06 June Tuesday

നിങ്ങള്‍ എങ്ങനെ ഓര്‍മിക്കപ്പെടണം; മെസി കാണിച്ചുതരുന്നു

എ എന്‍ രവീന്ദ്രദാസ് Thursday Oct 19, 2017

ഈ വര്‍ഷം മാര്‍ച്ച് 28ന് സാവോപോളോയില്‍ പരാഗ്വേയെ 3നു തകര്‍ത്തായിരുന്നു ബ്രസീല്‍ തെക്കേ അമേരിക്കയില്‍നിന്ന് അടുത്തവര്‍ഷത്തെ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ രാജ്യമായത്. അന്നുതന്നെ വിലക്ക് നേരിടുന്ന സൂപ്പര്‍താരം ലയണല്‍ മെസിയുടെ അസാന്നിധ്യത്തില്‍ ലോകത്തെ ഏറ്റവും കടുപ്പമേറിയ ലാപാസിലെ കുന്നിന്‍മുകളിലെ മൈതാനത്ത് ബൊളീവിയയോട് ഏകപക്ഷീയ രണ്ട് ഗോളിന് തോറ്റ അര്‍ജന്റീനയുടെ ലോകകപ്പ് മോഹങ്ങള്‍ക്കുമേല്‍ ഇരുൾ വീഴുകയായിരുന്നു . തുടര്‍ന്ന് പിന്നിട്ട ഏഴ് മാസങ്ങളിലും അകന്നുകൊണ്ടേയിരിക്കുന്ന ചക്രവാളംപോലെയായി അര്‍ജന്റീനയുടെ ലോകകപ്പിലേക്കുള്ള പ്രയാണം. മെസി കളിക്കുമ്പോഴത്തെ അര്‍ജന്റീനയും മെസി ഇല്ലാത്ത അര്‍ജന്റീനയും ജയത്തിന്റെയും തോൽവിയുടെയും കണക്കെടുപ്പില്‍ അമ്പരപ്പിക്കുന്ന അകലത്തിലായിരുന്നു.

അങ്ങനെ ഒടുവില്‍ ലോകമൊട്ടുക്കുമുള്ള ഫുട്‌ബോള്‍പ്രേമികളുടെ ആശങ്കകള്‍ക്കും കൊടിയനിരാശയ്ക്കും അറുതിവരുത്തി ലോകകപ്പ് യോഗ്യതയിലെ അവസാന പോരാട്ടത്തില്‍ ലയണല്‍ മെസിയുടെ രൂപത്തില്‍ അര്‍ജന്റീനയുടെ സൂര്യനുദിച്ചു. 2017 ഒക്ടോബര്‍ 10. സമുദ്രനിരപ്പില്‍നിന്ന് 9127 അടി ഉയരത്തിലുള്ള, ശ്വാസം കിട്ടാന്‍പോലും വിഷമമുള്ള ക്വിറ്റോയിലെ എസ്റ്റാഡിയോ ഒളിമ്പിക്കോ സ്‌റ്റേഡിയത്തില്‍ പ്രതിഭയുടെ അടയാളപ്പെടുത്തലായ മൂന്ന് ഗോളിലൂടെ ഇക്വഡോറിനെ കീഴടക്കി മെസി അര്‍ജന്റീനയെ വിജയക്കുറി ചാര്‍ത്തിച്ചത് വിസ്മയത്തോടെയും വിഭ്രമത്തോടെയുമാണ് ലോകം കണ്ടുനിന്നത്.

ഇക്വഡോറിനെതിരെ സമനിലയായാല്‍പ്പോലും അര്‍ജന്റീനയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാവുമായിരുന്നു.
പത്ത് ടീമുകളുടെ തെക്കേ അമേരിക്കന്‍ യോഗ്യതയില്‍ ആറാംസ്ഥാനത്ത് മരണമുഖത്തായിരുന്ന അര്‍ജന്റീനയെ മെസിയുടെ മാന്ത്രികസ്പര്‍ശമുള്ള ആ മൂന്ന് സുന്ദരന്‍ ഗോളുകളിലൂടെ മൂന്നാംസ്ഥാനത്തേക്ക് കയറിയതിനൊപ്പംറഷ്യൻ വിസയും  പിടിച്ചുപറ്റുകയായിരുന്നു. ബ്രസീലിനു പുറമെ ഉറുഗ്വേയും കൊളംബിയയുമാണ് യോഗ്യത നേടിയ മറ്റ് രണ്ട് ടീമുകള്‍.

ആരാധകരുടെ ആശങ്കകളെ ഗ്രൗണ്ടിനപ്പുറത്തേക്ക് തട്ടിയകറ്റിയ മെസി തന്റെയും ടീമിന്റെയും അസാന്നിധ്യംകൊണ്ട് അപൂര്‍ണമായേക്കാവുന്ന ലോകകപ്പിനാണ് പുതുമാനമേകിയത്. ഫുട്‌ബോ ൾ ലോകത്തെ   മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തില്‍ 40ാം സെക്കന്‍ഡില്‍ ഇക്വഡോറിനോട് ഗോള്‍ വഴങ്ങിയശേഷം ടീമിനെ മെസി ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു. 11, 18, 62 മിനിറ്റുകളിലെ ആ ഗോളുകള്‍ രാജ്യത്തെക്കാള്‍ ക്ലബ്ബിനെ സ്‌നേഹിക്കുന്നവനെന്ന് തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടികൂടിയായി.

ഇങ്ങനെയൊരു വിജയത്തെക്കുറിച്ച് മെസിക്കുപോലും അത്രയ്ക്ക് ഉറപ്പുണ്ടായിരുന്നില്ല. കളിക്കാരുടെ വ്യക്തിപരമായ വൈശിഷ്ട്യം ടീം ഗെയിമിലേക്ക് പരിണമിപ്പിക്കാന്‍കഴിയാത്തത് അര്‍ജന്റീനയുടെ പ്രകടനത്തിലെ ന്യൂനതയായി മിക്കപ്പോഴും നിഴലിച്ചുനില്‍ക്കാറുണ്ട്. അതിന് പ്രതിവിധി കണ്ടെത്താന്‍ കോച്ച് സാംപോളി നടത്തിയ ശ്രമങ്ങള്‍ വിജയിക്കുന്നുവെന്നതിന്റെ സൂചനകൂടി നല്‍കുന്നതാണ് മെസിയും ഏയ്ഞ്ചല്‍ ഡി മരിയയും അടക്കമുള്ള ഈ കളിസംഘത്തിന്റെ നിറവാര്‍ന്ന പ്രകടനവും ആധികാരികതയുമുള്ള ഈ വിജയവും. 1970നുശേഷം ആദ്യമായി അര്‍ജന്റീനയില്ലാത്ത ലോകകപ്പ് നടക്കുമെന്ന ആശങ്കയാണ് ലയണല്‍ മെസി എന്ന ഏകദൈവത്തിലൂടെ നീലപ്പട അകറ്റിയിരിക്കുന്നതാണ്.

നിങ്ങള്‍ ആരാണെന്നല്ല; മറിച്ച് നിങ്ങള്‍ എങ്ങനെ ഓര്‍മിക്കപ്പെടുന്നുവെന്നതാണ് പ്രധാനം. ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ലയണല്‍ മെസി എന്ന അര്‍ജന്റീനക്കാരനും എഫ്‌സി ബാഴ്‌സലോണ എന്ന കാറ്റലോണിയന്‍ സംഘവും വ്യക്തിപ്രഭാവത്തിന്റെയും ടീം ഗെയിമിന്റെയും അനന്തസാധ്യതകള്‍ കാട്ടിത്തന്ന് പുതിയൊരു കാലഘട്ടവും ചരിത്രവും രചിച്ചവരാണ്. എന്നാല്‍ രാജ്യത്തിനായുള്ള പടയില്‍ തോല്‍വി തുടര്‍ക്കഥയാക്കിയ സർവ്വ സൈന്യാ  ധിപനെന്ന ആക്ഷേപവും അര്‍ജന്റീനയുടെ ഈ മിശിഹായ്ക്ക് കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിലും തുടര്‍ച്ചയായി രണ്ട് കോപ്പ ടൂര്‍ണമെന്റിലും ഫൈനലുകളില്‍ അര്‍ജന്റീന പരാജയപ്പെട്ടെങ്കിലും ആ വേദികളിലെല്ലാം സ്ഥിരതയുടെയും സമര്‍പ്പണത്തിന്റെയും പ്രതിഭാസ്പര്‍ശത്തിന്റെയും പൂര്‍ണതയുടെയും ആൾരൂപമായി കളംനിറഞ്ഞാടിയ മെസിയെ മറക്കാന്‍കഴിയുമോ. അതേ, ഇതിഹാസങ്ങള്‍ ഇങ്ങനെയാണ്. എല്ലാം അവസാനിച്ചുവെന്നു വിധിയെഴുതിയിടത്തുനിന്നാകും അവര്‍ പുതിയ അവതാരമെടുക്കുക. ദ്യേഗോ മാറഡോണയെപ്പോലെ കാല്‍പ്പന്തില്‍ സാഹസികതയുടെ അഴകെന്തെന്ന് ലയണല്‍ മെസിയും ലോകത്തെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
 

 Top