03 December Sunday

"എതിരിയാർ? എതിരിനാൻ!' തിന്മയുടെ ഭിന്നപ്രവാഹങ്ങൾ - വിനായകന്റെ ‘വർമ്മ’നെ കുറിച്ച് ജിതിൻ കെ സി എഴുതുന്നു

ജിതിൻ കെ സിUpdated: Monday Aug 21, 2023

വിനായകൻ എന്ന ഉടലും നടനും നമ്മുടെ കാഴ്ചാശീലങ്ങളെ അസാമാന്യമാം വിധം അട്ടിമറിച്ച പ്രതിഭയാണ്. സാമാന്യബോധ്യങ്ങളിൽ, നിയതമായ കഥാപാത്ര സങ്കൽപ്പനങ്ങളിൽ നിന്നെല്ലാം കുതറിത്തെറിച്ചുകൊണ്ട് മറ്റൊരു നടനശേഷിയെ സിനിമയിൽ പ്രവഹിപ്പിച്ച നടനാണ് വിനായകൻ

" Actors are the devil. As soon as they've drunk a face on to themselves, they lose their memories...’’
‐Terston Hammaren

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറായ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ജയിലർ തിയറ്ററുകളിൽ വലിയ വിജയം നേടിക്കൊണ്ട് പ്രദർശനം തുടരുന്നു. സമീപകാലത്തൊന്നും ലഭിക്കാത്ത, എന്നാൽ മുൻകാലങ്ങളിൽ

വളരെ സ്വാഭാവികമായിരുന്ന രജനികാന്ത് തിയറ്റർ എഫക്റ്റ് ചെറിയൊരു ഇടവേളക്ക് ശേഷം ജയിലറിലൂടെ വീണ്ടും സംഭവിക്കുന്നു. ഈ ചിത്രത്തിൽ രജനികാന്തിന്റെ സൂപ്പർ / നായക /താര കഥാപാത്രത്തിന്റെ ‘എതിരി'  (വില്ലൻ/പ്രതിനായകൻ/ Antagonist) ആയി വേഷമിടുന്നത് മലയാളത്തിൽനിന്നും വിനായകനാണ്. വിനായകന്റെ വർമ്മൻ എന്ന എതിരി തമിഴ് സിനിമയുടെ തന്നെ വില്ലൻമാരുടെ ചരിത്രത്തിൽ ഏറ്റവും ശക്തനായ പേരായി മാറുന്നു. 1999ൽ പുറത്തിറങ്ങിയ രജനികാന്ത് നായകനായ ‘പടയപ്പ'യിലെ നീലാംബരി(രമ്യാ കൃഷ്ണൻ)ക്കു ശേഷം രജനികാന്തിന് അത്ര ശക്തിയുള്ള ഒരു എതിരിയെ ലഭിക്കുന്നത് വർഷങ്ങൾക്കു ശേഷം വിനായകനിലൂടെയാണ്.

വിനായകൻ എന്ന ഉടലും നടനും നമ്മുടെ കാഴ്ചാശീലങ്ങളെ അസാമാന്യമാം വിധം അട്ടിമറിച്ച പ്രതിഭയാണ്. സാമാന്യബോധ്യങ്ങളിൽ, നിയതമായ കഥാപാത്ര സങ്കൽപ്പനങ്ങളിൽ നിന്നെല്ലാം കുതറിത്തെറിച്ചുകൊണ്ട് മറ്റൊരു നടനശേഷിയെ സിനിമയിൽ പ്രവഹിപ്പിച്ച നടനാണ് വിനായകൻ. ദീർഘകാലം നമ്മുടെ വെള്ളിത്തിരയിൽ തിരസ്കരിക്കപ്പെട്ടും അദൃശ്യമാക്കപ്പെട്ടും പോയ അനവധി പേരുടെ പ്രതിനിധികൂടിയാണ് വിനായകൻ. 2016ൽ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ ഗംഗ എന്ന ഗംഗാധരന്റെ വേഷപ്പകർച്ചയിലൂടെ കേരള സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച നടനുള്ള അംഗീകാരം വിനായകനിലെത്തിയപ്പോൾ അട്ടിമറിക്കപ്പെട്ടത് അന്നോളമുള്ള കാണിയുടെ വരേണ്യവും സാമാന്യവുമായ കാഴ്ചാശീലങ്ങൾ കൂടിയാണ്.

സവർണാധിപത്യപരവും പുരുഷാധികാരകേന്ദ്രീകൃതവുമായ ഒരു സിനിമാ വ്യവസായം തന്നെയാണ് മലയാള ചലച്ചിത്ര വ്യവസായവും. അതിനാൽത്തന്നെ വിനായകന്റെ കടന്നുവരവിന് പ്രത്യക്ഷമായിത്തന്നെ എതിർപ്പുകളുണ്ടാവുന്നു. അവാർഡ് ലഭിച്ചതിന് ശേഷം വിനായകന്റെ പ്രതികരണങ്ങളെയും അദ്ദേഹത്തിന്റെ വാക്കുകളെയും വളച്ചൊടിച്ചും വക്രീകരിച്ചും വ്യാഖ്യാനിച്ചും മാധ്യമങ്ങൾ വിവാദമുണ്ടാക്കി.

സവർണാധിപത്യപരവും പുരുഷാധികാരകേന്ദ്രീകൃതവുമായ ഒരു സിനിമാ വ്യവസായം തന്നെയാണ് മലയാള ചലച്ചിത്ര വ്യവസായവും. അതിനാൽത്തന്നെ വിനായകന്റെ കടന്നുവരവിന് പ്രത്യക്ഷമായിത്തന്നെ എതിർപ്പുകളുണ്ടാവുന്നു. അവാർഡ് ലഭിച്ചതിന് ശേഷം വിനായകന്റെ പ്രതികരണങ്ങളെയും അദ്ദേഹത്തിന്റെ വാക്കുകളെയും വളച്ചൊടിച്ചും വക്രീകരിച്ചും വ്യാഖ്യാനിച്ചും മാധ്യമങ്ങൾ വിവാദമുണ്ടാക്കി. അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ സാമാന്യബോധ്യത്തിന്റെ ‘മാന്യത'ക്ക് കോട്ടം വരുത്തുന്നതാണ് എന്നതായിരുന്നു ആരോപണം. സത്യത്തിൽ വ്യാജമായ ഈ പൊതുബോധമാന്യതയെക്കൂടി അപനിർമിക്കുന്നതാണ് വിനായകന്റെ വാക്കുകൾ. വിനായകൻ എന്ന നടൻ താണ്ടിവന്ന ജീവിതത്തെയും ആർജിച്ച അഭിനയശേഷിയെയും തഴഞ്ഞുകൊണ്ട്‌ അദ്ദേഹത്തെ വിവാദങ്ങളുടെ മാത്രം വെളിച്ചത്തിൽ നിർത്തുക എന്ന പൊതുബോധ തൃപ്തിയും വരേണ്യലാവണ്യബോധവും സാധൂകരിക്കുകയായിരുന്നു മാധ്യമങ്ങൾ.

പുരസ്കൃതനായ ഒരു പ്രതിഭയെ തിരസ്കരിക്കുകയായിരുന്നു അവർ. ആ തിരസ്കാരം പിന്നെയും തുടർന്നു. ഒരു സിനിമ ഇറങ്ങുന്നതിനു മുമ്പ് അതിന്റെ ‘പ്രൊമോഷന്റെ' ഭാഗമായി അതിലഭിനയിച്ച താരങ്ങളും പിന്നണിയിൽ പ്രവർത്തിച്ചവരും ചേർന്ന് വാർത്താ സമ്മേളനം നടത്താറുണ്ട്. സത്യത്തിൽ ഒരു വാർത്താ സമ്മേളനത്തിന്റെ ഗൗരവവും വിനിമയങ്ങളും ഉള്ള ഒന്നല്ല ഇത്. മറിച്ച് ഗോസിപ്പുകളും വിലകുറഞ്ഞ സന്ദർഭ വിവരണങ്ങളും നിറഞ്ഞ വർത്തമാനങ്ങളുടെ വേദി മാത്രമാണിത്.

ദൃശ്യപത്രമാധ്യമങ്ങളുടെ പ്രതിനിധികളെക്കാൾ കൂടുതൽ ഓൺലൈൻ മീഡിയയിലെ ആളുകളെയാണ് ഇത്തരം പ്രഹസനങ്ങളിൽ കൂടുതൽ കണ്ടുവരുന്നത്. സമീപകാലത്ത് വിനായകൻ പങ്കെടുത്ത ഇത്തരം പ്രസ് മീറ്റുകളിലൊന്നിൽ അദ്ദേഹത്തിന്റെ പ്രതികരണങ്ങൾക്കെതിരെ ആക്രോശത്തോടെ പെരുമാറുന്ന ഓൺലൈൻ മാധ്യമപ്രവർത്തകരെ കണ്ടിരുന്നു. ഇതേ ആളുകൾ തന്നെ, നടിയെ ആക്രമിച്ച കേസിലെ സൂപ്പർതാരത്തിന്റെ മുന്നിലും മീ ടു ആരോപണവിധേയരായ നിർമാതാവിന്റെയും നടന്റെയും മുന്നിലും മറ്റും വിനീത വിധേയരായി, യാതൊരു പ്രകോപനവും ഇല്ലാതെ, ചൊടിപ്പിക്കുന്ന ചോദ്യങ്ങളില്ലാതെ ഇരിക്കുന്നത് നാം കാണുന്നു.

വിനായകൻ

വിനായകൻ

മലയാള സിനിമാ മാധ്യമപ്രവർത്തനം ഒരു വലിയ പി ആർ ജോലി ആണെന്നും, ഒരു സിനിമയുടെ വിജയത്തെ മുഴുവനായും സ്വാധീനിക്കുന്ന ശക്തിയാണെന്നും ധരിച്ചു വെച്ചിരിക്കുകയാണ് ഈ ഓൺലൈൻ ഗൂഢസംഘം. സത്യത്തിലിവർ, മലയാളി കാണിയുടെ വരേണ്യ ലാവണ്യ ബോധത്തെയും സാമാന്യയുക്തിയേയും ഉപജീവിച്ചു കഴിയുന്ന പരാദങ്ങളാണ്.

സമീപകാലത്ത് ഒരു അഭിമുഖത്തിൽ ഇത്തരത്തിൽപ്പെട്ട ഒരു ‘മുതിർന്ന' ഓൺലൈൻ മാധ്യമപ്രവർത്തകൻ ഒരു നിർമാതാവിനോട് വിനായകനെ ബഹിഷ്കരിക്കുന്നതിനെക്കുറിച്ച് ആവർത്തിച്ച് ചോദിക്കുകയും, നിർമാതാവ് ഒടുക്കം, തന്റെ ചിത്രങ്ങളിൽ വിനായകനെ ഉൾപ്പെടുത്തില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.

വിനായകൻ എന്ന നടന്റെ പ്രയത്നത്തിനെയും ശേഷിയെയും തിരസ്കരിക്കാൻ ഇക്കൂട്ടർ കാണിക്കുന്ന ധൃതി കേവലം വിനായകനോടുള്ള പോർവിളി മാത്രമായല്ല

മോഹൻലാൽ

മോഹൻലാൽ

മനസ്സിലാക്കേണ്ടത്. മറിച്ച്, മലയാളസിനിമയെ അടക്കിവാഴുന്ന വരേണ്യതയുടെയും സവർണമേധാവിത്വത്തിന്റെയും കീഴാളവിരുദ്ധതയുടെയും സോഷ്യൽ എൻജിനീയറിങ്ങായി വേണം നാമിതിനെ തിരിച്ചറിയാൻ.

രണ്ടായിരത്തിൽ മോഹൻലാലിന് വാനപ്രസ്ഥം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നു. എന്നാൽ ആ വാർത്ത ഒരുപക്ഷേ മലയാളി ഓർത്തില്ലെങ്കിലും അതിനൊപ്പം നിർമിക്കപ്പെട്ട ഒരു വാർത്ത മറക്കാനിടയില്ല. അത് കലാഭവൻ മണിയുമായി ബന്ധപ്പെട്ടാണ്. സോഷ്യൽ മീഡിയ എന്തെന്നുപോലും അറിയാത്ത കാലത്ത്, കലാഭവൻ മണിയുടെ ‘തലകറക്കം' വൈറലായി. അദ്ദേഹത്തിന്റെ ഒരു പ്രതികരണം മാധ്യമങ്ങൾ നിർമിച്ച വാർത്തയുടെ പശ്ചാത്തലത്തിൽ ജനമധ്യത്തിൽ ആവോളം പരിഹസിക്കപ്പെട്ടു. കീഴാളപക്ഷത്തോട് നമ്മുടെ സാമാന്യബോധം എത്രമാത്രം ശത്രുതയോടെയാണ് സമീപിക്കുന്നത് എന്നത് നമുക്ക് ചരിത്രപരമായി കാണാനാവുന്നു.

കലാഭവൻ മണിയുടെ മരണാനന്തരമുള്ള മാധ്യമ റിപ്പോർട്ടിങ്‌  ശ്രദ്ധിച്ചാൽ  നമുക്ക് ഒരു കാര്യം കാണാനാകും. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തെ റദ്ദു ചെയ്യുകയും ജീവിത ശൈലിയിലേക്കും മറ്റും പരിഹാസകരമായി അപഗ്രഥനം

കലാഭവൻ മണി

കലാഭവൻ മണി

നടത്തുകയും ചെയ്യുന്ന രീതിയാണ് മാധ്യമങ്ങൾ നടപ്പിലാക്കിയത്. മലയാള സിനിമയുടെ കാഴ്ചാ ശീലത്തിന്റെ സവർണ വരേണ്യ മേധാവിത്വത്തെ ഏതാണ്ടൊറ്റക്ക് നേരിട്ട പ്രതിഭയായിരുന്നു കലാഭവൻ മണി. അദ്ദേഹത്തെ അപകീർത്തിപ്പെടുത്താനുള്ള ഒരവസരവും മാധ്യമങ്ങൾ പാഴാക്കിയിരുന്നില്ല. ഇന്നത് വിനായകനു നേരെയായി എന്നത് മാത്രമാണ് വ്യത്യാസം. മലയാള സിനിമാ ഭാവുകത്വത്തെ അട്ടിമറിക്കുന്ന കീഴാളമുന്നേറ്റത്തെ അത്രമാത്രം ഭയപ്പാടോടെയാണ് ഈ സവർണ സംഘം കാണുന്നത്.

ബഹിഷ്കരണിന്റെയും, തിരസ്കരണത്തിന്റെയും ഈ ചുറ്റുപാടിലാണ് തമിഴ് സിനിമയിലെ ഏറ്റവും വലിയ ഒരു പ്രൊജക്റ്റിൽ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറിന്റെ എതിരിയായി   വിനായകൻ പ്രത്യക്ഷപ്പെടുന്നത്. വരേണ്യത മുറ്റി നിൽക്കുന്ന ഓൺലൈൻ‐സിനിമാ മാധ്യമ പ്രവർത്തനത്തിനും അവർക്ക് ‘റീച്ചു'ണ്ടാക്കുന്ന പൊതു ബോധയുക്തിക്കും കൂടി എതിരിയാവുന്നുണ്ട് വിനായകൻ. അത്തരം സംഘങ്ങളെ നിസ്സാരമായി അവഗണിച്ചുകൊണ്ട് വിനായകൻ എന്ന എതിരി, ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറിനെ വിറപ്പിച്ചു കൊണ്ട് തിരശീലയിൽ നിറയുന്നു. എതിരിയാർ എന്ന ചോദ്യത്തിന് എതിരി നാൻ എന്ന ഉറച്ച മറുപടിയാവുന്നു വിനായകൻ. വിനായകനെന്ന ശരീരവും നടനും വില്ലൻ എന്ന സങ്കൽപ്പനത്തിന്റെ തന്നെ മറ്റൊരു തുറയാവുന്നു.

വില്ലൻമാരുടെ ചരിത്രസഞ്ചാരങ്ങൾ

ആരാണ് വില്ലൻ? തിന്മയുടെ പ്രവാഹകരാണ് വില്ലൻമാർ. നായകരോളം തന്നെ കഥയുടെ ഭാരത്തെ അവർ ചുമക്കുന്നു. എന്നാൽ കഥ അവരെ നിഷ്കരുണം ഉപേക്ഷിക്കുന്നു.

പ്രതിനായകത്വമെന്നോ നായകന്റെ എതിർപക്ഷമെന്നോ ഉള്ള നിലയ്ക്കാണ് വില്ലൻ ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്. തിന്മയുടെ എല്ലാ ഭാവങ്ങളെയും സ്വാംശീകരിക്കുന്നത് വില്ലനാണ്. ചരിത്രപരവും സാമൂഹികപരവും ആയ എല്ലാ ബാധ്യതകളിൽ നിന്നും രചയിതാവിനെ മുക്തമാക്കുന്നത് വാസ്തവത്തിൽ തിന്മയുടെ ഈ വാഹകരാണ്

പ്രതിനായകത്വമെന്നോ നായകന്റെ എതിർപക്ഷമെന്നോ ഉള്ള നിലയ്ക്കാണ് വില്ലൻ ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്. തിന്മയുടെ എല്ലാ ഭാവങ്ങളെയും സ്വാംശീകരിക്കുന്നത് വില്ലനാണ്. ചരിത്രപരവും സാമൂഹികപരവും ആയ എല്ലാ ബാധ്യതകളിൽ നിന്നും രചയിതാവിനെ മുക്തമാക്കുന്നത് വാസ്തവത്തിൽ തിന്മയുടെ ഈ വാഹകരാണ്. നായകരിൽ നന്മ കല്പിക്കപ്പെടുമ്പോൾ ആവിഷ്കാരത്തിന്റെ സകല ചങ്ങലകളെയും പൊട്ടിച്ച് തിന്മ വില്ലരിൽ ഉറഞ്ഞാടുന്നു.

‘You too brutus?’’ എന്ന തേങ്ങലിന് സത്യത്തിൽ ഒരു വാചകത്തിന്നപ്പുറം ഒരു വാക്കിന്റെ പരിവേഷമുണ്ട്. ഈ വാക്കിൽ/വാചകത്തിൽ നമുക്ക് ഒരു വില്ലനെ തെളിഞ്ഞു കാണാം. ജൂലിയസ് സീസറിന്റെ ചങ്ങാതിയായ ബ്രൂട്ടസ് അയാളെ പിന്നിൽ നിന്ന് കുത്തുന്ന ആ നിമിഷത്തിൽ തിന്മയുടെ വിഷം കുടിച്ച വില്ലനായി മാറുന്നു. ചങ്ങാതിയായ ഒരാൾ പിന്നിൽ നിന്ന് കുത്തുക എന്ന ആക്റ്റാണ് ബ്രൂട്ടസിൽ ഒരു വില്ലനെ നിർമിച്ചെടുക്കുന്നത്. ഈ സന്ദർഭം കാണിയിൽ വെറുപ്പിന്റെയും ദേഷ്യത്തിന്റെയും പ്രതികാര വാഞ്ഛയുടെയും തിളച്ച ലാവയെ പ്രവഹിപ്പിക്കുന്നു. അഥവാ നായകത്വത്തോട് പാരസ്പര്യപ്പെടുവാനും ഒത്തുപോവാനും പ്രേരിപ്പിക്കുന്ന ഒരു ഉൾപ്രേരകമായിക്കൂടി(Catalyst)വില്ലൻ പരിവർത്തനപ്പെടുന്നു.

നിർമാല്യം എന്ന മലയാളത്തിന്റെ ബെഞ്ച്മാർക്ക് ചിത്രങ്ങളിലൊന്ന് ഇറങ്ങിയിട്ട് അമ്പതു വർഷമായിരിക്കുന്നു. നിർമാല്യത്തിന്റെ വഴികളിൽ അങ്ങനെ പ്രത്യക്ഷനായ ഒരു വില്ലൻ ഇല്ല. വെളിച്ചപ്പാട് പണം കടം വാങ്ങിയ മമ്മൂണ്ണി  എന്ന മുസ്ലിം മധ്യവയസ്കനെ സ്വന്തം ഭാര്യയോടൊപ്പം വെളിച്ചപ്പാട് കാണുന്നു. തന്റെ വീടിന്റെ വാതിൽ തുറക്കപ്പെടുമ്പോൾ വെളിച്ചപ്പാട് കാണുന്ന ദൃശ്യം തന്റെ ഭാര്യയുമൊത്ത് വേഴ്ച നടത്തിയിറങ്ങുന്ന  മമ്മൂണ്ണി യെയാണ്. അത് വരെ പണം തിരിച്ചു ചോദിക്കുന്ന ക്രൂരനായ  മമ്മൂണ്ണി ആ നിമിഷത്തിൽ തിന്മയേറ്റിയ വില്ലനാവുന്നു. വെളിച്ചപ്പാടിന്റെ ഭാര്യയെ വേഴ്ച നടത്തുന്ന ധനികനായ മുസ്ലിം എന്ന ബിംബം പക്ഷേ മലയാളിയുടെ വരേണ്യബോധത്തിൽ ആഴത്തിലിറങ്ങിച്ചെന്നു.

‘നിർമാല്യ ' ത്തിലെ തടിക്കച്ചവടക്കാരനായ മമ്മുണ്ണി(കുഞ്ഞാണ്ടി എന്ന നടൻ അവതരിപ്പിച്ച കഥാപാത്രം, അദ്ദേഹം പിന്നീടും പല ചിത്രങ്ങളിലും മുസ്ലിം കച്ചവടക്കാരനായി (type) കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്) ആണ് സിനിമയുടെ വഴിയിലെ  Antagonist. അയാൾ ചെയ്യുന്ന ക്രൂരതകൾ: ഒന്ന്, പണം കടം കൊടുത്തത് തിരിച്ചു വാങ്ങിക്കുക, രണ്ട്, ഭഗവതിയുടെ ഗുരുതിക്കായി പിരിച്ച പൈസയിൽ കണ്ണു വെക്കുക തുടങ്ങിയതാണ്. കച്ചവടം ചെയ്തും അധ്വാനിച്ചും പണം ഉണ്ടാക്കിയ മുസ്ലിങ്ങളെ ക്രൂരരും നിന്ദ്യരും വില്ലൻമാരുമായി ചിത്രീകരിക്കുന്നത് പിന്നീട് മലയാള സിനിമയിലെ തുടർക്കാഴ്ചയായി.

വലിയ വാണിജ്യവിജയം നേടിയ മിക്കവാറും സിനിമകളിലും ശക്തനായ നായകൻ എന്നതുപോലെ ശക്തനായ ഒരു വില്ലനും ഉണ്ടായിരുന്നു. ഹോളിവുഡ് സിനിമകളിൽ ഏറെ ലോകശ്രദ്ധയാകർഷിച്ച സിനിമകളാണ് ജയിംസ് ബോണ്ട് ചിത്രങ്ങൾ. ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ തുടക്കത്തിൽ ലെനിന്റെ പ്രതിമ തകർക്കുന്നതും അരിവാൾ ചുറ്റികയുള്ള ചെങ്കൊടി നശിപ്പിക്കുന്നതുമായ ഗ്രാഫിക് സീനുകൾ കാണിക്കുന്നതു കാണാം. അതെന്തോ അന്താരാഷ്ട്ര പ്രശ്നമായിരിക്കും എന്ന മട്ടിൽ നാം നിരസിക്കുകയും ലോകത്തെ തകർക്കുന്ന സോവിയറ്റ് വില്ലൻമാരിൽ നിന്ന് മനുഷ്യരെ രക്ഷിക്കുന്ന അമേരിക്കൻ നായകന്റെ വീരകൃത്യത്തിൽ നിഷ്കളങ്കമായി മുഴുകിയിരിക്കുകയും ചെയ്യും.

ഹീത്ത്‌ ലെഡ്‌ജർ

ഹീത്ത്‌ ലെഡ്‌ജർ

അവരുടെ വില്ലൻമാർ കമ്യൂണിസ്റ്റുകളോ മുസ്ലിങ്ങളോ കറുത്ത വർഗക്കാരോ ആവുന്നു. തിന്മയുടെ മൂർത്തിയായി ലോകസിനിമ കണ്ട വില്ലൻമാരിലൊരാൾ ക്രിസ്റ്റഫർ നോളന്റെ The dark Knight ൽ ഹീത്ത് ലെഡ്ജർ അവതരിപ്പിച്ച ജോക്കർ എന്ന വില്ലനാണ്. തിന്മയുടെ സകലസീമകളെയും ലംഘിക്കുന്ന പ്രകടനമായിരുന്നു ജോക്കറിന്റേത്.

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റായ ഷോലെ, നായകരായ അമിതാഭ് ബച്ചന്റെയും ധർമേന്ദ്രയുടെയും ഒപ്പം തന്നെ പ്രകീർത്തിക്കപ്പെട്ട പ്രതിനായകനാണ് അംജദ് ഖാന്റെ ഗബ്ബർ സിംഗ്. അതിശക്തമായ ഒരു പ്രതിനായക ഭാവം വാണിജ്യ സിനിമയുടെ കാതലാണ്.

മലയാള സിനിമയിലും വില്ലൻമാരുടെ ചരിത്രത്തിന് പഞ്ഞമില്ല. മലയാളത്തിന്റെ ക്ലാസിക്കുകളിലൊന്നായ ചെമ്മീനിൽ പരീക്കുട്ടിയിൽ നിന്ന് കറുത്തമ്മയെ വേർപെടുത്തുന്ന ചെമ്പൻ കുഞ്ഞ് എന്ന അച്ഛനാണ് വില്ലൻ. കറുത്തമ്മയെ വിവാഹം ചെയ്യുന്ന പളനിക്ക് വില്ലന്റെയോ തിന്മയുടെയോ ഭാവമില്ല. ഒരു പെൺകുട്ടിയുടെ സ്വകാര്യ ജീവിതത്തിൽ വിലങ്ങുതടിയാവുന്ന പിതൃ അധികാരമാണ് ഇവിടെ തിൻമയാവുന്നത്. അതിന് കഥാപാത്ര രൂപം സംഭവിക്കുമ്പോൾ അത് ചെമ്പൻകുഞ്ഞായി പരിണമിക്കുന്നു.

അംജത്‌ ഖാൻ  ഷോലെയിൽ

അംജത്‌ ഖാൻ ഷോലെയിൽ

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വാണിജ്യവിജയങ്ങളിലൊന്നായ ദൃശ്യം എന്ന ചിത്രത്തിൽ ചെമ്മീനിനു വിപരീതമായി പിതൃഅധികാരമാണ് നായകഭാവത്തിലുള്ളത്. എന്നാൽ ഇതിൽ വില്ലൻ അഥവാ പ്രതിനായകൻ എന്ന ഒരൊറ്റ ദ്വന്ദ്വം ഇല്ല. ഇതിൽ സ്റ്റേറ്റാണ് ( പോലീസ്) പ്രതിനായകൻ. ദൃശ്യം സിനിമ പ്രത്യക്ഷത്തിൽ താരത്തിന്റെ, വിശേഷിച്ചും മോഹൻലാലിന്റെ ആണത്തപ്രകടനങ്ങൾ ഇല്ലാത്ത ഒരു ചിത്രമാണ്. എന്നാൽ സൂക്ഷ്മമായി അത് മലയാളി ആണിന്റെ പിതൃ അധികാര/ആൺ പോരിമയുടെ തിര സാക്ഷ്യങ്ങളാണ്.

ആണത്ത പ്രകടനത്തിന്റെ/ പ്രകടനങ്ങളുടെ ‘അയഞ്ഞ' രൂപാന്തരമാണ് ജോർജുകുട്ടി എന്ന പാത്രനിർമിതി. അയാൾ മുണ്ടു മടക്കിക്കുത്തുകയോ, മീശ പിരിക്കുകയോ, പറഞ്ഞുറപ്പിച്ച സമയത്ത് കവലയിലിട്ട് ചട്ടമ്പികളെ തല്ലുകയോ ചെയ്യുന്നില്ല. തന്റെ കുടുംബത്തെ സംരക്ഷിക്കുക എന്ന പേരിൽ ഒരു കുടുംബത്തിന്റെ, അതിലെ സ്ത്രീകളുടെ മൊത്തം സദാചാര/ ലൈംഗികതാ സംരക്ഷകനാവുകയാണ് ജോർജുകുട്ടി.

ജോർജുകുട്ടിയുടെ വീടിന്റെ ദൃശ്യാഖ്യാനം ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാവുന്നത്, സാമാന്യം ഭേദപ്പെട്ട ഒരു പറമ്പിനു നടുവിൽ, പ്രധാന റോഡിൽനിന്ന് അകന്നു സ്ഥിതി ചെയ്യുന്ന വളരെ പിറകിലായിട്ടുള്ള ഒരു വീടാണ്. ദൃശ്യം 2 എന്ന ചിത്രത്തിന്റെ ട്രെയ്ലറിലും, ചിത്രത്തിന്റെ തുടക്കത്തിലും വീടിന്റെ ഈ സംരക്ഷിത ദൃശ്യം കാണിക്കുന്നുണ്ട്.

ജോർജുകുട്ടിയുടെ വീടിന്റെ ദൃശ്യാഖ്യാനം ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാവുന്നത്, സാമാന്യം ഭേദപ്പെട്ട ഒരു പറമ്പിനു നടുവിൽ, പ്രധാന റോഡിൽനിന്ന് അകന്നു സ്ഥിതി ചെയ്യുന്ന വളരെ പിറകിലായിട്ടുള്ള ഒരു വീടാണ്. ദൃശ്യം 2 എന്ന ചിത്രത്തിന്റെ ട്രെയ്ലറിലും, ചിത്രത്തിന്റെ തുടക്കത്തിലും വീടിന്റെ ഈ സംരക്ഷിത ദൃശ്യം കാണിക്കുന്നുണ്ട്. ഒരു നാട്ടിൻ പുറത്ത് അതിന്നകതു തന്നെ ഒറ്റപ്പെട്ട (alienated) ആയ ഒരു വീടാണ് ജോർജുകുട്ടിയുടേത്. ദൃശ്യം എന്ന സിനിമയുടെ ടാഗ് ലൈൻ Visuals can be deceiving  എന്നായിരുന്നു. ദൃശ്യങ്ങൾ നിങ്ങളെ കബളിപ്പിച്ചേക്കാം എന്ന അർഥം. ഈ ടാഗ് ലൈനിന്റെ ഒരു നീട്ടിയെടുപ്പ് (Extension) ആലോചിക്കുകയാണെങ്കിൽ ദൃശ്യത്തിലില്ലാത്ത ഒരു കാര്യം സിനിമയിലുണ്ട്. അത് ആദൃശ്യമായ ജോർജുകുട്ടിയുടെ സംരക്ഷണ വലയമാണ്. അദ്യശ്യമായ ആ സംരക്ഷണ മതിലിനു പുറത്തേക്ക് തന്റെ മകൾ പോവുമ്പോഴാണ് ആ കുടുംബത്തിന് അപകടം സംഭവിക്കുന്നത്.

ദൃശ്യം 2 വിൽ അദ്യശ്യമായ സംരക്ഷണ മതിലിനകത്തേക്ക് രണ്ടാമത്തെ മകൾ ചങ്ങാതിമാരെ ക്ഷണിച്ചപ്പോഴാണ് അപകടം പിണയുന്നത്. ദൃശ്യം സിനിമയിൽ വീടുവിട്ട് വിദ്യാലയത്തിലെ ഒരു ക്യാമ്പിൽ പങ്കെടുക്കുകയും അവിടെ വെച്ച് വരുൺ എന്ന ചെറുപ്പക്കാരൻ ആ കുട്ടിയുടെ ബാത്ത്റൂം വീഡിയോ മൊബൈൽ ഫോണിൽ എടുക്കുകയും( ദൃശ്യത്തിന്റെ ആദ്യ ഭാഗത്ത്‌ ജോർജുകുട്ടി മൊബൈൽ ഉപയോഗിക്കുന്നില്ല, ലാന്റ് ഫോണാണ് ഉപയോഗിക്കുന്നത് എന്നത് ശ്രദ്ധേയമാണ്) ചെയ്യുന്നു.

‘ദൃശ്യ’ത്തിലെ രംഗം

‘ദൃശ്യ’ത്തിലെ രംഗം

അത് വെച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയാണ് വരുൺ. ദൃശ്യത്തിന്റെ തമിഴ് പതിപ്പ് ഇതേ കഥാതന്തു വായി ഇറങ്ങിയപ്പോൾ നായകൻ കമൽ ഹാസനായിരുന്നു. സിനിമയുടെ ഈ പശ്ചാത്തലത്തെ, അതായത് ഒരു വീഡിയോ ലീക്കാവുമെന്ന ഭയത്തിന്റെ പേരിൽ പേടിക്കുന്ന പെൺകുട്ടികൾ ‘പോയ കാലത്താണ്' എന്ന് വിമർശിക്കുന്നുണ്ട് സംവിധായകൻ മാരി സെൽവരാജ്.

ഇലക്കൂടുകൾക്കിടയിലൂടെ തല പുറത്തിടുന്ന മോഹൻലാലിന്റെ ചിത്രമായിരുന്നു ദൃശ്യത്തിന്റെ പോസ്റ്റർ. ഇലക്കൂടുകൾക്കുള്ളിൽ ഭദ്രമാക്കിയ തന്റെ കുടുംബത്തെ ഉപദ്രവിക്കാൻ വരുന്ന വൈദേശികനെ നോക്കി നിൽക്കുന്നതാകാം ഈ കഥാപാത്രം. നാട്ടിൻപുറത്തെ തന്റെ കൊച്ചുവീട്ടിൽ, പരിമിതമായ സൗകര്യങ്ങളിൽ, അടങ്ങിക്കഴിയാതെ തന്റെ അദൃശ്യമായ മതിലിനപ്പുറത്തേക്ക് മകൾ/ ഒരു പെൺകുട്ടി കാലെടുത്തു വച്ചതോടെ കുടുംബം അപകടത്തിലാവുന്നു.

ഒരു പെൺകുട്ടിയുടെ സ്വകാര്യതാ ദൃശ്യം ലീക്ക്‌ ചെയ്യുമെന്ന് ഒരു പൊട്ടൻഷ്യൽ റേപ്പിസ്റ്റ് ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തെക്കാൾ സിനിമയുടെ ഫോക്കസ് അത് ചോർന്നാലുണ്ടായേക്കാവുന്ന ജോർജുകുട്ടിയുടെ മാനനഷ്ടത്തെക്കുറിച്ചാണ്, അഥവാ ആണഹന്തയെ (Male ego) ക്കുറിച്ചാണ്. ആത്യന്തികമായി ആ അഹന്തയെയാണ് ജോർജുകുട്ടി രക്ഷിച്ചെടുക്കുന്നത്. തന്റെ ഭാര്യ/ തന്റെ മകൾ എന്ന സംരക്ഷണ ഭാവത്തിന്റെ കാതൽ ജോർജുകുട്ടി എന്ന ആണിലധിഷ്ഠിതമാണ്.

അയഞ്ഞു നിൽക്കുന്ന സാധാരണ പുരുഷ പാത്രസൃഷ്ടിയുടെ ഉറച്ച ആണത്ത അധികാര ബോധ്യങ്ങളാണ് ദൃശ്യത്തിൽ ഉള്ളടങ്ങുന്നത്. സിനിമയുടെ വിപണിക്ക് അയഞ്ഞ ആണത്തങ്ങളുടെ സൂക്ഷ്മ സാധ്യതകളെ അനന്തമായി തുറന്നിടുകയായിരുന്നു ദൃശ്യം എന്ന ചലച്ചിത്രം. ദൃശ്യം എന്ന ചിത്രം വില്ലന്റെ തിന്മയായേക്കാവുന്ന ആണഹന്തയും അധികാരവും നായകനിലേക്കാണ് ചേർക്കുന്നത്. വില്ലൻ അദൃശ്യനാവുകയും ചെയ്യുന്നു.

Protagonist ഉം Antagonist ഉം ഒരാൾ തന്നെയാവുന്ന ഒരു ചിത്രമാണ് മണിച്ചിത്രത്താഴ്. ഗംഗയുടെ നിഷ്കളങ്കഭാവവും നാഗവല്ലിയുടെ ഹിംസയും ഒരേ ശരീരത്തിൽ നിന്നാണ് പ്രവഹിക്കപ്പെട്ടത്. ഈ ചിത്രം പരീക്ഷണമായിരുന്നെങ്കിലും വലിയ വാണിജ്യ വിജയം കൈവരിച്ചു. മലയാള സിനിമയുടെ ചരിത്രത്തിലെ ഹിംസയുടെയും വില്ലൻ ഭാവത്തിന്റെയും ഏറ്റവും വലിയ ഉയരങ്ങളിലൊന്ന് വാണിജ്യ സിനിമയിലല്ല കാണുന്നത്, അത്  ഭാസ്‌കര പട്ടേലരിലാണ് ‐ ചിത്രം വിധേയൻ,

വിധേയനിലെ രംഗം

വിധേയനിലെ രംഗം

സംവിധാനം അടൂർ ഗോപാലകൃഷ്ണൻ.

വിധേയൻ എന്ന ചിത്രത്തിന് എന്തുകൊണ്ടായിരിക്കാം അങ്ങനെയൊരു പേര് അദ്ദേഹം ആവിഷ്കരിക്കുന്നത്? പട്ടേലരുടെ ആക്രമണാത്മകതയും വീര്യവും എല്ലാം സമന്വയിപ്പിക്കുന്ന ഒരു ടൈറ്റിലിലേക്ക് എത്താമായിരുന്നിട്ടും വിധേയൻ എന്ന പേര് അദ്ദേഹം സ്വീകരിക്കുന്നു. ഇതിൽ ചരിത്രത്തിന്റെ സൂക്ഷ്മമായ ഒരു പാഠവും ആ സൂക്ഷ്മ ചരിത്രത്തോട് സർഗാത്മകമായി ഇടപെടുന്ന ഒരു ചലച്ചിത്രകാരന്റെ പാടവവും കാണാം. മഹാനായ ചാർളി ചാപ്ലിന്റെ ‘ദി ഗ്രേറ്റ് ഡിക്റ്റേറ്റർ' എന്ന ചിത്രത്തിന് അദ്ദേഹം ആ പേരിടാനൊരു കാരണമുണ്ട്. അതിലെ മുഖ്യകഥാപാത്രം ഒരു ബാർബറായതിനാൽ ‘ദി ഗ്രേറ്റ് ബാർബർ' എന്ന് അദ്ദേഹത്തിന് പേര് സ്വീകരിക്കാമായിരുന്നു. മഹാനായ ഏകാധിപതി എന്ന പരസ്പരം ചേരാത്ത രണ്ടു വാക്കുകൾകൊണ്ട് തന്റെ ശബ്ദിക്കുന്ന ആദ്യ ചിത്രം കൊണ്ട്, കരിയറിലെ തന്റെ അവസാന ചിത്രം കൊണ്ട്, ഏകാധിപതികളെ ലോകം എങ്ങനെ വെറുക്കണമെന്നും സ്വാതന്ത്ര്യം എങ്ങനെ പുലരണമെന്നും അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു.

ദി ഗ്രേറ്റ് ഡിക്റ്റേറ്ററിലെ, ഏകാധിപതിക്കും ലോകത്തിലെ എല്ലാ ഏകാധിപതികൾക്കും ഏറെക്കുറെ ഒരേ പാരസ്പര്യമുണ്ട്. അങ്ങനെയുള്ള ആഖ്യാനങ്ങൾ നിരവധി ലോകസിനിമാ ചരിത്രത്തിൽ ഉണ്ടായിട്ടുമുണ്ട്

ദി ഗ്രേറ്റ് ഡിക്റ്റേറ്ററിലെ, ഏകാധിപതിക്കും ലോകത്തിലെ എല്ലാ ഏകാധിപതികൾക്കും ഏറെക്കുറെ ഒരേ പാരസ്പര്യമുണ്ട്. അങ്ങനെയുള്ള ആഖ്യാനങ്ങൾ നിരവധി ലോകസിനിമാ ചരിത്രത്തിൽ ഉണ്ടായിട്ടുമുണ്ട്. എന്നാൽ അവിടെയെല്ലാം നിശ്ശബ്ദമായി മാപ്പുസാക്ഷികളാവുന്ന ഒരു കൂട്ടരുണ്ട് ‐ ഈ ഏകാധിപത്യത്തിന്റെ വിധേയർ, അനുവാചകർ, മറ്റൊരർഥത്തിൽ കാവൽക്കാർ. ഒരു ഏകാധിപതി എത്രത്തോളം അപകടകാരിയാണോ, അത്രമേൽ അപകടകാരിയാണ് ആ ഏകാധിപത്യത്തിന്റെ വിധേയ വൃന്ദങ്ങളും. പട്ടേലരോളം തന്നെ ഹിംസ തൊമ്മിയിലും (തൊമ്മിമാരിലും) ഉണ്ട്. വിധേയൻ എന്ന പേരിന് ചരിത്രത്തിൽ അങ്ങനെയൊരു അടയാളപ്പെടുത്തൽ കൂടി സാധ്യമാണെന്ന് കരുതുന്നു.

ചാർളി ചാപ്ലിൻ

ചാർളി ചാപ്ലിൻ

തൊമ്മി അടിമുടി നിസ്സഹായതയിലും ദുർബലതയിലും നിസ്സംഗതയിലും പൊതിയപ്പെട്ട ഒരു പാത്രമാണ്. തൊമ്മി ആദ്യത്തെ വിധേയനല്ല. പട്ടേലരുടെ കസേരയുടെ പിന്നിൽ ഒരുകൂട്ടം തൊമ്മിമാരുണ്ട്. അവർ പട്ടേലരുടെ എല്ലാ ചെയ്തികളുടെയും കൂടെയുണ്ട്. പട്ടേലർ ജന്മിയാണ്. അയാളുടെ ജന്മിത്വപരമായ ക്രൂരതകളാണ് വിധേയരുടെ വിനോദം. അയാൾ സ്ത്രീകളെ ബലാത്കാരമായി പ്രാപിക്കുമ്പോൾ വിധേയക്കൂട്ടം കാവൽ നിൽക്കുന്നു. അയാളുടെ വേട്ടകൾക്ക്(മനുഷ്യർ/മൃഗങ്ങൾ) അവർ പിന്നാലെ ചെല്ലുന്നു. പക്ഷേ അവരെയെല്ലാം പുനഃസ്ഥാപിക്കാൻ, എന്നാൽ, തൊമ്മിയുടെ വിധേയത്വത്തിന് സാധിക്കുന്നുണ്ട്.

സിനിമയിൽ നാം ശ്രദ്ധിച്ചാൽ മനസ്സിലാവും തൊമ്മി എന്ന വിധേയൻ പട്ടേലരുടെ കരുത്തു വർധിപ്പിക്കുന്നുണ്ട്. അയാൾ തൊമ്മിയോടൊപ്പം കൂടുതൽ അക്രമോത്സുകനാകുന്നുണ്ട്. തൊമ്മിയുടെ നിശ്ശബ്ദത അതിനാൽ തന്നെ ഒട്ടും നിഷ്കളങ്കമായ ഒന്നല്ല. രണ്ടു ചുവപ്പു കറകളാണ് തൊമ്മിയുടെ ദേഹത്ത് വീഴുന്നത്. ആദ്യം പട്ടേലർ തൊമ്മിയുടെ മുഖത്തിനു നേരെ ചവച്ചു തുപ്പുന്ന മുറുക്കാനിന്റെ ചുവപ്പാണ്. രണ്ട് പട്ടേലരുടെ ഭാര്യയെ ഉന്നംവെച്ച് പട്ടേലരുതിർക്കുന്ന വെടി ഉന്നം തെറ്റിക്കൊള്ളുമ്പോൾ തൊമ്മിയുടെ അടിവയറ്റിൽ പടരുന്ന ചോരയുടെ ചുവപ്പാണ്. ഈ രണ്ടു സമയത്തും തൊമ്മി കൂടുതൽ വിധേയപ്പെടുന്നതല്ലാതെ പട്ടേലരിൽ നിന്ന് അദൃശ്യമാവുന്നില്ല. ഇവിടെ പട്ടേലരുടെ ഹിംസയെ കൂടുതൽ ഹിംസാത്മകമാക്കുന്നത് തൊമ്മിയുടെ വിധേയത്വമാണ്. തൊമ്മി എന്ന ബലം കുറഞ്ഞ നായകനും പട്ടേലർ എന്ന ബലം കൂടിയ വില്ലനുമാണ് ചിത്രത്തിന്റെ ഗതിയെ നിർണയിക്കുന്നത്.

നിയതമായ നായക പ്രതിനായക ദ്വന്ദ്വങ്ങളില്ലാതെ, എന്നാൽ അത്തരമൊരു അനുഭൂതി പരിസരം സൃഷ്ടിച്ചുകൊണ്ട് ചലച്ചിത്രാഖ്യാനം നടത്തുന്ന പുതിയ രീതികളിലേക്കുള്ള പാലമായിരുന്നു അയ്യപ്പനും കോശിയും. അയ്യപ്പനും കോശിയും ചിത്രത്തിലെ നായക പ്രതിനായകത്വങ്ങൾ ആപേക്ഷികമായാണ് ക്രമീകരിച്ചിട്ടുള്ളത്.

ചില നേരങ്ങളിൽ അയ്യപ്പൻ നായർ നായകനാണ്, കുറച്ചു നേരങ്ങളിൽ കോശിയും വില്ലനാവുന്നതും അതുപോലെയാണ്. മുൻകാല വാണിജ്യ മലയാള സിനിമകളിലെ പ്രതിനായകന്റെ രൂപ/ സാമൂഹിക/ സ്വഭാവ പരിസരമാണ് അയ്യപ്പൻ നായരു(ബിജു മേനോൻ)ടേത്. നല്ല തറവാട്ടിൽ പിറന്ന, സുമുഖ/ സുന്ദര/സമ്പന്നനും ആഢ്യനുമായ മുൻകാല നായകന്മാരെ ഓർമിപ്പിക്കുന്നുണ്ട് കോശി(പൃഥ്വിരാജ്)യുടെ പാത്രസൃഷ്ടി.

പക്ഷേ ചലച്ചിത്രത്തിന്റെ ജീവിതത്തിൽ, കഥാപാത്രത്തിനോട് തോന്നുന്ന പ്രേക്ഷകരുടെ സിംപതിയിൽ ഏറെ നേരവും നായകത്വം അയ്യപ്പൻ നായരിലാണ്. അയ്യപ്പൻനായരുടെ ജോലി പോവുന്ന രംഗത്തിലേക്ക് പ്രവേശിക്കുന്ന കോശി സ്വയം ഒരു വില്ലൻ കുപ്പായമെടുത്തണിയുന്നുണ്ട്. 'ഗാലറി നമുക്കെതിരാണല്ലോ’ എന്ന് ഒരേ സമയം അയാൾ സന്ദേഹപ്പെടുകയും ഊറ്റം കൊള്ളുകയും ചെയ്യുന്നുണ്ട്.

Protagonist- ‐ Antagonist  എന്ന തരം തിരിവിൽ നിന്നും വില്ലത്തരമുള്ള മുഖ്യകഥാപാത്രങ്ങൾ പുതിയ മലയാള സിനിമയിലും വന്നു തുടങ്ങുന്നു. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രം മുകുന്ദനുണ്ണി എന്നയാളുടെ ജീവിതരേഖയാണ്. അയാൾ ഹിംസയുടെ കാതലാണ്. അയാളുടെ നേട്ടങ്ങളെല്ലാം ഹിംസയിലൂടെയാണ്.

വിനായകൻ എന്ന വില്ലൻ

മേൽപ്പറഞ്ഞ വില്ലൻമാരുടെ ശേഷിയിൽ നിന്നല്ല ചരിത്രത്തിൽ വിനായകന്റെ പുതിയ വില്ലൻ അവതരിക്കുന്നത്. മുൻകാല വില്ലൻമാരുടെയെല്ലാം സവിശേഷതകൾ ഏറിയും കുറഞ്ഞും കാണാനാവുമെങ്കിലും വിനായകൻ അതിന് മറ്റൊരു പരിവേഷം നൽകുന്നു. രജനികാന്തിന്റെ സൂപ്പർതാര പരിവേഷത്തിനെതിരിൽ അയഞ്ഞ ഒരു ഷർട്ടും ലുങ്കിയും കൊണ്ട് അയാൾ കാലുറപ്പിക്കുന്നു.

ജൂനിയർ ആർട്ടിസ്റ്റായാണ് വിനായകൻ സിനിമയിലെത്തുന്നത്. തുടക്കക്കാലത്ത് മാന്ത്രികം എന്ന ചിത്രത്തിൽ മൈക്കിൾ ജാക്സനെ ഓർമിപ്പിക്കുന്ന വേഷവിധാനത്തിൽ ഒരു സർക്കസ് കമ്പനിയിലെ ഡാൻസറുടെ വേഷം. തന്റെ ജീവിതത്തെ,

വിനായകൻ ‘തൊട്ടപ്പനി’ൽ

വിനായകൻ ‘തൊട്ടപ്പനി’ൽ

ജീവതാളത്തെ, കലാവിഷ്കാരത്തെ ഏറെ സ്വാധീനിച്ച രണ്ടു പേർ ബോബ് മാർലിയും മൈക്കിൾ ജാക്സണുമാണ് എന്നാണ് വിനായകൻ പറയുന്നത്. ‘മൈക്കിളേട്ടൻ' എന്നാണ് വിനായകൻ മൈക്കിൾ ജാക്സണെ അഭിസംബോധന ചെയ്യുന്നത്.

പൂർണമായും താളം നിറഞ്ഞു തുളുമ്പുന്ന ഒരു ഉടലാണ് വിനായകന്റേത്. അയാൾ നിരന്തരം തന്റെ ഉടൽ ചലിപ്പിച്ചുകൊണ്ടിരിക്കുന്നു. വേണ്ട എന്ന് കരുതിയാലും ഉടലിൽ ചലനം ഒരു വൈദ്യുതി തരംഗം പോലെ പ്രവഹിക്കുന്നുണ്ട് വിനായകനിൽ. കാരണം ഡാൻസ് അത്രമേൽ ആവാഹിക്കപ്പെട്ടിട്ടുണ്ട് വിനായകനിൽ.

ഡാൻസ് മാത്രമല്ല, തന്റെ ശരീരമാകെ താളമാണെന്ന് വിനായകൻ കരുതുന്നു. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ ‘ഞാനരിയും കുരലുകളെല്ലാം' എന്ന പാട്ടിന്(വരികൾ: അൻവർ അലി) സംഗീതം നൽകിയത് വിനായകനാണ്. ആ പാട്ടിന്റെ തുടക്കം ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാവുന്ന കാര്യം, എവിടെ നിന്നോ ഒഴുകി വരുന്ന ഒരു താളം പാട്ടിൽ കയറിപ്പിടിക്കുന്നതു പോലെയാണ്. എറണാകുളം  KSRTCസ്റ്റാന്റായി മാറിയ കമ്മട്ടിപ്പാടത്ത് കിളികളുടെ ശബ്ദം മെർജ് ചെയ്യുന്നത് ബസ് റൂട്ടിന്റെ അനൗൺസ്മെന്റിലേക്കാണ്.

ഇങ്ങനെ സ്വന്തം ജീവിതത്തെയും പരിസരത്തെയും മുഴുവനായും കണക്കൊപ്പിച്ച് കലയിലേക്ക് പകർത്തുകയാണ് വിനായകൻ. അത് പാട്ടായും നടിപ്പായും തുടരുന്നു. താളവും ഡാൻസും പൊട്ടിനിൽക്കുന്ന തന്റെ ഉടലിനെ അതിനാൽത്തന്നെ കഥാപാത്രങ്ങൾക്കായി മെരുക്കുകയോ കൂടുതൽ സ്വതന്ത്രമാക്കുകയോ വേണമായിരുന്നു, നടന്.

കയ്യൂക്കുകൊണ്ടും ആൾബലം കൊണ്ടും കൃഷ്ണനും(ദുൽഖർ സൽമാൻ) കൂട്ടുകാർക്കും ഒപ്പം ലോകം കീഴടക്കാം എന്നു കരുതിയതാണ് ഗംഗ(ചിത്രം കമ്മട്ടിപ്പാടം, സംവി: രാജീവ് രവി). നമ്മൾ ചേർന്നാൽ എന്തും നടക്കും എന്ന് കരുതിയിടത്ത്, കൺമുമ്പിൽ താൻ ജീവിക്കുന്ന പരിസരം ചുരുങ്ങി വരികയും മനുഷ്യർ അപ്രത്യക്ഷരാവുകയും ചെയ്യുന്നത് ഗംഗ നോക്കി നിൽക്കുന്നു. നിസ്സംഗതയുടെയും നിസ്സഹായതയുടെയും വീർപ്പുമുട്ടലുകളെ ഒതുക്കിയെടുത്ത ഉടൽ ഭാവവും നിരാശയുടെ തേങ്ങലുകളിൽ ഇടറുന്ന ശബ്ദവുമായി ഗംഗ, കൃഷ്ണനെ വിളിക്കുന്ന രംഗം ആ നടൻ നടന്നു കയറിയ ഉയരമാണ്.

വിനായകനും ദുൽഖർ സൽമാനും ‐ കമ്മട്ടിപ്പാടം

വിനായകനും ദുൽഖർ സൽമാനും ‐ കമ്മട്ടിപ്പാടം

വീരത്തിലും നിസ്സംഗതയിലും കലർന്നു നിന്ന ഗംഗയിൽ നിന്ന് ജയിലറിലേക്കെത്തുന്ന വിനായകൻ ഹിംസയുടെയും തിൻമയുടെയും മൂർത്തീഭാവമാകുന്നു. ആ ഹിംസ പ്രവാഹമാണ് വർമ്മൻ എന്ന കഥാപാത്രമായി വിനായകനിൽ ഉടൽ ചേരുന്നത്. കലി എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ വില്ലനാണ് ജോൺ എന്ന വിനായകൻ കഥാപാത്രം.

ജയിലറിൽ പക്ഷേ രജനീകാന്തിന്റെ വില്ലനാണ് വർമ്മൻ. വർമ്മൻ വിഗ്രഹങ്ങളെ മോഷ്ടിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന ആളാണ്. ഒരു ‘ഡോൺ' വില്ലന് കല്പിച്ചു കിട്ടുന്ന സൗകര്യങ്ങളിൽ ഒന്നുമല്ല അയാൾ കഴിയുന്നത്. കല്ലുകൾക്കും കൽരൂപങ്ങൾക്കും ഇടയിൽ, അയഞ്ഞതും മുഷിഞ്ഞതുമായ വസ്ത്രങ്ങൾ ഇട്ടുകൊണ്ട് രജനികാന്തിനെ വിറപ്പിക്കാൻ ശേഷിയുള്ള ഒരു വില്ലനായി വിനായകൻ പരിവർത്തനപ്പെടുന്നുവെങ്കിൽ അയാൾക്ക് അത്രയും ഉടൽ ശേഷിയും നടനചാരുതയും പുറത്തെടുക്കേണ്ടി വരുന്നു.

ജയിലർ എന്ന ചിത്രത്തിൽ രജനികാന്തിനെ കൂടാതെ, ഡോ. ശിവരാജ് കുമാർ, മോഹൻലാൽ, ജാക്കി ഷ്‌റോഫ് തുടങ്ങിയ സൂപ്പർ താരങ്ങളുമുണ്ട്. ഇവർ 4 പേരും ഹിംസാത്മകമായി വെള്ളിത്തിരയിൽ വിഹരിക്കുമ്പോൾ എതിരിലുള്ളത് വർമ്മൻ എന്ന വിനായകനാണ്.

അപ്പോൾ അയാളിലെ തിന്മയുടെ പ്രവാഹം ഈ നാലു താരങ്ങളെയും അട്ടിമറിക്കാൻ ശേഷിയുള്ളതാണ്. ആ പ്രകടനപരതയെ മുഴുവനായി ഉൾക്കൊള്ളുന്നുണ്ട് വിനായകൻ. വർമ്മൻ എന്ന വില്ലൻ ഒരു കരുത്തുറ്റ ശരീരം കൊണ്ടോ, ആണത്ത പ്രകടനത്താലോ നിർമ്മിക്കപ്പെടുന്നില്ല. മറിച്ച് സൂപ്പർ താരങ്ങളെ വിറപ്പിക്കുന്ന നടനചാരുത കൊണ്ട് അയാൾ വില്ലൻമാരുടെ ചരിത്രത്തിലെ ഏറ്റവും പുതിയ രീതിയെ കണ്ടെത്തുന്നു.

മലയാള വരേണ്യ കാണിയും മാധ്യമങ്ങളും പരമാവധി തിരസ്കരിക്കാൻ ശ്രമിക്കുമ്പോഴും, വിനായകൻ എന്ന നടൻ കൂടുതൽ സൂക്ഷ്മമായി ചർച്ചയായിക്കൊണ്ടിരിക്കുന്നു. കാലമിനിയും ആ ഉടലിൽ ചരിത്രമെഴുതുമെന്ന് തീർച്ച; തിരസ്കാരത്തിന്റെയും അദൃശ്യതയുടെയും ചരിത്രത്തിൽ നിന്ന് താൻ എന്നേ കുതറിയെന്ന് ഉറക്കെ പറഞ്ഞുകൊണ്ടു തന്നെ.

റഫറൻസ്

1, കെ രാജൻ ‐ പ്രേതം, വില്ലൻ, സർപ്പ സുന്ദരി മലയാള സിനിമയിലെ തിൻമയുടെ ചരിത്ര പരിണാമങ്ങൾ, കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി
2,   അഭിമുഖം: വിനായകൻ/ജിമ്മി ജെയിംസ്, ഏഷ്യാനെറ്റ്
3.  മമ്മദ്, ഇന്ദ്രൻസ്: വിധേയ ആണത്തത്തിന്റെ മലയാളി ഉടലാട്ട(ഴ)ങ്ങൾ, ചലച്ചിത്ര സമീക്ഷ
4  . ഡോ സി എസ് വെങ്കിടേശ്വരൻ, ഉടലിന്റെ താരസഞ്ചാരങ്ങൾ
5.  ഡോ. സി എസ് വെങ്കിടേശ്വരൻ, മലയാളിയുടെ നവമാധ്യമ ജീവിതം, ഡി സി ബുക്സ്

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top