09 December Saturday

ഡെക്കേഷനും ഫ്രേപും പിന്നെ കൌച്ചും

വി സുകുമാരൻ Thursday Feb 16, 2017

ഇംഗ്ളീഷ് വൊക്കാബുലറി എന്ന രത്ന ഭണ്ഡാരത്തിലേക്ക് കൊല്ലാവധി വന്നെത്തുന്ന പുതിയ വാക്കുകളുടെ കണക്കെടുപ്പ് ഒരിക്കലും കൃത്യമല്ല. പക്ഷേ OED, Oxford English Dictionary, Random House, Collins തുടങ്ങിയ നിഘണ്ടു നിര്‍മാതാക്കള്‍ നവ പദങ്ങളുടെ പരിശോധനയും തെരഞ്ഞെടുപ്പും തരസ്കരണവും, ക്രമീകരണങ്ങളുമൊക്കെ എല്ലാ കൊല്ലവും രണ്ടുതവണ നടത്തുക പതിവുണ്ട്. വര്‍ത്തമാന ഭാഷയില്‍ ആരോടും ചോദിക്കാതെ പ്രവേശം നേടി, കുടികിടപ്പു സര്‍ട്ടിഫിക്കറ്റിനും തണ്ടപ്പേരിനും അപേക്ഷ സമര്‍പ്പിക്കുന്ന വാക്കുകളുടെ വലിയ ലിസ്റ്റ് നമ്മുടെ മുന്നിലെത്തുന്നു. 2016ല്‍ കറന്റ് യൂസേജ് എന്ന വര്‍ഗീകരണത്തില്‍പ്പെടുന്ന ചില വാക്കുകള്‍ നമുക്ക് പരിശോധിക്കാം.

ഒരു പകല്‍ വിനോദസഞ്ചാരത്തിനോ, പിക്നിക്കിനോ നീക്കിവച്ച് മൂവന്തിയാവുമ്പോള്‍ കൂടുപൂകുക എന്ന ഏര്‍പ്പാട് നമ്മില്‍ പലര്‍ക്കുമുണ്ട്. ഇടയ്ക്കൊരു holiday. അതിന് ഒരു നല്ല വാക്ക് ഇപ്പോള്‍ ലഭ്യമാണ്. DAYCATION (Day + Vacation). 

I was unable to contact him yesterday because I was on a daycation  (ഞാന്‍ ഒരുദിവസത്തെ ഒഴിവാസ്വാദനത്തിലായിരുന്നതിനാല്‍ അയാളെ ഇന്നലെ ബന്ധപ്പെടാന്‍ പറ്റിയില്ല).

ഓണ്‍ലൈനില്‍ വേണ്ടതും വേണ്ടാത്തതും വാങ്ങിക്കൂട്ടുന്ന പുതിയ ഉപഭോഗസംസ്കാരം പല നവപദങ്ങളുടെയും നിര്‍മിതിക്ക് കാരണമാവുന്നു. അതിലൊന്നാണ് Couch Commerce എന്നത്. Buying things on line from your bed. (സ്വന്തം കിടക്കയില്‍ കിടന്നുകൊണ്ട് വേണ്ട വിഭവങ്ങള്‍ ഓണ്‍ലൈനായി വരുത്തുക).

My friend  is addicted to couch commerce.  (എന്റെ ചങ്ങാതി വീട്ടിലിരുന്ന് വിഭവങ്ങള്‍ വരുത്തുന്ന ശീലത്തിന്റെ അടിമയാകുന്നു).

Copyleft  ഒരു പുതിയ പദമാണ്. നമ്മുടെ പഴയ copyright ന്റെ എതിരന്‍. Copyright  ഒരു പുസ്തകത്തിന്റെ എഴുത്തിന്റെ വിതരണാവകാശമാണ്. അത് ഒരു നിയന്ത്രണമാണ്. ഒരു നിയന്ത്രണവും പകര്‍പ്പവകാശവുമില്ലാത്ത എഴുത്താണ് Copyleft. നിങ്ങളുടെ പാഠം (text) ആര്‍ക്കും ഉപയോഗിക്കാം എന്ന അവസ്ഥ.
സര്‍വതന്ത്രസ്വതന്ത്രയായി, ഒറ്റയ്ക്ക് കഴിയുന്ന ഒരു സ്ത്രീ. അവരാണ് FREEMALE.

ഇത് facebook എന്ന മുഖപുസ്തകത്തിന്റെ സുവര്‍ണകാലമാണല്ലോ. നാമറിയാതെ നമ്മുടെ അറിവോ സമ്മതമോ കൂടാതെ നമ്മുടെ ഫെയ്സ്ബുക്ക് സ്വകാര്യത (അക്കൌണ്ടില്‍)യില്‍ നുഴഞ്ഞുകയറി അതിനെ ആഭാസമാക്കി ചെയ്യുന്ന ഏര്‍പ്പാട് ഇക്കാലത്തുണ്ട്. ഈ തോന്ന്യാസത്തിനും ഇംഗ്ളീഷില്‍ ഇപ്പോഴൊരു പേരുണ്ട്. Frape.  ഇത് Facebook + Rape ആകുന്നു.

Frape has become frequent. (ഫെയ്സ്ബുക്ക് ബലാല്‍ക്കാരം ഇപ്പോള്‍ പതിവായിരിക്കുന്നു). വിമാനയാത്ര പലപ്പോഴും വിചാരിക്കുംപോലെ സുഖപ്രദമല്ലെന്ന് വ്യോമസഞ്ചാരികള്‍ക്കൊക്കെ അറിയാം. പല വൈഷമ്യങ്ങളും വന്നുകൂടും. ഫ്ളൈറ്റിന്റെ വൈകല്‍, അതിനകത്തെ അസൌകര്യങ്ങള്‍, ബാഗേജ് നഷ്ടം. ഇത്യാദി. ഇതിനൊരു പേരുണ്ട്. Flightmare ഇത് Flight ഉം nightmare ഉം ഇണചേര്‍ന്നതാണ്. My last trip to London was flight marish.
 

സഞ്ജയന്‍ പണ്ടു പറഞ്ഞ തമാശയാണ്. പരിചയമില്ലാത്ത ഒരാള്‍ ട്രെയിനില്‍വച്ചു കണ്ടപ്പോള്‍ വെളുക്കെ ചിരിക്കുന്നു; ലോഹ്യംപറയുന്നു. ആളാരാണ് എന്ന് പിടികിട്ടുന്നില്ല. ചൊക്ളി സ്റ്റേഷനില്‍ ആ വിദ്വാന്‍ ഇറങ്ങാന്‍ പുറപ്പെടുമ്പോള്‍ സഞ്ജയന്‍ ചോദിക്കുന്നു: അല്ല, രാമന്‍ നായരെ, എന്താ നിങ്ങളുടെ പേര്? 'ഉടന്‍ മറുപടി വന്നുവത്രെ. 'കൃഷ്ണന്‍ നായര്'. രാമനും, കൃഷ്ണനും, ഗോവിന്ദനും, ഗോപാലനും, ശങ്കരനുമൊക്കെ പോപ്പുലര്‍ നാമങ്ങളായിരുന്നു പഴയകാലത്ത്. ആരെയും രാമേട്ടനെന്നോ, കൃഷ്ണേട്ടനെന്നോ ധൈര്യമായി വിളിക്കാമായിരുന്നു. നാം അഭിസംബോധനചെയ്യുന്ന ആള്‍ ഇതിലേതെങ്കിലുമൊന്നാകും. അതുകൊണ്ടാണ് അക്കാലത്തെ മിക്ക പ്രസ്താവങ്ങളിലും രാമന്‍ (Rama) കയറിനില്‍ക്കുന്നത്. രാമന്‍ നല്ലവന്‍. രാവിലെ നേരത്തെ എഴുന്നേല്‍ക്കും; പല്ലുതേക്കും, പ്രാതല്‍ കഴിക്കും; സ്കൂളില്‍ പോകും.

ഇതുപോലെ ഇംഗ്ളീഷില്‍ സാമാന്യമായി ഉപയോഗിച്ചിരുന്ന നിത്യനാമമത്രെ John. Who is that John? അല്ലെങ്കില്‍ Who's that Johnie?  ചിലപ്പോള്‍ Tom, Dick, Hary തുടങ്ങിയ പ്രിയനാമങ്ങളും ഉപയോഗിക്കുക പതിവുണ്ട്. ഒരാള്‍ എന്നേ അര്‍ഥമുള്ളു.

What does this Tom do? (ഈ തൊമ്മന്‍ എന്താണ് ചെയ്യുന്നത്?). Any Tom, Dick and Harry can contest.  (ഏത് അണ്ടനും അടകോളനും മത്സരിക്കാം). ഈ പ്രയോഗത്തില്‍ പ്രോലിട്ടേറിയനോടുള്ള പുച്ഛം നിറഞ്ഞുനില്‍ക്കുന്നുണ്ട്.  Tom, John എന്നൊക്കെ സാമാന നാമങ്ങളായി ഉപയോഗിക്കുമ്പോള്‍ ഒരു non-descript person (മുദ്രവിലയിലും അവന്‍ അലവലാതി) എന്നൊരു സൂചനയോ ദുഃസൂചനയോ മുളപൊട്ടുന്നുണ്ട്.

ഈ സന്ദര്‍ഭത്തിലാണ് John Hancock എന്ന അമേരിക്കക്കാരന്റെ കാര്യം പ്രസക്തമാവുന്നത്. അമേരിക്കന്‍ ഇംഗ്ളീഷില്‍ അത് ഒരു കയ്യൊപ്പിന്റെ (Signature/autograph) പര്യായമാകുന്നു. ഇയാള്‍ ബോസ്റ്റണില്‍ ഒരു വ്യാപാരിയായിരുന്നു. അവിടത്തെ  ആളൊരു തരക്കേടില്ലാത്ത ധിക്കാരി ആയിരുന്നു. 1770ല്‍ യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രജകള്‍ ഒരു Declaration of Independence തയ്യാറാക്കാന്‍ ബ്രിട്ടീഷ് രാജാവ് ജോര്‍ജ് മൂന്നാമന് സമര്‍പ്പിക്കുകയുണ്ടായി. അതൊരു ചരിത്രസംഭവമായിരുന്നു. ഈ പ്രഖ്യാപനത്തിലെ ആദ്യത്തെ ഒപ്പുകാരനായിരുന്നു John Hancock. വലിയ മത്തങ്ങ അക്ഷരങ്ങളിലാണത്രെ ഇദ്ദേഹം തന്റെ പേരെഴുതി ഒപ്പിട്ടത്. കണ്ണടകൂടാതെ രാജാവിന് തന്റെ പേരു വായിക്കാന്‍ സാധിക്കണമെന്ന വാശി ഈയാള്‍ക്കുണ്ടായിരുന്നുപോല്‍. ഏതായാലും ആ ചങ്ങാതിയുടെ പേര് കയ്യൊപ്പ് എന്നതിന്റെ സമാനപദമായി തീര്‍ന്നു.

He Put his John Hancock on the document even without reading itb (രേഖ മുഴുവന്‍ വായിക്കാതെതന്നെ അയാള്‍ അതില്‍ ഒപ്പുചാര്‍ത്തി).
Tell those johnies to mind thier business (ആ ചങ്കരന്മാരോട് അവരുടെ കാര്യം നോക്കാന്‍ പറ) എന്നത് ഒരു ശൈലിയാണ്.

John തന്നെ യോഹന്നാന്റെ തത്ഭവമത്രെ. Michael മിഖായേലിന്റെ വകഭേദമാണെന്നതുപോലെ. Stephen എസ്തപ്പനാണ്.

Jupiter ഇംഗ്ളീഷില്‍ Joveഉം Joയും ആയി. പത്രോസാണ് Peter എന്ന് ആര്‍ക്കാണ് അറിയാത്തത്!

 

 
 Top