03 June Saturday

നെയ്മറെ പിന്തുടരാന്‍ മെസ്സിയുടെ ചാരത്ത്

എ എന്‍ രവീന്ദ്രദാസ് Thursday Sep 7, 2017

തന്റെ  ആരാധനാമൂര്‍ത്തികളില്‍ ഒരാളുടെ സഹചാരിയാവുകയും മറ്റേയാളുടെ അസാന്നിധ്യം സൃഷ്ടിക്കുന്ന വിടവുനികത്തുകയും വാസനാസമ്പന്നനായ ഈ യുവാവിന്റെ ദൌത്യമാണെന്ന് ഫുട്ബോള്‍ പണ്ഡിറ്റുകള്‍ നിരീക്ഷിക്കുന്നു.്അനിശ്ചിതത്വങ്ങള്‍ക്കും വിലപേശലുകള്‍ക്കുമൊടുവില്‍ ജര്‍മന്‍ ക്ളബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് റെക്കോര്‍ഡ് വിടുതല്‍ തുകയാണ് പോക്കറ്റിലായത്. സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സിയെയും നെയ്മറെയും മനസില്‍ പ്രതിഷ്ഠിച്ചുകൊണ്ട് പന്ത് തട്ടി തുടങ്ങിയ ലോക ഫുട്ബോളിലെ അത്ഭുതബാലന്‍ ഒസ്മാന്‍ ഡെംബെലെയ്ക്കാകട്ടെ സ്പാനിഷ് വമ്പന്‍മാരായ എഫ്സി ബാഴ്സലോണയില്‍ ബൂട്ടുകെട്ടിയിറങ്ങുക എന്ന ചിരകാലമോഹത്തിന്റെ സാഫല്യവുമായി.

ലോകത്തെ പിടിച്ചുകുലുക്കിയ കൂടുമാറ്റത്തിലൂടെ ഫ്രഞ്ച് ക്ളബ്ബായ പി എസ് ജിയിലേക്കുപോയ നെയ്മറുടെ സമര്‍ഥനായ പിന്‍ഗാമിക്കായുള്ള ബാഴ്സയുടെ അന്വേഷണം കൃത്യമായി ഡെംബെലെയില്‍ തന്നെ ചെന്നെത്തിയതിനെ ചരിത്ര നിയോഗമായും കരുതുന്നവരുണ്ട്. കാരണം എല്ലാകാലത്തും ഡെംബെലെയെപോലുള്ള അസാധാരണ പ്രതിഭകള്‍ ഉദയം ചെയ്യാറില്ല. പത്തുവര്‍ഷത്തിനുള്ളില്‍ ഇതുപോലൊരു താരത്തെ കിട്ടുന്നെങ്കില്‍ നല്ലതുതന്നെ. ബാഴ്സയില്‍ മെസ്സിയോടൊപ്പം ചേരാന്‍ നെയ്മര്‍ എത്തിയതിനുശേഷം ആ ടീം സൃഷ്ടിച്ച കളിയുടെ സുവര്‍ണകാലം ആര്‍ക്കാണ് മറക്കാനാവുക. കിടയറ്റ പങ്കാളികള്‍ ഇല്ലാതെ മെസ്സി ബാഴ്സയില്‍ ഒറ്റപ്പെടുന്ന ദുസ്സഹമായ അവസ്ഥക്ക് ഡെംബെലെയുടെ വരവോടെ അറുതിയാവുകയാണെന്ന് ഫുട്ബോള്‍ ലോകം കരുതുന്നു.

നെയ്മര്‍ പോയതോടെ ഒരു കണ്ണി ഊരിപ്പോയ ബാഴ്സലോണയുടെ എംഎസ്എന്‍ (മെസ്സി, സുവാരസ്, നെയ്മര്‍) ത്രയത്തിലെ ആ വിടവു നികത്താന്‍ സമകാലിക ഫുട്ബോളില്‍ ഡെംബെലെയോളം പോന്ന മറ്റൊരു കളിക്കാരനില്ലെന്ന് തിരിച്ചറിയാന്‍ കോച്ച് ഏണസ്റ്റോ വാല്‍വര്‍ദേയ്ക്കും അത് ഫലപ്രാപ്തിയിലെത്തിക്കാന്‍ ക്ളബിനും കഴിഞ്ഞതില്‍ അത്ഭുതപ്പെടേണ്ടതില്ല. കാരണംതന്നെ വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന ഡോര്‍ട്ട്മുണ്ടിനോട് പ്രതിഷേധിച്ച് പരിശീലനത്തില്‍ നിന്നു വിട്ടുനില്‍ക്കുകയും പിടിവാശി തുടരുകയും ചെയ്ത ഡെംബെലെയുടെ കാര്യത്തില്‍ ബാഴ്സയിലേക്ക് പച്ചക്കൊടി കാണിക്കുകയല്ലാതെ ജര്‍മന്‍ ക്ളബിന് മറ്റൊരു പോംവഴിയില്ലായിരുന്നു. അങ്ങനെ പയ്യന്‍ ഇഛിച്ചതുപോലെ യൂറോപ്യന്‍ ഫുട്ബോള്‍ കൈമാറ്റ വിപണിയിലെ രണ്ടാമത്തെ വലിയ തുകയ്ക്ക് (ഏകദേശം 807 കോടി രൂപ) ഡോര്‍ട്ട് മുണ്ട് ഡെംബെലെയെ ബാഴ്സയ്ക്ക് വിട്ടുകൊടുത്തു. ഒന്നാമത്തെ വലിയ കൈമാറ്റം നെയ്മറുടേതാണ് (1675 കോടി രൂപ). മൂന്നാമത്തേത് എവര്‍ടണില്‍നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ റൊമേലൂലൂക്കാക്കുവിന്റേത് (620 കോടി രൂപ). കേവലം 53 കോടി രൂപ മാത്രം കൊടുത്തായിരുന്നു 2016 ജൂലൈയില്‍ ഫ്രാന്‍സിലെ റെന്നിസ് ക്ളബില്‍നിന്ന് ഡെംബെലെയെ ഡോര്‍ട്ട്മുണ്ട് വാങ്ങിയതെന്നും അറിയുക.
ഇനി ബാഴ്സയുടെ ആക്രമണത്തിന്റെ കുന്തമുനയാകേണ്ടത് ഈ ഇരുപതുകാരനാണ്. പതിമൂന്നാം വയസില്‍ റെന്നിസ് ക്ളബിന്റെ അക്കാദമിയില്‍ ചേര്‍ന്ന ഡെംബെലെ 2015 നവംബറിലാണ് ടീമില്‍ അരങ്ങേറ്റം കുറിച്ചത്. പന്തിന്മേലുള്ള നിയന്ത്രണത്തിലും അതവേഗനീക്കങ്ങളിലും സമര്‍ഥനായ താരത്തിന് കണ്ണഞ്ചിക്കുന്ന ഡ്രിബ്ളിങ്ങിലൂടെ ഏത് പ്രതിരോധത്തെയും കീറിമുറിച്ച് മുന്നേറാനുള്ള കഴിവുമുണ്ട്.

201516 സീസണ്‍ ഫ്രഞ്ച് ലീഗില്‍ റെന്നിസിനെ സംബന്ധിച്ചിടത്തോളം ഡെംബെലെ എന്ന ഭാവിതാരത്തിന്റെ ഉദയം കണ്ടെന്നു മാത്രമല്ല 26 മത്സരങ്ങളില്‍ 12 ഗോള്‍ നേടുകയും അഞ്ചെണ്ണത്തിന് ഒത്താശ ചെയ്യുകയുമുണ്ടായി. തന്റെ 18ാം ജന്മദിനത്തിന് ഏതാനും മാസം മുമ്പായിരുന്നു 2016 മാര്‍ച്ചില്‍ നാന്റിസിനെ 41ന് തകര്‍ത്ത ഫ്രഞ്ച് ഡെര്‍ബിയില്‍ ഡെംബെലെ റെന്നിസിനുവേണ്ടി ഹാട്രിക് നേടിയത്. അന്ന് ക്ളബിന്റെ സ്പോര്‍ട്സ് ഡയറക്ടറായ മൈക്കേല്‍ സില്‍വസ്റ്റര്‍ ഈ പയ്യനെ താരതമ്യപ്പെടുത്തിയത്, ഇതേ പ്രായത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോടാണ്. ക്രിസ്റ്റ്യാനോയെ ഓര്‍മിപ്പിക്കുന്ന ചില സവിശേഷതകള്‍ ഡെംബെലെയ്ക്കുണ്ടെന്നും സില്‍വസ്റ്റര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

201617 സീസണിനു മുന്നോടിയായ ഡോര്‍ട്ട്മുണ്ടിന്റെ ചൈന പര്യടനത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതിരോധത്തെ കാഴ്ചക്കാരാക്കിക്കൊണ്ട് നേടിയ 30 വിജയത്തില്‍ സ്കോര്‍ചെയ്തുകൊണ്ടായിരുന്നു അന്ന് 19 കാരനായ ഡെംബെലെ തന്റെ കാലുകളുടെ മൂല്യം വിളംബരം ചെയ്തത്. ഏപ്രില്‍ ഡോര്‍ട്ട്മുണ്ടിന്റെ കളിക്കാര്‍ സഞ്ചരിച്ച ബസിനുനേരെയുണ്ടായ ആക്രമണത്തിന്റെ ഭയപ്പാടിലും കളത്തിലിറങ്ങിയ ഡെംബെലെ ഉള്‍പ്പെട്ട ടീം ചാമ്പ്യന്‍സ്ലീഗ് ക്വാര്‍ട്ടറിന്‍െര്‍ ആദ്യപാദത്തില്‍ മൊണാക്കോയെ 30ന് തകര്‍ക്കുകയുണ്ടായി. എന്നാല്‍ ഡോര്‍ട്ട്മുണ്ടിനുവേണ്ടി ഡെംബെലെ നേടിയ ഏറ്റവും മികച്ചതും സുപ്രധാനവുമായ ഗോള്‍ ജര്‍മന്‍കപ്പിന്റെ സെമിഫൈനലില്‍ ബയേണ്‍ മ്യൂനിച്ചിനെ അവരുടെ തട്ടകത്ത് 32ന് തോല്‍പ്പിച്ചതിലെ ഇടങ്കാലന്‍ ഷോട്ടായിരുന്നു. കരിയറില്‍ ഡെംബെലെ നേടിയ ഏക കിരീടവും ജര്‍മന്‍ കപ്പാണ്. ഫൈനലില്‍ എന്‍ട്രകറ്റ് ഫ്രാങ്ക്ഫര്‍ട്ടിനെതിരെ 21ന് വിജയിച്ചപ്പോള്‍ ആദ്യം ഗോളും ഡെംബെലെയുടെ വകയായിരുന്നു. ഒരു കാര്യത്തില്‍ ഭാഗ്യവാനാണ്. ബാഴ്സയില്‍ മെസ്സിയുടെ സഹതാരമായി നെയ്മറുടെ കാലടികളെ പിന്തുടരാനുള്ള മഹാദൌത്യമാണല്ലോ ഈ ചെറുപ്പക്കാരന്‍ ഏറ്റെടുത്തിരിക്കുന്നത്.
 

 Top