06 June Tuesday

മെസിയിലേക്ക് കണ്ണുറപ്പിച്ച് അര്‍ജന്റീന

എ എന്‍ രവീന്ദ്രദാസ് Thursday Dec 7, 2017

മോസ്കോയിലെ ചരിത്രപ്രസിദ്ധമായ ക്രെംലിന്‍ കൊട്ടാരത്തില്‍ ലോകകപ്പ് 2018ന്റെ നറുക്കെടുപ്പ് കഴിഞ്ഞു. നാലുവീതം ടീമുകളെ എട്ട് ഗ്രൂപ്പിലാക്കി അടുക്കിയ ഗ്രൂപ്പ്ഘട്ട മത്സരങ്ങളുടെ ശാക്തികസന്തുലനം സംബന്ധിച്ച് വലിയ പരാതികള്‍ ആര്‍ക്കും ഉണ്ടാകില്ല. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ജര്‍മനിയോടു തോറ്റ് തലകുനിച്ചുമടങ്ങിയ സൂപ്പര്‍താരം ലയണല്‍ മെസിയുടെ അര്‍ജന്റീന ഇത്തവണ അത്ര ശക്തരല്ലെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല. തെക്കെ അമേരിക്കന്‍ യോഗ്യതയുടെ അവസാന കടമ്പയില്‍ മെസിയുടെ മാന്ത്രികസ്പര്‍ശത്തില്‍ വിരിഞ്ഞ മൂന്നു ഗോളിന് ഇക്വഡോറിനെ തകര്‍ത്ത് അവര്‍ യോഗ്യത നേടിയെന്നേയുള്ളൂ. എങ്കിലും തന്റെ പ്രതിഭകൊണ്ട് ഏതു മത്സരവും ജയിക്കാന്‍ മെസിക്കു കഴിഞ്ഞെന്നുവരാം. അതുതന്നെയാണ് റഷ്യ ലോകകപ്പിലേക്ക് തെക്കെ അമേരിക്കയില്‍നിന്ന് അവസാനസ്ഥാനക്കാരായി ടിക്കറ്റെടുത്ത് ഗ്രൂപ്പ് 'ഡി'യില്‍ ഐസ്ലന്‍ഡിനും ക്രൊയേഷ്യക്കും നൈജീരിയക്കും ഒപ്പം സ്ഥാനംപിടിച്ച അര്‍ജന്റീനയ്ക്ക് ആത്മബലമേകുന്ന ഘടകവും.

2010ലെ ചാമ്പ്യന്‍മാരായ സ്പെയ്നാകട്ടെ ഇടക്കാലത്തെ തളര്‍ച്ചയില്‍നിന്ന് മുക്തരായി ശക്തമായ നിലയിലാണ് ലോകകപ്പിനെത്തുന്നത്. യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ഇറാനും മൊറോക്കോയും ഉള്‍പ്പെട്ട ഗ്രൂപ്പ് 'ബി'യില്‍ യൂറോപ്പിലെ ഏറ്റവും മികച്ച യുവ ഫോര്‍വേഡായ റയല്‍ മാഡ്രിഡിന്റെ ഫ്രാന്‍സിസ്കോ ഇസ്കോയുടെ ബൂട്ടുകളിലാണ് സ്പെയ്ന്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്. മെസിയെപ്പോലെയും ക്രിസ്റ്റ്യാനോയെപ്പോലെയും കളിഗതി മാറ്റിക്കുറിക്കാവുന്ന നിര്‍ണായക ഗോളുകള്‍ കണ്ടെത്താന്‍ ഇസ്കോയ്ക്കു കഴിയുമെന്ന് സ്പാനിഷുകാര്‍ ഉറച്ചുവിശ്വസിക്കുന്നു. അതേസമയം 2016 യൂറോപ്യന്‍ കപ്പിന്റെ ഭൂരിഭാഗവും പരിക്കേറ്റ ക്രിസ്റ്റ്യാനോയെ കൂടാതെ കളിക്കേണ്ടിവന്ന തന്റെ ടീം അധികസമയത്ത് എഡറിന്റെ ഗോളില്‍ ആതിഥേയരായ ഫ്രാന്‍സിനെ ഞെട്ടിച്ച് ജേതാക്കളായ കാര്യം പോര്‍ച്ചുഗീസ് കോച്ച് ലോപ്ടെയ്ഗിയും ഓര്‍മിപ്പിക്കുന്നു. പക്ഷേ ഒരുകാര്യം വ്യക്തമാണ്. ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായി മുന്നേറണമെങ്കില്‍ ഒരു പിഴവും വരുത്തിക്കൂടെന്ന് ഐബീരിയന്‍ അയല്‍ക്കാരായ സ്പെയ്നും പോര്‍ച്ചുഗലും ഒരുപോലെ സമ്മതിക്കുന്നു. സോച്ചിയില്‍ ജൂണ്‍ 15നു നടക്കുന്ന ആദ്യമത്സരത്തില്‍തന്നെ ഇരുകൂട്ടരും നേര്‍ക്കുനേര്‍ വരുന്നു.

എതിരാളികളെ നിര്‍ണയിച്ചതിനാല്‍ ടീമുകള്‍ക്ക് അതിനനുസൃതമായ അടവുകളും തന്ത്രങ്ങളും മെനഞ്ഞ് തയ്യാറെടുപ്പ് തുടങ്ങാം. എങ്കിലും നാലുതവണത്തെ ചാമ്പ്യന്‍മാരായ ഇറ്റലിയും നെതര്‍ലന്‍ഡ്സും ഹംഗറിയും ചിലിയും യുഎസ്എയും അസാന്നിധ്യംകൊണ്ട് ശ്രദ്ധേയമാകുന്ന റഷ്യ ലോകകപ്പില്‍ ആരൊക്കെയാവും ന്യായമായ കിരീടമോഹികള്‍. അവരുടെ സ്വപ്നങ്ങള്‍ തല്ലിക്കൊഴിക്കാന്‍പോന്ന മറ്റൊരു നിരയും ഉണ്ടാകാം.

ഗ്രൂപ്പ് 'എ'യില്‍ ഉറുഗ്വേ, ഈജിപ്ത്, സൌദി അറേബ്യ എന്നിവരോട് പോരിനിറങ്ങുന്ന ആതിഥേരായ റഷ്യയെ ഒരു പന്തയക്കുതിരയായി ആരും കാണുന്നില്ല. ഈ ടൂര്‍ണമെന്റിലെ ഏറ്റവും മോശം ടീമുകളേതെന്ന ചോദ്യത്തിന് ഫിഫ റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ റഷ്യയും സൌദി അറേബ്യയും എന്നാണ് ഉത്തരം. ജൂണ്‍ 14ന് ഉദ്ഘാടനമത്സരത്തില്‍ മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തില്‍ ഇവര്‍ ഏറ്റുമുട്ടും. ഗ്രൂപ്പിലെ അവരെ പിന്തുടരുന്നത് റഷ്യയോ, ഈജിപ്തോ എന്നു കണ്ടറിയുക.

ഗ്രൂപ്പ്നിര്‍ണയം കഴിഞ്ഞപ്പോള്‍ 32 ടീമുകളില്‍ ഏറ്റവും സന്തോഷിച്ചത് ഫ്രാന്‍സാകാം. ഗ്രൂപ്പ് 'സി'യില്‍ പെറുവും ഡെന്‍മാര്‍ക്കും ഓസ്ട്രേലിയയുമാണ് പ്രതിയോഗികള്‍. രണ്ടാം സീഡായ ടീമുകളിലെ ഏറ്റവും ദുര്‍ബലരാണ് പെറു. പക്ഷേ, മികച്ച ഗോളടിക്കാരനും രചനാത്മക നീക്കങ്ങളുടെ സ്രോതസ്സുമായ ക്രിസ്റ്റ്യാന്‍ എറിക്സന്റെ ഡെന്മാര്‍ക്ക് വലിയ ടൂര്‍ണമെന്റുകളില്‍ ചലനം സൃഷ്ടിച്ചേക്കാമെന്ന മുന്‍കരുതല്‍ ഫ്രാന്‍സിനുണ്ട്. ഡെന്‍മാര്‍ക്കിനെ ഗൌരവത്തോടെ കാണുമെങ്കിലും തങ്ങള്‍ക്ക് മോശമാകാത്ത ഒരു ഗ്രൂപ്പില്‍ പെടണമെന്ന് ഫ്രാന്‍സ് ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അത് ഒത്തുകിട്ടിയ ഒരു ലോകകപ്പാണിത്.

ഫ്രാന്‍സിനെപ്പോലെ സന്തോഷിക്കാന്‍ ബ്രസീലിനു കഴിയില്ലെങ്കിലും സൂപ്പര്‍താരം നെയ്മര്‍ ഉള്‍പ്പെടെ പ്രതിഭകളുടെ ധാരാളിത്തമുള്ള ബ്രസീലിന് ഗ്രൂപ്പ് 'ഇ'യില്‍ സ്വിറ്റ്സര്‍ലന്‍ഡും കോസ്റ്റ റിക്കയും സെര്‍ബിയയും അത്ര കടുപ്പക്കാരല്ല. എന്നാല്‍ ബ്രസീലിനു പിന്നില്‍ രണ്ടാംസ്ഥാനക്കാരായി മുന്നേറാന്‍ മൂവര്‍ക്കും ഇടയില്‍ കടുത്ത പോരാട്ടം നടക്കും. ശാക്തികബലാബലത്തില്‍ ഈ ടീമുകള്‍ തമ്മില്‍ വലിയ അന്തരമില്ല.

അതേസമയം കഠിനാധ്വാനികളുടെ സ്വീഡന്‍, തങ്ങളുടെ ഗ്രൂപ്പ് 'എഫി'ല്‍ പെട്ടിരിക്കുന്നുവെന്നതു മാത്രമാണ് നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനിക്ക് ചെറിയ അസ്വസ്ഥത ഉണ്ടാക്കുന്നത്. എന്നാല്‍ പ്രമുഖ ടൂര്‍ണമെന്റുകളില്‍ സ്വീഡന്റെ പരാമാവധികള്‍ക്ക് പരിധികളുണ്ടെന്ന് ജര്‍മനിക്കറിയാം. നിലവിലെ ചാമ്പ്യന്‍മാരെ പാളത്തില്‍നിന്നു തെറിപ്പിക്കാനുള്ള കരുത്തോ കളിമികവോ മെക്സിക്കോയ്ക്കും ദക്ഷിണ കൊറിയക്കും ഇല്ലതാനും. അതുകൊണ്ട് ജര്‍മനി സന്തുഷ്ടരാണ്.

ഗ്രൂപ്പ് 'ജി'യില്‍ യൂറോപ്യന്‍ ശക്തികളായ ഇംഗ്ളണ്ടിനും ബല്‍ജിയത്തിനും പ്രയാണം അത്ര സുഗമമാകണമെന്നില്ല. ഒന്നാംസ്ഥാനംതന്നെയാണ് പ്രധാനം. അതിനായി ബല്‍ജിയവും ഇംഗ്ളണ്ടും തമ്മില്‍ ഒന്നാംതരം നേര്‍ക്കുനേര്‍ യുദ്ധംതന്നെ കണ്ടേക്കാം. ഈ ഗ്രൂപ്പിന്റെ പരികല്‍പ്പന അനുസരിച്ച് ഇരുകൂട്ടരും രണ്ടാം റൌണ്ടില്‍ എത്തുമെങ്കിലും ഒന്നാംസ്ഥാനത്തിനായുള്ള ബലാബലം പോരാട്ടങ്ങള്‍ക്ക് പൊലിമയേറ്റും. മറ്റ് രണ്ടുകൂട്ടരായ തുനീസിയയെയും പാനമയെയും ഉറങ്ങിക്കിടക്കുന്ന ശക്തികളെന്നു വിളിക്കാവുന്നതാണ്.

ഗ്രൂപ്പ് 'എ'പ്പോലെ അവസാന ഗ്രൂപ്പായ 'എച്ചും' എല്ലാവര്‍ക്കും തുല്യസാധ്യത നല്‍കുന്നു. പോളണ്ട്, കൊളംബിയ, സെനഗല്‍, ജപ്പാന്‍ എന്നീ നാലുകൂട്ടരും അടുത്ത റൌണ്ടിലേക്ക് മുന്നേറാന്‍ കടുത്ത പോരാട്ടം നടത്തുമെങ്കിലും ഒന്നാം സീഡുകളിലെ ഏറ്റവും ദുര്‍ബല ടീമാണ് പോളണ്ടെന്ന് വിലയിരുത്തുന്നു. ഹാമിഷ് റോഡ്രിഗസിന്റെ കൊളംബിയക്കാണ് ഗ്രൂപ്പ് ജേതാക്കളാകാന്‍ ഏറ്റവും സാധ്യത. അവരെ പിന്തുടരാന്‍ ജപ്പാനും സെനഗലും കണക്കുകൂട്ടിനില്‍ക്കുന്നു.
 

 Top