15 July Monday

ഇടിക്കൂട്ടിലെ ഇന്ത്യൻവീര്യം

എ എൻ രവീന്ദ്രദാസ് Tuesday Dec 4, 2018

ഇടിക്കൂട്ടിലിറങ്ങിയാൽ മുന്നിലാരെന്നത്‌ എന്റെ പരിഗണനയല്ല. എന്നിലുള്ള പോരാട്ടവീര്യം പൂർണമായും അവിടെ ചൊരിയുകയെന്നതുമാത്രമാണ്‌ എന്റെ ദൗത്യം. ഇതെന്റെ ഏറ്റവും വലിയ നേട്ടമാണ്‌. 46‐49 കിലോഗ്രാം ലൈറ്റ്‌ ഫ്‌ളൈവെയിറ്റ്‌ വിഭാഗത്തിൽ ഉസ്‌ബകിസ്ഥാന്റെ ഒളിമ്പിക്‌ ചാമ്പ്യൻ ഹസൻ ബോയി ദുസ്‌മതോവ്‌ എന്ന പ്രബലനായ എതിരാളിയെ തോൽപ്പിക്കാൻ കഴിഞ്ഞത്‌ പുതിയ ലക്ഷ്യങ്ങളിലേക്ക്‌ ഉറച്ച ചുവടുകൾ വയ്‌ക്കാൻ എനിക്ക്‌ ആത്മവിശ്വാസം പകരുന്നു’’–- ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക‌് ബോക്‌സിങ്ങിൽ ഒരേയൊരു സ്വർണമുദ്ര നേടിത്തന്ന അമിത്‌ പങ്‌ഗലിന്റെ വാക്കുകളാണിത്‌.

ഏറ്റവും കടുപ്പമേറിയ പോരാട്ടമായിരുന്നു ഫൈനലിലേത്‌. എതിരാളിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന്‌ മുൻകൂട്ടിക്കണ്ട്‌ അതിനനുസരിച്ച്‌ നീങ്ങാൻ കഴിഞ്ഞാലേ ബോക്‌സിങ്ങിൽ വിജയമുണ്ടാവൂ എന്ന കോച്ച്‌ അനിൽ ധൻകറിന്റെ വാക്കുകൾ മനസ്സിലേക്കേറ്റുവാങ്ങി റിങ്ങിൽ പ്രവൃത്തിപഥത്തിലെത്തിക്കുന്നവനാണ്‌ ഈ യുവതാരം. ഹസൻബോയിയുടെ ഊക്കൻ പ്രഹരങ്ങൾക്കുമുമ്പിൽ പ്രതിരോധം ചമയ്‌ക്കാതെ ആക്രമിച്ചുകയറിയതിലൂടെയാണ്‌ അമിത‌് സ്വർണത്തിലേക്കെത്തിയത്‌.

ഇടിക്കൂട്ടിലിറങ്ങിയാൽ മുന്നിലാരെന്നത്‌ എന്റെ പരിഗണനയല്ല. എന്നിലുള്ള പോരാട്ടവീര്യം പൂർണമായും അവിടെ ചൊരിയുകയെന്നതുമാത്രമാണ്‌ എന്റെ ദൗത്യം. ഇതെന്റെ ഏറ്റവും വലിയ നേട്ടമാണ്‌.

കായികക്ഷമതയും അച്ചടക്കവും ബോക്‌സിങ‌് കരിയർ മുന്നോട്ടുകൊണ്ടുപോകാൻ അനുപേക്ഷണീയമാണ്‌. എതിരാളിയെ മുൻകൈനേടാൻ അനുവദിക്കാതെ, പൂർണ നിയന്ത്രണത്തോടെ തന്റെ ഗെയിം നടപ്പാക്കാൻ ഒരു മുഷ്‌ഠിയുദ്ധക്കാരനു കഴിയണമെന്ന വലിയ പാഠമാണ്‌ ഏഷ്യൻ ഗെയിംസ്‌ തനിക്ക്‌ നൽകിയതെന്ന്‌ അമിത്‌ പറയുന്നു.

ഹരിയാനയിലെ റോത്തക‌് ജില്ലയിലെ മെയ്‌ന ഗ്രാമത്തിൽനിന്നുള്ള അമിത്‌ പങ്‌ഗൽ 2006ലാണ്‌ ബോക്‌സിങ്ങിലെത്തിയത്‌. ആർമിയിൽ നായിക്കായ മൂത്തസഹോദരൻ അജയ്‌ പങ്‌ഗലാണ്‌ അനുജനെ ഇടിക്കൂട്ടിലേക്കാനയിച്ചത്‌. പരിശീലനം സിദ്ധിച്ച ബോക്‌സറാണ്‌ അജയ‌്. ജ്യേഷ്‌ഠൻ പരിശീലനത്തിനുപോകുന്നത്‌ കണ്ടാണ്‌ അനുജനും ആ വഴിക്ക‌് നീങ്ങിയത്‌. കുടുംബത്തെ സഹായിക്കാൻ  ജോലി അത്യാവശ്യമായിരുന്നതിനാൽ ബോക്‌സറാവുക എന്ന വലിയ സ്വപ്‌നം അജയ‌്ക്ക‌് ഉപേക്ഷിക്കേണ്ടിവന്നു. എന്നാൽ, അമിതിന്‌ ഏറ്റവും നല്ല പരിശീലനം ലഭ്യമാക്കാനും അതിലൂടെ തന്റെ സ്വപ്‌നത്തിന്‌ സാക്ഷാൽക്കാരമേകാനും ആ സഹോദരൻ പ്രതിജ്ഞാബദ്ധനായിരുന്നു.

2011‐15 കാലത്ത്‌ ഗുഡ്‌ഗാവിലെ നെഹ്‌റു സ്‌റ്റേഡിയത്തിൽ അനിൽ ധൻകറുടെ കീഴിൽ ലഭിച്ച പരിശീലനമാണ്‌ അമിത്‌ പങ്‌ഗൽ  എന്ന ബോക്‌സറെ വാർത്തെടുക്കുന്നതിൽ നിർണായകമായത്‌.

അരിഷ്‌ടിച്ച‌് കഴിയേണ്ടിവന്ന ഒരു കുടുംബത്തിന്റെ എല്ലാവിധ പരിമിതികളിലൂടെയും ബോക്‌സറാകുകയെന്ന തന്റെ സ്വപ്‌നം യാഥാർഥ്യമാക്കാൻ സമർപ്പണം ചെയ്‌ത ചെറുപ്പക്കാരനാണ്‌ അമിത്‌ പങ്‌ഗൽ. കുടുംബത്തിലെ സാമ്പത്തികസ്ഥിതി മോശമായതിനാൽ ബോക്‌സിങ് ഉപേക്ഷിക്കാൻവരെ തയ്യാറായതാണ്‌. അപ്പോൾ സഹോദരന്റെയും കുടുംബത്തിന്റെയും ഉറച്ചപിന്തുണയാണ്‌ അമിതിനു പിടിച്ചുനിൽക്കാൻ തുണയായത്‌.

ഏഷ്യൻ ഗെയിംസ്‌ സ്വർണം നേടിയെങ്കിലും, അത്‌ ഒളിമ്പിക്‌സിലേക്കുള്ള യോഗ്യതയായില്ല. ഗ്വാങ്‌ ചൗ ഗെയിംസിൽ വികാസ്‌ കൃഷ്‌ണനും വിജേന്ദർസിങ്ങും സ്വർണം നേടിയതിനുശേഷം ഇന്ത്യക്ക്‌ കൈവന്ന ആദ്യ ബോക്‌സിങ‌് സ്വർണമാണിത്‌. കൗമാരക്കാരനായിരുന്നപ്പോൾപ്പോലും ശക്തരും പ്രബലരുമായ പ്രതിയോഗികളെ ഇടിച്ചിട്ടവനാണ്‌ അമിത്‌. വെറും വയറോടെ പോരാടിയും ജയിച്ചിട്ടുണ്ട്‌. റിങ്ങിലിറങ്ങുമ്പോൾ പോരാട്ടവീര്യത്തിലെന്നപോലെ സാങ്കേതികമേന്മയിലും ഈ ഇരുപത്തിരണ്ടുകാരൻ മുന്നിലാണ്‌. ഏതൊരു താരത്തെയുംപോലെ അമിത്‌ പങ്‌ഗലിന്റെയും സ്വപ്‌നം ഒളിമ്പിക്‌സ്‌ മെഡലാണ്‌. 2020ലെ ടോക്യോ ഒളിമ്പിക്‌സിന്‌ യോഗ്യത നേടുക എന്നതാണ്‌ ആർമിയിൽ നായിക്‌ സുബേദാർ റാങ്കിൽ ജൂനിയർ കമീഷൻഡ്‌ ഓഫീസറായ ഈ താരത്തിന്റെ അടിയന്തരലക്ഷ്യം.

 Top