28 September Thursday

അർജന്റീന സാക്ഷാൽകരിക്കുന്നു

എ എന്‍ രവീന്ദ്രദാസ് Thursday May 3, 2018

സൈനിക ഭരണത്തിൻകീഴിലായിരുന്ന അർജന്റീനയിൽ 1978ലെ ലോകകപ്പ് നടത്തുന്നതിൽ ലോകമെമ്പാടും പ്രതിഷേധിച്ചു. മനുഷ്യാവകാശ സംഘടനകളുടെ മുറവിളിക്കിടയിലും ഒടുവിൽ അർജന്റീനയിൽതന്നെ ചാമ്പ്യൻഷിപ് നടത്താൻ ലോക ഫുട്ബോൾ പരമാധികാര നിയന്ത്രണസമിതിയായ ഫിഫ തീരുമാനിക്കുകയായിരുന്നു.

54 ദേശീയ ടീമുകൾ പങ്കെടുത്ത, ലോകവ്യാപകമായി നടത്തിയ യോഗ്യതാമത്സരങ്ങളിലൂടെ അവസാന 16 ടീമുകൾ അർജന്റീനയിലെത്തി. സ്വന്തം ജനതയെ പീഡനമുറകൾക്ക് ഇരയാക്കുമ്പോഴും ലോകകപ്പ് ചരിത്രസംഭവമാക്കാൻ പട്ടാളഭരണകൂടം ആവുന്നതൊക്കെ ചെയ്തു. എന്നാൽ നിലവാരംകുറഞ്ഞ റഫറിയിങ് ടൂർണമെന്റിലുടനീളം കല്ലുകടിയായി അനുഭവപ്പെട്ടു. കളിയുടെ നിലവാരമാകട്ടെ '74ലെ ടൂർണമെന്റിന്റെ അടുത്തെങ്ങും എത്തിയതുമില്ല.

കുറെ ഭാഗ്യംകൊണ്ടും കുറെ ആതിഥേയ രാജ്യമെന്ന ആനുകൂല്യംകൊണ്ടും തടസ്സങ്ങൾ മറികടന്ന അർജന്റീന അധികസമയത്തേക്കുനീണ്ട െെഫനലിൽ ടോട്ടൽ ഫുട്ബോളിന്റെ ആശാന്മാരായ ഹോളണ്ടിനെ 3‐1ന് കീഴടക്കി നടാടെ ലോകമേധാവിത്വത്തെ പുൽകി. തുടർച്ചയായി രണ്ടാംവട്ടവും ഫൈനൽ കളിച്ചു മടങ്ങാനായിരുന്നു ഡച്ചുകാരുടെ വിധി.
കഴിഞ്ഞ ടൂർണമെന്റിലെ ഫൈനലിസ്റ്റുകളായ ഹോളണ്ടും പശ്ചിമ ജർമനിയും തമ്മിൽ കൊർഡോബയിൽ നടന്ന മത്സരം ഈ ലോകകപ്പിലെ മികച്ച പോരാട്ടമായിരുന്നു (2‐2). എന്നാൽ അടുത്ത മത്സരത്തിൽ ഓസ്ട്രിയയോട് 3‐2ന് തോറ്റതോടെ ജർമനി സെമി കാണാതെ മടങ്ങി. ഇതരഗ്രൂപ്പിൽ പെറുവിനെ 3‐0നും പോളണ്ടിനെ 3‐1നും തോൽപ്പിച്ച ബ്രസീലിന് അർജന്റീനയോട് സമനില വഴങ്ങേണ്ടിവന്നത് കനത്ത നഷ്ടമായി. തുടർച്ചയായി രണ്ടാംവട്ടവും ബ്രസീലില്ലാതെ ഫൈനൽ നടക്കാൻ അത് കാരണമായി.

1978 ജൂൺ 26ന്റെ ഫൈനൽ അർജന്റീനയുടെ ദേശീയ ഉത്സവംതന്നെയായി. റഫറിയിങ് പാളിയപ്പോൾ ഇടവേളയ്ക്ക് കെംപസ് നേടിയ ഗോളിന് അർജന്റീന മുന്നിട്ടുനിന്നു. പിന്നീട് ഗോളി ഫിയോളിന്റെ നേതൃത്വത്തിൽ അർജന്റീനയുടെ പ്രതിരോധം ഡച്ചുകാരെ ചെറുത്തു. എന്നാൽ 81 ാം മിനിറ്റിൽ ഫോർട്ട് ഫ്ളൈറ്റിലൂടെ ഹോളണ്ട് സമനില നേടി (1‐1). അധികസമയക്കളിയുടെ ആദ്യ പകുതിയിൽ കെംപസ് വീണ്ടും അർജന്റീനയെ മുന്നിലെത്തിച്ചു (2‐1). 10 മിനിറ്റിനകം ബർട്ടോണിയുടെ ഗോളിൽ 3‐1ന് മുന്നിലെത്തി. അങ്ങനെ 11‐ാമത് ലോകകപ്പ് അർജന്റീനയ്ക്കുള്ളതായി. ദാനിയേൽ പാസറേലയുടെ ഈ അർജന്റീൻ ടീമിലെ സൂപ്പർതാരമായി മാറിയത് മരിയ കെംപസാണ്.

1982ലെ 12‐ാം ലോകകപ്പ് ഒട്ടേറെ പുതുമകളോടെയായിരുന്നു സ്പെയ്നിൽ അരങ്ങേറിയത്. 1974ൽ ഫിഫാ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യാവോ ഹാവലഞ്ചിന്റെ വാഗ്ദാനമായിരുന്നു 24 ടീമുകളുടെ ലോകകപ്പ്.

44 വർഷത്തെ കാത്തിരിപ്പിനുശേഷം ഇറ്റലി വീണ്ടും ലോകകപ്പ് ഉയർത്തിയത് 'എസ്പാന 82'ലാണ്. 1958ൽ സ്വീഡനിൽ പെലെയെന്നപോലെ ദ്യേഗോ മാറഡോണ എന്ന ഇതിഹാസ താരത്തിന്റെ ലോകകപ്പ് അരങ്ങേറ്റം നടന്നത് സ്പെയ്നിലെ ഈ ടൂർണമെന്റിലായിരുന്നു. ഗ്രൂപ്പ്ഘട്ടത്തിൽ ഇറ്റലിയും ബ്രസീലും തമ്മിൽ നടന്ന ക്ലാസിക് പോരാട്ടത്തിൽ പോളോ റോസിയുടെ ബൂട്ടിൽ വിരിഞ്ഞ മൂന്ന് ഗോളുകൾക്ക് ബ്രസീൽ കെട്ടുകെട്ടി.
 

 Top