30 November Thursday

ഗന്ധങ്ങളുടെ രസതന്ത്രം

വി സുകുമാരന്‍ Friday Feb 3, 2017

തന്റെ ദുര്‍ഗത്തില്‍ വിശിഷ്ടാതിഥിയായെത്തിയ ഡങ്കണ്‍ രാജാവിനെ വകവരുത്താന്‍ ആതിഥേയനും വീരശൂരപരാക്രമിയുമായ മാക്ബെത്തിനെ പ്രേരിപ്പിക്കുന്നത് തത്രഭവാന്റെ പ്രാണപ്രേയസി ലേഡി മാക്ബെത്തായിരുന്നുവല്ലോ. കൊലയൊക്കെ ഭംഗിയായി നടന്നു. ഭര്‍ത്താവ് സ്കോട്ലന്‍ഡിന്റെ ഛത്രപതിയുമായി. പക്ഷേ കുറ്റബോധം ലേഡി മാക്ബെത്തിന്റെ ഉറക്കംകെടുത്തുന്നു. സമനില തെറ്റിക്കുന്നു. തന്റെ കൈയിന് ചോരയുടെ മണം. എത്ര കഴുകിയാലും അതു പോകുന്നില്ല. All the perfumes of Arabia shall not sweeten this little hand  എന്നാണ് കെട്ടിലമ്മ കേഴുന്നത്. അറേബ്യയിലെ എല്ലാ സുഗന്ധദ്രവ്യങ്ങളും ഈ ചെറിയ കൈയിനെ മധുരതരമാക്കാന്‍ പോകുന്നില്ല. ഇവിടെ മഹാകവി Perfume എന്നു പ്രയോഗിച്ചു. സുഗന്ധംപരത്തുന്ന വസ്തു.  യേശുവിനെ ഒരുനോക്കു കാണാനെത്തുന്ന മഗ്ദലനമറിയം ആ പുണ്യപാദങ്ങള്‍ കഴുകിയത് കണ്ണീരുകൊണ്ടാണ്. പിന്നെ സുഗന്ധലേപനം നടത്തി. Scented Kerchief- അര്‍ഥത്തില്‍ അടുത്തുനില്‍ക്കുന്ന സുന്ദരപദങ്ങളാണ്. Scented Kerchief-  പരിമളം പൊഴിക്കുന്ന കൈലേസാണ്. പ്രേമോദ്ദീപകം Scented words of the Poet-  കവിയുടെ മണമൂറുന്ന വാക്കുകളാണ്.

The Police got scent of it on time' എന്നുപറഞ്ഞാല്‍ പൊലീസിന് അതിന്റെ സൂചന തക്കസമയത്തുകിട്ടി എന്നു സാരം. പൊലീസിന് അതിന്റെ മണംകിട്ടി എന്നുപറയാം. Scent മണം എന്ന പൊതുഗുണമാണുള്ളത്. അത് സുഗന്ധമാവണമെന്ന് ഒരു നിര്‍ബന്ധവുമില്ല. Good Scent നന്മണം; bad scent തിന്മണം. ചിലര്‍ കടന്നുവരുമ്പോള്‍ പരക്കുന്നത് പരിമളമാണ്. അത്തറിന്റെ മണം. പക്ഷേ അവരുടെ ചെയ്തികള്‍ പരത്തുന്നത് ചീമുട്ടയുടെ ഗന്ധമാണ്.

ബിരിയാണിച്ചെമ്പ് തുറക്കുമ്പോള്‍ പൊങ്ങുന്ന ആ അനിര്‍വചനീയ മണമുണ്ടല്ലോ! അതാണ് Aroma.  മട്ടിപ്പാലോ കുന്തിരിക്കമോ പുകയ്ക്കുമ്പോള്‍ ഉയരുന്നതും ആ ഗന്ധംതന്നെ. Aromaticഎന്നത് അജക്റ്റീവ്: aromaticplants. Aromatology എന്നൊരു ഗന്ധശാസ്ത്രംതന്നെ നിലവിലുണ്ട്. അതിന്റെ മറ്റൊരു പേരത്രെ The aroma of Cake- baking filled the X-mas air   (കേക്ക് വാര്‍ക്കലിന്റെ പരിമളം ക്രിസ്മസ്വായുവില്‍ നിറഞ്ഞുനിന്നു).

Odourഉം ഗന്ധംതന്നെ. കഷ്ടകാലത്തിന് മൂപ്പര്‍ക്കൊരു ചീത്തപ്പേരുണ്ടായി. ദുര്‍വാസന. പണ്ട് ഈ പദത്തിന് മണം എന്ന സാമാന്യമായ അര്‍ഥമേ ഉണ്ടായിരുന്നുള്ളു. പിന്നീടാണ് അതിന് ഒരു വില്ലന്‍വേഷം കിട്ടിയത്. വെറും ഗന്ധമെന്ന നിലയില്‍ ഷേക്സ്പിയറും ബെന്‍ജോണ്‍സണുമൊക്കെ, എന്തിന്, മില്‍ടണ്‍പോലും, ഈ പദം ഉപയോഗിച്ചിട്ടുണ്ട്.
ചില പദാര്‍ഥങ്ങളെ  colourless, odourless substance  എന്നു വര്‍ത്തിക്കാറുണ്ടല്ലോ. അവിടെ Odourlessന്ൈ മണമില്ലാത്തത് എന്നേ ധ്വനിയുള്ളു.

എന്നാല്‍ വര്‍ത്തമാനകാലത്ത് odourന് രൂക്ഷത കൈവരുന്നു: ഒരു shapeness,ഒരു  Pungency.. Body odour  ശരീരഗന്ധമാണ്. അതിനെ സദ്ഗന്ധമായി കണക്കാക്കാറില്ല. ഏതു സുന്ദരകളേബരത്തിനും സ്വേദഗന്ധം സ്വാഭാവികമായുമുണ്ടാവും. ആയതിനാല്‍ aroma എന്ന ആരോമലിന്റെ എതിര്‍ തെരുവിലാണ് നാം odour എന്ന ഗന്ധത്തെ നിര്‍ത്തിവരുന്നത്. Odour നെ  Stench (നാറ്റം) എന്നതുമായി ബന്ധിപ്പിക്കാനാണ് ആളുകള്‍ക്ക് ഉത്സാഹം. Foul  എന്ന നാമവിശേഷണപദത്തെ Odourഎന്ന നൌണുമായി ചേര്‍ത്തുവയ്ക്കുകയാണ് പൊതുരീതി.
I am used to the odour of the market street  (ചന്തത്തെരുവിന്റെ ഗന്ധത്തോട് ഞാന്‍ പൊരുത്തപ്പെട്ടുകഴിഞ്ഞു).

 Top