05 February Sunday

ചില സിനിമകളിൽ മലപ്പുറത്തെ മോശമായി അവതരിപ്പിച്ചിരുന്നു; ഒരു പ്രദേശത്തെയും ജഡ‌്ജ‌് ചെയ്യാനുള്ള അവകാശം നമുക്കില്ല : വിനയ്‌ ഫോർട്ട്‌

ഷംസുദ്ധീൻ കുട്ടോത്ത്‌Updated: Sunday Jun 2, 2019

അഷ്റഫ് ഹംസ സംവിധാനം ചെയ‌്ത ‘തമാശ’ പെരുന്നാളിന് തിയറ്ററുകളിൽ. വിനയ് ഫോര്‍ട്ട് നായകനാകുന്ന ചിത്രത്തിലെ പാട്ടും ടീസറും  ഏറെ ശ്രദ്ധിക്കപ്പെട്ടു. പത്ത് വര്‍ഷമായി അമ്പതോളം സിനിമകളില്‍ വേഷമിട്ട വിനയ് ഫോര്‍ട്ടിന്റെ  ഏറ്റവും മികച്ച കഥാപാത്രമാണ് തമാശയിലെ ശ്രീനിവാസന്‍. സിനിമയിലെ വിശേഷ ങ്ങള്‍ വിനയ്  ഫോർട്ട‌് പങ്കുവയ്‌ക്കുന്നു

റൊമാന്റിക് കോമഡി വിഭാഗത്തിൽപ്പെട്ട സിനിമയാണെങ്കിലും തമാശ വെറും തമാശച്ചിത്രമല്ല. വ്യക്തമായ നിലപാടും രാഷ്ട്രീയവുമുള്ള സിനിമ. കുടുംബസമേതം തിയറ്ററിലിരുന്ന്  ആസ്വദിക്കാവുന്ന  എന്റർടെയ‌്നർ. മറ്റൊരാളുടെ സ്വകാര്യതയിലേക്കും വ്യക്തിജീവിതത്തിലേക്കും എത്തിനോക്കുന്നവരെക്കുറിച്ചാണ‌് സിനിമ. സോഷ്യൽമീഡിയയുടെ വരവോടെ ഈ പ്രവണത ശക്തമാണ‌്.  മറ്റുള്ളവരുടെ സൗന്ദര്യം, ശരീരഘടന, തടി, കഷണ്ടി തുടങ്ങിയവയെ പരിഹസിക്കുന്നവർ ഏറെയുണ്ട‌്. ഇത്തരം  ബോഡി ഷേമിങ് രീതികൾ തമാശ ചർച്ചചെയ്യുന്നു.

ശ്രീനിവാസൻ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ചിന്നു ചാന്ദ്നി, ദിവ്യപ്രഭ, ഗ്രേസ് ആന്റണി എന്നിവർ നായികമാർ. ചെമ്പൻ വിനോദാണ് പ്രോജക്ടിനെക്കുറിച്ച് ആദ്യമായി എന്നോട് പറഞ്ഞത്. നല്ലൊരു സംവിധായകനെ കിട്ടുമ്പോൾ പടം തുടങ്ങുമെന്നും പ്രധാന കഥാപാത്രമായി എന്നെയാണ് കണ്ടതെന്നും പറഞ്ഞു. സംവിധായകൻ അഷ്റഫിനെ നേരത്തെ അറിയാം. തിരക്കഥയും അദ്ദേഹംതന്നെയാണ് എഴുതിയത്. തിരുനാവായ, കുറ്റിപ്പുറം, പൊന്നാനി ഭാഗങ്ങളിലായിരുന്നു ചിത്രീകരണം.

മലപ്പുറം കൂട്ടായ‌്മ

മുമ്പ് ചില സിനിമകളിൽ മലപ്പുറത്തെ മോശമായി അവതരിപ്പിച്ചിരുന്നു. ഒരു പ്രദേശത്തെയും ജഡ‌്ജ‌് ചെയ്യാനുള്ള അവകാശം നമുക്കില്ല. ക്രിയേറ്റീവായി ഒരുപാട് കഴിവുള്ള ചെറുപ്പക്കാർ മലപ്പുറത്തുണ്ട്. ഷോർട്ട് ഫിലിമിന്റെയും ഹോം സിനിമയുടെയുമൊക്കെ സ്വാധീനമുള്ളവർ. ‘സുഡാനി ഫ്രം നൈജീരിയ'പോലുള്ള അതിഗംഭീര സിനിമകൾ ഉണ്ടായത് മലപ്പുറത്തെ കൂട്ടായ‌്മയിൽനിന്നാണ്. ഒരുമിച്ചുള്ള പ്രവർത്തനത്തിലൂടെ മികച്ച റിസൽട്ട് ഉണ്ടാക്കാൻ അവർക്ക് കഴിയുന്നുണ്ട്. തമാശയുടെ ലൊക്കേഷനിൽ എല്ലാവരും സമന്മാരായിരുന്നു. ചീത്ത പറച്ചിലുമൊന്നുമുണ്ടായിരുന്നില്ല. നല്ല സിനിമ ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു എല്ലാവരും.  ഷൂട്ടിനിടെ ഒരു മോശം അനുഭവംപോലുമുണ്ടായിട്ടില്ല.

നിർമാതാക്കൾ

സമീർ താഹിർ, ചെമ്പൻ വിനോദ്, ലിജോ ജോസ് പെല്ലിശ്ശേരി, ഷൈജു ഖാലിദ് തുടങ്ങിയ പ്രതിഭകളാണ് തമാശയുടെ നിർമാതാക്കൾ. സമീർ താഹിർ എന്റെ പ്രിയപ്പെട്ട സിനിമാട്ടോഗ്രാഫറാണ്. ചാപ്പാകുരിശ്, ബിഗ് ബി തുടങ്ങിയ സിനിമകളൊക്കെ കണ്ട് കോരിത്തരിച്ചിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കട്ടഫാനാണ് ഞാൻ. മലയാളസിനിമയിലെ വാഗ്ദാനംതന്നെയാണ് അദ്ദേഹം. ഷൈജു ഖാലിദ് സുഹൃത്തും അയൽക്കാരനുമാണ്. സിനിമാട്ടോഗ്രാഫർ എന്ന നിലയിലും ഇതിനകം പ്രതിഭ തെളിയിച്ചിട്ടുണ്ട്.

‘പ്രേമം' എന്ന സിനിമയിലെ വിമൽ സാറിനെപ്പോലെ കോളേജ് അധ്യാപകനാണ് ശ്രീനിവാസനും. അതിലുള്ളപോലെ കഷണ്ടി ശ്രീനിവാസനുമുണ്ട്. പലതരത്തിൽ സമാനതകളുള്ളതിനാൽ നല്ല ഹോംവർക്ക് ചെയ‌്താണ് ശ്രീനിവാസനായി മാറിയത്. വിമൽ സാറിന്റെ ഒരു ചലനംപോലും ശ്രീനിവാസനുണ്ടാകരുതെന്ന് നിർബന്ധമായിരുന്നു. ശ്രീനിവാസനിൽ ആരും വിമൽസാറിനെ കണ്ടില്ല. മേക്കപ്മാനായ ആർ ജി വയനാടനുമായി എല്ലാദിവസവും ശ്രീനിവാസനെക്കുറിച്ച് സംസാരിക്കുമായിരുന്നു. അങ്ങനെയാണ് കട്ടിമീശയും മുന്നിൽ കഷണ്ടിയുമൊക്കെയുള്ള നായകൻ രൂപപ്പെടുന്നത്.

ലൊക്കേഷനിൽ ‘സുഡാനി ഫ്രം നൈജീരിയ'യുടെ സംവിധായകൻ സക്കറിയ, തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്സിൻ പെരാരി തുടങ്ങിയവരുമൊക്കെയുണ്ടായിരുന്നു. സൂക്ഷ‌്മ ചലനങ്ങൾവരെ നിരീക്ഷിച്ച് ഷൈജു ഖാലിദ് ഉൾപ്പെടെ എല്ലാവരും പ്രോത്സാഹിക്കുമായിരുന്നു.

സംഗീതം

സോഷ്യൽ മീഡിയയിൽ ഹിറ്റായ ‘പാടീ ഞാൻ മൂളക്കമാലേ...' എന്ന പാട്ടിന് കിട്ടിയ സ്വീകാര്യത സിനിമയ‌്ക്കും കിട്ടുമെന്ന പ്രതീക്ഷയിലാണ്. നടൻ എന്ന നിലയിൽ എനിക്കും ഒരുപാട് ഗുണംചെയ്ത പാട്ടാണത്. ആസ്വാദകർ ഹൃദയത്തിലേറ്റിയ ഒരു ഗാനരംഗത്ത് അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഷഹബാസ് അമൻ‐മുഹ്സിൻ പെരാരി ടീമാണ് പാടീ... എന്ന ഗാനം ഒരുക്കിയത്. പുറത്തിറങ്ങിയത്. റെക്സ് വിജയൻ സംഗീതം പകർന്ന പാട്ടാണ് പുറത്തിറങ്ങാനുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top