25 April Thursday

സൂക്ഷിക്കുക ; ഇടതുവശം ചേര്‍ന്നുപോകുക

വി സുകുമാരന്‍ Thursday Aug 10, 2017

റോഡിന്റെ ഇടതുവശം ചേര്‍ന്നുനടക്കാനാണ് രാരിച്ചന്‍ എന്ന പൌരനു നല്‍കപ്പെടുന്ന നിര്‍ദേശം: Keep to the left. ഇത് ഇന്ത്യയില്‍ പണ്ടുപണ്ടേയുള്ള ട്രാഫിക് നിയമമത്രെ. വലതുചേര്‍ന്നു നടക്കുന്ന നാടുകളുമുണ്ട്.


ചെറുപ്പംമുതലേ ഇടത്തോട്ടുചാഞ്ഞ മനസ്സാണ് എന്റേത്: My mind, from my childhood kept left.   എന്റെ ബന്ധുക്കള്‍ മിക്കവരും മറിച്ചാണ്: They keep right.   എനിക്കതില്‍ ഒരു പ്രയാസവും തോന്നിയിട്ടില്ല. ഭാര്യയുടെ സ്ഥാനം ഭര്‍ത്താവിന്റെ ഇടതുഭാഗത്താണ്. കൈലാസം കുന്നിന്മേല്‍ എസ്റ്റേറ്റിന്റെ ഉടമസ്ഥനായ സാക്ഷാല്‍ പരമേശ്വര കൈമള്‍, പാര്‍വതിയക്കനെ പിടിച്ചിരുത്തിയത് മൂപ്പരുടെ വാമഭാഗത്താണ്. കുടുംബനാഥ എപ്പോഴും കണവന്‍ എന്ന കണ്‍കണ്ട ദൈവത്തിന്റെ ഇടതുപക്ഷമാണെന്ന് ആര്‍ക്കാണ് അറിയാത്തത്. ശരീരത്തില്‍ ഹൃദയമെന്ന യന്ത്രത്തിന്റെ സ്ഥാനവും ഇടതുഭാഗത്തുതന്നെ.
He has his heart in its right place എന്നു പറയുമ്പോഴും നമുക്കറിയാം. ചങ്കിന്റെ തുടിപ്പ് ഇടത്തുഭാഗത്തുനിന്നുകൊണ്ടാണെന്ന്.
സാധാരണ നാമെഴുതുന്നത്, ഉണ്ണുന്നത്, തല്ലുന്നത്, ഹസ്തദാനം ചെയ്യുന്നത്, വലതു കൈകൊണ്ടാണ്. അയാള്‍ മന്ത്രിയുടെ വലതു കൈയാണ്:  He is the minister's right hand എന്നുപറഞ്ഞാല്‍ അയാള്‍ ഏറ്റവും വിശ്വസ്തനായ ശിങ്കിടിയാണ് എന്നു സിദ്ധിക്കുന്നു. പല അധ്വാനങ്ങള്‍ക്കും രണ്ടുകൈയും ആവശ്യമുണ്ടെങ്കിലും നാം കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് വലതിനെയാണ്. വലംപിരി ശംഖിനാണ് ശ്രേഷ്ഠത.
ശരിയായത്. കാമ്യമായത് എന്ന അര്‍ഥത്തിലും Right  പ്രവര്‍ത്തിക്കുന്നു. Right way ശരിയായ വഴി. Right decision നല്ല തീരുമാനം, Right Occasion   ശരിയായ സന്ദര്‍ഭം.
It was a right decision on the part of the British to quit India in 19471947  (1947ല്‍ ഇന്ത്യ വിടാനുള്ള ബ്രിട്ടീഷുകാരുടെ തീരുമാനം ശരിയായതായിരുന്നു). പിന്നെയും കടിച്ചുതൂങ്ങിയിരുന്നുവെങ്കില്‍ സംഗതി കുളമായേനെ. സ്വരം നല്ലപ്പോഴേ സായ്പ് പാട്ടു നിര്‍ത്തി.
I don't think this is the right occasion to crack a joke (വളിച്ച തമാശപറയാനുള്ള സന്ദര്‍ഭമല്ല ചങ്ങാതി ഇത്). രംഗബോധമില്ലാതെ, അനവസരത്തില്‍ വിലകുറഞ്ഞ ഫലിതവുമായ വന്നുകയറുന്ന കോമാളികള്‍ ധാരാളമുണ്ട്.
The Chief Minister has chosen the right man as the head of the Police.   (പൊലീസ് മേധാവിയായി മുഖ്യമന്ത്രി കണ്ടെത്തിയത്ശരിയായ ആളെത്തന്നെയാണ്).അധികാരം/അവകാശം/ന്യായം എന്നീ അര്‍ഥകല്‍പ്പനകളില്‍ right മിന്നിത്തിളങ്ങുന്നുണ്ട്. - Freedom is my birth right   എന്ന് ലോകമാന്യ ബാലഗംഗാധര തിലകന്‍ ഒരു ബ്രിട്ടീഷ് ജഡ്ജിയോടു പറഞ്ഞത് പ്രസിദ്ധമാണല്ലോ. സ്വാതന്ത്യ്രം എന്റെ ജന്മാവകാശമാണ്. Every citizen is a Sovereign democratic republic, has the right to exercise his franchise  (ഒരു പരമാധികാര സ്വതന്ത്ര റിപ്പബ്ളിക്കില്‍ ഓരോ പൌരനും അവന്റെ വോട്ടധികാരം ഉപയോഗപ്പെടുത്താന്‍ അവകാശമുണ്ട്). Right thinking - വലതുപക്ഷ ചിന്തയല്ല, ശരിയായ ചിന്തയാണ്. All right thinking people will oppose the imposition of ban on beef consumption  (ശരിയായി ചിന്തിക്കുന്ന എല്ലാവരും മാട്ടിറച്ചി ഉപഭോഗം വിലക്കുന്ന നിയമത്തിന്റെ അടിച്ചേല്‍പ്പിക്കലിനെ തീര്‍ച്ചയായും എതിര്‍ക്കും).
Right of way-  ഒരു ദിശയില്‍, ഒരു വഴിയില്‍ സഞ്ചരിക്കാനുള്ള സ്വാതന്ത്യ്രം/അധികാരം/അവകാശം ആണ്. ഒരു പറമ്പില്‍ക്കൂടി, ഒരു നാട്ടുവഴി പോകുന്നു. കൊല്ലങ്ങളായി ആ വഴി ആളുകള്‍ ഉപയോഗിച്ചുവരുന്നു. ഒരാള്‍ ആ പറമ്പുവാങ്ങി വഴി അടച്ചുകെട്ടുന്നു. ആളുകള്‍ ബഹളംവയ്ക്കുന്നു. സംഗതി പൊലീസ് കേസാവുന്നു; കോടതിയിലെത്തുന്നു. ജഡ്ജി പറയുന്നു, പൊതുവഴി അടച്ചുകെട്ടാന്‍പാടില്ല. ആളുകള്‍ക്ക് right of way  ഉണ്ടെന്ന്. ഇത് സാധാരണ നടക്കുന്ന കാര്യമാണ്. ഏറെക്കൊല്ലമായി ജനങ്ങള്‍ പൊതുവഴിയായി ഉപയോഗിക്കുന്ന ഇടം അടച്ചുകെട്ടാന്‍പാടില്ല. Right of way കാത്തുസൂക്ഷിക്കപ്പെടണമെന്നേ കോടതി പറയൂ.
നിങ്ങള്‍ക്ക് 40 തികഞ്ഞിട്ടില്ലെങ്കില്‍ you are on the right side of forty.  40 കഴിഞ്ഞാലോ,you are on the wrong side of forty.  Are you all right? എന്ന കുശലം പതിവാണ്. എന്താ, കണാരേട്ട, സുഖംതന്നെയല്ലേ? അത് വെറും ഭംഗിയുള്ള ഉപചാരം മാത്രമാണ്. നിങ്ങള്‍ക്ക് അസുഖമാണെങ്കിലും അല്ലെങ്കിലും എനിക്കൊരു ചുക്കുമില്ല. വെറുമൊരു ലോഹ്യംപറച്ചില്‍. അത്രതന്നെ .
ബഹുമാനവിശേഷകങ്ങളുടെ മുമ്പില്‍ ഒരു right    ചേര്‍ക്കുന്ന പതിവ് പണ്ടുണ്ടായിരുന്നു. Right Honourable, Right Reverent. 
അതിവാഗ്മിയായ വി എസ് ശ്രീനിവാസ ശാസ്ത്രിയെRt. Hon. Sreenivasa Sastri എന്നാണ് വിശേഷിപ്പിച്ചിരുന്നത്. Rt. right  ന്റെ സങ്കോചിത രൂപമാണ്. ആംഗ്ളിക്കന്‍ മെത്രാന്മാരുടെ പേരിനുമുന്നില്‍ Rt. Reverent എന്ന ഉപചാരപദം ചേര്‍ക്കുന്നു.
Right Minded   എന്നു പറയുമ്പോള്‍ ശുദ്ധ മനസ്കന്‍, നന്മനിറഞ്ഞവന്‍. പെട്ടെന്നുള്ള നിലപാടുമാറ്റമാണ് Right about turn. The Right about turn of the leader in foreign policy led ot the break up of the party  (വിദേശനയത്തില്‍, നേതാവ് സ്വീകരിച്ച അവസരം തിരിച്ചില്‍, പാര്‍ടിയുടെ പിളര്‍പ്പിനു കാരണമായി).
Righteous indignation ധാര്‍മിക രോഷമാകുന്നു. ധര്‍മയുദ്ധംrighteous war ആണ്. അങ്ങനെയൊന്നുണ്ടോ എന്നത് വേറെ കാര്യം.

 Top