്ബോളില്‍നിന്നു പിന്മാറേണ്ടിവരുന്നത് അങ്ങേയറ്റം സംഘര്‍ഷഭരിതവും അസ്വാസ്ഥ്യജനകവുമാണ്. അഞ്ചു ലോകകപ്പുകളില്‍ ഗോള്‍വല കാക്കുകയും 2006ല്‍ കിരീടമണിയുകയും ചെയ്ത ഇതിഹാസതാരം ജിയാന്‍ ലൂജി ബഫണിന് സാന്‍സിറോയില്‍ കളി കഴിഞ്ഞപ്പോള്‍ പൊട്ടിക്കരയേണ്ടിവന്നതില്‍ അത്ഭുതമില്ല. ബഫണിനെപ്പോലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്ത മധ്യനിരയിലെ ശക്തിദുര്‍ഗമായ ഡാനിയേല്‍ ഡി റോസിക്കും പ്രതിരോധനിരയിലെ ആന്ദ്രെ ബര്‍സാഗ്ളി, ചില്ലേനി എന്നിവര്‍ക്കും ഇത് അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കാനുള്ള വൈകിയെത്തിയ മുന്നറിയിപ്പായിരുന്നു. നാലുപേരും അസൂറിക്കുപ്പായം ഊരിവയ്ക്കുകയാണെങ്കിലും റഷ്യന്‍ ലോകകപ്പ് നഷ്ടമായതോടെ ബഫണിന് ആറ് ലോകകപ്പുകളില്‍ കളിക്കുന്ന ആദ്യതാരമാകാനുള്ള അവസരമാണ് സ്വീഡന്റെ മുന്നില്‍ വഴുതിപ്പോയത്. ഇറ്റലിയുടെ നീലക്കുപ്പായത്തില്‍ 20 വര്‍ഷം നീണ്ട കരിയറിനാണ് ബഫണ്‍ വിരാമമിട്ടത്.

ഇറ്റാലിയന്‍ ഫുട്ബോളിന്റെ ദാരുണവും ദയനീയവുമായ ഈ പതനത്തിന് ഉത്തരവാദികള്‍ ആരാണ്. അറുപത്തൊമ്പതുകാരനായ പരിശീലകന്‍ ജിയാന്‍ പിയറോ വെഞ്ചുറയെയും ദേശീയ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കാര്‍ലോടാവെച്ചിയെയുമാണ് എല്ലാവരും വിമര്‍ശിക്കുന്നത്. റോബര്‍ട്ടോ മഞ്ചിനീ, ക്ളേഡിയോ റാനിയേരി, കാര്‍ലോ ആഞ്ചലോട്ടി തുടങ്ങിയ പ്രഗത്ഭരെ പിന്തള്ളിയാണ് വെഞ്ചുറ ടീമിന്റെ കടിഞ്ഞാണ്‍ ഏറെടുത്തത്. എന്നാല്‍ യുക്തിഭദ്രമല്ലാത്ത ടീം സെലക്ഷനിലേക്കെത്തിച്ച വെഞ്ചുറയുടെ റൊട്ടേഷന്‍രീതിയും വിചിത്രമെന്നു തോന്നിപ്പിച്ച തന്ത്രങ്ങളും ടീമിന്റെ കുഴിതോണ്ടുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടുന്നു. അതോടെ യൂറോപ്യന്‍ യോഗ്യതാ ഗ്രൂപ്പ് ജിയില്‍ സ്പെയ്നിനു പിന്നില്‍ രണ്ടാം സ്ഥാനത്തേക്കിറങ്ങേണ്ടിവന്ന ഇറ്റലി പ്ളേഓഫില്‍ സ്കാന്‍ഡിനേവിയന്‍ ശക്തികളുടെ മുന്നില്‍പ്പെട്ടു. ആന്ദ്രെ ബലോടെല്ലി, സ്റ്റീഫന്‍ എല്‍ഷാര്‍വി, ലോറന്‍സോ ഇന്‍സിഗ്ന എന്നിവരെ സ്ഥിരമായി ബെഞ്ചിലിരുത്തിയ വെഞ്ചുറയുടെ നടപടിയാണ് ദേശീയ ടീമിനെ തകര്‍ത്തതെന്ന് വ്യാപക വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്.

എല്ലാ പഴിയും വെഞ്ചുറയുടെമേല്‍ കെട്ടിവച്ച് അദ്ദേഹത്തെ പടിയിറക്കിക്കഴിഞ്ഞു. എന്നാല്‍ പരിശീലകന്റെ പിഴവുകള്‍ക്കുമപ്പുറത്ത് ഇറ്റാലിയന്‍ ഫുട്ബോളിന്റെ ശൈഥില്യത്തിനു വഴിവച്ച നിരവധി നടപടികളും സംഭവങ്ങളുമുണ്ട്. നിരവധി തലമുറകള്‍ക്കുള്ളില്‍ ഇറ്റലി അവതരിപ്പിച്ച ഏറ്റവും ദുര്‍ബലമായ ടീമാണ് ഇപ്പോഴത്തേത്. ഒപ്പം ലോക റാങ്കിങ് നിര്‍ണയരീതിയെതന്നെ അട്ടിമറിച്ച ഇറ്റലിയുടെ എതിരാളികള്‍ക്കും ഇതില്‍ പങ്കുണ്ട്. ഗ്രൂപ്പിലെ രണ്ടാംപാദത്തില്‍ സ്പെയ്നിനോട് 30ന് തോറ്റതാകട്ടെ ഇറ്റലിയുടെ പ്രയാണത്തില്‍ വന്‍ തിരിച്ചടിയായി. 2006നുശേഷം ആദ്യമായിട്ടായിരുന്നു അവര്‍ ഒരു ലോകകപ്പ് യോഗ്യതാമത്സരത്തില്‍ തോറ്റത്.

ഒരുകാലത്ത് ഇറ്റാലിയന്‍ ലീഗ് ലോകത്തെ ഏറ്റവും മികച്ച ക്ളബ് സോക്കര്‍ അരങ്ങുകളിലൊന്നായിരുന്നു. എത്രയോ മഹാരഥന്മാരുടെ കാല്‍പ്പാടുകളാണ് അവിടെ പതിഞ്ഞുകിടക്കുന്നത്. മാറഡോണയും വാന്‍ബാസ്റ്റനും ഗുള്ളിറ്റുമെല്ലാം അവരുടെ കളിജീവിതത്തിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കവെയാണ് ഇറ്റാലിയന്‍ ലീഗില്‍ കളിച്ചത്. ഇതിലെ വിരോധാഭാസമെന്തെന്നാല്‍ ഇറ്റലിയുടെ ഇറക്കം തുടങ്ങുന്നത് അവര്‍ 2006ല്‍ നാലാംവട്ടം ലോകകപ്പ് നേടിയതുമുതലാണ്. ആ വേളയിലായിരുന്നു കോഴയും ഒത്തുകളി വിവാദങ്ങളും ഇറ്റാലിയന്‍ ഫുട്ബോളിനെ പിടിച്ചുലച്ചത്. വമ്പന്‍മാരായ യുവന്റസ് രണ്ട് ലീഗ് കിരീടങ്ങള്‍ തിരിച്ചുനല്‍കുകയും തരംതാഴ്ത്തപ്പെടുകയുമുണ്ടായി.

ഇറ്റാലിയന്‍ ഫുട്ബോളിന്റെ യശസ്സിനും വിശ്വാസ്യതയ്ക്കും ക്ഷതമേല്‍പ്പിച്ച ആ സംഭവപരമ്പരകള്‍ക്കുശേഷം ഒട്ടേറെ കളിക്കാര്‍ യുവന്റസ് വിട്ടുപോയി. വീണ്ടെടുപ്പിന് യുവന്റസിന് ആറ് വര്‍ഷം വേണ്ടിവന്നു. ഇറ്റലിയുടെ ആ വരള്‍ച്ചാകാലത്താണ് ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ഏറ്റവും സമ്പന്നമായ ക്ളബ് മത്സരങ്ങള്‍ എന്ന നിലയിലേക്ക് വളര്‍ന്നെത്തിയത്. ഇറ്റലിയാകട്ടെ ആഘാതങ്ങളുടെ തുടര്‍ച്ചയെന്നോണം കഴിഞ്ഞ രണ്ട് ലോകകപ്പുകളുടെയും ഗ്രൂപ്പ്ഘട്ടത്തില്‍തന്നെ കെട്ടുകെട്ടുകയും ചെയ്തു. അന്റോണിയോ കോണ്ടെയെയും മഞ്ചീനിയെയും ആഞ്ചലോട്ടിയെയും കാപ്പെലോയെയുംപോലുള്ള പ്രഗത്ഭ പരിശീലകര്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലേക്ക് ചേക്കേറുകയും അവിടെ വിജയിക്കുകയും ചെയ്തു. കളിക്കാര്‍ക്കും ഇറ്റാലിയന്‍ ലീഗിനോട് താല്‍പ്പര്യം കുറഞ്ഞു. ദേശീയ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍പോലും ഇറ്റലിയുടെ പ്രഗത്ഭന്മാര്‍ തയ്യാറായില്ല. ഇതിനുപുറമെ സങ്കീര്‍ണമായ നിയമങ്ങളും ഫണ്ടിന്റെ അഭാവവും ക്ളബ്ബുകളെ വലയ്ക്കുകയും ചെയ്തു. അതുകൊണ്ട് വിലാപങ്ങള്‍ക്കുമപ്പുറത്ത് സ്വയം തിരിച്ചറിഞ്ഞ് വീണ്ടെടുപ്പിനായി പരിശ്രമിക്കുകയാണ് ഇറ്റലി ചെയ്യേണ്ടത്. അതിന് സമയം അതിക്രമിച്ചുവെന്ന സന്ദേശമാണ് സാന്‍സിറോയിലെ ഈ മഹാദുരന്തം...

 Top