26 April Friday

ഇന്ത്യ ഗോളടിക്കട്ടെ..

എ എന്‍ രവീന്ദ്രദാസ് Thursday Oct 12, 2017

എന്റെ അവസരത്തിനായി ക്ഷമയോടെ കാത്തിരിക്കേണ്ടിവന്നു. രാജ്യത്തിനുവേണ്ടി ഗോള്‍ നേടുകയെന്നത് സ്വപ്നംകണ്ടുകൊണ്ടിരുന്ന എനിക്ക് ഇപ്പോള്‍ അത് നിറവേറ്റാന്‍കഴിഞ്ഞു. മൂന്ന് മത്സരത്തില്‍ മൂന്ന് ഗോള്‍ നല്ല തുടക്കമാണ്. ഈ മികവ് നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു നല്ല സ്ട്രൈക്കറുടെ പ്രായം കടന്നെന്ന് നിങ്ങള്‍ക്കു തോന്നിയെങ്കിലും ബല്‍വന്ത് സിങ് എന്ന മുപ്പതുകാരന്റെ വാക്കുകളില്‍ തുടിക്കുന്ന അഭിലാഷവും ലക്ഷ്യബോധവും ഇന്ത്യയുടെ ദേശീയ ഫുട്ബോള്‍ ടീമിന് പുതിയ കരുത്തേകുകയാണ്.

ദേശീയ കോച്ചായി സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രണ്ടാംമൂഴം തുടങ്ങിയപ്പോള്‍ ദേശീയ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തവരില്‍ മഹില്‍പുര്‍ അക്കാദമിയുടെ സംഭാവനയായ ബല്‍വന്ത് സിങ്ങും ഉണ്ടായിരുന്നു. ചെന്നൈയിന്‍ എഫ്സിയിലൂടെ ഐഎസ്എല്‍ അരങ്ങേറ്റംകുറിച്ച ഈ ചെറുപ്പക്കാരന്‍ ലീഗില്‍ ആദ്യമായി ഗോളടിക്കുന്ന ഇന്ത്യന്‍താരമെന്ന ബഹുമതിക്ക് ഉടമയായി. എന്നാല്‍ ഐഎസ്എലില്‍ കിട്ടിയ തിളക്കം ദേശീയ കോച്ചിനെ തൃപ്തിപ്പെടുത്താന്‍പോന്നതായില്ല. അതോടെ ദേശീയ ടീമില്‍ സ്ഥാനം നേടുകയെന്ന ബല്‍വന്ത് സിങ്ങിന്റെ മോഹവും ബാക്കിയായി.  പക്ഷെ മോഹന്‍ ബാഗാനിലൂടെ ശ്രദ്ധേയനായ സ്ട്രൈക്കറെന്ന ഖ്യാതി നേടിയ ബല്‍വന്തിന്റെ കാത്തിരിപ്പിനും മികവു തെളിയിക്കാനുമുള്ള പരിശ്രമത്തിനും ഒടുവില്‍ അംഗീകാരം തേടിയെത്തി. കോണ്‍സ്റ്റന്റൈന്റെ വിളിയില്‍ ദേശീയ ടീമിലേക്കുള്ള വാതില്‍ തുറന്നുകിട്ടി. മുംബൈയില്‍ ഇന്ത്യയും മൌറീഷ്യസും സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസും തമ്മില്‍ നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ സ്ട്രൈക്കര്‍മാരായ സുനില്‍ ഛേത്രിക്കും ജെജെ ലാല്‍പെഖുലയ്ക്കും തങ്ങളുടെ ക്ളബ്ബുകളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയാതെ വന്നത് ബല്‍വന്തിനുമേല്‍ അനുഗ്രഹത്തിന്റെ കാറ്റായി വീശിയെന്നു പറയുന്നതാവും ശരി. ത്രിരാഷ്ട്ര ടൂര്‍ണമെന്റ് കൂടുതല്‍ കളിക്കാരെ കണ്ടെത്താനും മികച്ച ദേശീയ ടീമിനെ ഒരുക്കാനും പ്രയോജനപ്പെടുത്തണമെന്നകോണ്‍സ്റ്റന്റൈന്റെ മനസ്സിലിരിപ്പും ബല്‍വന്തിന് തുണയാവുകയും ചെയ്തു.

മുംബൈ അന്ധേരിയിലെ ഫുട്ബോള്‍ അരീനയില്‍ ആദ്യ നിറയൊഴിച്ച് ഇന്ത്യയെ ഞെട്ടിച്ച മൌറീഷ്യസിനെതിരെ സമനിലഗോള്‍ നേടിയ റോബിന്‍ സിങ്ങിനെതന്നെ രണ്ടാം പകുതിയില്‍ പിന്‍വലിച്ചായിരുന്നു കോണ്‍സ്റ്റന്റൈന്‍ ബല്‍വന്തിന് അരങ്ങേറ്റം ഒരുക്കിയത്. കോച്ചിന് തന്നിലുള്ള വിശ്വാസം അരക്കിട്ടുറപ്പിക്കാന്‍ ആഞ്ഞുപൊരുതിയ ബല്‍വന്ത് സിങ്ങിന്റെ ബൂട്ടില്‍ പിറന്ന 62ാം മിനിറ്റിലെ ഗോളിലൂടെ മത്സരം സ്വന്തമാക്കിയ ഇന്ത്യ തുടര്‍ച്ചയായ ഒമ്പാമത്തെതടക്കം 16 ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ 14ാമത്തെ വിജയമെന്ന നേട്ടത്തില്‍ എത്തുകയുമുണ്ടായി. അടുത്ത മത്സരത്തില്‍ സെന്റ് കിറ്റ്സിനോട് സമനില വഴങ്ങിയപ്പോള്‍ (11) ഗോള്‍ ജാക്കിചന്ദ് സിങ്ങിന്റെ വകയായിരുന്നു. തുടര്‍ന്ന് എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതയില്‍ മക്കാവു സിറ്റിയില്‍ പകരക്കാരനായി ഇറങ്ങിയ ബല്‍വന്ത്സിങ്ങിന്റെ ഇരട്ടഗോളിന് മക്കാവുവിനെ കീഴടക്കിയ ഇന്ത്യ ഗ്രൂപ്പ് എയില്‍ തുടര്‍ച്ചയായ മൂന്നാമത്തെ ജയത്തോടെ ആധിപത്യം നിലനിര്‍ത്തി.

പകരക്കാരനായി ബല്‍വന്തിനെ അരങ്ങേറ്റംകുറിപ്പിച്ച കോച്ചിന്റെ കണക്കുകൂട്ടലുകള്‍ ഇവിടെയും തെറ്റിയില്ല. ഛേത്രിയും ജെജെയും ആക്രമണത്തിനിറങ്ങിയ ഇന്ത്യക്ക് കളത്തില്‍ വ്യക്തമായ മേധാവിത്തം ഉണ്ടായിട്ടും ഗോളടിക്കാനായില്ല. എട്ടോ ഒമ്പതോ പേരെ പ്രതിരോധത്തില്‍ വിന്യസിച്ച മക്കാവുവിനെതിരെ ഒടുവില്‍ പകരക്കാരനായിത്തന്നെ ഇറങ്ങി. ഇരട്ടപ്രഹരത്തിലൂടെ ബല്‍വന്ത് സിങ് ഇന്ത്യയുടെ രക്ഷകനായി. 57ാം മിനിറ്റില്‍ നാരായണ്‍ ദാസിന്റെ ക്രോസില്‍ തലവച്ചായിരുന്നു ആദ്യഗോള്‍. 24 മിനിറ്റിനകം മക്കാവു മുന്നേറ്റത്തില്‍നിന്ന് പന്ത് പിടിച്ചെടുത്ത ഗോളി ഗുര്‍പ്രീത് സിങ് സന്ധു അത് ബല്‍വന്തിനു നല്‍കിയെങ്കിലും ചെന്നെത്തിയത് മക്കാവു താരത്തിലേക്കായിരുന്നു. എന്നാല്‍ ഞൊടിയിടയില്‍ ദ്രുതനീക്കത്തിലൂടെ കൌശലപൂര്‍വം പന്ത് തട്ടിയെടുത്ത ബല്‍വന്ത് ഓടിക്കയറിയ ഗോളിക്ക് ഒരവസരവും നല്‍കാതെ ഒഴിഞ്ഞ പോസ്റ്റിലേക്ക് കോരിയിട്ടു.

ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ മൌറീഷ്യസിനെതിരെ അരങ്ങേറ്റംകുറിച്ചതടക്കം ബല്‍വന്ത് സിങ്ങിന് മൂന്ന് മത്സരം കളിച്ച് മൂന്ന് ഗോള്‍ നേടാനായതു മാത്രമല്ല, താന്‍ ഗോളടിച്ച രണ്ട് മത്സരത്തിലും ഇന്ത്യയുടെ വിജയശില്‍പ്പിയാകാനുമായി. സുനില്‍ ഛേത്രിയെ അമിതമായി ആശ്രയിക്കുന്നതിനെക്കുറിച്ച് ഒരുപാട് പറഞ്ഞുകേട്ടതാണ്. എന്നാല്‍ ഏഷ്യാ കപ്പ് യോഗ്യതയില്‍ മ്യാന്‍മറിനും കിര്‍ഗിസ്ഥാനും എതിരെ നടന്ന ആദ്യ രണ്ട് മത്സരങ്ങളില്‍ മുപ്പത്തിമൂന്നുകാരനായ ഛേത്രിയാണ് നിര്‍ണായക ഗോളുകള്‍ നേടിയത്. ഐ എം വിജയനും ബെയ്ചുങ് ബൂട്ടിയക്കും ശേഷം ഇന്ത്യ കണ്ടഏറ്റവുംമികച്ച സ്ട്രൈക്കറും നായകനുമാണ് ഛേത്രി.

വിജയന്റെയും ബൂട്ടിയുടെയും നേട്ടങ്ങളെപ്പോലും കവച്ചുവയ്ക്കാന്‍ കഴിയുംവിധം ഇന്ത്യയുടെ സൂപ്പര്‍താര പദവിയിലേക്കുയര്‍ന്നവനാണ് ഛേത്രിയെങ്കിലും മക്കാവുനെതിരെയുള്ള മത്സരം വ്യക്തമാക്കുന്നത് ഫുഡ്ബോള്‍ എന്നത് ഒരാളെ കേന്ദ്രീകരിച്ചുനില്‍ക്കുന്ന കളിയല്ല എന്നതാണ്. ഛേത്രിയുടെ വൈശിഷ്ട്യവും നേതൃപാടവവും അപാരമാണെങ്കിലും ഫുട്ബോള്‍ ആദിമവും അന്തിമവുമായി ടീം ഗെയിമിന്റെയും കൂട്ടായ്മയുടെയും ആണെന്ന് മുന്‍ നായകന്‍കൂടിയായ ബൂട്ടിയ ചൂണ്ടിക്കാട്ടന്നതിനോട് ഒട്ടും വിയോജിക്കേണ്ടതില്ല.സന്ദര്‍ഭം ആവശ്യപ്പെടുമ്പോള്‍ ടീമിലെ മറ്റുള്ളവരും ഗോളടിക്കാന്‍ കഴിയുന്നവരാണെന്ന് ബോധ്യപ്പെടുത്താന്‍ ബല്‍വന്തിനു കഴിഞ്ഞു. അതുതന്നെയാണ് ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുന്ന ഒരു പ്രധാനഘടകം.ഛേത്രിക്കും ജെജെയ്ക്കും ഒപ്പം ബല്‍വന്ത്കൂടി ചേര്‍ന്നതോടെ ഇന്ത്യക്ക് മൂച്ചയുള്ളമുന്നേറ്റ ത്രയത്തെയാണ് കിട്ടിയത്.

 Top