20 June Thursday

‘വെൽകം ബാക്ക്‌ ഭാവന

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Feb 26, 2023

2022 മാർച്ച് 18

തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ 26‐ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ ഒരു അതിഥിയെത്തി. സദസ്സിലും വേദിയിലുമുണ്ടായിരുന്ന ആയിരങ്ങൾ എഴുന്നേറ്റ്  അവളെ വരവേറ്റു. നിലയ്ക്കാത്ത കൈയടികളിൽ അവൾക്കൊപ്പമെന്ന മുദ്രാവാക്യം മുഴങ്ങി. അതിജീവനത്തിന്റെ  മറുപേരായ ഭാവനയെ കേരളം ആദരിച്ചത് ഇങ്ങനെയാണ്. ഭാവന കേരളത്തിന് റോൾ മോഡലാണെന്നാണ് അധ്യക്ഷനായിരുന്ന  മന്ത്രി സജി ചെറിയാൻ അന്ന് വിശേഷിപ്പിച്ചത്. മലയാള സിനിമയിൽനിന്ന്‌ മാറിനിന്ന ഭാവന  ഇടവേളയ്‌ക്ക്‌ ശേഷം  ആദ്യമായി പൊതുവേദിയിലെത്തിയ ദിനമായിരുന്നു അത്‌. അതിജീവന പോരാട്ടത്തിൽ  അതൊരു ചരിത്രദിനമായി.

2023 ഫെബ്രുവരി 24

ഈ വെള്ളിയാഴ്‌ചയും അതുപോലൊരു ദിനമായിരുന്നു. അഞ്ചര വർഷത്തിന് ശേഷം ‘ന്റിക്കാക്കാക്കൊരു  പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഭാവന തിരിച്ചെത്തിയതും ചരിത്രമായി. രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുൾ ഖാദർ എന്നിവർ ചേർന്ന്‌ നിർമിച്ച ചിത്രത്തിന്റെ സംവിധായകൻ നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫാണ്. ഭാവനയ്‌ക്കൊപ്പം ഷറഫുദ്ദീനാണ്‌ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. മലയാളിക്ക്‌ ഭാവനയോടുള്ള പ്രിയത്തിന്‌ സമ്മാനമായി ഭാവന നായികയായ ഒരു പ്രണയ ചിത്രം. കനൽപ്പാതയെ ഉൾക്കരുത്തുകൊണ്ട് മറികടന്ന നടി ദേശാഭിമാനിയോട് സംസാരിക്കുന്നു.

അപ്പോഴത്തെ ശരി മാറിനിൽക്കലായിരുന്നു

അഞ്ചുവർഷത്തോളം കഥകളൊന്നും കേട്ടിരുന്നില്ല. എന്റെ പല സുഹൃത്തുക്കളും നറേഷനെങ്കിലും കേൾക്കാൻ പലപ്പോഴും നിർബന്ധിച്ചെങ്കിലും വേണ്ടെന്ന് തന്നെയായിരുന്നു മറുപടി. കഥ കേട്ട് ഇഷ്ടമായിട്ട് വേണ്ടെന്ന് പറയുന്നത്‌ എങ്ങനെ എന്ന ചിന്തയിലാണ് അങ്ങനെ ചെയ്തത്. ആ സമയത്ത് മാറിനിൽക്കുന്നതാണ് ശരിയെന്ന് തോന്നി. അതിലിപ്പോഴും കുറ്റബോധം തോന്നുന്നുമില്ല. പലരോടും നോ പറയേണ്ടി വന്നതിന്റെ വിഷമം മാത്രമാണുള്ളത്.

മനസ്സ്‌ മെല്ലെ മാറിവരുന്ന സമയത്താണ് ന്റിക്കാക്കാക്കൊരു  പ്രേമണ്ടാർന്നിന്റെ നിർമാതാവ് റെനീഷും സംവിധായകൻ ആദിലും ബന്ധപ്പെടുന്നത്‌. അപ്പോഴും ചെയ്യുമെന്ന് എനിക്കൊരു ഉറപ്പും ഉണ്ടായിരുന്നില്ല. തിരക്കഥ വായിച്ച് തുടങ്ങിയപ്പോൾ ചെറിയൊരു ഇഷ്ടം നിത്യയെന്ന കഥാപാത്രത്തോട്‌ തോന്നി. തിരിച്ചുവരുന്നത് കുറെ യുവ പ്രതിഭകളുടെ കൂടെയാകും എന്ന തോന്നലോടെയാണ് സിനിമയുടെ ഭാഗമാകുന്നത്.

പുതിയ ചിത്രം ‘ഹണ്ട്‌’

ചിന്താമണി കൊലക്കേസിൽ നിന്നും വളരെ വ്യത്യസ്തമാണ്‌ ഷാജി കൈലാസിന്റെ പുതിയ ചിത്രം ഹണ്ടിന്റെ പ്രമേയം. ത്രില്ലർ സ്വഭാവമുള്ളൊരു സിനിമ ആണ്‌. പക്ഷേ  കൂടുതൽ ഒന്നും പറയാറായിട്ടില്ല.

വീണ്ടും കന്നടയിലേക്ക്‌

കന്നടയിൽ ഇപ്പോൾ ഒരു സിനിമ കൂടി തുടങ്ങാൻ പോകുകയാണ്‌. ഒരുപാട്‌ മാറ്റത്തിന്റെ പാതയിലാണ്‌ ഇപ്പോൾ കന്നട സിനിമാ വ്യവസായം. മലയാളം കഴിഞ്ഞാൽ എനിക്ക്‌ ഏറ്റവും കൂടുതൽ സ്വീകാര്യത നൽകിയത്‌ കന്നടയും തമിഴുമാണ്‌. തുടർന്നും ഒരുപാട്‌ നല്ല സിനിമകൾ കന്നടയിൽ ചെയ്യണം എന്ന്‌ തന്നെയാണ്‌ ആഗ്രഹം.

മാറ്റം കൊണ്ടുവന്ന ഒടിടി

കോവിഡ് കാലത്ത് സ്ട്രീമിങ് പ്ലാറ്റ്ഫോം വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. കൂടുതൽ അന്താരാഷ്ട്ര ഉള്ളടക്കങ്ങൾ ജനങ്ങൾ പരിചിതമാക്കി. അതിലൂടെ അവരുടെ അഭിരുചികൾ മാറുകയും ചെയ്തു. പിന്നെ ഒരുപാട് പുതിയ എഴുത്തുകാരും സംവിധായകരും വരാൻ തുടങ്ങി. മലയാള സിനിമയ്ക്ക് ദേശീയ ശ്രദ്ധ ലഭിച്ചുതുടങ്ങി. ഇതെല്ലാം വലിയ മാറ്റങ്ങളാണ്. സെറ്റിലെ സ്ത്രീ സാന്നിധ്യം പോലും സന്തോഷം നൽകുന്നതാണ്.

ഒഴിവുകാലം

ഒഴിവുകാലത്ത് അധികവും കണ്ടത് സീരിസുകളായിരുന്നുവെങ്കിലും മലയാളം സിനിമകളും കാണാൻ ശ്രമിച്ചു. നായകൻ, നായിക, വില്ലൻ  എന്ന സ്ഥിരംസങ്കൽപ്പങ്ങൾ തന്നെ മാറി. ക്യാരക്ടർ ആർട്ടിസ്റ്റുകൾക്ക് വലിയ ഇടവും പ്രാധാന്യവും ലഭിക്കുന്നുണ്ട്. വ്യത്യസ്തമായ കഥാസന്ദർഭങ്ങളും കഥകളും പോലും വരാൻ തുടങ്ങി. നായാട്ട്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഒക്കെ ഇഷ്ടപ്പെട്ട സിനിമകളാണ്. സിനിമ കണ്ടയുടൻ തന്നെ ഇഷ്ടപ്പെട്ടവയെക്കുറിച്ച്‌ ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞിട്ടുമുണ്ട്.

ആ സ്‌നേഹം മനസ്സ്‌ നിറച്ചു

 ഐഎഫ്എഫ്കെയ്ക്ക് രഞ്ജിത് സാറിന്റെ ക്ഷണം സ്വീകരിച്ച് പോയതാണ്. കേരളത്തിന്റെ അഭിമാനമായ ഒരു ചലച്ചിത്രമേളയിൽ അവിടെ ഒരു അതിഥിയായി എത്തുക എന്നുള്ള സന്തോഷം ആയിരുന്നു. ഭയങ്കര ടെൻഷനിലാണ് പോയത്. വലിയൊരു ആൾക്കൂട്ടത്തെ അഭിമുഖീകരിക്കാനുള്ള ധൈര്യമില്ലായിരുന്നു. പക്ഷേ ജനങ്ങളുടെ സ്നേഹം കണ്ട് മനസ്സുനിറഞ്ഞുപോയി. കരച്ചിൽ ഒതുക്കിവച്ചാണ് സദസ്സിലിരുന്നത്. ഇപ്പോഴും സന്തോഷത്തോടെ ഓർക്കാൻ സാധിക്കുന്ന ഒരു ഓർമയായി മാറി അന്നത്തെ ഐഎഫ്എഫ്കെ വേദി. ലിസ ചലാനെപോലെയൊരു ധീര വനിതയ്ക്കൊപ്പം വേദി പങ്കിടാനായത് ജീവിതത്തിലെ അഭിമാനനിമിഷങ്ങളിലൊന്നാണ്.   ■

ആഘോഷമായൊരു മടങ്ങിവരവ്‌

തിരിച്ചു വരവുകളും മടങ്ങിവരുവുകളുമെല്ലാം മലയാള സിനിമ ഒരുപാട്‌ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. എന്നാൽ ഇതുപോലെ സമൂഹമാകെ കാത്തിരുന്ന മടങ്ങിവരവ്‌ വേറെയുണ്ടാകില്ല. അതിജീവന പോരാട്ടങ്ങൾക്ക്‌ കേരളത്തിന്റെ ഐക്യദാർഢ്യമാണത്‌. ‘വെൽകം ബാക്ക്‌ ഭാവന’ എന്ന ഹാഷ്‌ ടാഗ്‌ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. സിനിമാ ലോകംതുടക്കമിട്ട ആശംസയെ ഏറ്റെടുത്ത്‌ നാനാതുറയിലുള്ളവർ ഭാവനയ്‌ക്ക്‌ ആശംസയേകി ചേർത്ത്‌ പിടിച്ചു.

തമിഴ്‌ നടൻ മാധവൻ, കുഞ്ചാക്കോ ബോബൻ, ബോളിവുഡ്‌ താരം ജാക്കി ഷെറോഫ്, ജിതേഷ് പിള്ള, പ്രിയാമണി, പാർവ്വതി തിരുവോത്ത്, ടൊവിനോ തോമസ്, മഞ്ജുവാര്യർ തുടങ്ങിയവരുടെ വീഡിയോ സന്ദേശമാണ് വെൽകം ബാക്ക്‌ ഭാവന ഹാഷ്‌ടാഗിനൊപ്പം ആദ്യമെത്തിയത്‌. അണിയറ പ്രവർത്തകർ പുറത്തിറക്കിയ വെൽകം ബാക്ക്‌ ഭാവന വീഡിയോ നിമിഷനേരം കൊണ്ട്‌ വാട്‌സാപ്‌ സ്റ്റാറ്റസാക്കിയും ഇൻസ്റ്റാഗ്രാം സ്‌റ്റോറിയാക്കിയുമെല്ലാം ആഘോഷമാക്കി. 

‘ഒരുപാട്‌ വികാരങ്ങൾ, വലിയ പരിഭ്രാന്തി, ഹൃദയമിടിപ്പ്, എന്നാൽ ഏറ്റവും പ്രധാനമായി ഈ യാത്രയിൽ എന്നെ പിന്തുണച്ച, ഞാൻ മലയാള സിനിമയിൽ പ്രവർത്തിക്കണമെന്ന് നിർബന്ധിച്ച എല്ലാവർക്കും നന്ദി! മറ്റൊരു ഇന്നിങ്‌സ്‌ ആരംഭിക്കുകയാണ്. പ്രിയപ്പെട്ട എല്ലാവരുടെയും സ്നേഹത്തിന് വളരെ നന്ദി'–- ഭാവന നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top