25 April Thursday

മാരിന്റെ രൂപരേഖയില്‍ ഇന്ത്യന്‍ ഹോക്കിയുടെ നവരചന

എ എന്‍ രവീന്ദ്രദാസ് Thursday Nov 30, 2017

ഈ വര്‍ഷം ഫെബ്രുവരിയില്‍ ദേശീയ വനിതാ ഹോക്കി ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഡച്ച്കാരന്‍ സോര്‍ദ് മാരിന് എട്ടുമാസത്തിനുള്ളില്‍ താന്‍ പുരുഷ സീനിയര്‍ ടീമിന്റെ ചുമതല ഏല്‍ക്കേണ്ടിവരുമെന്ന് ഒരു അറിവും ഉണ്ടായിരുന്നില്ല. എന്നാല്‍ അത് സംഭവിച്ചു. മാത്രമോ, പുരുഷടീമിന്റെ പരിശീലകനായി ഒരുമാസം പിന്നിടുംമുമ്പേ ഏഷ്യാകപ്പ് ഹോക്കിയില്‍ ഒരു ദശകമായി ഇന്ത്യ കാത്തിരുന്ന സുവര്‍ണനേട്ടംതന്നെ മാരിന്‍ ഇന്ത്യക്ക് സമ്മാനിക്കുകയും ചെയ്തു.

പരിശീലകര്‍ വാഴാത്ത ഇന്ത്യന്‍ ഹോക്കിയില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ അഞ്ച് കോച്ചുമാര്‍ക്ക് പടിയിറങ്ങേണ്ടിവന്നു. കെ പി എസ് ഗില്ലും നരിന്ദര്‍ ബത്രയും ഇന്ത്യന്‍ ഹോക്കിയെ ഭരിച്ച 1994 മുതല്‍ 2015 വരെയുള്ള 21  വര്‍ഷത്തിനിടെ വിദേശീയര്‍ ഉള്‍പ്പെടെ 22 പരിശീലകര്‍ വന്നുപോയിട്ടുണ്ട്. ലോക ഹോക്കിലീഗിലെ പ്രകടനം മോശമായതിനെത്തുടര്‍ന്ന് റോളന്റ് ഓള്‍ട്ട്മാന്‍സിനെ പുറത്താക്കിയശേഷം ഹൈപെര്‍ഫോമന്‍സ് ഡയറക്ടര്‍ ഡേവിഡ് ജോണിന് താല്‍ക്കാലിക ചുമതല നല്‍കിയിരുന്ന ഹോക്കി ഇന്ത്യ, സെപ്തംബര്‍ എട്ടിന് അപ്രതീക്ഷിത നീക്കത്തിലൂടെ വനിതാ ടീം പരിശീലകനായ സോര്‍ദ് മാരിനെ പുരുഷ ടീമിന്റെ കടിഞ്ഞാണ്‍ ഏല്‍പ്പിക്കുകയായിരുന്നു.

കോമണ്‍ വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകളും ലോകകപ്പും നടക്കാനിരിക്കെ ടീമിന് തിരിച്ചടിയാകുന്നതാണ് മാരിന്റെ നിയമനമെന്ന് വിമര്‍ശം ഉയര്‍ന്നിരുന്നു. ഒപ്പം 2016ല്‍ ജൂനിയര്‍ ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുത്ത പുരുഷടീമിന്റെ പരിശീലകനായ ഹരേന്ദന്‍സിങ്ങിനെ വനിതാ ടീമിന്റെ ഹൈപെര്‍ഫോമന്‍സ് ഡയറക്ടറാക്കിയതും വിമര്‍ശിക്കപ്പെട്ടു. അതേസമയം പരിശീലകര്‍ വാഴില്ലെന്ന ചീത്തപ്പേര് ഇന്ത്യന്‍ ഹോക്കി ടീമിന് ഉണ്ടെങ്കിലും തന്റെ തല ഉരുളുമോയെന്ന ചിന്തയൊന്നും ഡച്ച് ഹോക്കി ക്ളബ്ബായ ഡെന്‍ബോഷില്‍ റൈറ്റ് ബാക്കായിരുന്ന സോര്‍ദ് മാരിനില്ല. താന്‍ പുറത്താക്കപ്പെട്ടേക്കാമെന്ന് ആരെങ്കിലും പറഞ്ഞാലും അദ്ദേഹത്തിന് കുലുക്കമില്ല.

ഉടനടി ഫലം കൈവരുകയെന്ന ഹോക്കി ഇന്ത്യയുടെ ആവശ്യത്തെ ഈ ഡച്ചുകാരന്‍ നിരാകരിക്കുന്നില്ല. അതിനായി ശ്രമിക്കുകയാണ് തന്റെ ദൌത്യമെന്നു കരുതുന്ന മാരിന്‍ ഏഷ്യാകപ്പ് വിജയത്തെ വലിയ നേട്ടമായി കാണാനും തയ്യാറല്ല. 2007ല്‍ ചെന്നൈയില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ച് ചാമ്പ്യന്‍മാരായ ഇന്ത്യ 10 വര്‍ഷത്തിനുശേഷം ഇത്തവണ ധാക്കയില്‍ മലേഷ്യയെ 21ന് കീഴടക്കി ഏഷ്യാ വന്‍കരയില്‍ തങ്ങളുടെ മൂന്നാം കിരീടത്തിലെത്തിയത് സോര്‍ദ് മാരിന്‍ എന്ന ഡച്ച് വിദഗ്ധന്റെ മികവിന് അടിവരയിടുന്നതായി. എട്ടുവട്ടം ഏഷ്യാകപ്പിന്റെ ഫൈനലിലെത്തിയ ചരിത്രമുള്ള ഇന്ത്യ ടൂര്‍ണമെന്റില്‍ രണ്ടുഘട്ടം ചിരവൈരികളായ പാകിസ്ഥാനെ തോല്‍പ്പിക്കുകയും ചെയ്തു.

ഒട്ടും പ്രതീക്ഷിക്കാതെ പുരുഷടീമിന്റെ ചുമതല ഏറ്റെടുക്കേണ്ടിവന്ന മാരിന്റെ ആദ്യ ടൂര്‍ണമെന്റിലെ കിരീടനേട്ടം ഇന്ത്യന്‍ ഹോക്കിക്ക് തീര്‍ച്ചയായും പുതിയ പ്രതീക്ഷകള്‍ സമ്മാനിക്കുന്നതാണ്. ലോക ഹോക്കിയില്‍ ആറാംനമ്പര്‍ ടീമാണ് ഇന്ത്യ. ആ ടീമിനെ ആദ്യ മൂന്നിലേക്കും പിന്നെ ഒന്നാംപടിയിലേക്കും 2020ലെ ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണമെഡലിലേക്കും എത്തിക്കുകയെന്ന വലിയ ലക്ഷ്യങ്ങളുടെ ക്യാന്‍വാസിലാണ് സോര്‍ദ് മാരിന്‍ ഇന്ത്യന്‍ ഹോക്കിയുടെ രൂപരേഖ വരയ്ക്കുന്നത്.

ഇതിനു കുറുക്കുവഴികളില്ല. ഇന്ത്യന്‍ ഹോക്കിക്ക് സ്വന്തം ശൈലിയുണ്ട്. എന്നാല്‍ അനാവശ്യമായി ഡ്രിബിള്‍ ചെയ്ത്, പന്ത് എത്തിക്കേണ്ടിടത്ത് എത്തിക്കാതെ അവസരം തുലയ്ക്കുന്ന നമ്മുടെ കളിക്കാര്‍ അതിവേഗ നീക്കങ്ങളിലൂടെ പന്ത് പായിക്കാനുള്ള കഴിവും കരുത്തും ആര്‍ജിക്കണമെന്ന് മാരിന്‍ ചൂണ്ടിക്കാട്ടുന്നു. വേഗവും പന്ത് നിയന്ത്രിക്കലുമാണ് മത്സരം വിജയിക്കാനുള്ള അടിസ്ഥാന ഘടകങ്ങള്‍. സാങ്കേതികമേന്മ കൂട്ടുന്നതിനൊപ്പം പാസിങ്ങിലെ കൃത്യതയും വേഗവും ഉണ്ടെങ്കിലേ ആധുനിക ഹോക്കിയില്‍ സ്ഥിരതയുള്ള പ്രകടനം കാഴ്ചവയ്ക്കാനാവൂ. ഇന്ത്യന്‍ ടീമിനാകട്ടെ ഏഷ്യാകപ്പില്‍ കെട്ടഴിച്ച പ്രകടനം ലോക ഹോക്കിയിലെ മുന്‍നിര ടീമുകള്‍ക്കെതിരെ പുറത്തെടുക്കാനാവണം. കളത്തില്‍ കടുപ്പക്കാരായ എതിരാളികളെ നേരിടുമ്പോഴേ നമ്മുടെ കളിയുടെ നിലവാരം ഉയരുകയുള്ളു. കളിക്കാരെല്ലാം വ്യക്തിപരമായ മികവുള്ളവരാണ്. അത് ടീം ഗെയിമിലേക്ക് മുതല്‍ക്കൂട്ടാക്കാന്‍ കഴിയുന്നതരത്തില്‍ ഘടനാപരമായും ശൈലീപരമായും ടീമിനെ രൂപപ്പെടുത്താനാണ് താന്‍ ശ്രമിക്കുന്നതെന്ന് മാരിന്‍ വ്യക്തമാക്കുന്നു.

ഡിസംബര്‍ ഒന്നിന് ഭുവനേശ്വറില്‍ ആരംഭിക്കുന്ന ലോക ഹോക്കി ലീഗ് ഫൈനല്‍സ് ഇന്ത്യന്‍ ടീമിന്റെ മാറ്ററിയാനുള്ള അവസരമാണ്. പ്രത്യാക്രമണശേഷിയാണ് ഈ ടീമിന്റെ കൈമുതല്‍. എന്നാല്‍ പെനല്‍റ്റി കോര്‍ണര്‍ ഗോളാക്കുന്നതിലെ ദൌര്‍ബല്യങ്ങള്‍ പരിഹരിച്ച് ഇന്ത്യ സുസജ്ജമാകേണ്ടതുണ്ട്. ഒന്നോ രണ്ടോ കളിക്കാരെ കേന്ദ്രീകരിച്ചുള്ള കളിയിലൂടെ ഒരു ടീമിനും ഏറെക്കാലം മുന്നോട്ടുപോകാനാവില്ലെന്ന് മുന്‍ ക്യാപ്റ്റനും കിടയറ്റ മിഡ്ഫീല്‍ഡറുമായ മുപ്പത്തൊന്നുകാരന്‍ സര്‍ദാര്‍സിങ്ങിനെ ടീമില്‍നിന്ന് ഒഴിവാക്കിയതിന് ന്യായീകരണമായി മാരിന്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ദാറിനെ ഒഴിവാക്കിയതോടെ മധ്യനിരയില്‍ ഹര്‍മന്‍പ്രീത് സിങ്, ദിപ്സന്‍ ടിര്‍ക്കെ, ബിരേന്ദ്ര ലക്ര, രൂപീന്ദര്‍ പാല്‍സിങ് എന്നിവരുടെ കൂട്ടുകെട്ടിനെയാണ് ലോക ഹോക്കി ഫൈനല്‍സില്‍ അവതരിപ്പിക്കുക. താന്‍ വലിയ സ്വപ്നങ്ങളാണ് കാണുന്നത്. അതില്‍ ഒളിമ്പിക് സ്വര്‍ണമുണ്ട്. യാഥാര്‍ഥ്യമാകണമെന്നില്ല. എന്നാല്‍ ആ ലക്ഷ്യത്തിലേക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെയും ദൃഢതയോടെയും മുന്നേറാനാണ് ശ്രമിക്കേണ്ടതെന്ന് മാരിന്‍ നയം വ്യക്തമാക്കുന്നു.

 Top