29 March Friday

ഡച്ച് ദുരന്തത്തില്‍നിന്ന് പഠിക്കാനുണ്ട് യൂറോപ്പിന്

എ എന്‍ രവീന്ദ്രദാസ് Thursday Oct 26, 2017

ഇരുപതാം നൂറ്റാണ്ടില്‍ ഫുട്ബോളിലെ ഏറ്റവും വലിയ കണ്ടുപിടിത്തമായിരുന്നു 'ടോട്ടല്‍ ഫുട്ബോള്‍'. പ്രതിരോധക്കാരന്‍, മധ്യനിരക്കാരന്‍, മുന്നേറ്റക്കാരന്‍ എന്ന ക്രമനിബദ്ധതയില്‍ തളച്ചിട്ടുന്ന മൈതാനത്തെ നീക്കങ്ങളെ പൊളിച്ചെഴുതിയ ടോട്ടല്‍ ഫുട്ബോളിലൂടെ ഏത് പൊസിഷനിലും എല്ലാവരും മാറിക്കളിക്കുന്ന നൂതനശൈലിയുമായി ഡച്ചുകാര്‍ ലോകത്തെ വിസ്മയിപ്പിച്ചു. അതായത് ആംസ്റ്റര്‍ഡാമിന്റെ പരിശീലകനായിരുന്ന റിനൂസ് മിഷേല്‍സിന്റെ തലയിലുദിച്ച പുത്തന്‍ശൈലിക്ക് ഇതിഹാസതാരം യോഹാന്‍ ക്രൈഫും സംഘവും ആദ്യം അയാക്സിലും പിന്നീട് നെതര്‍ലന്‍ഡ്സ് ദേശീയ ടീമിലും ആവിഷ്കാരമേകിയതും അവര്‍ നടത്തിയ പടയോട്ടങ്ങളും ആധുനിക ഫുട്ബോള്‍ചരിത്രത്തിലെ നിറവാര്‍ന്ന ഏടുകളാണ്. ടോട്ടല്‍ ഫുട്ബോളിന്റെ വിശ്വരൂപം കാട്ടിക്കൊണ്ടായിരുന്നു ഡച്ചുകാര്‍ 1974ലും 78ലും തുടര്‍ച്ചയായി ലോകകപ്പില്‍ ഫൈനല്‍ കളിച്ചത്.

പക്ഷേ, ഇപ്പോഴെന്താണ് സംഭവിക്കുന്നത്. യൂറോപ്പിലെ ചെറുടീമുകളുടെ അമ്പരപ്പിക്കുന്ന മുന്നേറ്റത്തിനു മുമ്പില്‍ നെതര്‍ലന്‍ഡ്സ് കാലിടറിവീഴുന്നു. 2010ലെ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ രണ്ടാം സ്ഥാനവും 2014ല്‍ ബ്രസീലില്‍ മൂന്നാം സ്ഥാനവും നേടിയ കിടയറ്റ കളിക്കാരുടെ സംഘമായ നെതര്‍ലന്‍ഡ്സ് 2016ലെ യൂറോകപ്പിലെന്നപോലെ അടുത്തവര്‍ഷത്തെ റഷ്യന്‍ ലോകകപ്പിലും ശ്രദ്ധേയമായ അസാന്നിധ്യമാവുകയാണ്.

മൂന്നരലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ഐസ്ലന്‍ഡും ബല്‍ജിയവും പോളണ്ടും സെര്‍ബിയയും ഉള്‍പ്പെടെ 10 കൂട്ടര്‍ നേരിട്ട് ടിക്കറ്റെടുത്തുകഴിഞ്ഞ യൂറോപ്യന്‍മേഖലയില്‍ ഉത്തര അയര്‍ലന്‍ഡും ഗ്രീസും ക്രെയേഷ്യയും ഡെന്‍മാര്‍ക്കും പ്രബലരായ ഇറ്റലിയും അടക്കം മറ്റ് എട്ട് ടീമുകള്‍ ലോകകപ്പ് പ്ളേഓഫ് സ്ഥാനങ്ങള്‍ക്കായും മാറ്റുരയ്ക്കുന്നു.

നെതര്‍ലന്‍ഡ്സിന്റേത് ഒരു ദുരന്തംതന്നെയാണ്. യൂറോപ്യന്‍ ഗ്രൂപ്പ് 'എ' യോഗ്യതാ പോരാട്ടങ്ങളില്‍ ഫ്രാന്‍സ് ഒന്നാം സ്ഥാനത്തോടെ റഷ്യയിലേക്ക് വിസ എടുത്തപ്പോള്‍ സ്വീഡനൊപ്പം 19 പോയിന്റ് നേടിയിട്ടും ഗോള്‍വ്യത്യാസത്തിന്റെ കണക്കെടുപ്പില്‍ ഡച്ചുകാരുടെ ലോകകപ്പ്സ്വപ്നം കരിഞ്ഞുപോയി. അവസാന യോഗ്യതാ മത്സരത്തില്‍ സ്വീഡനെ 20ന് തോല്‍പ്പിച്ചെങ്കിലും ലോകകപ്പ്  യോഗ്യതയ്ക്ക് ആ ജയം മതിയാവുമായിരുന്നില്ല. എന്തിന്, പ്ളേഓഫ് സ്ഥാപനംപോലും സ്വീഡനു വിട്ടുകൊടുത്ത് ആര്യന്‍ റോബനും സംഘവും തലകുനിച്ചു മടങ്ങേണ്ടിവന്നു.

തിളക്കമുള്ള പേരുകള്‍കൊണ്ടു മാത്രം നിങ്ങള്‍ക്ക് ഫുട്ബോള്‍ കളി ജയിക്കാനാവില്ല. 2010ലെ ലോകകപ്പ് ഫൈനലിലെ തോല്‍വിയോടെ ശൈഥില്യംബാധിച്ച ഡച്ച് ടീമിന് ആര്യന്‍ റോബനെയും മെംപിസ് ഡെപെയെയുംപോലെ മികച്ച കളിക്കാരുണ്ടെങ്കിലും വ്യക്തിപരമായ ചൈതന്യം ടീം ഗെയിമിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ അവര്‍ക്ക് നിര്‍ണായകസന്ധികളില്‍ കഴിയാറില്ലെന്ന് ബോധ്യപ്പെടുത്തുന്ന പ്രകടനമാണ് യോഗ്യതാമത്സരങ്ങളില്‍ കണ്ടത്. കേളീശൈലിയെയും തന്ത്രങ്ങളെയുംകാള്‍ എതിരാളിയെ വേണ്ടവിധം പഠിച്ച് അതിനനുസൃതമായി കളത്തില്‍ നീങ്ങുകയെന്നതാണ് പ്രധാനം. താരപ്പൊലിമയ്ക്കപ്പുറത്ത് കളത്തില്‍ കഴിവുകള്‍ കെട്ടഴിച്ച് കളി ജയിക്കാന്‍ സുസജ്ജരാകുകയാണ് വേണ്ടത്. കഴിഞ്ഞ യൂറോകപ്പ് യോഗ്യതാവഴിയിലെ വീഴ്ചയില്‍നിന്ന് ഒരു പാഠവും പഠിക്കാതെയെത്തിയ ഡച്ചിന്റെ ആവര്‍ത്തിക്കുന്ന പതനമാണ് ലോകകപ്പ് യോഗ്യതയിലും കണ്ടത്.

ബ്രസീല്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയശേഷം ഭാവിയിലേക്ക് മുന്നേറ്റത്തിനുതകുന്ന ശ്രദ്ധേമായ ഒരു രൂപരേഖയും ഇല്ലാതെ കളിക്കാനെത്തുകയായിരുന്ന ഡച്ചിന്റെ പതനത്തില്‍ അവരുടെ ആരാധകര്‍പോലും കണ്ണീര്‍പൊഴിക്കാനുണ്ടാവില്ല. ടോട്ടല്‍ ഫുട്ബോളും 1988ലെ യൂറോകപ്പ് വിജയവും പറഞ്ഞ് ആശ്വസിക്കാന്‍ ഉണ്ടെങ്കിലും യോഹാന്‍ ക്രൈഫിന്റെയും യോഹാന്‍ നീസ്കിന്‍സിന്റെയും റൂഡ് ഗുള്ളിന്റെയും വാന്‍ബാസ്റ്റന്റെയും ഒക്കെ പിന്മുറക്കാരായ ഓറഞ്ച്പടയ്ക്ക് സംഭവിച്ച ദുരന്തം ഫുട്ബോള്‍ വിശാരദന്മാര്‍ വിശദമായ പഠനത്തിനു വിധേയമാക്കേണ്ടതാണ്. ലോകകപ്പിന് യോഗ്യത നേടാതെ നെതര്‍ലന്‍ഡ്സ് മടങ്ങുമ്പോള്‍ കുപ്പായം അഴിച്ചുവയ്ക്കാനൊരുങ്ങുന്ന ആര്യന്‍ റോബനെ മറക്കാനാവില്ല. എത്തിപ്പിടിക്കാനാവാത്ത ലക്ഷ്യമായിരുന്നു തങ്ങളുടേതെന്ന തിരിച്ചറിവോടെയാണ് അവസാന മത്സരം കളിക്കാനിറങ്ങിയതെന്ന് ആര്യന്‍ പറയുകയുണ്ടായി. സ്വീഡനെതിരെ രണ്ടു ഗോളും അടിച്ച ആര്യന്‍ രാജ്യത്തിനായി 96 മത്സരത്തില്‍നിന്നായി 37 ഗോളാണ് അടിച്ചുകൂട്ടിയത്. ഡച്ചിന്റെ പാഠം പ്ളേഓഫിലേക്ക് ഇറങ്ങേണ്ടിവന്ന ഇറ്റലി ഉള്‍പ്പെടെയുള്ള വമ്പന്‍മാരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. സമാനരീതികളും സമാനശൈലികളും മാറ്റുരയ്ക്കുന്ന യൂറോപ്യന്‍ ഫുട്ബോളില്‍ ടോട്ടല്‍ ഫുട്ബോളിന്റെയും ടിക്കിടാക്കയുടെയും കോണ്‍ട്രാശൈലിയുടെയും പോലെ പുതുദര്‍ശനം ഇടവേളകളില്‍ കടന്നുവരുന്നത് നല്ലതാണ്.

 Top