28 September Thursday

ന്യൂട്ടനെയും ആകർഷിക്കും പീയൂഷിന്റെ ഗുരുത്വം

ഗൗതമൻ Monday Sep 16, 2019പീയൂഷം എന്നാൽ അമൃത്‌, കടിഞ്ഞൂൽ പെറ്റ പശുവിന്റെ പാൽ, ദേവന്മാരുടെ മദ്യം എന്നൊക്കെയാണ്‌ അർഥം. അമൃത‌് എന്താണ‌്, കാളകൂടമെന്താണ‌് എന്നൊന്നും അറിയാത്തവനാണ‌് പീയൂഷ‌് ഗോപാലെന്ന‌് അസൂയക്കാർ പറഞ്ഞുപരത്തുമെങ്കിലും പീയൂഷ‌് ഗോപാൽ പറയുന്ന കാര്യങ്ങളൊക്കെ അമൃതുപോലെ കണക്കാക്കാൻ ഗോപാലൻമാരായ അനുയായികളൊക്കെ ബാധ്യസ്ഥരാണ്‌. ഗുരുത്വാകർഷണം കണ്ടുപിടിക്കുന്നതിൽ ഐൻസ്‌റ്റീന്‌ ഒരു വിധത്തിലും കണക്ക്‌ ഉപകരിച്ചിട്ടില്ലെന്ന്‌ സാമ്പത്തിക വളർച്ചയെപ്പറ്റി സംസാരിക്കുന്നതിനിടെയാണ്‌ റെയിൽവേ മന്ത്രി പീയൂഷ്‌ ഗോയൽ മൊഴിഞ്ഞത്‌. ഗണപതിയുടെ പ്ലാസ്‌റ്റിക്‌ സർജറി, പുഷ‌്പകവിമാനത്തിലൂടെ വിമാന സാങ്കേതികവിദ്യയുടെ കണ്ടുപിടിത്തം, ടെസ്‌റ്റ്‌ ട്യൂബ്‌ ശിശുക്കളെ സൃഷ്ടിക്കാനുള്ള സാങ്കേതികവിദ്യ പണ്ടേ കരസ്ഥമാക്കിയതിലൂടെ 100 കൗരവരെ ഭൂജാതരാക്കിയത‌ു തുടങ്ങി ഓരോ ഇന്ത്യക്കാരനെയും രോമാഞ്ചംകൊള്ളിക്കുന്ന വെളിപ്പെടുത്തലുകൾക്കുശേഷമാണ്‌ പീയൂഷിന്റെ പുത്തനറിവ്‌ ലോകമറിഞ്ഞത്‌.

പക്ഷേ, ഓക്സിജൻ പുറത്തുവിടുന്ന പശുവിലും അതിന്റെ വിസർജ്യത്തിലും പെൺമയിൽ ആൺമയിലിന്റെ കണ്ണീർ കുടിക്കുമ്പോൾ ഗർഭം ധരിക്കുന്നതിലും മഴപെയ്യിക്കുന്ന വധൂവരൻമാരായ തവളയിലും അഭിമാനംകൊണ്ടുനിൽക്കുന്ന ബിജെപിക്കാരെ പീയൂഷ്‌ ഗോയൽ നിരാശരാക്കിക്കളഞ്ഞു. തനിക്ക്‌ നാക്കുപിഴകൊണ്ട്‌ ട്രാക്ക്‌ തെറ്റിയതാണെന്നും ഐസക് ന്യൂട്ടനാണ്‌ ഗുരുത്വാകർഷണം കണ്ടുപിടിച്ചതെന്നും മൂന്നുദിവസത്തെ പഠനഗവേഷണങ്ങൾക്കുശേഷം അദ്ദേഹം തിരുത്തുമെന്ന‌് സംഘകുടുംബത്തിലെ ആരും കരുതിയതല്ല.

എന്തായാലും ബിജെപി മന്ത്രിമാരുടെ വിജ്ഞാനം വിളമ്പൽ മൽസരത്തിൽ കഴിഞ്ഞവാരം നിർമല സീതാരാമൻതന്നെ വിജയിച്ചു. വാഹനവിപണിയിലെ മാന്ദ്യം യുവാക്കൾ ഊബർ ടാക്സി വിളിക്കുന്നതുകൊണ്ടാണെന്ന നിലപാടൊന്നും നിർമല തിരുത്തിയിട്ടില്ല. ഓഖിക്കാലത്ത്‌ മലയാളമാധ്യമങ്ങൾ വാഴ്‌ത്തിയ ആ അമ്മമനസ്സിന്റെ പ്രതിരോധമൊന്നു വേറെ.

നവോത്ഥാനത്തിന്റെ തൃപ്പെരുന്തുറപ്പെരുമ
ജോസ്‌മോൻ ഔസേപ്പച്ചനെ കാണുന്നതുപോലെയാണ്‌ പ്രതിപക്ഷനേതാവിന്‌ നവോത്ഥാനമെന്നു കേട്ടാൽ. പിണറായി തട്ടിക്കൂട്ടിയതാണ്‌ നവോത്ഥാനമെന്നേ അദ്ദേഹം പറയൂ. അതിന‌് അദ്ദേഹത്തെ കുറ്റം പറയാനാകില്ല.

അദ്ദേഹത്തിന്റെ നോട്ടത്തിൽ ഇതൊന്നും നവോത്ഥാനമല്ല. ചെന്നിത്തല തൃപ്പെരുന്തുറ ക്ഷേത്രത്തിൽ നിലനിന്നിരുന്ന നവോത്ഥാനം കണ്ടാണ്‌ അദ്ദേഹം രാഷ്ട്രീയത്തിൽ പിച്ചവച്ചു തുടങ്ങിയത്‌. ക്ഷേത്രക്കുളത്തിനു പോലുമുണ്ട്‌ നവോത്ഥാനത്തിന്റെ കഥപറയാൻ. കുടുംബസമേതം ആ നവോത്ഥാനത്തിൽ മുങ്ങിക്കുളിച്ചതിന്റെ പാരമ്പര്യവുമായാണ്‌ അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക്‌ എടുത്തുചാടിയത്‌.

നവോത്ഥാനസമിതിയിൽനിന്ന്‌ പിൻമാറിയെന്നു പ്രഖ്യാപിച്ചെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനു നൽകുന്ന ശക്തമായ പിന്തുണ ഹിന്ദു പാർലമെന്റ്‌ തുടരുമെന്നാണ‌് സുഗതൻ പറഞ്ഞത്‌. അതൊന്നും കാണാത്ത ചെന്നിത്തലയും ചില പത്രങ്ങളും പിൻമാറുന്ന 54 സംഘടനകളുടെ വലിപ്പം ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞത‌് ആശ്വസിക്കാൻ വക നൽകുന്നതാണ‌്. ഇവർ പിൻമാറുന്നതോടെ നവോത്ഥാന മുന്നണിയും കേരള നവോത്ഥാനവും കുറ്റിയറ്റുപോകുമെന്ന കാര്യത്തിൽ ചെന്നിത്തലയ‌്ക്കോ മുല്ലപ്പള്ളിക്കോ ശ്രീധരൻപിള്ളയ‌്ക്കുപോലുമോ വ്യത്യസ്ത അഭിപ്രായമില്ല. വനിതാമതിലിന‌് എവിടെയെങ്കിലും വിള്ളലുണ്ടോ എന്ന‌് സസൂക്ഷ‌്മം നിരീക്ഷിച്ചവരും പരിപാടി തുടങ്ങുംമുമ്പുള്ള ചിത്രമെടുത്തു വീശിയവരുമൊക്കെ നവോത്ഥാനസമിതി ‘തകർന്ന’തിൽ കാട്ടുന്ന ആഹ്ലാദം ചില്ലറയല്ല.

നവോത്ഥാന മുന്നണി രൂപീകരിച്ചപ്പോഴും വനിതാമതിൽ സംഘടിപ്പിച്ചപ്പോഴും കാണാത്ത വലിപ്പം 54 സംഘടനയ്‌ക്ക്‌ ചെന്നിത്തലയും മാധ്യമങ്ങളും കാണുന്നതുതന്നെ ഒരു നവോത്ഥാനമാണ്‌.

തരൂരാശാൻ ആശയഗംഭീരൻ
തരൂരാശാൻ ആശയഗംഭീരനാണെന്ന കാര്യത്തിൽ കെ മുരളീധരനുപോലും അഭിപ്രായവ്യത്യാസമുണ്ടാകുമെന്നു തോന്നുന്നില്ല.‘ അമ്മേ ഞങ്ങൾ പോകുന്നു, കണ്ടില്ലെങ്കിൽ കരയരുതേ’ എന്ന മുദ്രാവാക്യം പണ്ട്‌ വിമോചനസമരകാലത്ത്‌ കെഎസ്‌യുക്കാര്‌ പിള്ളേര്‌ വിളിച്ചതാണ്‌. ഇപ്പോൾ നമ്മുടെ തരൂരും ഏതാണ്ട്‌ അതേ ലൈനിലാണ്‌. എക്കാലത്തും കോൺഗ്രസിൽ നിൽക്കാമെന്നൊന്നും ആർക്കും വാക്കുകൊടുത്തിട്ടില്ല എന്ന കാര്യം അദ്ദേഹം നേരെ ചൊവ്വേയങ്ങു പറഞ്ഞു. ബിജെപിയുടെ ആശയഗതിയുമായി പൂർണമായി താദാത്മ്യപ്പെട്ട്‌, മതനിരപേക്ഷത ഇന്ത്യക്ക്‌ ചേരുന്നതല്ലെന്നുവരെ പറഞ്ഞാണ്‌ അദ്ദേഹത്തിന്റെ നിൽപ്പ്‌.

ആശയമെന്നാൽ ഭാവിചിന്തയെ ഉൾക്കൊള്ളുന്നതാണെന്ന്‌ കോൾറിജ്ജ്‌ പറഞ്ഞതായി സാഹിത്യവാരഫലക്കാരൻ പറഞ്ഞാണ്‌ ഗൗതമൻ കേട്ടത‌്. ഒരാശയത്തിൽനിന്ന്‌ മറ്റൊരാശയത്തിലേക്ക്‌ ഹനുമാഞ്ചാട്ടം ചാടുകയാണ്‌ തരൂർ. ലങ്കയിൽ ഇതുവരെ ചെന്നിട്ടുമില്ല. ബിജെപി ഉൾപ്പെടുന്ന വിഷയമല്ലേ. ഇത്തിരി പുരാണത്തിന്റെ അകമ്പടിക്ക്‌ കുഴപ്പമില്ല.

വെടിക്കുഴൽ
ഹിന്ദി രാജ്യത്തിന്റെ പൊതുഭാഷയാക്കണമെന്ന‌് അമിത‌് ഷാ. അടിയൻ ലേശം മലയാളം കൈവശം വച്ചിട്ടുണ്ട‌്. ബോൽത്താ ആക്കരുത‌് ജീ.

 Top